വചനമനസ്‌കാരം: No.213

വചനമനസ്‌കാരം: No.213
Published on

ഞാൻ മൗനം ഭജിക്കുമ്പോൾ അവർ കാത്തുനിൽക്കും; സംസാരിക്കുമ്പോൾ ശ്രദ്ധിക്കുകയും ചെയ്യും; ഞാൻ ദീർഘമായി സംസാരിച്ചാലും നിശബ്ദരായി കേൾക്കും.

ജ്ഞാനം 8 : 12

‘ജ്ഞാനം അനുഗ്രഹത്തിന്റെ ഉറവിടം’ എന്ന തലക്കെട്ടിലുള്ള അധ്യായത്തിലേതാണ് ഈ വചനം. ‘ദൈവത്തോടൊത്തു ജീവിച്ച് തന്റെ കുലീനജന്മം അവൾ മഹത്വപ്പെടുത്തുന്നു’ എന്ന് ജ്ഞാനത്തെ ഗ്രന്ഥകാരൻ പ്രകീർത്തിക്കുന്നുണ്ട് (വാക്യം 3). ജ്ഞാനത്തെക്കുറിച്ച് പറയപ്പെട്ടതെല്ലാം കൃത്യമായി ചേരുന്ന ഒരു വൈദികനെ പരിചയപ്പെടുത്തട്ടെ. ദൈവത്തോടും മനുഷ്യരോടുമൊത്ത് ജീവിച്ച ഒരു കുലീനജന്മം ! ക്രിസ്‌തീയതയും ഭാരതീയ ആദ്ധ്യാത്മികതയും സമന്വയിപ്പിച്ച ഋഷി ! ഇന്ദ്രിയമൗനവും മനോമൗനവും ബുദ്ധിമൗനവും ഉൾപ്പെടുന്ന സമഗ്രമായ മൗനത്തെ അഗാധമായി പ്രണയിച്ച ഒരു താപസവൈദികൻ ! പുരോഹിതരിലെ താപസൻ; താപസരിലെ പുരോഹിതൻ !

റവ. ഡോ. എമ്മാനുവൽ വട്ടക്കുഴി !

2024 നവംബർ മാസം ആശുപത്രിയിൽ ചികിത്സയ്ക്കായി വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ക്ഷീണിതനെങ്കിലും അദ്ദേഹം പ്രസന്നവദനനും പ്രശാന്തചിത്തനുമായിരുന്നു. അനന്തത നിഴലിക്കുന്ന കണ്ണുകൾ ! വിനയവും സൗമ്യതയും നിറഞ്ഞ പെരുമാറ്റം. ഒരാഴ്ചയോളം നെഫ്രോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ, ഡയാലിസിസ് ആരംഭിക്കണം എന്ന നിർദ്ദേശത്തോടെയാണ് ഡോക്‌ടർ ഡിസ്ചാർജ് ചെയ്തത്. പോകുന്നതിന് മുൻപ് സ്വാമി അഭിഷിക്താനന്ദ രചിച്ച Further Shore എന്ന പുസ്‌തകത്തിന്റെ, ‘മറുകര’ എന്ന പേരിൽ അദ്ദേഹം വിവർത്തനം ചെയ്ത കോപ്പി പേരെഴുതി ഒപ്പിട്ടു തന്നു.

നേര്യമംഗലത്തിനടുത്ത് ആവോലിച്ചാലിൽ അദ്ദേഹം സ്ഥാപിച്ച ‘ശാന്തി സദൻ’ ആശ്രമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. 2025 മാർച്ച് മാസം ആശ്രമം സന്ദർശിക്കാനും അദ്ദേഹവുമായി സംഭാഷണം നടത്താനും കഴിഞ്ഞത് വലിയ അനുഗ്രഹമായി. ആമുഖ വചനത്തിലേതു പോലെ അദ്ദേഹം മൗനം ഭജിച്ചപ്പോൾ കാത്തിരുന്നും ദീർഘമായി സംസാരിച്ചപ്പോൾ നിശബ്ദനായി കേട്ടിരുന്നും ഏതാനും മണിക്കൂറുകൾ ! ആ ഖനിയിൽ നിന്ന് വീണുകിട്ടിയ ചില മുത്തുകൾ ഇവയാണ് :

