ഭാരതത്തിലെ വൈഷ്ണവ ഭക്തി സമ്പ്രദായങ്ങളിൽ ഏറ്റവും ശ്രേഷ്ഠതയുള്ള ഭക്തയെ / ഭക്തനെ സൂചിപ്പിക്കുന്ന ആശയമാണ് ശരണാഗതി. ഭക്തിയുടെ ഉത്തമരൂപമായ ശരണാഗതി സങ്കൽപ്പവും ക്രിസ്തുവിനോടുള്ള ആഴമായ സ്നേഹം കൊണ്ട് ആത്മീയ ജീവിതത്തിന് ഉത്തമ മാതൃകയായിത്തീർന്ന വിശുദ്ധ കൊച്ചുത്രേസ്യയും തമ്മിലുള്ള സാത്മ്യം അന്വേഷിക്കുന്ന പുസ്തകമാണ് “കൊച്ചുത്രേസ്യയും ശരണാഗതിയും” (സ്നേഹത്തിന്റെ ഉള്ളൊഴുക്കുകൾ). പുസ്തക രചയിതാവായ റവ. ഡോ. സിജു കൊമ്പനുമായി സത്യദീപം നടത്തിയ അഭിമുഖം.
ഭാരതീയ തത്വശാസ്ത്രത്തിലെ ശരണാഗതി എന്ന സങ്കല്പവും കൊച്ചുത്രേസ്യയും തമ്മിൽ എന്ത്?
ഇന്ത്യൻ ഫിലോസഫിയിലെ ‘ശരണാഗതി സങ്കൽപ്പത്തോട്’ കൊച്ചുത്രേസ്യയുടെ ആത്മീയത സാത്മ്യം പുലർത്തുന്നുണ്ടോ എന്ന് വിശകലനം ചെയ്യുന്ന ഒരു പുസ്തകം അങ്ങ് പ്രസിദ്ധീകരിച്ചുവല്ലോ. ക്രിസ്തുമത വിശ്വാസത്തിൽ ജീവിച്ച കൊച്ചുത്രേസ്യയുടെ ഭക്തമാർഗ്ഗ ശൈലികളെ ഭാരത തത്വദർശനത്തിലെ ശരണാഗതിയുമായി തട്ടിച്ചു നോക്കുന്നതുവഴി യഥാർത്ഥത്തിൽ എന്തൊക്കെയാണ് അങ്ങ് ലക്ഷ്യം വയ്ക്കുന്നത്?
ഭക്തി എന്നത് ബന്ധത്തെ സൂചിപ്പിക്കുന്ന ഒരു വാക്കാണ്. ഉദാഹരണത്തിന്, മാതൃഭക്തി, മാതാവിനോടുള്ള സ്നേഹബന്ധമാണ്. ദേശഭക്തി, പിതൃഭക്തി, ഗുരുഭക്തി, യജമാനഭക്തി അങ്ങനെ എല്ലാം ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഭക്തി എന്ന പദത്തിന്റെ അടിസ്ഥാനപരമായ ഭാവം ‘സ്നേഹം നിറഞ്ഞ ഒരു ബന്ധം’ എന്നതാണ്.
പക്ഷേ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നിന്ന് ചിന്തിക്കുമ്പോൾ ചിലരെങ്കിലും ഭക്തിയെ മനസ്സിലാക്കാറുള്ളത് വളരെ വിലകുറഞ്ഞ ഒരു കാര്യം എന്ന നിലയിലാണ്. “അവൻ/ൾ ഭക്തിപ്രസ്ഥാനത്തിന്റെ ആളാണ്” എന്ന് പരിഹാസരൂപേണ പലരും പറയാറുണ്ട്: പള്ളിയും പരിപാടിയുമൊക്കെയായിട്ട് നടക്കുന്ന ഒരു സാധു ജീവി എന്ന അർത്ഥത്തിൽ. എന്നാൽ ഭക്തി അത്ര കേവലമായ ഒരു കാര്യമല്ല. ഭക്തി ദൈവാന്വേഷണത്തിന്റെ ഒരു മാർഗ്ഗമായി നിലനിൽക്കുമ്പോൾ അതിന് വലിയ ആഴങ്ങളുണ്ട്. വലിയ അറിവുള്ള വ്യക്തികൾ അല്ലെങ്കിൽ കർമ്മോത്സുകരായ വ്യക്തികൾ ഒരു ജീവിതത്തെ ജീവിച്ചു തീർക്കുന്നിടത്തോളം തന്നെ ഗൗരവമായിട്ടാണ് ഭക്തിമാർഗത്തിൽ ചരിക്കുന്നവരെയും ഭാരതം കാണുന്നത്. കൊച്ചുത്രേസ്യ പുണ്യവതിയും ഭക്തിയെ ഒരു നിസ്സാരകാര്യമായിട്ടല്ല കണ്ടിരിക്കുന്നത്. ഭക്തി എന്നത് കൊച്ചുത്രേസ്യയുടെ ജീവിതത്തിന്റെ സാരസംഗ്രഹമാണ്. അവൾക്ക് ഭക്തി എന്നാൽ സ്നേഹമാണ്; ദൈവത്തോടുള്ള സ്നേഹം.
ചിലരെങ്കിലും ഭക്തിയെ മനസ്സിലാക്കാറുള്ളത് വളരെ വിലകുറഞ്ഞ ഒരു കാര്യം എന്ന നിലയിലാണ്. “അവൻ/ൾ ഭക്തിപ്രസ്ഥാനത്തിന്റെ ആളാണ്” എന്ന് പരിഹാസരൂപേണ പലരും പറയാറുണ്ട്; പള്ളിയും പരിപാടിയു മൊക്കെയായിട്ട് നടക്കുന്ന ഒരു സാധു ജീവി എന്ന അർത്ഥത്തിൽ. എന്നാൽ ഭക്തി അത്ര കേവലമായ ഒരു കാര്യമല്ല. ഭക്തി ദൈവാന്വേഷണത്തിന്റെ ഒരു മാർഗ്ഗമായി നിലനിൽക്കുമ്പോൾ അതിന് വലിയ ആഴങ്ങളുണ്ട്.
