Catepedia

പുതിയ തലമുറ!

Sathyadeepam
  • ഫ്രാൻസിസ് തറമ്മേൽ

ഇന്നത്തെ കുട്ടികൾക്ക് “അങ്കിൾ”, “ആന്റി” എന്നൊക്കെയുള്ള പൊതുവായ പേരുകളാണ് പതിവ്. ബന്ധങ്ങളുടെ ആഴം അവർക്ക് അറിയില്ല. പറഞ്ഞു കൊടുക്കേണ്ടവർക്ക് തിരക്കാണ്; കേട്ടുനിൽക്കാൻ കുട്ടികൾക്കും മനസ്സില്ല.

ഒരു ദിവസം ഒരു കുട്ടി “അങ്കിൾ ചേട്ടാ” എന്ന് വിളിച്ചു. “അങ്കിൾ” എന്നത് തന്നെ ഒരു പേരാണെന്ന് കരുതുന്ന പോലെ!

എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തരായിരുന്നു പത്ത് വയസ്സുകാരൻ ജോൺ വർഗീസും.. അവന്റെ കുഞ്ഞനിയത്തി കുഞ്ഞുമോളും, മാതാപിതാക്കളായ വർഗീസും ജെസ്സിയും, അവർക്കൊപ്പം നന്മയുടെ വഴിയിൽ നയിച്ച അമ്മാമ്മ അന്നയും. ദൈവഭയവും മൂല്യബോധവും നൽകി വളർന്ന ഒരു കുടുംബം.

ഒരു ദിവസം കുഞ്ഞുമോൾ ചേട്ടനോട് ചോദിച്ചു:

“ചേട്ടാ, നാളെ നിന്റെ ആദ്യ കുർബാനയല്ലേ? പള്ളിയിൽ അച്ചൻ തരുന്ന ആ വെളുത്ത വട്ട അപ്പം നിനക്കും കിട്ടുമല്ലോ? എനിക്കെപ്പോഴാണ് അത് കിട്ടുക?”

ജോൺ സ്നേഹത്തോടെ പറഞ്ഞു:

“അത് സാധാരണ അപ്പം അല്ല; തിരുവോസ്തിയാണ്. കൃപയോടെ പറയണം. അതിൽ ഈശോ തന്നെയാണ് ഉള്ളത്. കുമ്പസാരിച്ച് ഒരുങ്ങിയവർക്ക് മാത്രമേ അത് സ്വീകരിക്കാൻ കഴിയൂ.”

“അപ്പോൾ നീ ഒരുങ്ങിയോ?”

ജോൺ ചിരിച്ചുകൊണ്ട് തലയാട്ടി.

ഒരു നിമിഷം മൗനം കഴിഞ്ഞ് കുഞ്ഞുമോൾ വീണ്ടും ചോദിച്ചു:

“അപ്പോൾ വെള്ള വസ്ത്രവും ഷൂസും, ക്രൗണും മെഴുകുതിരിയും എല്ലാം?”

ജോൺ പറഞ്ഞു: “നാളെ എന്റെ ആദ്യകുർബാനയാണ്. നീയും ഒരുനാൾ വളർന്ന് വലുതാകും. അപ്പോൾ നിനക്കും ആ ദിവസം വരും. അന്ന് നിന്റെ നാവിലും ഈശോ അലിയും.”

മറുപടി മുഴുവനായി മനസ്സിലായില്ലെങ്കിലും, കുഞ്ഞുമോളുടെ ഹൃദയത്തിൽ ആദ്യകുർബാനയുടെ സ്വപ്നം നിറഞ്ഞു. സന്തോഷത്തോടെ അവൾ ഓടി.....

ഭക്ഷണം കഴിച്ച പാത്രം കഴുകാൻ ജോൺ അടുക്കളയിലേക്ക് പോകുമ്പോൾ അമ്മാമ്മ പറഞ്ഞു: “ഞാൻ കഴുകാം കുഞ്ഞേ. നീ മേശയിൽ വച്ചിട്ട് പോകൂ.”

