ആര്‍ച്ചുബിഷപ് ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍
യേശുവിന്റെ മനുഷ്യാവതാരത്തിന്റെ അടിസ്ഥാനം ദൈവസ്‌നേഹമാണ്. ദൈവം ലോകത്തെ സ്‌നേഹിച്ചതുകൊണ്ടാണ് തന്റെ ഏകജാതനെ ലോകത്തിലേക്ക് അയച്ചത്. 'തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു' (യോഹന്നാന്‍ 3:16). ഓരോ വര്‍ഷവും ക്രിസ്മസ് നമുക്ക് നല്‍കുന്ന സന്ദേശം ഇതാണ്: ദൈവം ഇന്നും നമ്മെ സ്‌നേഹിക്കുന്നു. അതുകൊണ്ട് തന്നെ ക്രിസ്മസ് ദൈവസ്‌നേഹത്തിന്റെ ആഘോഷമാണ്. യേശുവിന്റെ ജനനത്തിലൂടെ വെളിവാകുന്ന ദൈവസ്‌നേഹത്തിന് മൂന്നു പ്രത്യേകതകളുണ്ട്.
ഒന്നാമതായി, സ്‌നേഹബന്ധത്തിന് മുന്‍കൈ എടുക്കുന്നത് ദൈവമാണ്. അവിടുന്നു നമ്മെ ആദ്യം സ്‌നേഹിക്കുന്നു. പ്രീതിപ്പെടുത്തുമ്പോള്‍ തിരിച്ചു നമ്മെ സ്‌നേഹിക്കുന്ന ദൈവമല്ല, മറിച്ച് ആദ്യം തന്നെ നമ്മെ സ്‌നേഹിച്ചു സ്വന്തമാക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. യേശു പറയുന്നു, ''നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്'' (യോഹന്നാന്‍ 15:16).
സ്‌നേഹബന്ധത്തിന് മുന്‍കൈ എടുക്കുന്നത് ദൈവമാണ്. അവിടുന്നു നമ്മെ ആദ്യം സ്‌നേഹിക്കുന്നു. പ്രീതിപ്പെടുത്തുമ്പോള്‍ തിരിച്ചു നമ്മെ സ്‌നേഹിക്കുന്ന ദൈവമല്ല, മറിച്ച് ആദ്യം തന്നെ നമ്മെ സ്‌നേഹിച്ചു സ്വന്തമാക്കുന്ന ദൈവമാണ് നമ്മുടെ ദൈവം.
ദൈവം ആദ്യം സ്‌നേഹിക്കുന്നു എന്നതാണ് ദൈവസ്‌നേഹത്തിന്റെ കാതല്‍. ''നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം'' (1 യോഹന്നാന്‍ 4:10). പുല്‍ക്കൂട്ടിലെ ഈശോ നമ്മെ തേടിവരുന്ന ദൈവസ്‌നേഹത്തിന്റെ പ്രതിരൂപമാണ്. ദൈവം നമ്മുടെ അടുത്തേക്ക് വരുന്നെന്ന് ക്രിസ്മസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
രണ്ടാമതായി, ദൈവത്തിന്റെ സ്‌നേഹം ത്യാഗം നിറഞ്ഞ സ്‌നേഹമാണ്. പുല്‍ക്കൂട് കുരിശിന്റെ ആദ്യ രൂപമാണ്. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് പുല്‍ക്കൂട്ടില്‍ ജനിച്ച യേശുവിന്റെ ശുന്യവല്‍ക്കരണത്തിന്റെ ഉച്ചകോടിയാണ് കുരിശില്‍ നാം കാണുന്നത്. യേശു ലോകം കാണാന്‍ വന്നവനല്ല, മറിച്ച് സ്‌നേഹത്തെ പ്രതി ലോകത്തിനുവേണ്ടി ജീവന്‍ അര്‍പ്പിക്കാന്‍ വന്നവനാണ്. യേശു സ്വന്തം ജീവന്‍ വിലയായി നല്‍കിയാണ് നമ്മെ സ്‌നേഹിച്ചത്. മനുഷ്യരോട് യേശു ഏറ്റവും വലിയ സ്‌നേഹമാണ് കാണിച്ചത്, കാരണം ''സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല'' (യോഹന്നാന്‍ 15:13). യേശുവിന്റെ ത്യാഗം സ്‌നേഹത്തെ വിളിച്ചോതുന്നു. ''ക്രിസ്തു സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്‌നേഹം എന്തെന്നു നാമറിയുന്നു'' (1 യോഹന്നാന്‍ 3:16). കുരിശില്‍ പൂര്‍ത്തിയാകുന്ന ഈ ത്യാഗം ആരംഭിക്കുന്നത് പുല്‍ക്കൂട്ടിലാണ്. നമ്മോടുള്ള സ്‌നേഹത്തെ പ്രതി എത്ര ചെറുതാകാനും യേശു തയ്യാറാണെന്ന് പുല്‍ക്കൂട് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മൂന്നാമതായി, നമ്മുടെ കുറവുകളും പോരായ്മകളും കണക്കിലെടുക്കാതെയാണ് യേശു നമ്മെ സ്‌നേഹിക്കുന്നത്. മനുഷ്യര്‍ പാപികളായിരിക്കെ തന്നെയാണ് ഈശോ മനുഷ്യരുടെ ഇടയില്‍ വസിച്ചത്. ബലഹീനതകളും കുറവുകളും ഉണ്ടെന്നിരിക്കെ തന്നെയാണ് യേശു നമുക്കുവേണ്ടി മരിച്ചതും നമ്മോടുള്ള സ്‌നേഹം പ്രകാശിപ്പിച്ചതും. ''എന്നാല്‍, നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു'' (റോമാ 5:8). നമ്മുടെ കഷ്ടതകളിലും കുറവുകളിലും പരിമിതികളിലും നമ്മോടൊപ്പം ആയിരിക്കാന്‍ യേശു ഉണ്ടെന്ന് പുല്‍ക്കൂട്ടില്‍ ജനിച്ച യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ക്രിസ്മസ് സന്ദര്‍ഭത്തില്‍ വെളിപ്പെടുന്ന ദൈവസ്‌നേഹത്തിന്റെ ഈ മൂന്ന് പ്രത്യേകതകളും മനസ്സിലാക്കി ദൈവസ്‌നേഹത്തില്‍ ആഴപ്പെടാന്‍ നമുക്ക് പരിശ്രമിക്കാം. ഈ ക്രിസ്മസ് നമ്മുടെ ജീവിതത്തില്‍ ദൈവസ്‌നേഹത്തിന്റെ ആഘോഷമായി മാറട്ടെ.