വി. ളൂയീസ് മരില്ലാക്ക് (1591-1660) മാര്‍ച്ച് 15

വി. ളൂയീസ് മരില്ലാക്ക് (1591-1660) മാര്‍ച്ച് 15

ഒരു സൈന്യാധിപന്റെ മകളായിരുന്നു വി. ളൂയീസ്. വിദ്യാസമ്പന്ന. സമൂഹത്തില്‍ ബഹുമാന്യയായ സ്ത്രീ. രണ്ട് അമ്മാവന്മാരും രാജ്യത്തെ ഉന്നതോദ്യോഗസ്ഥര്‍. ചെറുപ്പത്തിലേ അമ്മ മരിച്ചു. ആദ്ധ്യാത്മിക ജീവിതത്തോട് അഭിനിവേശമുണ്ടായിരുന്ന ഒരു ആന്റിയുടെ സംരക്ഷണയിലായിരുന്നു ളൂയീസ്. 16-ാമത്തെ വയസ്സില്‍ സാധുജനസേവനം ചെയ്യുന്ന ക്ലാരിസ്റ്റുകളുടെ കൂടെ കൂടാനായിരുന്നു മോഹം! പക്ഷേ, അനാരോഗ്യം കാരണം അതു നടന്നില്ല. അഞ്ചുവര്‍ഷത്തിനുശേഷം ആന്റണി ലെ ഗ്രാസ് എന്ന മാന്യദേഹത്തിന്റെ ഭാര്യയായി. രാജ്ഞിയായ മേരി ദെ മെഡിച്ചിന്റെ സെക്രട്ടറിയായിരുന്നു ആന്റണി. അവര്‍ക്കൊരു കുട്ടി ജനിച്ചു; മൈക്കിള്‍.
ഭക്തനായിരുന്ന ഭര്‍ത്താവിന്റെ അനുവാദത്തോടെ ളൂയീസ് സമയം കിട്ടുമ്പോഴൊക്കെ പാരീസിലെ പാവങ്ങള്‍ക്കുവേണ്ടിയുള്ള സാധുജനസേവന പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടിരുന്നു. തന്റെ സ്റ്റാറ്റസിന് അതു യോജിച്ച താണോ എന്നു പലരും സംശയിച്ചെങ്കിലും അവള്‍ അതു വകവച്ചില്ല. 1619 ലാണ് വി. ഫ്രാന്‍സീസ് സാലസിനെയും വി. വിന്‍സെന്റ് ഡിപോളി നെയും കണ്ടുമുട്ടുന്നത്. 1625-ല്‍ ഭര്‍ത്താവ് മരിച്ചു. അതോടെ വിശുദ്ധ വിന്‍സെന്റിന്റെ നിര്‍ദ്ദേശം അനുസരിച്ചായി ളൂയീസിന്റെ പ്രവര്‍ത്തനങ്ങള്‍. സാധുക്കള്‍ക്കു സേവനം ചെയ്യുവാന്‍ പരിശീലനം നല്‍കാനുള്ള ഒരു സ്ഥാപനം തന്നെ ളൂയീസ് ആരംഭിച്ചു.
അതായിരുന്നു "സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി'യുടെ തുടക്കം. ഇവര്‍ക്ക് ആദ്ധ്യാത്മികോര്‍ജ്ജം നല്‍കുന്നതിനായിട്ടാണ് സെ. വിന്‍സെന്റ്ഡിപോള്‍ തന്റെ പ്രസിദ്ധമായ "സ്പിരിച്ച്വല്‍ കോണ്‍ഫറന്‍സു"കള്‍ 1634 ല്‍ ആരംഭിച്ചത്. അത് 25 വര്‍ഷം മുടങ്ങാതെ തുടരുകയും ചെയ്തു.
12 വര്‍ഷം ഉപവിയുടെ സഹോദരിമാരുടെ സംഘടനയ്ക്ക് ലിഖിത മായ ഒരു നിയമവും ചട്ടങ്ങളും ഉണ്ടായിരുന്നില്ല. ഔദ്യോഗികമായ അംഗീകാരത്തിനും ശ്രമിച്ചിരുന്നില്ല. കന്യാസ്ത്രീകള്‍ മഠത്തിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഈ സഹോദരികള്‍ സ്വതന്ത്രമായി വിഹരിച്ചുകൊണ്ട് സാധുജനസേവനം നടത്തിയിരുന്നത്. ഏതായാലും അനേകം ആശുപത്രികളിലും ദരിദ്രരുടെ ആവാസ സ്ഥലങ്ങളിലും ഇവരുടെ സേവനം അത്യാവശ്യമായിരുന്നു. വി. വിന്‍സെന്റ് അവരോടു പറഞ്ഞു: ദൈവസ്‌നേഹമാണ് നിങ്ങളുടെ വസ്ത്രം. ഇടവകപ്പള്ളിയാണ്. നിങ്ങളുടെ ചാപ്പല്‍. വാടകയ്‌ക്കെടുത്ത മുറി നിങ്ങളുടെ വിശ്രമസ്ഥലവും, ഉപവിപ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഓഫീസുമാണ്. ധൈര്യമായിപ്പോകൂ! കൃഷിപ്പണികള്‍ ചെയ്യുമ്പോള്‍ ഫ്രാന്‍സിലെ സാധാരണ സ്ത്രീകള്‍ ധരിക്കുന്ന ചാരനിറമുള്ള വസ്ത്രമായിരുന്നു ഉപവിയുടെ ഔദ്യോഗികവേഷം.
