മനസ്സിനിണങ്ങിയ രൂപത്തിലേക്ക്

മനസ്സിനിണങ്ങിയ രൂപത്തിലേക്ക്
Published on

എന്റെ രൂപം ഇത്തരത്തിലല്ല വേണ്ടതെന്ന് ഒരാൾ മനസ്സിൽ കരുതുന്നു. അവർ ആഗ്രഹിക്കുന്ന വിധത്തിലേക്ക് കഴിയുന്നിടത്തോളം അവരുടെ രൂപം മാറ്റി കൊടുക്കുക എന്നതാണ് ലിംഗ മാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർമാർ ചെയ്യുന്നത്.

രൂപമാറ്റത്തിനുവേണ്ടിയുള്ള പ്ലാസ്റ്റിക് സർജറികൾ സാധാരണ ചെയ്യാറുണ്ട്. സൗന്ദര്യം വർദ്ധിപ്പിക്കാനോ വൈരൂപ്യങ്ങൾ മാറ്റാനോ ഒക്കെ വേണ്ടിയാണ് അത് ചെയ്യാറുള്ളത്. തന്റെ ശരീരം എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടോ എന്നതാണ് ഇതിലെ പ്രശ്നം. ഒരാൾക്ക് അയാൾ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ശരീരം ലഭ്യമാക്കാൻ കഴിയുമ്പോൾ അയാൾ മാനസികമായ സന്തോഷം അനുഭവിക്കുന്നു. അതിനുവേണ്ടി അയാൾ ശസ്ത്രക്രിയകൾക്ക് വിധേയനാകുന്നു.

ഇത്തരം ലിംഗമാറ്റ ശസ്ത്രക്രിയകൾ ഇപ്പോൾ ധാരാളം നടക്കുന്നുണ്ട്. കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ തന്നെ ആളുകളെ മാറ്റിയെടുക്കാൻ ഈ ചികിത്സാക്രമത്തിലൂടെ സാധിക്കുന്നുണ്ട്. അവയവങ്ങളുടെ പ്രവർത്തനം ഒരുപക്ഷേ പൂർണരൂപത്തിൽ ഉണ്ടായെന്നു വരില്ല. പക്ഷേ കാണാനുള്ള ശരീരഘടന അയാൾ ആഗ്രഹിക്കുന്ന വിധത്തിലേക്ക് മാറ്റാൻ കഴിയും. ചില പ്രശ്നങ്ങളൊക്കെ ചിലയിടങ്ങളിൽ ഉണ്ടായിട്ടില്ലെന്നില്ല.

കാഴ്ചയിൽ തന്നെ തങ്ങളുടെ സ്വത്വം വെളിപ്പെടുത്താൻ വ്യക്തികൾ ആഗ്രഹിക്കുന്നു. അതിനാണ് ട്രാൻസ്ജെൻഡേഴ്സ് ഈ ശസ്ത്രക്രിയ തിരഞ്ഞെടുക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ആളോട് അതിന്റെ വിശദാംശങ്ങൾ പൂർണ്ണമായും പറഞ്ഞു മനസ്സിലാക്കാറുണ്ട്. എത്രത്തോളം ആയിരിക്കും ആ ശസ്ത്രക്രിയയുടെ വിജയം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിയശേഷമാണ് ഒരാൾ അതിന് തയ്യാറാകുന്നത്.

