Coverstory

സമരസപ്പെടുകയല്ല ആവശ്യം

ഫാ. ജോസ് വള്ളികാട്ട് MST
ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും അന്യായമായി ജയിലില്‍ അടക്കപ്പെട്ടത് കേരളത്തെ ഞെട്ടിച്ചു. സഭയിലും രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും അതിന്റെ അനുരണനങ്ങളുണ്ടായി. എങ്കിലും, ഇത് ആദ്യത്തെ സംഭവമല്ല എന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു. ഇത് അവസാനത്തെ അക്രമമായിരിക്കില്ല എന്നും സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മതവര്‍ഗീയതയും ഫാസിസവും പിടമുറുക്കിയിരിക്കുന്ന ഇന്ത്യയിലായിരിക്കും ഇനി സഭയുടെ ഭാവി എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു. എന്തായിരിക്കണം സഭയ്ക്ക് ഈ സാഹചര്യത്തോടുള്ള സമീപനം? ഇതു സംബന്ധിച്ചു നടത്തിയ ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ട ചില ആശയങ്ങളാണ് ഇവ:
  • ഫാ. ജോസ് വള്ളികാട്ട് എം എസ് ടി

ഇന്ത്യയുടെ സാംസ്‌കാരിക പാരിതോവസ്ഥ വളരെ മാറിയിരിക്കുന്ന കാലമാണ് ഇത്. ഈ മാറ്റത്തിലെ ഘടകങ്ങളായ രാഷ്ട്രീയവും, സാമൂഹ്യവും, സാംസ്‌കാരികവും സാമ്പത്തികവുമായ യാഥാര്‍ഥ്യങ്ങള്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമാണ്. മൗലികവാദം, നിയോ ഫാസിസം, വലതുപക്ഷ ഹിന്ദു ദേശീയ തീവ്രബോധം, ജനാധിപത്യത്തിന്റെ ശോഷണം, ജനാധിപത്യ സ്ഥാപനങ്ങളെ അധികാരമുള്ളവര്‍ ദുരുപയോഗിക്കുന്നത് ഒക്കെ രാഷ്ട്രീയത്തില്‍ മാത്രം ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ്.

കത്തോലിക്കാനേതൃത്വവും പ്രേഷിതരും ഈ മാറിയ സാഹചര്യങ്ങള്‍ക്കൊത്ത് വളരുകയോ, സമീപനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉള്‍കൊള്ളുകയോ ചെയ്തിട്ടില്ല. ഹിന്ദു ദേശീയവാദത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ദേശമെങ്ങും പിടിമുറുക്കിയിരിക്കുമ്പോള്‍ വേണ്ടത്ര വീണ്ടുവിചാരമോ, അവധാനതയോ ഇല്ലാതെ അവരുമായി സമരസപ്പെടുകയാണ് സഭാനേതൃത്വം.

സൂക്ഷ്മമായ രാഷ്ട്രീയ സാംസ്‌കാരിക വിശകലനം നടത്താന്‍ ക്രൈസ്തവര്‍ക്ക് ആകുന്നില്ല. ഭക്തിയുടെയും, ആചാരങ്ങളുടെയും, വൈകാരിക പ്രകടനങ്ങളുടെയും ചെറിയ ലോകത്ത് സന്തോഷം കണ്ടെത്തുന്നവരാണ് ഭൂരിഭാഗവും. രാഷ്ട്രീയ ചലനങ്ങളെയും, നയങ്ങളെയും, രാഷ്ട്രീയക്കാരുടെ ദുഷ്ടലാക്കുള്ള നിലപാടുകളെയും ദീര്‍ഘദൃഷ്ടിയോടെ വിശകലനം ചെയ്യുകയും അത് സഭയുടെ ആശയ വിനിമയ ചാനലുകളിലൂടെ ഏറ്റവും അറ്റത്തുള്ള വിശ്വാസിയുടെ കൈകളില്‍ വരെ എത്തിക്കുകയും ചെയ്യേണ്ടതുണ്ട്.