കൊച്ചുത്രേസ്യയുടെ ജീവിതം പരിശോധിക്കുക വഴി ക്രിസ്തീയ ഭക്തിമാർഗ്ഗത്തിലെ അടിസ്ഥാനപരമായ ശൈലികളും ആശയങ്ങളും മാത്രമല്ല, ഭക്തി ജീവിക്കാൻ ശ്രമിക്കുന്ന ഒരാളുടെ ഉള്ളിൽ നടക്കുന്ന ഒഴുക്കുകൾ (പ്രവാഹങ്ങൾ) കൂടിയാണ് പരിശോധിക്കുന്നത്. അതുകൊണ്ടാണ് പുസ്തകത്തിന്റെ സബ്‌ടൈറ്റിൽ ‘സ്നേഹത്തിന്റെ ഉള്ളൊഴുക്കുകൾ’ എന്ന് ഇട്ടിരിക്കുന്നത്. ഭക്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന, ഭക്തിയെ ഗൗരവമായിട്ടെടുത്ത്, ഭക്തി തന്നെ ദൈവാന്വേഷണത്തിന്റെ മാർഗ്ഗമായി കണക്കാക്കുന്ന ഒരു ക്രിസ്ത്യാനിയുടെ ഉള്ളിൽ നടക്കുന്ന അതേ സംഗതികൾ തന്നെയാണ്, ഭക്തിയെ ഗൗരവമായിട്ടെടുക്കുന്ന മറ്റ് പാരമ്പര്യങ്ങളിലും നടക്കുന്നത് എന്ന് കണ്ടെത്തുകയാണ് ഈ പുസ്തകം ചെയ്യുന്നത്.
അങ്ങനെയുള്ള ഒരു താരതമ്യത്തിലൂടെ നമുക്ക് വ്യത്യസ്തതകളെ ബഹുമാനിക്കാൻ പറ്റും. നമ്മുടെ ഭക്തിയെ ഒരു അളവുകോലിലൂടെ പരിശോധിക്കാൻ സാധിക്കും. അതിന്റെ പശ്ചാത്തലത്തിൽ ഭക്തി കേവലം വൈകാരികത മാത്രമാണോ അതോ അതിനുമപ്പുറത്തുള്ള ആഴം നമ്മുടെ ഭക്തിക്കുണ്ടോ എന്ന് വിലയിരുത്താനാകും.
ശരണാഗതി ഭാവത്തിന് പൂരകമായ ക്രിസ്തീയ ഭക്തിമാർഗ്ഗത്തെക്കുറിച്ചുള്ള അന്വേഷണം എന്തുകൊണ്ട് കൊച്ചുത്രേസ്യയിൽ വന്നു നിൽക്കുന്നു?
അതിനുള്ള ആദ്യ കാരണം വ്യക്തിപരമാണ്. കൊച്ചുത്രേസ്യ പുണ്യവതിയുടെ ‘നവമാലിക’ പല വർഷങ്ങളിലായി വായിച്ചതിന്റെ ഓർമ്മയും, അത് വായിച്ചപ്പോൾ ഓരോ തവണയും അനുഭവിച്ച സന്തോഷവുമാണ് കൊച്ചുത്രേസ്യയെ തിരഞ്ഞെടുക്കാനുള്ള വ്യക്തിപരമായ കാരണം.
രണ്ടാമത്തെ കാരണം കൊച്ചുത്രേസ്യ അവതരിപ്പിക്കുന്ന ആത്മീയശൈലികളുടെ ആധികാരികതയാണ്. അത് ഒരേ സമയം ആഴമുള്ളതും എന്നാൽ പ്രത്യക്ഷത്തിൽ ലളിതമെന്ന് തോന്നിപ്പിക്കുന്നതുമാണ്. ഉദാഹരണമായി നമ്മൾ നടന്നു പോകുമ്പോൾ വഴിയിൽ കാണുന്ന ഒരു ഇല എടുത്തുകളയുമ്പോൾ, “ഈശോയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് ചെയ്യുക. ഇത് കൊച്ചുത്രേസ്യയ്ക്കെന്നതുപോലെ ഏത് സാധാരണക്കാരനും ചെയ്യാൻ പറ്റുന്ന കാര്യമാണ്. അതിന് 50 കിലോയോ 100 കിലോയോ ഭാരമുള്ള ഒരു കുരിശുണ്ടാക്കി, അത് ചുമന്ന് മലയാറ്റൂർമല കയറുന്ന പ്രയാസമൊന്നുമില്ല. കൊച്ചുത്രേസ്യയെ പിന്തുടരുമ്പോൾ നമുക്ക് തോന്നുന്ന, അല്ലെങ്കിൽ വായിക്കുമ്പോൾ നമുക്ക് തോന്നുന്ന ഒരു ലാഘവത്വമുണ്ട്. മനസ്സിന് അനുഭവപ്പെടുന്ന ഒരു ഭാരക്കുറവുണ്ട്. “ഓ, ഇത് വളരെ എളുപ്പമാണല്ലോ” എന്നൊരു തോന്നലുണ്ട്; അത് വളരെ ആകർഷകമാണ്.
എന്നാൽ, കൊച്ചുത്രേസ്യ പുണ്യവതിയുടെ ജീവിതത്തിൽ, ഈ ഭക്തിമാർഗ്ഗം അഥവാ സ്നേഹം നിറഞ്ഞ സമർപ്പണം അത്ര ലഘുവായ കാര്യമായിരുന്നില്ല. ക്രിസ്തുവിനെ സ്നേഹിച്ചതുകൊണ്ട് ഒന്നും ലാഭമായി കിട്ടാതിരിക്കെത്തന്നെ, ക്രിസ്തുവിനെ സ്നേഹിക്കുക എന്നതിലൊഴികെ മറ്റൊന്നിലും ഇഷ്ടം തോന്നാതിരുന്ന ഒരാളാണ് അവൾ.