ഹൃദയത്തിന്റെ ഭാഷ നിശബ്ദതയാണ്. നിശബ്‌ദത എന്നാൽ total withdrawal of self ആണ്. സത്യത്തിൽ എല്ലാ ആധ്യാത്മിക പ്രവർത്തനങ്ങളുടെയും ആത്യന്തികമായ ഉറവിടം നിശബദ്തയാണ്. യേശുവിന്റെ ജീവിതത്തിൽ മൗനത്തിന് അതീവപ്രാധാന്യമുണ്ടായിരുന്നു. യേശു വിരളമായേ ദേവാലയത്തിൽ പോയി പ്രാർത്ഥിച്ചിരുന്നുള്ളൂ. രാത്രിയുടെ നിശബ്ദതയിലും വിജനതയിലുമാണ് യേശു പിതാവുമായി ഗാഢബന്ധം പുലർത്തിയത്. ഭാരതീയ ആദ്ധ്യാത്മികതയ്ക്കും ദർശനങ്ങൾക്കും സുവിശേഷവുമായി എളുപ്പത്തിൽ റിലേറ്റ് ചെയ്യാനാകും. സുവിശേഷത്തിന്റെ ഉള്ളടക്കം യേശു പറഞ്ഞ Blessed are the Poor എന്നതാണ്. അതു തന്നെയാണ് ഭാരതീയ ആദ്ധ്യാത്മികതയുടെയും കാതൽ. ‘അന്വേഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും’ എന്ന് യേശു പറഞ്ഞത് തന്നെയാണ് ഉപനിഷത്തുക്കളുടെയും സാരം. ഇന്ത്യൻ പശ്ചാത്തലത്തിൽ യേശുവിനെ അവതരിപ്പിക്കുന്നതിൽ നാം പരാജയപ്പെട്ടു. പടിഞ്ഞാറിന്റെ സാംസ്‌കാരിക സ്വാധീനമാണ് നമ്മുടെ ജീവിതക്രമങ്ങളും സുവിശേഷവൽക്കരണ രീതികളുമെല്ലാം നിർണയിച്ചത്. തന്മൂലം താപസജീവിതത്തോട് നമുക്ക് ആഭിമുഖ്യമില്ലാതായി. സുവിശേഷത്തോട് അഗാധമായ അഭിനിവേശമുള്ള ഒരു വൈദികനേ ക്രിസ്‌തീയ ആദ്ധ്യാത്മികത ആഴത്തിൽ ജീവിക്കാനാകുകയുള്ളൂ.

കോതമംഗലം രൂപതയിലെ കല്ലൂർക്കാടാണ് വട്ടക്കുഴി അച്ചന്റെ ജന്മസ്ഥലം. 1969 ൽ, ഭാഗ്യസ്മരണാർഹനായ കർദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭാരതീയ ആദ്ധ്യാത്മികതയിൽ ഡോക്‌ടറേറ്റ് നേടി. ആലുവ മംഗലപ്പുഴ ഉൾപ്പെടെയുള്ള സെമിനാരികളിൽ ദീർഘകാലം അധ്യാപകനായിരുന്നു. ശേഷം ശാന്തി സദൻ എന്ന മനോഹരമായ ആശ്രമം സ്ഥാപിച്ച് തപസിനെ ഉപാസിച്ചു. 2025 ഏപ്രിൽ 18 ന്, ദുഃഖവെള്ളി എന്ന് വിളിക്കപ്പെടുന്ന സ്‌നേഹവെള്ളിയിൽ ആ മഹാമുനി നിത്യമായ മൗനത്തെ പുൽകി. 81 വർഷം നീണ്ട ഭൂമിയിലെ പ്രവാസജീവിതത്തിനു ശേഷം മറുകരയ്ക്ക് യാത്രയായ ആ മുനിവര്യന് സ്‌നേഹപ്രണാമം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org