ജസ്റ്റിസ് കുര്യന്‍ ജോസഫ്
പണ്ടൊക്കെ ക്രിസ്മസിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പോ ഒരാഴ്ച മുമ്പോ മാത്രമാണ് നക്ഷത്രം തൂക്കാറുള്ളത്. ഇപ്പോള്‍ ഡിസംബര്‍ 1 പിറന്നാലുടന്‍ നക്ഷത്രങ്ങള്‍ നിറയാന്‍ തുടങ്ങും. അതൊരു നല്ല കാര്യമാണ്. ഒരുപാട് ഓര്‍മ്മപ്പെടുത്തലുകള്‍ ക്രിസ്മസ് നക്ഷത്രങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്.
വി. മത്തായിയുടെ സുവിശേഷം രണ്ടാം അധ്യായത്തിലാണ് ക്രിസ്മസുമായി ബന്ധപ്പെടുത്തി നക്ഷത്രങ്ങളെക്കുറിച്ചുള്ള ഏക പരാമര്‍ശം. യേശു ജനിച്ച സമയത്ത് കിഴക്ക് നക്ഷത്രം കണ്ടു എന്നാണല്ലോ എഴുതിയിരിക്കുന്നത്. നക്ഷത്രം കാണുന്നത് രാജാവിന്റെ ജനനവുമായി ബന്ധപ്പെട്ടാണെന്ന് തങ്ങളുടെ വിജ്ഞാനം ഉപയോഗിച്ച് അവര്‍ തിരിച്ചറിയുന്നു.
ഒരു രാജാവിന്റെ വരവിനെ സൂചിപ്പിക്കുകയാണ് നക്ഷത്രത്തിന്റെ ഉദയത്തിന്റെ ഉദ്ദേശം. യേശുവിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള പ്രത്യക്ഷമാണ് നക്ഷത്രത്തിന്റേത്. കിഴക്ക് പ്രത്യക്ഷപ്പെട്ട നക്ഷത്രം പിന്നീട് അപ്രത്യക്ഷമാകുന്നില്ല. തിരുനാളുകള്‍ക്ക് നമ്മള്‍ കത്തിക്കുന്ന പൂത്തിരികളും മറ്റും കത്തി പ്രകാശിച്ചു അവസാനിക്കുന്നു. പക്ഷേ ഈ നക്ഷത്രം അങ്ങനെയല്ല. ഈ നക്ഷത്രം അതിന്റെ ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ യാത്ര തുടരുന്നു. ജ്ഞാനികള്‍ നക്ഷത്രത്തിന്റെ പിന്നാലെ യാത്ര ചെയ്യുന്നു. യേശു ജനിച്ചിടത്തു വന്ന് നിന്നതിനുശേഷമാണ് നക്ഷത്രത്തെക്കുറിച്ചുള്ള വിവരണം അവസാനിക്കുന്നത്. യേശുവിന്റെ സാന്നിധ്യത്തിന്റെ വിളംബരമാണ് നക്ഷത്രം.
നക്ഷത്രത്തെ കണ്ട ജ്ഞാനികള്‍ അവരുടെ ബുദ്ധിയുടെ തലത്തില്‍ ഒരുപാട് ദൂരം സഞ്ചരിച്ചിട്ടാണ് ബെത്‌ലഹേമില്‍ എത്തിച്ചേരുന്നത്. ബഹുദൂരം സഞ്ചരിക്കുന്ന ബുദ്ധിമാന്മാരെക്കുറിച്ചുള്ള ഒരു ചിന്തയാണ് ഇത് വായിക്കുമ്പോള്‍ കടന്നുവരുന്നത്. നക്ഷത്രത്തെ വെറുതെ അനുധാവനം ചെയ്താല്‍ മതിയായിരുന്നു അവര്‍ക്ക്. പക്ഷേ അവര്‍ അതു മാത്രമല്ല ചെയ്യുന്നത്. തങ്ങളുടെ ബുദ്ധി നല്‍കുന്ന അറിവിന്റെ തലത്തില്‍ നിന്നുകൊണ്ട് അന്വേഷണങ്ങളുടെ ഒരു പരമ്പര തന്നെ നടത്തിയതുകൊണ്ടാവണം ബഹുദൂരം സഞ്ചരിച്ചിട്ടാണ് അവര്‍ യേശുവിനെ കണ്ടുമുട്ടുന്നത്.