ക്രിസ്തുവിനെ പ്രതിയുള്ള സ്നേഹത്താൽ എരിഞ്ഞുകൊണ്ടിരുന്ന ഒരാളാണ്. പ്രത്യക്ഷത്തിൽ നമ്മൾ കാണുന്നതിനേക്കാളും ഒരുപാട് ആഴമുണ്ട് കൊച്ചുത്രേസ്യയുടെ ജീവിതത്തിന്. “കൊച്ചുത്രേസ്യ ചെയ്ത കാര്യം എനിക്കും പറ്റും” എന്നൊരു ചിന്തയോടുകൂടി ഭക്തിയിലേക്ക് നമുക്ക് കാലെടുത്തുവെക്കാൻ പറ്റും എന്നതാണ് ഈ ആത്മീയതയുടെ പ്രത്യേകത. (എന്നാൽ കൊച്ചുത്രേസ്യക്ക് മാർഗദീപമായി നിന്ന അമ്മ ത്രേസ്യയുടെ (ജ്ഞാന മാർഗത്തിലുള്ളയാൾ) ‘ആഭ്യന്തരഹർമ്യം’ വായിക്കുമ്പോൾ സാധാരണ മനുഷ്യന് ഇത് എന്നിൽ നിന്ന് എത്രയോ ദൂരത്താണ് എന്ന് അനുഭവപ്പെടാം. എന്നാൽ കൊച്ചുത്രേസ്യയുടെ ആത്മകഥയായ നവമാലിക വായിക്കുമ്പോൾ അനുഭവം, തികച്ചും വ്യത്യസ്തമാണ്.
നവമാലികയിൽ ഒരു മാജിക് ഉണ്ട്. അത് വായിക്കുന്നവർക്ക് കൊച്ചുത്രേസ്യയുടെ ശൈലികൾ എളുപ്പവഴിയാണെന്ന് തോന്നും; എന്നാൽ അതിലൂടെ നടക്കുമ്പോൾ ആഴം അനുഭവപ്പെടുകയും ചെയ്യും. ഈ മാന്ത്രികമായ ആത്മീയശൈലിയെ ഭാരതീയ ഭക്തിയുടെ പരിസരത്ത് ആഴത്തിൽ മനസ്സിലാക്കാൻ സാധിക്കും എന്നു തോന്നിയതുകൊണ്ടാണ് കൊച്ചുത്രേസ്യയെത്തന്നെ ആസ്പദമാക്കി ഈ ആലോചനകൾ നടത്തിയത്.
കൊച്ചുത്രേസ്യ പുണ്യവതിയുടെ ജീവിതത്തിൽ, ഈ ഭക്തിമാർഗ്ഗം അഥവാ സ്നേഹം നിറഞ്ഞ സമർപ്പണം അത്ര ലഘുവായ കാര്യമായിരുന്നില്ല. ക്രിസ്തുവിനെ സ്നേഹിച്ചതുകൊണ്ട് ഒന്നും ലാഭമായി കിട്ടാതിരിക്കെത്തന്നെ, ക്രിസ്തുവിനെ സ്നേഹിക്കുക എന്നതിലൊഴികെ മറ്റൊന്നിലും ഇഷ്ടം തോന്നാതിരുന്ന ഒരാളാണ് അവൾ.
നമുക്ക് നമ്മുടേതായ വിശുദ്ധരും ക്രിസ്തീയ ഭക്തിമാർഗ്ഗ പാരമ്പര്യങ്ങളും ഉണ്ട് എന്ന ഊറ്റം കൊള്ളുന്നവരാണ് അധികവും. കൊച്ചുത്രേസ്യ യുടെ വിശുദ്ധി ഇനി ഈ ശരണാഗതിയുമായി താരതമ്യ പ്പെടുത്തിയിട്ട് വേണോ? ഇങ്ങനെ പറയുന്നവരോട് എന്താണ് പറയാനുള്ളത്?
ഒരു വിശുദ്ധ എന്ന നിലയ്ക്ക്, ഒരു മധ്യസ്ഥ എന്ന നിലയ്ക്ക്, സഭയിലെ വേദപാരംഗത എന്ന നിലയ്ക്കൊക്കെ നമ്മൾ കൊച്ചുത്രേസ്യയെ മനസ്സിലാക്കിയതാണ്. പലതരത്തിൽ കൊച്ചുത്രേസ്യയെക്കുറിച്ച് എഴുതിയിട്ടുള്ളതുമാണ്.
എന്നാൽ, അങ്ങനെ ഒരു എഴുത്തിലൂടെയോ വായനയിലൂടെയോ മാത്രം തീർന്നുപോകുന്ന അത്ര ചെറുതല്ല കൊച്ചുത്രേസ്യയുടെ ആത്മീയ പരിസരം. കൊച്ചുത്രേസ്യ അനന്തമായ വ്യാഖ്യാന സാധ്യതയുള്ള ഒരു ജീവിതം കൂടിയാണ്. കാരണം, കൊച്ചുത്രേസ്യ സമ്പൂർണ്ണ സമർപ്പണത്തിന്റെ മറ്റൊരു പേരാണ്. സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു സമ്പൂർണ്ണ സമർപ്പണം എന്ന് എഴുതിയിട്ട് (=) എന്ന് എഴുതിയാൽ അപ്പുറത്ത് കൊച്ചുത്രേസ്യ എന്ന് എഴുതാം.
അങ്ങനെയുള്ള ഒരാളെക്കുറിച്ച് ഇതേ സമർപ്പണത്തിന്റെ സാധ്യതകൾ പറയുന്ന ഭാരതീയ ഭക്തി പരിസരത്തുനിന്ന് ചിന്തിച്ചാൽ, കൊച്ചുത്രേസ്യയുടെ ജീവിതത്തിന്റെ ആഴങ്ങൾ കുറച്ചുകൂടി നമുക്ക് തെളിഞ്ഞു കിട്ടും.
ഈ പുസ്തകത്തിന്റെ മുഖചിത്രത്തിൽ ശ്രദ്ധിച്ചാൽ അറിയാൻ പറ്റും, ഒരു നിലവിളക്കിന്റെ വെളിച്ചത്തിലാണ് കൊച്ചുത്രേസ്യയുടെ മുഖം തെളിയുന്നത്.
ആ നിലവിളക്കാണ് ശരണാഗതി സങ്കല്പം. ശരണാഗതി സങ്കല്പം എന്നത് സമ്പൂർണ്ണമായ സമർപ്പണത്തിന്റെ, സ്നേഹത്തിൽ പൂർണ്ണമായി അധിഷ്ഠിതമായ സമർപ്പണത്തിന്റെ ഒരു ആശയമാണ്.
ഈ ശരണാഗതിയുടെ ആശയ പരിസരത്തു നിന്നുകൊണ്ട് കൊച്ചുത്രേസ്യയുടെ ജീവിതത്തെ വായിക്കുമ്പോൾ, ഇതുവരെ വ്യാഖ്യാനിച്ചിട്ടില്ലാത്ത രീതിയിൽ കൊച്ചുത്രേസ്യയുടെ ജീവിതം, കൂടുതൽ അഴകോടുകൂടി നമ്മുടെ മുമ്പിൽ തെളിഞ്ഞു വരുന്നു.