വസ്തുനിഷ്ഠവും പ്രസക്തവുമായ ഡാറ്റയുടെ വെളിച്ചത്തില്‍ ഗഹനമായ പഠനങ്ങള്‍ നടത്തി നിലപാടുകള്‍ രൂപപ്പെടുത്താന്‍ കഴിയുന്ന വ്യക്തികളെ വൈദികരില്‍ നിന്നും, സന്യസ്തരില്‍ നിന്നും, അല്‍മായരില്‍ നിന്നും കണ്ടെത്തണം. അവരെ പ്രോത്സാഹിപ്പിക്കണം. അവരുടെ ലേഖനങ്ങളെ ലളിതമാക്കി ഫ്‌ളാഷ് കാര്‍ഡുകള്‍, റീലുകള്‍, വീഡിയോകള്‍, പത്രവാര്‍ത്തകള്‍, അഭിമുഖങ്ങള്‍ ഒക്കെ ആയി രൂപപ്പെടുത്തി വിതരണം ചെയ്യണം.

രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റുന്ന കാപ്‌സ്യൂള്‍ യുദ്ധം അടക്കമുള്ള നിരവധി തന്ത്രങ്ങളില്‍ സഭാനേതൃത്വവും വിശ്വാസികളും പെട്ടുപോകാറുണ്ട്. അത്തരം തന്ത്രങ്ങളില്‍ വീഴാതെയും എന്നാല്‍ ഫലപ്രദമായ പ്രതിതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചും നമ്മുടെ നിലപാടുകള്‍ക്ക് പ്രചാരം കൊടുക്കുകയും വേണം.

സൂക്ഷ്മമായ രാഷ്ട്രീയ സാംസ്‌കാരിക വിശകലനം നടത്താന്‍ ക്രൈസ്തവര്‍ക്ക് ആകുന്നില്ല. ഭക്തിയുടെയും, ആചാരങ്ങളുടെയും, വൈകാരിക പ്രകടനങ്ങ ളുടെയും ചെറിയ ലോകത്ത് സന്തോഷം കണ്ടെത്തുന്ന വരാണ് ഭൂരിഭാഗവും.

സഭയുടെ നയങ്ങള്‍, നിലപാടുകള്‍ എന്നിവ പ്രാദേശികമായി പോലും ഉയരുന്നില്ല. ദേശീയ തലത്തില്‍ അത് ഒട്ടുമേ ഇല്ല. സഭയുടെ സ്വരം നിരന്തരമായും അവിരാമമായും കേള്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അങ്ങനെ, സഭ അതിന്റെ സ്ഥാനം സാമൂഹ്യമണ്ഡലത്തില്‍ ഉറപ്പിക്കേണ്ടതുണ്ട്.

ഒറ്റപ്പെട്ട തുരുത്തുകളായിട്ടാണ് സഭ ഇന്ന് പ്രവര്‍ത്തിക്കുന്നത്. കടുത്ത ജാതിബോധം സഭയെ ഭരിക്കുന്നു. സഭയ്ക്കുള്ളില്‍ തന്നെ ആളുകളെ റീത്ത്, സഭ, പ്രദേശം, സാമ്പത്തിക നിലവാരം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ വര്‍ഗീകരിച്ചു കാണുന്നു. സഭയ്ക്കു പുറത്താകട്ടെ, ഇതര മതജാതി, രാഷ്ട്രീയസാമൂഹ്യ വിഭാഗങ്ങളുമായി സഭയ്ക്കു സംവാദത്തിനുള്ള വാതായനങ്ങള്‍ കുറവാണ്. പരസ്പരം ബന്ധപ്പെട്ടും കൈകോര്‍ത്തും നെറ്റ്‌വര്‍ക്ക് അല്ലാതെ ഇന്നത്തെ കാലത്ത് പ്രവര്‍ത്തിക്കാനും സ്വാധീനിക്കാനും സാധിക്കില്ല എന്ന് സഭ അറിയണം. അവസാനമായി, പ്രതിസന്ധികളില്‍ തളരാതിരിക്കാനും, പരിശുദ്ധാത്മാവിന്റെ പുണ്യമായ ധൈര്യം നഷ്ടപ്പെട്ടു പോകാതിരിക്കാനും സഭയ്ക്കാകണം.

കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണം കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍

വിശുദ്ധ ഡോമിനിക്ക് ഗസ്മാന്‍  (1170-1221) : ആഗസ്റ്റ് 8

ഭരണഘടനാസാക്ഷരത അത്യാവശ്യം

അക്രമം നല്‍കുന്ന അവസരം

കാറ്റുപറഞ്ഞ സ്വര്‍ഗാരോപിതയായ അമ്മ