സ്ഥാനത്തർക്കത്തിലെ ഭീകര വഞ്ചന

സ്ഥാനത്തർക്കത്തിലെ ഭീകര വഞ്ചന
Published on

യേശുവിന്റെ വലത്തും ഇടത്തും ഇരിക്കാനുള്ള അവകാശ തർക്കത്തെക്കുറിച്ച് സുവിശേഷകരായ മർക്കോസും മത്തായിയും സാക്ഷിക്കുന്നു. മർക്കോസിൽ സെബദി പുത്രന്മാർ തന്നെയാണ് ഇതു യേശുവിനോട് ചോദിക്കുന്നത്. മാത്യുവിൽ അത് മ്ലേച്ഛമായതുകൊണ്ടാകാം ചോദിക്കുന്നത് അവരുടെ അമ്മയായി മാറുന്നു. യേശു ഈ വിവാദത്തിൽ പ്രതികരിച്ചു, "നിങ്ങൾ ചോദിക്കുന്നത് എന്ത് എന്നു നിങ്ങൾ അറിയുന്നില്ല" (മത്താ. 20:22). ഇതു സംബന്ധിച്ച യേശുവിന്റെ കാഴ്ചപ്പാട് രണ്ട് സുവിശേഷങ്ങളും അർഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. "സ്വജീവൻ കൊടുക്കാൻ മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെ" നിങ്ങൾ ശുശ്രൂഷിക്കപ്പെടുകയല്ല ശുശ്രൂഷിക്കണം. അതായത് "ജീവൻ കൊടുക്കണം." ഇതിനോടല്ല അവർ പ്രതികരിക്കുന്നത്. അവർ യേശുവിനോടും അവിടുത്തെ സുവിശേഷത്തോടും പ്രതികരിക്കാതെ അതു തട്ടിമറിച്ചു സ്ഥാനത്തിനുവേണ്ടി വാദിക്കുകയാണ്. യേശുവിന്റെ ജീവിതവീക്ഷണം അട്ടിമറിച്ചു സ്ഥാനങ്ങൾക്കുവേണ്ടി തർക്കിക്കുന്നു. ഈ പ്രലോഭനത്തിൽ കത്തോലിക്കാ സഭയിലെ ഒരു വേദിയും അപവാദമാകാതെ പോകുന്നു എന്നു ചരിത്രം പഠിപ്പിക്കുന്നു.

വിശുദ്ധ ഗ്രിഗറി പാലമസ് (St. Gregory Palamas- 1296-1354) എന്ന ബൈസന്റയിൻ സഭാപിതാവ് എഴുതി, "ചിന്തയുടെ ദർശനങ്ങൾ വച്ചു ധ്യാനിക്കുക എന്ന ലക്ഷ്യത്തോടെ മനസ്സിനു പുറത്താക്കുന്നു, മാംസള ചിന്തകളിൽ നിന്നു മാത്രമല്ല ശരീരത്തിൽ നിന്നുതന്നെ പുറത്താക്കുന്നു - ഇതാണ് ഗ്രീക്കുകാരുടെ ഏറ്റവും വലിയ തെറ്റ്; എല്ലാ പാഷണ്ഡതകളുടെയും മൂലകാരണം. അതു പിശാചുക്കളുടെ കണ്ടെത്ത ലാണ്. ഇത്തരം ചിന്തകൾ വിഡ്ഢിത്തങ്ങൾ ഉണ്ടാക്കുന്നു. അതു ഒരു ഭ്രാന്തിന്റെ ഫലമാണ്." 14-ാം നൂറ്റാ ണ്ടിൽ ഗ്രീക്കു ചിന്ത പഠിച്ച ബർലാം (Barlaam of Calabria) എന്ന പണ്ഡിതനുമായി നടന്ന വാഗ്വാദത്തി ലായിരുന്നു ഇതു പറഞ്ഞത്. ഗ്രീക്കു ചിന്തയുടെ ഒരു അബദ്ധമായി പാലമസ് ഇതു പരിഗണിക്കുന്നു. മധ്യ ശതകങ്ങളിൽ ഗ്രീക്കു ചിന്തയുടെ സ്വാധീനത്തിൽ പാശ്ചാത്യ ലോകത്തുണ്ടായ സ്കോളാസ്റ്റിക ചിന്തയും ശരീരത്തിൽ നിന്നു പുറത്തു കടന്നു മനസ്സിന്റെ അപകട വഴിയിലാണ് എന്ന് അദ്ദേഹം വിമർശിച്ചു.