അത് കൊച്ചുത്രേസ്യയുടെ ജീവിതത്തിന്റെ ആഴത്തെ കൂടുതൽ വ്യക്തമാക്കി തരുന്നു. ഇനിയും പുതിയ വായനകൾ കൊച്ചുത്രേസ്യയെ കുറിച്ച് സാധ്യമാണ്.
ആഴമേറിയ മതാന്തര സംവാദങ്ങൾ നടത്താൻ നമുക്ക് മടിയുള്ള കാലമാണ് ഇത് എന്ന് പറഞ്ഞാൽ അങ്ങ് എതിർക്കുമോ? നമ്മുടെ മതത്തിന്റെ വിശ്വാസങ്ങൾക്ക് അങ്ങനെ ഒരു ആവശ്യമില്ല എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടുന്നു. എന്തായിരിക്കാം അങ്ങനെ? എല്ലാ പ്ലാറ്റ്ഫോമുകളിലും മറ്റു മതങ്ങളെ ഇകഴ്ത്തുന്നതിന് മടിയില്ലാത്ത കാലമാണ്. ഇത്തരം മുൻവിധി കലർന്ന സംവാദശൈലികളോട് ഈ പുസ്തകത്തിന് പറയാനുള്ള സുവിശേഷം എന്താണ്?
മതാന്തര സംവാദത്തിന് സഭ എക്കാലവും വളരെ പ്രധാന്യം കൊടുത്തിട്ടുണ്ട്. അതിനുവേണ്ടി സ്വതന്ത്രമായ ഒരു ഡിക്കാസ്റ്ററി തന്നെ സഭയ്ക്കുണ്ടല്ലോ. മലയാളിയായ അഭിവന്ദ്യ കർദ്ദിനാൾ കൂവക്കാട്ടിൽ പിതാവാണ് ഇപ്പോൾ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട്.
ഫ്രാൻസിസ് മാർപാപ്പ മതാന്തര സംവാദത്തെ ഏറെ വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തയാളാണ്. ശ്രീ നാരായണ ഗുരു ആലുവയിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ സർവ്വമത സമ്മേളനം (വിശ്വമത പാർലമെന്റ്) 2024 നവംബർ 29, 30 തീയതികളിൽ സംഘടിപ്പിച്ചു. ഈ സമ്മേളനത്തിൽ പങ്കെടുത്ത ശിവഗിരി മഠത്തിലെ സന്യാസിശ്രേഷ്ഠന്മാരും മറ്റ് സാമൂഹിക-മത നേതാക്കളും അടങ്ങുന്ന പ്രതിനിധിസംഘത്തെ 2024 നവംബർ 30-ന് ഫ്രാൻസിസ് മാർപാപ്പ സ്വീകരിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. സഭയുടെ ഈ പാരമ്പര്യം ലിയോ പാപ്പയും തുടരുന്നു.
എന്നിരുന്നാലും മറ്റു മതങ്ങളോട് തുറന്നു സംസാരിക്കുന്നതിൽ ഇപ്പോൾ പൊതുവെ ഒരു മടി അനുഭവപ്പെടുന്നുണ്ട് എന്നു തോന്നുന്നു. ഇനി അങ്ങനെ സംസാരിക്കുമ്പോൾതന്നെ നമ്മുടെ സംവാദങ്ങൾ പലതും വളരെ അപ്പോളജെറ്റിക്കലാണ് എന്നാണ് എനിക്കു തോന്നുന്നത്. “ഞാൻ മാത്രമാണ് ശരി, എന്നാലും ഞാൻ നിന്നെ ജസ്റ്റ് ഒന്ന് കേൾക്കാം, കേൾക്കുന്നതിനിടയിൽ എന്റെ ശരി നിന്നെ എങ്ങനെയെങ്കിലും പറഞ്ഞു ബോധ്യപ്പെടുത്താൻ പറ്റുമെങ്കിൽ ഞാൻ അതിന് ശ്രമിക്കാം” എന്ന തരത്തിലാണ് നമ്മൾ നടത്തുന്ന പല സംവാദങ്ങളും. അവിടെ അമിത പ്രതിരോധത്തിൽ ഊന്നിയിട്ടാണ് നമ്മൾ പലപ്പോഴും സംസാരിക്കുന്നത്.
ഞാൻ വേറൊരാളുടെ മതത്തോട് തുറന്നു സംസാരിക്കുമ്പോൾ എന്റെ മതത്തിന്റേതായ പല കാര്യങ്ങളും നഷ്ടപ്പെട്ടുപോകുമോ എന്ന യുക്തിരഹിതമായ ഭീതി നമ്മളെ ബാധിക്കുന്നുണ്ട്. കാരണം, സംവാദത്തിന് ഇറങ്ങുമ്പോൾ നമുക്ക് നമ്മളെക്കുറിച്ച് ഒരു ഉറപ്പില്ല.
ശരണാഗതിയുടെ ആശയ പരിസരത്തു നിന്നുകൊണ്ട് കൊച്ചുത്രേസ്യയുടെ ജീവിതത്തെ വായിക്കുമ്പോൾ, ഇതുവരെ വ്യാഖ്യാനിച്ചിട്ടില്ലാത്ത രീതിയിൽ കൊച്ചുത്രേസ്യയുടെ ജീവിതം, കൂടുതൽ അഴകോടുകൂടി നമ്മുടെ മുമ്പിൽ തെളിഞ്ഞു വരുന്നു.
ഞാനും ക്രിസ്തുവെന്ന വ്യക്തിയും തമ്മിലുള്ള ഒരു ബന്ധത്തിലാണ് എന്റെ ഭക്തി അടങ്ങിയിരിക്കുന്നത് എന്ന കാര്യത്തിലുള്ള ഉറപ്പില്ലായ്മ നമ്മുടെ സംവാദങ്ങളെ അരക്ഷിത മേഖലയിലേക്ക് തള്ളിയിടുന്നുണ്ട്.