നക്ഷത്രങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ബുദ്ധികൊണ്ട് അളന്ന് കഷ്ടപ്പെട്ട് ദൈവത്തെ കണ്ടുമുട്ടാനല്ല, ബുദ്ധി തന്ന ദൈവത്തെ മഹത്വപ്പെടുത്തി ക്കൊണ്ട് അതിവേഗം ദൈവത്തിനടുത്തെത്താനാണ്.
സമാനമായ വേറൊരു കണ്ടുമുട്ടല്‍ ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നുണ്ട്. അതും യേശുവിന്റെ ജനനത്തോട് ബന്ധപ്പെടുത്തി തന്നെയാണ്. അത് ആട്ടിടയന്മാരുടെ കണ്ടുമുട്ടലാണ്. അവിടെ നക്ഷത്രത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. പക്ഷേ കര്‍ത്താവിന്റെ ദൂതന്‍ അവര്‍ക്ക് അടുത്തെത്തിയപ്പോള്‍ കര്‍ത്താവിന്റെ മഹത്വം അവരുടെ മേല്‍ പ്രകാശിച്ചു എന്ന പരാമര്‍ശമുണ്ട്. കര്‍ത്താവിന്റെ മഹത്വമായി അവരുടെ മേല്‍ പ്രകാശിച്ചത് ഈ നക്ഷത്രത്തിന്റെ വെളിച്ചമായിരിക്കണം എന്നാണ് എന്റെ എളിയ നിഗമനം. ഈ വെളിച്ചം കിട്ടിയപ്പോള്‍ അവരെന്തു ചെയ്തു? അവര്‍ അതിവേഗം പോയി എന്നാണ് എഴുതിയിരിക്കുന്നത്. ഉടനെ പുറപ്പെട്ടു. ബഹുദൂരം സഞ്ചരിച്ച് യേശുവിനെ കണ്ടുമുട്ടിയ ജ്ഞാനികളും അതിവേഗം പുറപ്പെട്ട് യേശുവിനെ കൂട്ടിമുട്ടിയ ആട്ടിടയന്മാരും രണ്ടു കാര്യങ്ങള്‍ നമ്മെ പ്രത്യേകമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഒന്ന് ബുദ്ധി തന്ന ദൈവത്തെ ബുദ്ധികൊണ്ട് അളന്നാല്‍ ബുദ്ധിയുടെ തലത്തില്‍ ദൈവത്തെ കണ്ടുമുട്ടാന്‍ ബഹുദൂരം സഞ്ചരിക്കേണ്ടിവരും. ബുദ്ധി തന്ന ദൈവത്തെ ബുദ്ധികൊണ്ട് മഹത്വപ്പെടുത്തി, ദൈവത്തിന്റെ വഴികളിലൂടെ നടന്നാല്‍ ദൈവത്തെ അതിവേഗം കണ്ടുമുട്ടാനാകും. അതിനാല്‍ നക്ഷത്രങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ബുദ്ധികൊണ്ട് അളന്ന് കഷ്ടപ്പെട്ട് ദൈവത്തെ കണ്ടുമുട്ടാനല്ല, ബുദ്ധി തന്ന ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അതിവേഗം ദൈവത്തിനടുത്തെത്താനാണ്.
ജ്ഞാനികള്‍ തങ്ങളുടെ കാഴ്ചകള്‍ സമര്‍പ്പിച്ച് അവരുടെ വഴിക്ക് തിരിച്ചുപോയി. സാധാരണക്കാരായ ആട്ടിടയരാകട്ടെ, തങ്ങള്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കുന്നു. നമ്മള്‍ ദൈവത്തെ കണ്ടുമുട്ടിയാല്‍, ആ ദൈവത്തെ കണ്ടുമുട്ടാന്‍ മറ്റുള്ളവരെയും സഹായിക്കുക. അതിനു വഴിയൊരുക്കുക. ഇതാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്. വഴിയൊരുക്കുന്ന നക്ഷത്രങ്ങളാണ് നാമോരോരുത്തരും. നാം ഓരോരുത്തരും നക്ഷത്രങ്ങള്‍ ആകുമ്പോള്‍ നാം ആകുന്ന നക്ഷത്രത്തിന്റെ വെളിച്ചത്തില്‍ ദൈവത്തിലേക്ക് മറ്റുള്ളവര്‍ക്ക് അതിവേഗം നടന്നടുക്കാനാകും. നേരെ മറിച്ച്, അഗാധമായ അറിവുകളാണ് നാം നല്‍കുന്നതെങ്കില്‍, ആ അറിവുകളിലൂടെ ദൈവത്തെ കണ്ടുമുട്ടാന്‍ പോകുന്നവര്‍ ബഹുദൂരം സഞ്ചരിക്കേണ്ടിവരും. ആ ആട്ടിടയരുടെ തലത്തില്‍ ജീവിക്കുന്ന നല്ല ക്രിസ്ത്യാനികള്‍ ആകാനാണ് ക്രിസ്മസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. നമുക്ക് ഒരു ദര്‍ശനം അഥവാ ഒരു വെളിവ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ നോക്കി നില്‍ക്കേണ്ട കാര്യമില്ല. അതിവേഗം പോയി അതു കാണിക്കുന്ന ലക്ഷ്യത്തിലേക്ക് നാം ചെന്നെത്തണം. ചെന്നെത്തിയാല്‍ മാത്രം പോരാ, ആ വെളിച്ചം മറ്റുള്ളവര്‍ക്കും കൊടുക്കണം എന്നും നക്ഷത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ക്രിസ്മസ് എന്നത് യേശുവിന്റെ ജനനവാര്‍ഷികത്തിന്റെ ആഘോഷമാണ്. ഇപ്പോള്‍ നാം 2024-ാം വാര്‍ഷികം ആഘോഷിക്കുന്നു. യേശുവിന്റെ വരവും ആ വരവ് എന്തിനായിരുന്നു എന്നതും നാം തിരിച്ചറിഞ്ഞു എന്നാണ് ഈ ആഘോഷങ്ങള്‍ വ്യക്തമാക്കുന്നത്. തിരിച്ചറിഞ്ഞ കാര്യത്തെക്കുറിച്ചുള്ള ബോധ്യത്തോടെ നാം ഇനി ജീവിക്കേണ്ടതുണ്ട്. ആ ബോധ്യത്തോടെ ജീവിക്കുന്നവര്‍ക്കു മാത്രമേ രണ്ടാം വരവ് രക്ഷാകരമാകുകയുള്ളൂ. യേശു വന്നു, നമുക്ക് രക്ഷയ്ക്കുള്ള വഴി തുറന്നു തന്നു. ഇനി ആ വഴിയില്‍ പ്രവേശിച്ച് രക്ഷ സ്വന്തമാക്കണമെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ക്രിസ്മസ്. ഒന്നാം വരവിന്റെ വാര്‍ഷികാഘോഷവും രണ്ടാം വരവിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും ക്രിസ്മസില്‍ അടങ്ങിയിട്ടുണ്ട് എന്നത് പരമമായ സത്യമാണ്. രണ്ടാം വരവിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളെ അവഗണിക്കുകയും തിരസ്‌കരിക്കുകയും ചെയ്തുകൊണ്ട് ഒന്നാം വരവിന്റെ വാര്‍ഷിക ആഘോഷ തിമിര്‍പ്പില്‍ മാത്രമായിരുന്നാല്‍ അപൂര്‍ണ്ണമായ ആഘോഷാനുഭൂതികള്‍ മാത്രമായി ക്രിസ്മസ് മാറും. അപൂര്‍ണ്ണമായ അനുഭൂതികളാസ്വദിക്കുന്നതിനു പകരം, ജീവിതം തന്നെ പൂര്‍ണ്ണമായ രക്ഷയുടെ ആഘോഷമാക്കി മാറ്റാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്മസ്.
രണ്ടാം വരവിനുള്ള ഒരുക്കത്തെക്കുറിച്ചുള്ള ധാരാളം കാര്യങ്ങള്‍ പുതിയ നിയമത്തില്‍ നമുക്ക് ലഭിക്കുന്നുണ്ട്. സ്‌നാപകയോഹന്നാന്റെ പ്രഭാഷണത്തില്‍ അതുണ്ട്. മാനസാന്തരത്തിന് യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍ (ലൂക്കാ 3:8).