ഈ കാലഘട്ടത്തിൽ പാലമസ് എഴുതിയതിനോട് വളരെ അടുത്തു ചിന്തിക്കുന്ന വ്യക്തിയാണ് മിഷേൽ ഹെന്റി. പ്രപഞ്ചത്തിലെ വസ്തുവകകളെ കാണുന്ന വിധത്തിൽ ജീവിതത്തെ കാണുന്ന അബദ്ധ മാണിത്. യേശുവിൽ വചനം മാംസമായി. യേശുവിലാണ് ദൈവത്തേയും ജീവിതത്തേയും വെളിവാകു ന്നത്. യേശുവാണ് ദൈവം ആരെന്നും ജീവിതം എന്ത് എന്നും വെളിവാക്കുന്നത്. യേശു പറഞ്ഞു, "എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു" (യോഹ. 8:8-10). യേശുവിൽ മാംസം ബോധമണിയുന്നു. ഈ ബോധത്തിലാണ് ജീവിതം വെളിവാകുന്നത്. യേശുവിൽ വെളിവായത് എനിക്കും വെളിവാകുന്നത് എന്റെ മാംസത്തിന്റെ ബോധത്തിലാണ്. ജീവിതം അറിയാൻ, ക്രിസ്തുവിനെ അറിയാൻ, ക്രിസ്തുവിൽ വെളി വായ ദൈവത്തെ അറിയാൻ ഞാൻ എന്നിലേക്കു മടങ്ങണം. എന്റെ ബോധത്തിൽ അതാണ് വെളി വാകുന്നത്. അതുകൊണ്ട് വിശുദ്ധ അഗസ്റ്റിൻ എഴുതി, "പുറത്തുപോകണ്ട, അകത്തേക്കു മടങ്ങുക, സത്യം നിന്നിൽ കുടികൊള്ളുന്നു." മനുഷ്യന് ജീവിതരഹസ്യം ദാനമായി ബോധത്തിൽ വെളിവാകുന്നു. അത് ലോകത്തെയോ ലോകത്തിലെ ഒന്നിനെയും കുറിച്ചുള്ള അറിവല്ല. ഈ അറിവ് വസ്തുനിഷ്ഠമായ ഒരറിവല്ല. ഞാൻ എന്നെ അനുഭവിക്കുന്ന വ്യക്തിപരമായ ബോധത്തിന്റെ അനുഭവമാണ്. ഞാൻ എന്നി ലേക്കു മടങ്ങി എന്റെ ബോധത്തിന്റെ വെളിച്ചത്തിലും അതിന്റെ ഓർമ്മയിലും പ്രതീക്ഷയുടെ സ്വപ്നങ്ങ ളിലും നിശ്ചയങ്ങളിലും ജീവിക്കണം. ഞാൻ എന്നെ ജനിപ്പിച്ചതല്ല. ജീവിതം എനിക്കു ദാനമായി കിട്ടിയ താണ്. ഞാൻ എന്ന വിളക്കു കൊളുത്തപ്പെട്ടതാണ്. ഞാൻ എന്നെ രൂപീകരിക്കുകയാണ്, ഉണ്ടാക്കുക യാണ്. പക്ഷെ, അതു എന്നിലെ ദൈവത്തിന്റെ ഓർമ്മയ്ക്കും പ്രതിഷ്ഠയ്ക്കും വിട്ടുകൊടുത്തു ഞാൻ ഉണ്ടാക്ക പ്പെടുകയാണ്.

