

സത്യം സൗഖ്യത്തിലേക്ക് നയിക്കുന്നത് അവനവനോടും മറ്റുള്ളവരോടുമുള്ള അനുരഞ്ജനം എന്ന കടത്തുതോണിയിലാണ്; അത് സൈക്കോ അനാലിസിസിലായാലും കുമ്പസാരത്തിലായാലും.
ഡിഗ്രിക്ക് പഠിച്ചിരുന്ന കോളേജിന്റെ ആപ്തവാക്യം എന്ന നിലയിൽ, ഓഡിറ്റോറിയത്തിന് മുകളിലായി ലാറ്റിനിലാണ് ഞാൻ ഈ വചനം ആദ്യം ശ്രദ്ധിക്കുന്നത്: Veritas vos liberabit. വിശ്വാസം നിങ്ങളെ രക്ഷിക്കും എന്ന് പറയുന്ന മതഗ്രന്ഥം, പക്ഷേ, നിങ്ങളെ സ്വതന്ത്രരാക്കുന്നത് സത്യമാണ് എന്ന് പറഞ്ഞത് അക്കാലത്ത് വിശ്വാസപ്രതിസന്ധികളിലൂടെ പോകുകയായിരുന്ന എന്റെ മനസ്സിലുടക്കി. സന്ദേഹങ്ങളായിരുന്നു ആ പതിനെട്ടുകാരിയുടെ സത്യം; അത് തുറന്ന് സമ്മതിക്കുക മൂലം, ഇത്തരം സന്ദേഹങ്ങളെ കുറേ കൂടെ നയപരമായി കൈകാര്യം ചെയ്ത് സമവായത്തിലൂടെ മുന്നോട്ട് പോയിരുന്ന കൂട്ടുകാരേക്കാൾ ബുദ്ധിമുട്ടുകൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. അവരുടെ രീതിയാണോ ശരി, do I really need to wear my doubts up my sleeve എന്ന് ആകുലപ്പെടാൻ തുടങ്ങിയ സമയത്താണ് ഈ വചനം എന്നോട് സംവദിക്കുന്നത്. ബോധ്യങ്ങളില്ലാത്ത ആവർത്തനങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നുമുള്ള സ്വതന്ത്ര്യത്തിന് വില കൊടുക്കാൻ തയ്യാറാണോ എന്നൊരു ചോദ്യം ഉള്ളിൽ ഉയർന്നു.
തീർത്തും പരിമിതവും വൈയക്തികവുമായ ആ അനുഭവത്തിൽനിന്നും വികസിച്ച് പിന്നീടിങ്ങോട്ട് സാമൂഹ്യപാഠങ്ങളായും ജീവിതാനുഭവങ്ങളായും ഈ വചനത്തിന്റെ കാലാതീതവും സാർവജനീനവുമായ സാംഗത്യം എനിക്ക് ബോധ്യപ്പെടുകയുണ്ടായി. അജ്ഞതയിൽനിന്ന് മനുഷ്യർക്ക് ശാസ്ത്രം നേടിത്തന്ന സത്യത്തിന്റെ സ്വാതന്ത്ര്യങ്ങൾ നിരവധിയാണെന്ന് social anthropology ക്ലാസുകൾ പഠിപ്പിച്ചു: മാരികളും വ്യാധികളും ദൈവങ്ങളുടെ ഉഗ്രകോപമല്ലെന്ന് സൂക്ഷ്മാണുക്കളും വാക്സിനേഷനും തെളിയിച്ചു; അനുബന്ധ അനുഷ്ഠാനങ്ങൾ പതിയെ തിരോഭവിക്കുകയോ പ്രതീകാത്മകമാവുകയോ ചെയ്തു. ഇരുട്ടിനോടുള്ള പേടിയിൽ നിന്നും അതിൽ നിന്നുടലെടുത്ത മാടൻ, തണ്ടാൻ മുതലായ സങ്കല്പങ്ങളിൽ നിന്നും വൈദ്യുതിയുടെ സത്യം നമ്മളെ മോചിപ്പിച്ചു. വിശ്വാസങ്ങൾ താല്ക്കാലിക ആശ്വാസം പകർന്നിരുന്ന എത്രയോ മേഖലകളിൽ സത്യം നിതാന്തമായ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തു.