ഉപവിയുടെ സഹോദരിമാരുടെ സ്വയം മറന്നുള്ള സേവനങ്ങള്‍ക്ക് ആദ്യവര്‍ഷം തന്നെ ഫലം കണ്ടുതുടങ്ങി. ലൂതറിന്റെയും കാല്‍വിന്റെയും അബദ്ധ സ്വാധീനത്തില്‍ പെട്ടുപോയ 760 പേരുടെ മാനസാന്തരം ആദ്യവര്‍ഷം തന്നെ നടന്നു. അതുകൂടാതെ, സഹോദരിമാര്‍. അവരുടെ ജനസേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വികസിപ്പിച്ചു. പാവപ്പെട്ട കുട്ടികളെ സദുപദേശങ്ങളും ജീവിതമര്യാദകളും പഠിപ്പിക്കാന്‍ ആരംഭിച്ചു. കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങള്‍ തുറന്നു. വൃദ്ധരുടെ സംരക്ഷണം ഏറ്റെടുത്തുതുടങ്ങി. അംഗവിഹീനര്‍ക്കും മനോരോഗികള്‍ക്കും വേണ്ടിയുള്ള സ്ഥാപനങ്ങളും ആരംഭിച്ചു.
വി. വിന്‍സെന്റിന്റെ ഒരു കത്തില്‍നിന്നു വ്യക്തമാകുന്നത്, ദിനം പ്രതി 1300 ലേറെ സാധുക്കള്‍ക്ക് സഹോദരിമാര്‍ ഭക്ഷണം വിതരണം ചെയ്യുകയും, ആയിരത്തോളം സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയും ചെയ്തിരുന്നു എന്നാണ്. കൂടാതെ ആയിരത്തഞ്ഞൂറോളം പേര്‍ ഇവരെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്നു.
പോളണ്ടിലെ രാജ്ഞിയുടെ ആവശ്യപ്രകാരം സഹോദരിമാരില്‍ ചിലര്‍ പോളണ്ടില്‍ പോയി മുറിവേറ്റ സൈനികരുടെ സംരക്ഷണം ഏറ്റെടുക്കുകയും അവര്‍ ശിഷ്ടകാലം അവിടെത്തന്നെ ചെലവഴിക്കുകയും ചെയ്തതായി രേഖകളുണ്ട്.
വി. ലൂയീസ് 1660 മാര്‍ച്ച് 15 ന് ഈലോകജീവിതത്തോടു വിടപറഞ്ഞു. അന്ന് ഫ്രാന്‍സില്‍ത്തന്നെ ഉപവികളുടെ സഹോദരിമാര്‍ക്കു 40 ഭവനങ്ങ ളുണ്ടായിരുന്നു. ഇന്ന് അത് 4000 ആയി വര്‍ദ്ധിച്ചിരിക്കുന്നു. 40,000-ഓളം സഹോദരിമാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലായി സേവനം ചെയ്യുന്നു. ഇന്നും ഒരു അത്മായ സമൂഹമാണിത്. സ്വകാര്യവ്രതങ്ങള്‍ മാത്രമുള്ള ഒരു സമൂഹം. തുടക്കത്തിലുണ്ടായിരുന്ന നിയമങ്ങളും ചട്ടങ്ങളും അതേപടി ഇന്നും പിന്തുടരുന്നു.
1920 മെയ് 9ന് ദൈവദാസിയായ ലൂയിസ് 1934 മാര്‍ച്ച് 11 ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു കൂടാതെ, 1960 ഫെബ്രുവരി 10 ന് എല്ലാ ക്രിസ്തീയ സാമൂഹിക പ്രവര്‍ത്തകരുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായും വി. ലൂയീസ് മരില്ലാക്ക് അംഗീകരിക്കപ്പെട്ടു.

"ക്രിസ്തുവിനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുപോലെ സാധുക്കളെ സ്‌നേഹിക്കൂ, അവരെ ബഹുമാനിക്കൂ."

– വി. ളൂയീസ് മരില്ലാക്ക്‌

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org