എന്റെ വഴിയും എന്റെ സത്യവും എനിക്കു പുറത്തല്ല; എന്നിലാണ്. ഞാൻ എന്നെ അന്വേഷിക്കേണ്ടത് എന്റെ ബോധത്തിലാണ്. എന്റെ സത്ത എന്നിൽ നല്കപ്പെടുകയാണ്. എനിക്കു പുറത്തല്ല, എന്റെ സത്ത അകത്താണ്. അത് എനിക്കു പുറത്താണ് എന്നു കരുതുന്നതാണ് വലിയ പരാജയം. എന്റെ ലക്ഷ്യം തേടി ലോകത്തിൽ അലയുന്നത് ഒരു വഴി തെറ്റലാണ്. അതിനെയാണ് മാർക്സ് അന്യവൽക്കരണം എന്നു വിളിച്ചത്. എന്റെ സത്തയെ ലോകത്തിലും സമ്പത്തിലും അധികാരത്തിലും അന്വേഷിക്കുന്നത് തന്നെ കണ്ടെത്താത്തവന്റെ വഴി തേടലാണ്. ഞാൻ എന്റെ സത്തയുടെ ഉറവ, എന്നിൽ അത് കണ്ടെത്താൻ കഴിയുന്നവനാണ് ജീവിതം കണ്ടെത്തുന്നത്. ഹൃദയത്തിന്റെ ഗുഹയിൽ ഈശ്വരൻ മറഞ്ഞിരിക്കുന്നു എന്നു തൈത്തരീയ ഉപനിഷദ് പറയുന്നു. വി. പൗലോസ് ഈ കണ്ടെത്തൽ നടത്തിയവനാണ്. "ഞാനല്ല, ക്രിസ്തു എന്നിൽ ജീവിക്കുന്നു" (ഗലാ. 3:20). വി. അഗസ്റ്റിനും ആത്മകഥയിൽ പറയുന്നുണ്ട്, "ദൈവമേ, നീ എന്നിലായിരുന്നു, ഞാൻ നിന്നിലായിരുന്നില്ല."

യേശുവിന്റെ മതവിമർശനം കാപട്യത്തിന്റെ ജീവിതത്തെക്കുറിച്ചായിരുന്നു. ഞാൻ എന്നോട് സത്യം പറയാതെ നുണ പറയുന്ന ആത്മവഞ്ചനയാണ് മതത്തെ അടിസ്ഥാനപരമായി മലിനമാക്കുന്നത്. മത ജീവിതം സത്യസന്ധമാകാതെ കാപട്യമായി നടിക്കുന്ന അപകടം. അതു കാണിക്കലിന്റെ തട്ടിപ്പാണ്. എന്നിൽത്തന്നെ ജീവിതത്തിന്റെ നങ്കുരമിടാതെ, അതു മറ്റൊരിടത്തുകണ്ട് തട്ടിപ്പിന്റെ നാട്യക്കാരാകുന്ന അപകടം. ധർമ്മം നടിക്കുന്നതാണ് വഴി തെറ്റൽ. ആത്മീയത വസ്തുനിഷ്ഠമായ ഒന്നുമല്ല. അതു വ്യക്തി നിഷ്ഠമാണ്. അതു വ്യക്തിയുടെ നിലപാടുകളുടെയും നിശ്ചയങ്ങളുടെയും കഥയാണ്. വിശുദ്ധർ എല്ലാ വരും നല്ല അഭിനയക്കാരാകുന്നു എന്നു കരുതുന്ന ശുദ്ധ ലൗകികതയാണ് ഭീകരമായ ആത്മവഞ്ചന. ഇതിനെ മിഷേൽ ഹെന്റി "ബാർബറിസം" എന്നു വിശേഷിപ്പിച്ചു. മനുഷ്യന്റെ എല്ലാ കർമ്മങ്ങളും അയാളുടെ ബോധത്തിന്റെ പുറപ്പാടുകളാണ്. ഈ കർമ്മങ്ങളുടെ സമയം മുറിച്ച് വില്ക്കുന്നത് ഒരുവൻ തന്നോട് ചെയ്യുന്ന വലിയ ചതിയാണ്. തന്നെ വഞ്ചിക്കുന്ന നടപടി.