Emotional wellbeing മുൻനിറുത്തി പേഴ്സണൽ തെറാപ്പി ഏറ്റവും വിപുലമായി ഉപയോഗപ്പെടുത്തിയ ഒരു തലമുറയാണ് എന്റേത്. തെറാപ്പിയുടെ ആദ്യഘട്ടങ്ങൾ Pandora’s box തുറക്കുന്നത് പോലെയാണ് (“The truth will set you free - but first, it will make you miserable” എന്ന് ജയിംസ് ഗാർഫീൽഡ്). ഭൂതകാലത്തിന്റെ എല്ലാ കലക്കവെള്ളവും ഒഴുകിപ്പോകേണ്ടതുണ്ട്, അടിത്തട്ടിൽ പുതഞ്ഞു കിടക്കുന്ന സത്യത്തിന്റെ അടരുകൾ വെളിപ്പെടാൻ. തെറാപ്പിയുടെ അത്യധികം വേദനാജനകമായ ആരംഭഘട്ടത്തിലൂടെ കടന്ന് പോകുന്ന സുഹൃത്തുക്കളെ മനസിലാക്കാൻ എനിക്കാദ്യമൊന്നും കഴിഞ്ഞിരുന്നില്ല, ആ പ്രക്രിയയുടെ ഇപ്പുറം അവരിന്ന് അനുഭവിക്കുന്ന ആത്മബോധത്തിന്റെ പ്രഭാവം, ശീലക്കേടുകളിൽ നിന്നുള്ള മുക്തി അവർ പങ്കുവയ്ക്കുവോളം. സത്യം സൗഖ്യത്തിലേക്ക് നയിക്കുന്നത് അവനവനോടും മറ്റുള്ളവരോടുമുള്ള അനുരഞ്ജനം എന്ന കടത്തു തോണിയിലാണ്; അത് സൈക്കോ അനാലിസിസിലായാലും കുമ്പസാരത്തിലായാലും. ദക്ഷിണാഫ്രിക്കയിലെ വർണ്ണവെറിയുടെ ഭൂതകാലത്തെ അഭിസംബോധന ചെയ്യാൻ ആർച്ചുബിഷപ് ഡെസ്മണ്ട് റ്റുറ്റു അധ്യക്ഷനായി, നെൽസൺ മണ്ടേല 1995-ൽ രൂപീകരിച്ച സമിതിയുടെ പേര് ‘Truth and Reconciliation Commission എന്നായിരുന്നു. വേട്ടയാടുന്ന ഇന്നലെയിൽ നിന്നും ഒരു ജനതയ്ക്ക് വിടുതൽ സാധ്യമാകണമെങ്കിൽ തങ്ങൾ പങ്കാളികളായ ക്രൂരതകളെ പറ്റി വ്യക്തികൾ, സമൂഹങ്ങൾ നേരും തുറവിയും പുലർത്തണം എന്നതായിരുന്നു അതിന്റെ വ്യവസ്ഥ.
ജനാധിപത്യത്തിന്റെ ആണിക്കല്ല്, തുല്യതയോടൊപ്പം തന്നെ, സുതാര്യതയാണ്. സത്യമറിയാനും അത് ആവിഷ്കരിക്കാനുമുള്ള അവകാശമില്ലാതെ Right to Freedom സാക്ഷാൽക്കരിക്കാൻ കഴിയില്ല. സ്വാതന്ത്ര്യനിഷേധത്തിന്റെ ആദ്യപടി സത്യനിഷേധമാണ്. എല്ലാ ഹിറ്റ്ലറുമാർക്കും അവരുടെ ഗീബൽസുമാർ നുണകളെ കുരുപ്പിക്കാനുള്ള മണ്ണൊരുക്കി കൊടുക്കുന്നു. അനേകം സ്വാതന്ത്ര്യങ്ങളുടെ കടയ്ക്കൽ വയ്ക്കാനുള്ള കത്തിയാണ് പോസ്റ്റ് ട്രൂത്തിന്റെ മൂശകളിൽ വാർക്കപ്പെടുന്നത്.
