വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ വിയാനിയുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍, വൈദികര്‍, വിശേഷിച്ചും ഇടവകവൈദികര്‍ വിഷയമായ ചില വാര്‍ത്തകള്‍ നമ്മുടെ അന്തരീക്ഷത്തിലുണ്ട്. ആത്മഹത്യ മുതല്‍ അപവാദകഥകള്‍വരെയുള്ളവ, വൈദികരാണ് അതിലുള്‍പ്പെടുന്നതെങ്കില്‍, വലിയ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഈ പശ്ചാത്തലത്തില്‍, ദൈവവിളികളെക്കുറിച്ചും വൈദികപരിശീലനത്തെക്കുറിച്ചും ഗവേഷണങ്ങള്‍ നടത്തുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുള്ള ഫാ. ജോസ് കുറിയേടത്ത് സി എം ഐ സത്യദീപത്തിന് നല്‍കിയ അഭിമുഖം...
ചില വൈദികര്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ കണ്ടിരുന്നല്ലോ. ഇത് ആശങ്കപ്പെടേണ്ട ഒരു കാര്യമാണോ? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഇപ്പോഴുണ്ടായ വൈദിക ആത്മഹത്യകള്‍ വളരെ വലിയൊരു സംഖ്യയാണ് എന്ന് പറയാന്‍ കഴിയില്ല. എങ്കിലും മുന്‍കാലത്ത്, എന്റെ ഓര്‍മ്മയില്‍ വൈദികരുടെ ആത്മഹത്യാസംഭവങ്ങള്‍ തീരെ ഇല്ലായിരുന്നു. അതിനാല്‍ എന്തുകൊണ്ട് ഇപ്രകാരം സംഭവിക്കുന്നു എന്ന് ആലോചിക്കുന്നതില്‍ തെറ്റില്ല.
ജോലിയുടെ സംഘര്‍ഷം പഴയകാലത്ത് ഇന്നത്തെപ്പോലെ തന്നെ ഉണ്ടായിരുന്നു. അന്ന് ഇത്രയും സൗകര്യങ്ങള്‍ ഇല്ലായിരുന്നു. യാത്രാസൗകര്യങ്ങളും താമസസൗകര്യങ്ങളും ഇന്ന് കൂടുതലാണ്.
പക്ഷേ ബന്ധങ്ങളിലെ സ്‌ട്രെസ് ഇന്നാണ് കൂടുതല്‍ എന്ന് പറയേണ്ടിയിരിക്കുന്നു. പണ്ട് വൈദികര്‍ ആണെങ്കിലും വീടുകളിലെ കാരണവന്മാര്‍ ആണെങ്കിലും ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അതിനെ മറ്റുള്ളവര്‍ കണ്ണടച്ച് അംഗീകരിക്കുന്ന ഒരു സാഹചര്യം ആയിരുന്നു. അധികാരികളുടെ നിലപാടുകളെ ആരും ചോദ്യം ചെയ്യാറില്ല. അതിന്റെ ഒരു വൈകാരിക സുരക്ഷിതത്വം അവര്‍ അനുഭവിച്ചിരുന്നു. എന്നാല്‍ ഇന്ന് മെത്രാന്മാരും വൈദികരും കുടുംബനാഥന്മാരുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. പള്ളിയോഗങ്ങളില്‍ ആളുകള്‍ എല്ലാ കാര്യങ്ങളും വിമര്‍ശന വിധേയമാക്കുന്നു. അതിനാല്‍ വൈദികര്‍ക്ക് പണ്ട് ഉണ്ടായിരുന്ന ഒരു സുരക്ഷാപ്രതീതി ഇന്നില്ല. അതുമൂലമുള്ള സ്‌ട്രെസ് ഇന്ന് പണ്ടത്തേക്കാളും വളരെയധികം കൂടുതലാണ്.
ഇന്ന് പുതിയ തലമുറയിലുള്ള അച്ചന്മാരും അല്ലാത്തവരും പൊതുവേ പെട്ടെന്ന് വൈകാരിക തകര്‍ച്ചയ്ക്ക് വിധേയരാകുന്നവരാണ്. കാലം മുന്നോട്ടുപോകുമ്പോള്‍ ആളുകളുടെ വൈകാരികബലം കുറഞ്ഞുപോകുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്.