അതായത്, വേറൊരു മതത്തിനോട് തുറന്നു സംസാരിച്ചാൽ തങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നത് എന്തൊക്കെയോ കൊഴിഞ്ഞു പോകും എന്ന ഒരു ഭീതി മതാന്തര സംവാദവേദികളെ ഇപ്പോൾ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സംസാരിക്കുന്നതിനേക്കാളും ആക്രമിക്കാനാണ് പലപ്പോഴും ഇതുപോലെയുള്ള സംവാദവേദികളിൽ പലരും മുതിരുന്നത്.
കുറെ ചോദ്യങ്ങൾ ചോദിക്കുക, നമ്മളുടെ നേരെ വരുന്ന ചോദ്യങ്ങൾ പരമാവധി പ്രതിരോധിക്കുക എന്നതൊക്കെയാണ് ഇപ്പോൾ സംവാദമായി പലപ്പോഴും സംഭവിക്കുന്നത്.
യഥാർത്ഥത്തിൽ നമ്മൾ സംവദിക്കേണ്ടത് എന്തടിസ്ഥാനത്തിലാണ് എന്നുള്ളതാണ് നിർണ്ണായകമായ ഒരു ചോദ്യം.
ചതുരവടിവുകൾ ക്കുള്ളിൽ നമുക്ക് എപ്പോഴും സ്നേഹത്തെ ഒതുക്കി നിർത്താൻ പറ്റില്ല. സ്നേഹം, ആ പദം സൂചിപ്പിക്കുന്നത് പോലെ തന്നെ തൈല സ്വഭാവമുള്ളതാണ്, കവിഞ്ഞൊഴുകു ന്നതാണ്. അതു കൊണ്ടുതന്നെ, സ്നേഹത്തിൽ അധിഷ്ഠിതമായ ഒന്നാണ് ഭക്തി എന്നതിനാൽ ഭക്തിയെ ജ്ഞാന ത്തിന്റെയോ കർമ്മത്തിന്റെയോ യുക്തിഭദ്രതയോടു കൂടി അവതരിപ്പി ക്കുക പ്രയാസകര മായ ഒരു കാര്യമാണ്.
എന്താണ് ഒരു മതം? എന്താണ് ഭക്തി? അത് അടിസ്ഥാനപരമായി ദൈവാന്വേഷണമാണ്. വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ സ്വന്തം ജീവിതംകൊണ്ട് ഓരോ വിശ്വാസിയും ആവിഷ്ക്കരിക്കണം. ക്രിസ്ത്യാനിയായ എന്നെ സംബന്ധിച്ചിടത്തോളം വെളിപാടിന്റെ പൂർണ്ണത യേശുക്രിസ്തുവാണ്. യേശുക്രിസ്തുവിനോടുള്ള എന്റെ വ്യക്തിബന്ധമാണ് എന്റെ മതജീവിതത്തിന്റെ അടിസ്ഥാനഭാവം.
അതുപോലെതന്നെ ഓരോരുത്തർക്കും അവർ സ്വീകരിച്ചിരിക്കുന്ന വെളിപാടുകളുമായി വ്യക്തിപരമായ ബന്ധം സൂക്ഷിക്കാനുള്ള അവകാശങ്ങളുണ്ട്. ആ വ്യക്തിയോട് അല്ലെങ്കിൽ ആ സത്യത്തോട് ഒരാൾ സംവദിക്കുമ്പോൾ അയാളിൽ നടക്കുന്നത് എന്തൊക്കെയാണ് എന്ന് എനിക്ക് അറിയാൻ സാധിച്ചാൽ, അത് എന്റെ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടാൻ എന്നെ സഹായിക്കും.
“മറ്റു മതങ്ങളെ സ്നേഹിച്ചു തുടങ്ങിയപ്പോഴാണ് ഞാൻ മെച്ചപ്പെട്ട ഹിന്ദുവായി തീർന്നത്” എന്നാണ് ഗാന്ധിജി പറഞ്ഞിരിക്കുന്നത്. അത് വലിയ അർത്ഥതലമുള്ള ഒരു പ്രസ്താവനയാണ്. ഞാൻ മറ്റു മതങ്ങളെ സഹിക്കുകയല്ല, മറ്റു മതങ്ങളെയൊക്കെ സ്നേഹിച്ചു തുടങ്ങുകയും അതിന്റെ ആന്തരാർത്ഥങ്ങൾ മനസ്സിലാക്കുകയും ചെയ്യുമ്പോൾ ഞാൻ ഒരു ക്രിസ്ത്യാനി എന്ന നിലയിൽ കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്യുന്നത്.
ആ ഗാന്ധിയൻ ആദർശം മതാന്തര സംവാദവേദികളിൽ നമ്മൾ പാലിക്കേണ്ട ഒരു മാനദണ്ഡമാണെന്ന് തോന്നുന്നു.
ഈ പുസ്തകം തന്നെ അങ്ങനെ ഒരു സംവാദ ശൈലിയിലാണ്. ഇവിടെ സംവാദത്തിന് വിഷയമാകുന്നത് ആത്മീയതയാണ്.
ഭക്തിയെ (ഇവിടെ ശരണാഗതി) കൂടുതൽ യുക്തിസഹമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന പുസ്തകമായി തോന്നി. സാധാരണയായി ബുദ്ധികൊണ്ട് ദൈവത്തെ ആരാധിക്കുന്നവർക്കും (ജ്ഞാന മാർഗ്ഗം) കർമ്മം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തു ന്നവർക്കും ഒപ്പം തന്നെയാണ് ഭക്തിമാർഗ്ഗത്തിൽ ചരിക്കുന്നവരുടെയും സ്ഥാനം എന്ന് ഈ പുസ്തകം പറയാതെ പറയുന്നുണ്ട്... (അങ്ങനെ അല്ലാതെ ചിന്തിക്കുന്നവർ ഉണ്ട് എന്ന് തോന്നുന്നു) ഭക്തിമാർഗത്തെ യുക്തിസഹമായി വിശദീകരിക്കാൻ എളുപ്പമായിരുന്നുവോ?