സത്യങ്ങൾ നമുക്ക് മുന്നിലേക്ക് താലങ്ങളിൽ എത്തുന്നില്ല. തോറോയും ഗാന്ധിയും മാർട്ടിൻ ലൂഥർ കിങ് ജൂനിയറും രാജിയില്ലാതെ തങ്ങളുടെ ബോധ്യങ്ങളെ സത്യാന്വേഷണങ്ങൾക്ക് വിധേയമാക്കി പുതുക്കിയും തിരുത്തിയും പോന്നു. സത്യത്തിന്റെ ശത്രു നുണകളെക്കാളേറെ നമ്മൾ മാറ്റാൻ കൂട്ടാക്കാത്ത വിശ്വാസങ്ങളാണെന്ന് നീഷേ. ചിലപ്പോൾ പീഢനാത്മകമായ അനുഭവങ്ങളുടെയും അന്വേഷണങ്ങളുടേയും ഒടുക്കമാണ് സത്യം തെളിഞ്ഞ് കിട്ടുന്നത്. സത്യത്തിന്റെ വില പലപ്പോഴും മുറിവാണ് - ആലങ്കാരികമായും, ചിലപ്പോഴെങ്കിലും അക്ഷരാർഥത്തിലും. അച്ഛൻ എന്നത് ഒരു വിശ്വാസവും അമ്മ എന്നത് നമ്മുടെ സത്യവുമാണ് എന്ന ആ പഴഞ്ചൻ സിനിമാസംഭാഷണം ഓർക്കുക. അമ്മയെ ഉണ്മയാക്കുന്നത് അവർ ശരീരത്തിൽ പേറുന്ന ആ മുറിവാണ്.
മുറിവിലൂടെ ഊറികിട്ടുന്ന സത്യത്തെ മനുഷ്യർ പിന്തുടരുന്നത് എന്തിന്? മരണതുല്യമായ ശാരീരികവേദനയും സാമൂഹികമായ ഒറ്റപ്പെടലും താണ്ടി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ കടന്ന് പോകുന്ന ഒരു വിദ്യാർത്ഥിനി ഈയടുത്ത് എന്നോട് പറഞ്ഞു: “ഇതാണ് ഞാൻ; this is the only way I can be free, finally.” അങ്ങനെ വിദ്യാർത്ഥിനിയായിരുന്ന എന്നോട് സംവദിച്ച ആ വചനം ഒന്നര പതിറ്റാണ്ടിനിപ്പുറം ഒരു വിദ്യാർത്ഥിനിയിലൂടെ എന്നെ വീണ്ടും തേടിയെത്തുന്നു.
ആത്മാന്വേഷണത്തിന്റെ ഭാഗമായോ അവിചാരിതമായോ നമ്മൾ സത്യത്തെ കണ്ടെത്തിയേക്കാം. Once you see it, you cannot unsee it. “ഈ പ്രായത്തിലോ” എന്നും “ഇത്രയും റിസ്ക് എടുത്തിട്ടോ” “ഇതൊക്കെ വേണ്ടെന്ന് വച്ചിട്ടോ” എന്നുമൊക്കെ നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ട്, സ്ഥൈര്യത്തോടെ ചില ജീവിതസാഹചര്യങ്ങളിൽ നിന്നും ഇറങ്ങി വരുന്ന മനുഷ്യർ അവഗണിക്കാനാവാത്ത സത്യത്തിന്റെ സ്വാതന്ത്ര്യം തിരഞ്ഞെടുക്കുന്നവരാണ്.