ഇന്ന് പുതിയ തലമുറയിലുള്ള അച്ചന്മാരും അല്ലാത്തവരും പൊതുവേ പെട്ടെന്ന് വൈകാരിക തകര്‍ച്ചയ്ക്ക് വിധേയരാകുന്നവരാണ്. കാലം മുന്നോട്ടുപോകുമ്പോള്‍ ആളുകളുടെ വൈകാരികബലം കുറഞ്ഞുപോകുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്. വൈകാരിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ പഴയകാലത്തെ മനുഷ്യര്‍, വൈദികരും അല്ലാത്തവരും, അതിന് അതിഭൗതിക സ്വഭാവമുള്ള ഒരു മാനം നല്‍കുമായിരുന്നു. സഹിക്കുന്നത് നല്ലതാണെന്നും ആ സഹനം പ്രയോജനകരമാകുമെന്നും അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ചു. ഒരുപക്ഷേ ആ വിശ്വാസത്തിന് ഇക്കാലത്ത് ക്ഷീണം സംഭവിച്ചിട്ടുണ്ടാകാം. വിശ്വാസത്തെ നമ്മള്‍ തത്വത്തില്‍ നിരാകരിക്കുന്നില്ല. പക്ഷേ നമ്മുടെ അപ്പാപ്പനും അമ്മാമ്മയ്ക്കും ഉണ്ടായിരുന്ന വിശ്വാസമാണോ ഇന്നത്തെ തലമുറയ്ക്കുള്ളത് എന്ന് ചോദിച്ചാല്‍ ആ വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കും. അതും ഒരു കാരണമാകാം.
ഇക്കാര്യത്തില്‍ ഇടവകവൈദികരും സന്യാസവൈദികരും തമ്മില്‍ വ്യത്യാസമുണ്ടോ?
സന്യാസ വൈദികര്‍ക്ക് സമൂഹ ജീവിതം കൂടുതലുണ്ട് എന്ന വ്യത്യാസം കാണാം. പുരുഷ സന്യസ്തരുടെ സമൂഹജീവിതത്തില്‍ വ്യക്തിപരമായ കാര്യങ്ങളുടെ പങ്കുവയ്ക്കലും മറ്റും കുറവു തന്നെയാണ്. എങ്കിലും ഒരു സമൂഹത്തിന്റെ പിന്തുണ കിട്ടുന്നു എന്ന വശമുണ്ട്. ആരോഗ്യപ്രശ്‌നമോ വീട്ടില്‍ ഒരു പ്രശ്‌നമോ സാമ്പത്തിക പ്രശ്‌നമോ ഒക്കെ വന്നാല്‍ സമൂഹമായി ജീവിക്കുന്ന വൈദികര്‍ക്ക് പരസ്പരമുള്ള പിന്തുണ അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന ഇടവക വൈദികരുടെ കാര്യത്തില്‍ അത് കുറവായിരിക്കാം.
വൈകാരിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ പഴയകാലത്തെ മനുഷ്യര്‍, വൈദികരും അല്ലാത്തവരും, അതിന് അതിഭൗതിക സ്വഭാവമുള്ള ഒരു മാനം നല്‍കുമായിരുന്നു. സഹിക്കുന്നത് നല്ലതാണെന്നും ആ സഹനം പ്രയോജനകരമാകുമെന്നും അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ചു. ഒരുപക്ഷേ ആ വിശ്വാസത്തിന് ഇക്കാലത്ത് ക്ഷീണം സംഭവിച്ചിട്ടുണ്ടാകാം.
സാമ്പത്തിക അച്ചടക്കത്തിന്റെ കുറവ് വൈദികരുടെ പ്രതിച്ഛായ തകരുന്നതിനും പ്രതിസന്ധികള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നതായി തോന്നിയിട്ടുണ്ടോ?