യഥാർത്ഥത്തിൽ ഭക്തിമാർഗ്ഗത്തെ യുക്തിസഹമായി വിവരിക്കുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. കാരണം ഭക്തിയുടെ അടിസ്ഥാന ഭാവം രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം എന്നതാണ്. ഏറ്റവും മാനുഷികമായ ഒരു അവസ്ഥയിൽ പോലും മറ്റൊരു ആളുമായിട്ടുള്ള ബന്ധത്തെ യുക്തിയുടെ അളവുകോലുകൾ കൊണ്ട് വിശദീകരിക്കുക എന്നത് എപ്പോഴും എളുപ്പമല്ല. ഞാൻ എന്തിനു നിന്നെ സ്നേഹിക്കുന്നു എന്ന് ഏറ്റവും അധികം സ്വയം സ്നേഹിക്കുന്ന ഒരാളുടെ മുഖത്ത് നോക്കി ചോദിച്ചാൽ ചിലപ്പോൾ നമുക്ക് തന്നെ ഉത്തരം കിട്ടി എന്ന് വരില്ല. നമ്മൾ അങ്ങ് സ്നേഹിക്കുന്നു എന്നേ പറയാൻ പറ്റുകയുള്ളൂ. സ്നേഹം യുക്തിയുടെ വ്യവസ്ഥാപിതരൂപങ്ങളുടെ അപ്പുറം പോകുന്നതാണല്ലോ. യുക്തിയുടെ ചതുരവടിവുകൾക്കുള്ളിൽ നമുക്ക് എപ്പോഴും സ്നേഹത്തെ ഒതുക്കി നിർത്താൻ പറ്റില്ല. സ്നേഹം ആ പദം സൂചിപ്പിക്കുന്നത് പോലെ തന്നെ തൈല സ്വഭാവമുള്ളതാണ്, കവിഞ്ഞൊഴുകുന്നതാണ്.
എല്ലാവരുടെയും ഭക്തിമാർഗ്ഗങ്ങൾ തനിമയാർന്ന തായിരുന്നു. പക്ഷെ നമ്മൾ അതിനെ മുഴുവൻ ഏകരൂപത്തിലേക്ക് കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കുകയാണ്. എല്ലാ വിശുദ്ധർക്കും ഒരേ ടൈപ്പ് നൊവേന, ഒരേ ടൈപ്പ് ഭക്തിയുടെ അവതരണങ്ങൾ... ഭക്തിമാർഗ്ഗത്തെ ഏക രൂപത്തിലാ ക്കാനായി ശ്രമിക്കുകയാണ് നമ്മൾ.
അതുകൊണ്ടുതന്നെ, സ്നേഹത്തിൽ അധിഷ്ഠിതമായ ഒന്നാണ് ഭക്തി എന്നതിനാൽ ഭക്തിയെ ജ്ഞാനത്തിന്റെയോ കർമ്മത്തിന്റെയോ യുക്തിഭദ്രതയോടുകൂടി അവതരിപ്പിക്കുക പ്രയാസകരമായ ഒരു കാര്യമാണ്. പക്ഷേ ഭക്തിമാർഗ്ഗത്തിന് ഭാരതത്തിൽ തത്വശാസ്ത്രത്തിലെ ഒരു വഴി എന്ന നിലയ്ക്ക് കുറച്ചുകൂടി ഘടനാപരമായ കൃത്യതയുണ്ട്.
ഭക്തിമാർഗ്ഗം എങ്ങനെയാണ് സംഭവിക്കുന്നത്, ഭക്തിയിൽ എങ്ങനെയാണ് ഒരാൾക്ക് വളർച്ചയുണ്ടാകുന്നത്, ആ വളർച്ചയുടെ ലക്ഷണം എന്തൊക്കെയാണ്, അങ്ങനെ വളർന്നു പോകുന്ന ഒരാളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ പല തലങ്ങളിൽ ഭക്തിയെ ഭാരതം പരിശോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കേവലമായ ഒരു വൈകാരികബന്ധം എന്നതിന്റെ അപ്പുറത്തേക്ക് കുറച്ചുകൂടി ഘടനാപരമായ വിശകലനങ്ങൾക്ക് ഭാരതത്തിൽ ഭക്തി വിഷയമായി തീർന്നിട്ടുണ്ട്.
ഇതായിരിക്കാം നിങ്ങൾ പറഞ്ഞതു പോലെ ഭക്തിയെ യുക്തിഭദ്രമായിട്ട് അവതരിപ്പിക്കുന്നതിൽ എന്നെ സഹായിച്ചിട്ടുള്ളത്. ഇങ്ങനെ സഹായിച്ചിട്ടുണ്ട് എന്ന് പറയുമ്പോഴും ഭക്തിയെ അനുഭവപരമായി മനസ്സിലാക്കുമ്പോൾ ഭക്തി യുക്തിയെ കവിയുന്നതായി നമ്മൾ തിരിച്ചറിയും. ഞാൻ ക്രിസ്തുവിനെ അങ്ങേയറ്റം ആഴത്തിൽ സ്നേഹിക്കുന്നു എന്ന് കൊച്ചുത്രേസ്യ പറയുമ്പോൾ എന്താണ് അതിന്റെ ലോജിക് എന്ന് ചോദിച്ചാൽ കൊച്ചുത്രേസ്യക്ക് പറയാൻ ആകെയുള്ളത് ഞാൻ സ്നേഹിക്കുന്നു എന്നത് മാത്രമാണ്. അതുകൊണ്ടാണ് കൊച്ചുത്രേസ്യ പറയുന്നത് എന്റെ ദൈവവിളി സ്നേഹമാണ്, എന്ന്. അതിന്റെ അപ്പുറത്ത് ഒരു ലോജിക് അതിനില്ല.
ഭക്തിക്ക് ഉണ്ടാകാൻ ഇടയുള്ള അപഭ്രംശങ്ങളെ ചൂണ്ടിക്കാണിക്കുന്ന ഒരു ചെക്ക് ലിസ്റ്റായി ഈ പുസ്തകത്തിലെ തിരിച്ചറിവുകൾ മാറുന്നുണ്ട്. പൊതുവേ നമ്മുടെ സഭയിലും സംസ്കാരത്തിലും ഭക്തിമാർഗ്ഗത്തിൽ സഞ്ചരിക്കുന്ന വർക്ക് പറ്റുന്ന വീഴ്ചകൾ അങ്ങ് ശ്രദ്ധിച്ചിട്ടുണ്ടോ?
