

കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ കൂടി വരുന്നതായും കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നതും വളരെ ആശങ്കാജനകമായ സ്ഥിതിവിശേഷമാണെന്ന് കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി വിലയിരുത്തി.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നിന്നും കാണാതായ കുട്ടികളില്‍ 607 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയ സഹമന്ത്രി സാവിത്രി ഠാക്കൂര്‍ രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നതായി പത്ര റിപ്പോര്‍ട്ടുകളിലൂടെ അറിയുന്നു.
കുട്ടികളെ കണ്ടെത്തുന്നതില്‍ കേരളം മുന്നിലാണെങ്കിലും ഇനിയും കണ്ടെത്താനാകാത്ത കുട്ടികളുടെ കാര്യത്തില്‍ വ്യക്തമായ അന്വേഷണം നടത്തേണ്ടതുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി 2000-ാമാണ്ടിനുശേഷം അനവധി നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ കുട്ടികളെ കാണാതാകുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രാലയവും കേരള സര്‍ക്കാരും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും സമിതി വ്യക്തമാക്കി.
അവയവമാറ്റ കച്ചവടക്കാരുടെയും ഭിക്ഷാടക മാഫിയയുടെയും ഭീകര പ്രവര്‍ത്തകരുടെയും പങ്കാളിത്തം ഇക്കാര്യത്തില്‍ ഉണ്ടോയെന്ന് സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് കെ സി ബി സി സംസ്ഥാന സമിതി ഡയറക്ടര്‍ ഫാ. ക്ലീറ്റസ് കതിര്‍പറമ്പില്‍, പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍ എന്നിവര്‍ ഒരു പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.