ഞാന്‍ ഈ വിഷയത്തെക്കുറിച്ച് പഠിച്ചിട്ടില്ല. പക്ഷേ ഇത് സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നാണു തോന്നുന്നത്. സന്യാസവൈദികരുടെ കാര്യത്തില്‍ സാമ്പത്തികം വലിയ ഘടകമാകുന്നില്ല. വരുമാനം എന്തുണ്ടെങ്കിലും അത് സമൂഹത്തിലേക്കു പോകുന്നു. ചെലവുണ്ടെങ്കില്‍ അത് സമൂഹം വഹിക്കുന്നു. എന്തെങ്കിലും അബദ്ധത്തില്‍ ധനനഷ്ടം ഉണ്ടായാല്‍ സമൂഹം അതിനെ പിന്തുണയ്ക്കുന്നു. ഇടവക വൈദികര്‍ കൂടുതല്‍ സാമ്പത്തിക കാര്യങ്ങള്‍ ഒറ്റയ്ക്കു കൈകാര്യം ചെയ്യുന്നുണ്ട്. അവര്‍ക്ക് ഒരു അബദ്ധം സംഭവിച്ചു കഴിഞ്ഞാല്‍ അതിന്റെ ബുദ്ധിമുട്ടും അവര്‍ തന്നെ സഹിക്കേണ്ടിവരും. രൂപതയുടെ പിന്തുണ കിട്ടുമായിരിക്കും. പക്ഷേ അത് എത്രത്തോളം ഉണ്ടാകും എന്ന് എനിക്കറിയില്ല.
വൈദികര്‍ വല്ലാതെ വാഴ്ത്തപ്പെടുന്നുണ്ട്, അതേപോലെതന്നെ ഇകഴ്ത്തപ്പെടുന്നുമുണ്ട്. ഈ പുകഴ്ത്തലുകള്‍ക്കും ഇകഴ്ത്തലുകള്‍ക്കും ഇടയില്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള ജീവിതം നയിക്കാന്‍ വൈദികര്‍ക്കു കഴിയാതെ പോകുന്നു. ഇതിനെക്കുറിച്ച് എന്തു കരുതുന്നു?
ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ പഴയകാലത്ത് വൈദികര്‍ ഇത്രമാത്രം ഇകഴ്ത്തലുകള്‍ അനുഭവിച്ചിരുന്നില്ല. പണ്ട് ഒരു ഇടവക വികാരി എന്നു പറഞ്ഞാല്‍ ആ പ്രദേശത്തെ ഒരു അധികാര കേന്ദ്രമാണ്. അത് മതകാര്യങ്ങളിലോ ആധ്യാത്മിക കാര്യങ്ങളിലോ മാത്രമായിരുന്നില്ല. നാട്ടിലെ വികസനകാര്യങ്ങളിലും ഇതര വിഷയങ്ങളിലും വികാരിയച്ചന്‍ ഒരു അധികാരിയും നേതാവുമാണ്. ആളുകള്‍ക്ക് വിദ്യാഭ്യാസവും അനുഭവജ്ഞാനവും കുറവായിരുന്ന ആ കാലത്ത് വികാരിയച്ചനാണ് ആളുകളെ സംബന്ധിച്ച് വിജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും ഒരു സ്രോതസ്സ്. ആളുകള്‍ അത് അംഗീകരിച്ചു പോകുമായിരുന്നു. ഇന്ന് ആളുകള്‍ പ്രബുദ്ധരായി, പഠിപ്പുള്ളവരായി, അനുഭവസമ്പത്ത് കൂടുതലായി. കേരളത്തിന്റെ പശ്ചാത്തലത്തിലാകട്ടെ ജനങ്ങള്‍ വളരെയധികം വിമര്‍ശന മനോഭാവമുള്ളവരുമാണ്.