അപ്പച്ചൻ വർഗീസ് പറഞ്ഞു:

“അത് വേണ്ട അമ്മേ, കുട്ടികൾ സ്വയം ചെയ്യാൻ പഠിക്കണം.”

“ഞങ്ങൾ നിങ്ങളെ ഇങ്ങനെ തന്നെയല്ലേ വളർത്തിയത്?” അമ്മാമ്മ ചോദിച്ചു.

വർഗീസ് ശാന്തമായി മറുപടി പറഞ്ഞു:

“അന്ന് അപ്പച്ചന്റെ ഒരു നോട്ടം മതിയായിരുന്നു, എല്ലാം മനസ്സിലാക്കാൻ. ഇന്നത്തെ കുട്ടികൾക്ക് അത് കിട്ടുന്നില്ല.”

അവൻ തുടർന്നു: “തൊടിയിലെ മരങ്ങളുടെ പേരുപോലും കുട്ടികൾക്ക് അറിയില്ല. ‘നിന്റെ സ്വപ്നം എന്താണ്?’ എന്ന് ചോദിച്ചാൽ, ‘യൂറോപ്പിൽ പോകണം’, എന്തിനെന്നോ എന്താണെന്നോ അറിയാതെ.”

ജെസ്സി ചേർന്നു:

“ഇന്നത്തെ കുട്ടികൾ ഒരു കടയിൽ പോലും പോകുന്നില്ല. എല്ലാം ഓൺലൈൻ. മൊബൈൽ ഫോൺ തന്നെയാണ് അവരുടെ ലോകം.”

വർഗീസ് പറഞ്ഞു:

“മക്കൾക്ക് നാം എല്ലാം കൊടുക്കുന്നു.. ആവശ്യമുള്ളതാണോ അല്ലാത്തതാണോ പോലും നോക്കാതെ. പക്ഷേ ‘ഉണ്ടോ ഇല്ലയോ’ എന്ന് നോക്കാൻ നമ്മൾ പഠിപ്പിക്കുന്നുമില്ല.”

അമ്മാമ്മയുടെ മുഖം സമ്മതം പറഞ്ഞു.

ജെസ്സി കൂട്ടിച്ചേർത്തു: “സമ്പത്ത് പണം മാത്രം അല്ല, മനസ്സിലെ സമ്പത്താണ് പ്രധാന്യം.”

അമ്മാമ്മ പറഞ്ഞു: “കുറവുകളും സങ്കടങ്ങളും അറിയിക്കാതെ വളർത്തുക എന്നത്... നമ്മളിലെ കൊതിയല്ലേ? പിന്നീട് വലിയ സന്തോഷങ്ങളും തരുന്ന മക്കൾ ഇല്ലേ?"

വർഗീസ് മക്കളെ ചേർത്തിരുത്തി പറഞ്ഞു:

“ശീലങ്ങൾ തൂവെള്ള വസ്ത്രങ്ങൾ പോലെയാണ്, വെണ്മ നിലനിർത്തണം. നിങ്ങൾ പറയുന്നതും ഞങ്ങൾ കേൾക്കും. പക്ഷേ തെറ്റാണെങ്കിൽ വിലക്കും. അത് നിങ്ങളെ നല്ലതിലേക്ക് നയിക്കും.”

കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ നോട്ടം സമ്മതം അറിയിച്ചു.

ജെസ്സി പറഞ്ഞു:

“ഭക്ഷണം പോലെ തന്നെ ശിക്ഷണവും കുട്ടികൾക്ക് ആവശ്യമാണ്. അധ്യാപകരും മാതാപിതാക്കളെപ്പോലെ തന്നെ ആദരിക്കപ്പെടണ്ടവരാണ്.”