നമ്മുടെ ഭക്തിമാർഗ്ഗത്തിൽ സംഭവിക്കുന്ന ഒരു വലിയ വീഴ്ച നമ്മൾ ഭക്തിയെ നിർവചിക്കുന്നു, ദൈവത്തെ നിർവചിക്കുന്നു എന്നുള്ളതാണ്. ഇത് രണ്ടും നിർവചനങ്ങളുടെ അകത്ത് നിൽക്കുന്ന കാര്യങ്ങളല്ല. നമുക്ക് വിശദീകരണങ്ങൾ സാധ്യമാണ്, വ്യാഖ്യാനങ്ങൾ സാധ്യമാണ്, പക്ഷെ നിർവചനങ്ങൾ സാധ്യമല്ല. നിർവചനം എന്നതിന്റെ സംസ്‌കൃത തുല്യമായ പദം ലക്ഷണം എന്നുള്ളതാണ്. എന്താണ് ഭക്തിയുടെ സ്വരൂപലക്ഷണം എന്ന് ചോദിച്ചാൽ പുരാതന ഭക്തിഗ്രന്ഥമായ നാരദ ഭക്തിസൂത്രം പലതും പറയുന്നുണ്ട്. അതിൽ പ്രമുഖമായിട്ടുള്ളതാണ്, പരമ പ്രേമ സ്വരൂപം ആണ് ഭക്തി എന്നുള്ളത്. ഭക്തി ദൈവത്തോടുള്ള പരമമായ പ്രേമമാണ്. ഈ പരമമായ പ്രേമം എങ്ങനെയൊക്കെ പ്രകടിപ്പിക്കാൻ പറ്റുമെന്നു ചോദിച്ചാൽ, അത് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്.
അവിടെയാണ് പ്രശ്നം. അങ്ങനെയുള്ള ആ വ്യത്യസ്തതയെ മാനിക്കാനായി നമുക്ക് പലപ്പോഴും പറ്റുന്നില്ല എന്നുള്ളത് നമ്മുടെ സഭയുടെ ഒരു പോരായ്മയായി മാറുന്നുണ്ട്. നമ്മൾ അതിനുപകരം ഒരാൾ ഭക്തനാണ്, ഭക്തയാണ് എങ്കിൽ ആൾ ഇങ്ങനെയൊക്കെ ആയിരിക്കണം, ആളുടെ ഭക്തി പ്രകടിപ്പിക്കേണ്ടത് ഇപ്രകാരമായിരിക്കണം എന്ന് ചിലപ്പോഴെങ്കിലും പറയുന്നു. നമ്മൾ അതിന് കൃത്യമായ, നിയതമായ, വളരെ ചട്ടക്കൂടുകൾ ഉള്ള രൂപങ്ങൾ ഉണ്ടാക്കി, മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുന്നു.
ശരിയാണ്, കൊച്ചുത്രേസ്യ ജീവിച്ച ഭക്തി കൊച്ചുത്രേസ്യയുടെ ഒരു ശൈലിയാണ്. പക്ഷെ അത് ക്രിസ്തീയ ഭക്തിയുടെ ഒരേയൊരു ശൈലിയല്ല. അത് അനേകങ്ങളിൽ ഒരു ശൈലിയാണ്. ആ ശൈലിയിലല്ല വിൻസെന്റ് ഡി പോൾ ജീവിച്ചത്, അതല്ല അമ്മത്രേസ്യ ആവിഷ്കരിച്ചത്, ഇതു രണ്ടുമല്ല നമ്മുടെ മദർ തെരേസയുടേത്. ഫ്രാൻസിസ് അസ്സീസി പുണ്യാളൻ ഇവരെ ആരെയും പോലെ അല്ലായിരുന്നല്ലോ. ഇങ്ങനെ എത്രയോ പേർ എത്രയോ തരം ഭക്തിയിൽ ജീവിച്ചിട്ടുണ്ട്.
അവരുടെ എല്ലാവരുടെയും ഭക്തിമാർഗ്ഗങ്ങൾ തനിമയാർന്നതായിരുന്നു. പക്ഷെ നമ്മൾ അതിനെ മുഴുവൻ ഏകരൂപത്തിലേക്ക് കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കുകയാണ്. എല്ലാ വിശുദ്ധർക്കും ഒരേ ടൈപ്പ് നൊവേന, ഒരേ ടൈപ്പ് ഭക്തിയുടെ അവതരണങ്ങൾ... ഭക്തിമാർഗ്ഗത്തെ ഏക രൂപത്തിലാക്കാനായി ശ്രമിക്കുകയാണ് നമ്മൾ. ഭക്തിയുടെ ഏകീഭവിക്കപ്പെട്ട രൂപങ്ങൾവരുമ്പോഴാണ് പലപ്പോഴും ഞാൻ എന്ന വ്യക്തിക്ക് ഇതിനകത്ത് ഒന്നും സ്വീകരിക്കാനില്ല എന്നുള്ള ഒരു തോന്നൽ ഉണ്ടാകുന്നത്.
അതിനുപകരം ഭക്തി എന്നത് അടിസ്ഥാനപരമായി രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധമാണെന്നും, അത് ക്രിസ്തുവും നീയും തമ്മിലുള്ളതാണ് എന്നും സഭ ആവർത്തിച്ച് പഠിപ്പിക്കണം.
ക്രിസ്തുവുമായിട്ടുള്ള നിന്റെ ബന്ധത്തെ എങ്ങനെയാണ് കണ്ടെത്തുന്നത്, അത് എപ്പോഴും പ്രാർത്ഥിച്ചുകൊണ്ടാണോ, അതോ മറ്റു രൂപങ്ങൾ അതിനുണ്ടോ? അതെങ്ങനെ കണ്ടെത്താം? അതിനുള്ള സ്പേസ് ഉണ്ടാക്കി കൊടുക്കുക എന്നുള്ളതാണ് സഭ സത്യത്തിൽ ചെയ്യേണ്ടത്.
നമുക്ക് നിർവചനങ്ങളും നിയതതരൂപങ്ങളും വേണ്ട എന്നല്ല.നമ്മുടെ നിർവചനങ്ങൾക്ക് അകത്ത് മാത്രമേ ദൈവം ഒതുങ്ങൂ, അതിനപ്പുറത്തേക്ക് ദൈവം പ്രവർത്തിക്കില്ല എന്ന ചിന്ത പാടില്ല.