ഈ വിമര്‍ശന മനോഭാവം കൂടി ചേരുമ്പോള്‍ വൈദികര്‍ പണ്ടത്തേക്കാള്‍ കൂടുതലായി വളരെയധികം ഇകഴ്ത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയരാകുന്നു. പുകഴ്ത്തലുകള്‍ ഏതെങ്കിലും പ്രസിദ്ധരായ വൈദികര്‍ക്ക് കൂടുതല്‍ കിട്ടുന്നുണ്ടാകും. അതൊഴിച്ചാല്‍, പണ്ടത്തെ വൈദികരെ അപേക്ഷിച്ച് ഇന്ന് വൈദികര്‍ക്ക് ഇകഴ്ത്തലുകള്‍ കൂടിയിരിക്കുന്നു എന്നതു തന്നെയാണ് ഉണ്ടായിരിക്കുന്ന മാറ്റം. പണ്ട് സാധാരണ വൈദികരെയും ബഹുമാനിക്കുകയും അനുസരിക്കുകയും ഏതാണ്ട് പുണ്യവാന്മാരായി പരിഗണിക്കുകയും ഒക്കെ ചെയ്തിരുന്ന ഒരു അന്തരീക്ഷം ആയിരുന്നു. ഇപ്പോള്‍ അങ്ങനെയൊരു പരിഗണന വൈദികര്‍ക്ക് ലഭിക്കുന്നില്ല. അതൊരു വ്യത്യാസമാണ്.
സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള കുറെ വൈദികരുണ്ട്. പലരുടെയും വൈദികജീവിതം സോഷ്യല്‍ മീഡിയയെ മുന്‍നിര്‍ത്തിയാണ്.
പഴയ റീച്ച് നഷ്ടപ്പെടുമ്പോള്‍ പലരും അസ്വസ്ഥരാകുന്നതും കണ്ടിട്ടുണ്ട്.
ഇതേക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
കുറെ പേര്‍ക്ക് ധാരാളം ഫോളോവേഴ്‌സ് ഉള്ളതായി അറിയാം. എല്ലാ കാലത്തും ഇത് ഒരേപോലെ ആയിരിക്കില്ല. പ്രചാരവും പ്രസിദ്ധിയും കുറയാം. അപ്പോള്‍ ഡിപ്രഷനോ മറ്റോ വന്നേക്കാം. പക്ഷേ മഹാഭൂരിപക്ഷം അച്ചന്മാരും സാധാരണക്കാരാണല്ലോ. ഞാന്‍ പറയുന്നത് അവരുടെ കാര്യമാണ്. ഉദാഹരണത്തിന്, ഒരു ഇടവക നടത്തിക്കൊണ്ടു പോകുമ്പോള്‍ വികാരിയച്ചന്‍ വ്യക്തിബന്ധങ്ങളില്‍ പണ്ടത്തെക്കാള്‍ സ്‌ട്രെസ് അനുഭവിക്കുന്നു. പണ്ടത്തെ വൈദികര്‍ ചോദ്യം ചെയ്യപ്പെടുക പതിവില്ല. അവരെ ചോദ്യം ചെയ്യാന്‍ ആളുകള്‍ക്ക് മടിയായിരുന്നു പക്ഷേ ഇന്നത്തെ അച്ചന്മാര്‍ മുച്ചൂടും ചോദ്യം ചെയ്യപ്പെടും. നിസ്സാര കാര്യങ്ങള്‍ക്കുള്‍പ്പെടെ അച്ചനെ നടുക്കിരുത്തി ചോദ്യം ചെയ്യും. രാത്രി പോയി കിടക്കുമ്പോള്‍ അതായിരിക്കുമല്ലോ മനസ്സില്‍ വരിക. ബഹുഭൂരിപക്ഷം അച്ചന്മാര്‍ക്കും ഈ രീതിയിലുള്ള ജീവിതമാണുള്ളത്. സോഷ്യല്‍ മീഡിയയും അതിന്റെ സംഘര്‍ഷങ്ങളുമൊക്കെ വളരെ ചെറിയ ഒരു ന്യൂനപക്ഷത്തിനു മാത്രം ഉള്ളതാണല്ലോ.
എല്ലാവര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം അവധി സാധാരണമാണ്. എന്നാല്‍ വൈദികര്‍ക്ക് പലപ്പോഴും അവധി ദിവസമായിരിക്കും കൂടുതല്‍ ജോലികള്‍. അച്ചന്മാര്‍ക്ക് അവധി ലഭിക്കേണ്ടതാണ് എന്ന് തോന്നിയിട്ടുണ്ടോ?