അപ്പോൾ കുഞ്ഞുമോൾ ഭയത്തോടെ പറഞ്ഞു:

“ചേട്ടൻ തന്റെ പുതിയ വസ്ത്രവും ഷൂസും, ക്രൗണും, പൂക്കൾ നിറച്ച മെഴുകുതിരിയും, എല്ലാം കൂട്ടുകാരൻ സാമിന് കൊടുത്തു.”

എല്ലാവരും ഞെട്ടി.

ജോൺ ശാന്തമായി പറഞ്ഞു:

“അവന് പഴയ വേഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ... അവന്റെ അപ്പച്ചൻ അസുഖക്കാരൻ. അവർ സങ്കടത്തിലാണ്.”

വർഗീസ് ചിരിച്ചു:

“എനിക്ക് ഇതിനകം തന്നെ അറിയാം. അതുകൊണ്ട് മറ്റൊരു സെറ്റ് ഞാൻ വാങ്ങി വച്ചിട്ടുണ്ട്.”

അപ്പോഴേക്കും ജോണിന്റെ കൂട്ടുകാരനും അപ്പച്ചനും വീട്ടിലെത്തി. വർഗീസ് സ്നേഹത്തോടെ സ്വീകരിച്ചു. കുട്ടികളെ കളിക്കാൻ അയച്ചു.

കൂട്ടുകാരന്റെ അപ്പച്ചൻ ജോണിന്റെ നല്ല മനസ്സിനെ പുകഴ്ത്തി. അവർ കൊണ്ടുവന്ന ബാഗ് വർഗീസിന് നൽകി.

വർഗീസ് പറഞ്ഞു:

“ഞാനും സാമിനു വേണ്ടി പുതിയ വസ്ത്രങ്ങളും ഷൂസും വാങ്ങിയിട്ടുണ്ട്.”

സാമിന് അരികിലെത്തി വർഗീസ് അവന് സമ്മാനിച്ചു.

നന്ദിയോടെ അവർ മടങ്ങി.

കുറച്ച് കഴിഞ്ഞ് ജോൺ കുഞ്ഞുമോളോട് ചോദിച്ചു:

“നീ എന്തിനാണ് അപ്പച്ചനോട് പറഞ്ഞത്?”

കുഞ്ഞുമോൾ ചിരിച്ചു:

“നിന്റെ കൂട്ടുകാരൻ സങ്കടത്തിൽ ആയപ്പോൾ നിനക്ക് എത്ര വിഷമമായിരുന്നു... അതുപോലെ ഞാൻ നിന്റെ കാര്യത്തിലും ചിന്തിച്ചു.”

എല്ലാവരും മൗനമായി.

അമ്മാമ്മ ജോണിനോട് പറഞ്ഞു:

“നിന്നിലെ നന്മ വളരെ വലുതാണ്.”

വർഗീസ് കുഞ്ഞുമോളെ ചേർത്ത് പറഞ്ഞു:

“ഒന്നാമതാകാൻ മാത്രം നോക്കരുത്... രണ്ടാമനായവന് കൈകൊടുക്കാൻ മനസ്സ് ഉണ്ടാകണം.”

ജെസ്സി പ്രാർത്ഥിച്ചു:

“എല്ലാ മക്കളും നന്മയിൽ വളരട്ടെ... പുതിയ തലമുറയ്ക്ക് നമ്മൾക്കാവുന്നത് പകർന്നു കൊടുക്കാം.”

‘നമ്മള്‍ മനുഷ്യരാണ്, റോബോട്ടുകളല്ല’; മൊബൈല്‍ ഫോണ്‍ അടിമത്തത്തിനെതിരെ ലിയോ പാപ്പാ

വിശുദ്ധ സ്‌നാപകയോഹന്നാന്‍ : ജൂണ്‍ 24

സാങ്കേതിക വിദ്യകള്‍ ഒരിക്കലും നിഷ്പക്ഷമല്ല: വത്തിക്കാന്‍

ലിയോ മാര്‍പാപ്പ പൗരോഹിത്യത്തിന്റെ 44-ാം വാര്‍ഷികം

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 79]