എന്താണ് മാനസാന്തരം എന്നും സുവിശേഷത്തില്‍ പറയുന്നുണ്ട്. രണ്ട് ഉടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. കൂടുതല്‍ ചുങ്കം ഈടാക്കരുത്. ഭീഷണിപ്പെടുത്തരുത്, വ്യാജമായ കുറ്റാരോപണം നടത്തരുത്, ഉള്ളതുകൊണ്ട് തൃപ്തിപ്പെടണം എന്നിങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യങ്ങളാണ്. ഒരു കാലഘട്ടത്തിന്റെ ജീര്‍ണ്ണത എന്തായിരുന്നു എന്ന് തിരിച്ചറിഞ്ഞ സ്‌നാപകനാണ് ആ ജീര്‍ണ്ണതയില്‍ നിന്നും മുക്തി നേടിക്കൊണ്ട് മാനസാന്തരത്തിന് യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കണമെന്ന് പറയുന്നത്. ആവശ്യത്തിലധികം നികുതി പിരിച്ച് മനുഷ്യനെ ബുദ്ധിമുട്ടിക്കുക, ഇല്ലാത്തവരുമായി പങ്കുവയ്ക്കാതെ ഉള്ളവര്‍ തന്നെ എല്ലാം വാരിക്കൂട്ടുക, വിശക്കുന്നവനെ അവഗണിച്ചുകൊണ്ട് അമിതമായി ഭക്ഷണം കഴിക്കുക, അധികാരത്തിന്റെ പ്രയോഗം അഹങ്കാരത്തോടു കൂടിയ ഭീഷണിയായി പുറത്തുവരിക തുടങ്ങിയവയെല്ലാം ആ കാലഘട്ടത്തിന്റെ ജീര്‍ണ്ണതകള്‍ ആയിരുന്നു.
ഇന്നാണ് യേശുവിന്റെ വരവിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായി സ്‌നാപകന്‍ വരുന്നതെങ്കില്‍ ഇവയുടെ കൂടെ മറ്റ് ജീര്‍ണ്ണതകളും ഉണ്ടാകുമായിരുന്നു. നമ്മുടെ വാശിയുടെയും ഭിന്നതകളുടെയും അസഹിഷ്ണുതകളുടെയും ദുര്‍മാതൃകകളുടെയും കുതികാല്‍വെട്ടിന്റെയും അധര്‍മ്മത്തിന്റെയും എന്നിങ്ങനെ ഒരുപാട് ജീര്‍ണ്ണതകള്‍ നമുക്ക് കാണാന്‍ കഴിയുമായിരുന്നു. ഈ ജീര്‍ണ്ണതകളില്‍ നിന്നെല്ലാം മുക്തി നേടാതെ നമുക്ക് മനസ്സിന്റെ മാറ്റം ഉണ്ടാവുകയില്ല. മനസ്സിന് മാറ്റം ഉണ്ടായാലേ ഫലങ്ങള്‍ ഉണ്ടാവുകയുള്ളൂ. അല്ലാത്തപക്ഷം ഈ ജീര്‍ണ്ണതയില്‍ കിടക്കുന്ന വ്യക്തി ജീര്‍ണ്ണതയുടെ ഫലങ്ങളേ പുറപ്പെടുവിക്കുകയുള്ളൂ. ഈ ജീര്‍ണ്ണതയില്‍ നിന്ന് എഴുന്നേറ്റ് മാനസാന്തരത്തിന് ചേര്‍ന്ന നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കണമെന്നാണ് സ്‌നാപകന്‍ ആവശ്യപ്പെടുന്നത്. സ്‌നേഹം, ആനന്ദം, ക്ഷമ, ദയ, നന്മ, ദൈവത്തോടും ദൈവം ഏല്‍പ്പിച്ചവരോടുമുള്ള വിശ്വസ്തത, അനുകമ്പ, ഐക്യം, അനുരഞ്ജനം, ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും ഭാഷയുടെയും വേര്‍തിരിവുകള്‍ ഇല്ലാതെ മനുഷ്യരെ മനുഷ്യരായി കാണല്‍, എല്ലാ മനുഷ്യര്‍ക്കും തുല്യ അന്തസും
ആ അന്തസിന്റെതായ ആദരവും കൊടുക്കല്‍ തുടങ്ങിയ ഒരുപാട് കാര്യങ്ങളാണ് ഫലങ്ങളായി ഇന്ന് നമുക്ക് ആവശ്യമുള്ളത്. ജീര്‍ണ്ണതയില്‍ നില്‍ക്കുന്ന മനുഷ്യനില്‍ ആ ഫലങ്ങള്‍ ഉണ്ടാകുകയില്ല. വര്‍ഗീയതയുടെ, ഭിന്നിപ്പിന്റെ, അനൈക്യത്തിന്റെ, അവിശ്വസ്ഥതയുടെ, അധര്‍മ്മത്തിന്റെ ഒക്കെ ജീര്‍ണതയില്‍ കിടക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ല. അതിനാല്‍ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ തക്കവണ്ണം നമ്മുടെ മനസ്സിനു മാറ്റമുണ്ടാകണമെന്നും, മാറ്റത്തിന്റെ ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകണമെന്നും ഈ ക്രിസ്മസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.