മനുഷ്യനിൽ ദൈവം പ്രവർത്തിക്കുന്നതു ദൈവമെന്ന വിധത്തിലാകണമെന്നില്ല. എന്നിൽ ഞാനല്ലാ ത്തതുമുണ്ട്. ഞാൻ എന്നെ ശ്രദ്ധിക്കുമ്പോൾ എന്നിൽ ഓർമ്മയും പ്രതീക്ഷയും എന്നെ കുറ്റപ്പെടുത്തുന്ന ശബ്ദസാന്നിധ്യവുമുണ്ട്. എന്നിൽ എന്റെയല്ലാത്ത ശബ്ദത്തിനു ഞാൻ മനഃസാക്ഷി എന്നു വിളിക്കുന്നു. ധർമ്മം എന്നിൽ ആരും കുത്തിവയ്ക്കുന്നതല്ല. ധർമ്മബോധം എന്നിൽ ദാനമായി ലഭിക്കുന്നു. കാര്യങ്ങൾ വിലയിരുത്താനുള്ള വിമർശനം എന്റെ ഭക്തിയുടെ ഭാഗമാണ്. ആ വിലയിരുത്തൽ എന്നെ സംബന്ധിക്കു ന്നതാണ്. അത് എന്നിലാണ്, പക്ഷെ, അതു ഞാനല്ല. എന്നെ വഞ്ചിക്കാനുള്ള നിശ്ചയം എന്റെ ധർമ്മ നിശ്ചയമാണ്. എന്നിലെ ദൈവശബ്ദത്തെ ഹനിക്കുന്നതു ഞാൻ തന്നെ. എന്റെ പിതാവിനെ എന്നിൽ നിന്നു പുറത്താക്കാതെ എനിക്കു എന്നെ വഞ്ചിക്കാനാവില്ല. എന്റെ ജീവിതം എന്റെ സ്വകാര്യസ്വത്താക്കി നശിപ്പിക്കുന്ന നടപടിയാണത്. അതുകൊണ്ടാണ് മിഷേൽ ഹെന്റി അതിനെ ബാർബറിസം എന്നു വിളിച്ചത്. അത് എന്റെ ജാതിമതങ്ങളുടെ ആൾക്കൂട്ടത്തിനു എന്നെ വില്ക്കുന്ന നടപടിയുമാകും. ബോധപൂർവം ജീവിക്കുന്നതു വിഡ്ഢിത്തമല്ല. കണക്കുകൂട്ടിയുള്ള നിശ്ചയം അതിനു പിന്നിലുണ്ട്. ചുറ്റു പാടും എന്തു നടക്കുന്നു എന്ന് അറിയാതിരിക്കാനുള്ള നിശ്ചയം. അറിയാതിരിക്കുന്നതും നിലപാടില്ലാതാകു ന്നതും ലാഭകരമാണ് എന്ന തട്ടിപ്പ്. ഭരണയന്ത്രത്തിന്റെ ഭാഗമായി ജീവിക്കാനുള്ള നിശ്ചയം അതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. തന്നോട് നുണ പറയാതെ തെറ്റു ചെയ്യാനാവില്ല. ലാഭകരമായ കണക്കുക്കൂട്ടൽ നടത്തുന്ന വലിയ നുണയുടെ ഭരണം. പ്രതിഷേധങ്ങളുടെ വഴിയിൽ നിന്നു ഒളിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org