ഇന്ത്യൻ തത്വശാസ്ത്രത്തിൽ ഉള്ള ഹിന്ദുമത സംസ്കാരത്തിന്റെ ഭാഗമായ ശരണാഗതി സങ്കൽപ്പത്തോട് മനസ്സുകൊണ്ട് അടുപ്പവും ആദരവും ഉണ്ടാകാൻ ഈ പുസ്തകത്തിലെ താരതമ്യ പഠനം ഇടവരുത്തിയിട്ടുണ്ട്. ഇത് ഒരു യഥാർത്ഥ സംവാദത്തിന്റെ ഫലം ചെയ്യുന്നു. മറ്റു മതങ്ങളിലും സത്യത്തിന്റെ കിരണങ്ങൾ ഉണ്ട് എന്ന ആഴത്തിലുള്ള തിരിച്ചറിവ് ഇത്തരം പുസ്തകങ്ങളിലൂടെ ലഭിക്കുന്നത് തീർച്ചയായും ആത്മീയ ഉണർവും ഉണ്ടാക്കുന്നുണ്ട്. വർഗീയത പച്ചയ്ക്ക് പറയുന്ന ഒരു സംസ്കാരത്തിൽ ഇത്തരത്തിലുള്ള കൃതികൾ എന്തുമാത്രം വെല്ലുവിളി നിറഞ്ഞതായിട്ടാണ് തോന്നുന്നത്?
ഈ പുസ്തകം തീർച്ചയായും ഒരു വെല്ലുവിളി തന്നെയാണ്. അപ്പോളജെറ്റിക് ശൈലി മാറ്റിപ്പിടിക്കുന്നു എന്നുള്ളതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. സംവാദത്തിന്റെ ലോകത്ത് അപ്പോളജെറ്റിക്കൽ അല്ലാത്ത, അതായത് താർക്കിക സ്വഭാവം പുലർത്താത്ത ഒരു ശൈലി, ആത്മീയമായ തുറവിയുടെ ഒരു ശൈലി ഈ പുസ്തകം പങ്കുവയ്ക്കുന്നു.
വലതുപക്ഷ തീവ്ര സ്വഭാവം ഒരുവിധപ്പെട്ട എല്ലാ മതങ്ങളെയും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പൊതുവേ അങ്ങേയറ്റത്തെ തുറവിയുള്ള, ഹിന്ദുമതം പോലും ഏക രൂപ ശൈലിയിലേക്ക് ഒതുക്കപ്പെടുന്നു. ഹിന്ദു മതം എന്നാൽ ഇങ്ങനെയൊക്കെയാണ്, ഹിന്ദു ഇങ്ങനെയൊക്കെ ആയേ പറ്റൂ, എന്ന് പറയുന്ന ഒരു രാഷ്ട്രീയ പരിസരത്താണ് നമ്മൾ ജീവിക്കുന്നത്.
ക്രിസ്ത്യാനിറ്റിയിലും മറ്റു മതങ്ങളോട് വളരെ അസഹിഷ്ണുതയോടെ ഇടപെടുന്നവരുടെ എണ്ണം കൂടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഒരു പുസ്തകം മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ എത്ര സ്വീകാര്യത നേടും എന്ന് കണ്ടറിയേണ്ടതുണ്ട്.
ഏതോ ഒരു ഭയം നമ്മളെ ബാധിച്ചിട്ടുണ്ട്. നമ്മൾ സൂക്ഷിച്ചില്ലെങ്കിൽ ദൈവത്തിന് എന്തോ പറ്റും എന്നപോലെയുള്ള ഒരു ചിന്ത, തീവ്ര വലതുപക്ഷ ക്രിസ്തീയത ഉണ്ടാക്കുന്നു. എല്ലാ മതങ്ങളിലും ഇത്തരം വലതുപക്ഷങ്ങൾ ശക്തി പ്രാപിക്കുന്നു.
കാരണം ഈ പുസ്തകത്തിന്റെ ലോകം കുറച്ചുകൂടി വിശാലമായി ചിന്തിക്കുന്നവരുടെ ലോകം കൂടിയാണ്. ആത്മീയതയുടെ യാത്രയിൽ നമുക്ക് പരസ്പരം കണ്ടുമുട്ടാൻ പറ്റുന്ന പല ഇടങ്ങളുണ്ട്, പല പാരമ്പര്യങ്ങളുണ്ട്, പല വ്യാഖ്യാനങ്ങളുണ്ട്, മനസ്സിലാക്കലുകളുണ്ട് എന്നൊക്കെയാണ് ഈ പുസ്തകം പറയുന്നത്.
മതം ആത്യന്തികമായി സ്വാതന്ത്ര്യമാണ് വിളംബരം ചെയ്യുന്നത്. ദൈവമക്കളുടെ സ്വാതന്ത്ര്യം എന്നാണ് പുതിയ നിയമം തന്നെ അതിനെക്കുറിച്ച് പറയുന്നത്. നമ്മൾ ആ സ്വാതന്ത്ര്യത്തെ വല്ലാതെ പരിമിതപ്പെടുത്താൻ ശ്രമിക്കുന്നുണ്ടോ? ഏതോ ഒരു ഭയം നമ്മളെ ബാധിച്ചിട്ടുണ്ട്. നമ്മൾ സൂക്ഷിച്ചില്ലെങ്കിൽ ദൈവത്തിന് എന്തോ പറ്റും എന്നപോലെയുള്ള ഒരു ചിന്ത, ഒരു തീവ്ര വലതുപക്ഷ ക്രിസ്തീയത ഉണ്ടാക്കുന്നു. എല്ലാ മതങ്ങളിലും ഇത്തരം വലതുപക്ഷങ്ങൾ ശക്തി പ്രാപിക്കുന്നു.
നമ്മുടെ മതം അപകടത്തിലാണ് എന്ന് ആരൊക്കെയോ പറയുന്നു. കുറെ പേർ അത് തൊണ്ടതൊടാതെ വിഴുങ്ങുന്നു. അങ്ങനെ വിഴുങ്ങുന്നതുകൊണ്ടുതന്നെ എപ്പോഴും അപകടസാധ്യതയുള്ള ഒരു മേഖലയായി മതത്തെ കാണുന്നു. അപ്പോൾ ഇത്തരം സംവാദങ്ങളെ സംശയദൃഷ്ടിയോടെ ആളുകൾ വീക്ഷിക്കാം. അതിനൊക്കെ എതിരെയുള്ള ഒരു സ്റ്റേറ്റ്മെന്റ് കൂടിയാണ് ഈ പുസ്തകം.