ഞാന്‍ വിദേശത്തു കുറച്ചുകാലം ജീവിച്ചിട്ടുണ്ട്. അവിടെ അച്ചന്മാര്‍ ആഴ്ചയില്‍ ഒരു അവധി എന്തായാലും എടുക്കും. ഞായറാഴ്ച പറ്റില്ലെങ്കില്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഒക്കെ ആയിരിക്കും അത്. ആളുകള്‍ക്ക് ഏഴു ദിവസവും കുര്‍ബാന മുടങ്ങാത്ത തരത്തില്‍ അവധിയെടുക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. രണ്ടു വൈദികരുള്ള പള്ളികളില്‍ ഇത് എളുപ്പമാണ്. ഒരു വൈദികന്‍ മാത്രമുള്ള പള്ളിയില്‍ ഒരു ദിവസത്തെ കുര്‍ബാന വൈകിട്ടത്തേക്ക് മാറ്റുകയോ മറ്റോ ചെയ്ത് ഒരു ദിവസത്തെ അവധി അവര്‍ ക്രമീകരിക്കും. ഇതുകൂടാതെ വര്‍ഷത്തിലൊരു മാസത്തോളം അവധി എടുക്കുന്ന രീതിയും വിദേശത്തുണ്ട്. ഞങ്ങള്‍ വിദേശത്തു പഠിക്കുമ്പോള്‍ ഇങ്ങനെ അവധിക്ക് പോകുന്ന വൈദികരുടെ പള്ളികളില്‍ താല്‍ക്കാലിക സേവനം ചെയ്യുക പതിവായിരുന്നു. നമ്മുടെ നാട്ടില്‍ അതില്ല. അത് ഏതെങ്കിലും തരത്തില്‍ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ നല്ലതാണ് എന്ന് തോന്നിയിട്ടുണ്ട്. ഒരു മാസം പറ്റിയില്ലെങ്കിലും ആഴ്ചയില്‍ ഒരു ദിവസം മാറി നില്‍ക്കുന്നത് നല്ലതായിരിക്കും.
ആറുവര്‍ഷം തുടര്‍ച്ചയായ ജോലി ചെയ്തിട്ട് ഒരു വര്‍ഷം അവധിയെടുക്കുന്ന സബാറ്റിക്കല്‍ ഇയറിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
അതും വളരെ നല്ലതാണ്. അറിവുകളില്‍ സ്വയം നവീകരിക്കാന്‍ അത് ആവശ്യമാണ്. ദൈവശാസ്ത്രത്തിലും മറ്റു വിഷയങ്ങളിലും തുടര്‍ പരിശീലനം വളരെ കുറവാണ്. സന്യാസവൈദികരിലും
ഇത് കുറവു തന്നെയാണ്. ഒരു വര്‍ഷം മാറിനിന്ന് വായിക്കാനും പഠിക്കാനും സ്വയം നവീകരിക്കാനും ഉള്ള അവസരം വൈദികര്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്. അങ്ങനെ പോകുന്ന അച്ചന്മാര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയണം. അത് രൂപതാതലത്തില്‍ തീരുമാനിക്കണം. ഒരു വര്‍ഷം എത്ര അച്ചന്മാര്‍ക്ക് സബാറ്റിക്കല്‍ ഇയര്‍ എടുക്കാന്‍ കഴിയും, അതിനുപകരം ആരെ കൊണ്ടുവരണം, സന്യാസ വൈദികരെ കൊണ്ടുവരാന്‍ പറ്റുമോ എന്നെല്ലാം ആലോചിക്കണം. ഇതിനുള്ള സംവിധാനങ്ങള്‍ സംഘടിപ്പിച്ചതിനുശേഷം മാത്രമേ സബാറ്റിക്കല്‍ ഇയര്‍ എന്ന രീതി നടപ്പാക്കാന്‍ കഴിയൂ. വൈകാരികമായ ഒരു വളര്‍ച്ചയ്ക്കും സ്വാതന്ത്ര്യത്തിനും മാത്രമല്ല കാലിക മായ നവീകരണത്തിനും ഇത് ആവശ്യമാണ്.