ലിംഗമാറ്റ ശസ്ത്രക്രിയകളുടെ കാര്യത്തിൽ ഒരിക്കലും നേരെ സർജറി നടത്തുകയല്ല ചെയ്യുന്നത്. അതിനുമുമ്പ് നിരവധി ഘട്ടങ്ങളി ലായി ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ആളുമായി വിവിധ സ്പെഷ്യാലിറ്റി കളിലുള്ള ഡോക്ടർമാർ, മനശാസ്ത്ര വിദഗ്ദ്ധർ, എന്റോക്രൈനോളജി ഡോക്ടർമാർ, പ്ലാസ്റ്റിക് സർജന്മാർ അടങ്ങുന്ന സംഘം വിശദമായ സംഭാഷണങ്ങൾ നടത്തുന്നുണ്ട്. അതിനുശേഷം ഹോർമോൺ ചികിത്സയുണ്ട്. അതിന്റെയൊക്കെ ഫലം അനുസരിച്ചാണ് ശസ്ത്രക്രിയ തീരുമാനിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ എന്നാൽ ഒരൊറ്റ ശസ്ത്രക്രിയ അല്ല. മുഖത്തും കഴുത്തിലും നെഞ്ചിലും ജനനേന്ദ്രിയങ്ങളിലും എല്ലാം ശസ്ത്രക്രിയകൾ ആവശ്യമായി വരും. അപ്പോൾ മാത്രമേ ഒരു ലിംഗമാറ്റം പൂർണ്ണമാകുകയുള്ളൂ. ദീർഘമായ ഒരു പ്രക്രിയയാണിത്.

ഈ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്ന ആളുകൾക്ക് സുസ്ഥിരമായ ഒരു പിൻബലം ആവശ്യമാണ്. ഏതൊരു ശസ്ത്രക്രിയയ്ക്കും അത് ആവശ്യമാണ്. ലിംഗമാറ്റ ശസ്ത്രക്രിയ പോലെ പലഘട്ടങ്ങളിലായി നീണ്ടുപോകുന്ന ശസ്ത്രക്രിയ കൾക്ക് തീർച്ചയായും മറ്റുള്ളവരുടെ സഹായം ആവശ്യമായിവരും. ശസ്ത്രക്രിയകൾ തീർച്ചയായും സഹനം അനുഭവിക്കേണ്ട ചികിത്സയാണ്. ഒരു ചെറിയ മുറിവുണ്ടായാൽ പോലും നമുക്ക് വേദനയുണ്ടാകുമല്ലോ. ഈ വേദനയൊക്കെ സഹിക്കുമ്പോൾ കൂടെ നിൽക്കാൻ ആളുകൾ വേണം.

ട്രാൻസ്ജെൻഡേഴ്സിന്റെ ശസ്ത്രക്രിയകളിൽ ഞാൻ കാണുന്ന ഒരു പ്രശ്നം അവർക്ക് ഇതുപോലെ പിന്തുണ നൽകാൻ ആളുകൾ തീരെ കുറവായിരിക്കും എന്നതാണ്. കുടുംബത്തിന്റെ പിന്തുണ മിക്കവർക്കും ഉണ്ടാകാറില്ല.

ഒരു വ്യക്തിയെ സംബന്ധിച്ച് അയാളുടെ രൂപം അയാളെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണ രൂപപ്പെടു ത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. അതുതന്നെയാണ് ട്രാൻസ്ജെൻഡേഴ്സിനെ സംബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയകളുടെ പ്രസക്തി. ആദ്യത്തെ കാഴ്ചയിൽ തന്നെ തങ്ങളുടെ സ്വത്വം വെളിപ്പെടുത്താൻ വ്യക്തികൾ ആഗ്രഹിക്കുന്നു. അതിനാണ് ട്രാൻസ്ജെൻഡേഴ്സ് ഈ ശസ്ത്രക്രിയ തിരഞ്ഞെടുക്കുന്നത്.

കഷണ്ടി മാറ്റാൻ പല മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. തനിക്ക് കഷണ്ടിയുള്ള രൂപം വേണ്ട എന്നൊരാൾ തീരുമാനിക്കുകയും അതിനുള്ള ചികിത്സാക്രമത്തിന് വിധേയനാവുകയും ചെയ്യുന്നതിനെ മറ്റാർക്കും കുറ്റപ്പെടുത്താനാവില്ലല്ലോ. രൂപം മാറ്റാനോ

ഉള്ള രൂപത്തിൽ നിലനിൽക്കാനോ ഉള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയകളും നടക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org