മറ്റുള്ളവര്‍ക്കു വൈകാരിക പിന്തുണ നല്‍കാന്‍ ഓടി നടക്കുന്നവരാണ് വൈദികര്‍. പക്ഷേ സ്വയം വൈകാരികമായ പക്വത ആര്‍ജിക്കാന്‍, വൈകാരിക പിന്തുണ ലഭിക്കാന്‍ അവര്‍ എന്ത് ചെയ്യുന്നു?
ആളുകള്‍ വൈകാരിക പിന്തുണ തേടി അച്ചന്മാരെയും മറ്റു സമീപിക്കുന്നതുപോലെ അച്ചന്മാര്‍ മറ്റുള്ളവരുടെ അടുത്തു പോകുന്നതു കുറവാണ് എന്നാണ് എന്റെ വിചാരം. വാര്‍ഷികധ്യാനത്തിന്റെ അവസരത്തില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടായിരിക്കാം. അതല്ലാതെ, ഒരു പ്രശ്‌നം വരുമ്പോള്‍ അത് ആരുടെയെങ്കിലും അടുത്തു പോയി ചര്‍ച്ച ചെയ്യുക, സ്വയം ഉള്ളില്‍ ഒതുക്കാതിരിക്കുക എന്ന കാര്യം എത്രത്തോളം ഉണ്ട് എന്ന് എനിക്കറിയില്ല.
ഒരു വര്‍ഷം മാറിനിന്ന് വായിക്കാനും പഠിക്കാനും സ്വയം നവീകരിക്കാനും ഉള്ള അവസരം വൈദികര്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്.
സ്വയം ആശ്വാസദായകരായി കരുതുന്നതുകൊണ്ട് മറ്റുള്ളവരുടെ അടുത്ത് ആശ്വാസം തേടുന്നത് കുറവാകുന്നുണ്ടോ?
കൗണ്‍സിലിംഗിന്റെയും മറ്റും പ്രയോജനം എടുക്കുന്ന വൈദികര്‍ കുറവാണെന്ന് തന്നെയാണ് എനിക്കു തോന്നുന്നത്. സിസ്‌റ്റേഴ്‌സ് പക്ഷേ ഇത്തരം സാധ്യതകള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട് എന്നാണ് കണ്ടിട്ടുള്ളത്. അവര്‍ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ വൈദികരെയും മറ്റുള്ളവരെയും സമീപിക്കുക പതിവാണ്. പക്ഷേ വൈദികര്‍ അങ്ങനെ പോകുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് ബലമായ സംശയമുണ്ട്.
സഭയില്‍ ഇതിനെന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ടോ? അങ്ങനെ ചെയ്താല്‍ അത് വിജയിക്കാന്‍ സാധ്യതയുണ്ടോ?
സാധ്യതയുണ്ട്. കാരണം അത് ആവശ്യമുണ്ട്. ഞങ്ങളുടെ ആലുവ കൊവേന്തയില്‍ വല്യച്ചന്മാരുടെ അടുത്തു വൈദികര്‍ വന്ന് ദീര്‍ഘമായ സംഭാഷണങ്ങള്‍ നടത്തുന്നത് കണ്ടിട്ടുണ്ട്. വെറും കുമ്പസാരം മാത്രമല്ല. ഒ സി ഡി സഭയുടെ കണ്ണങ്കുന്നത്ത് പള്ളിയിലും ഇതുപോലെ കണ്ടിട്ടുണ്ട്. ഒരു ആശ്വാസം കിട്ടും, വൈകാരിക വിമലീകരണം സാധ്യമാകും എന്ന് തോന്നുന്ന സ്ഥലത്താണല്ലോ അച്ചന്മാര്‍ പോകുക. അങ്ങനെയുള്ള വൈദികരെയോ സ്ഥലങ്ങളെയോ ശ്രദ്ധയില്‍പ്പെടുത്തി കൊടുത്താല്‍ അച്ചന്മാര്‍ അത് ഉപയോഗിച്ചേക്കും.
ദൈവവിളി വിവേചിച്ചറിയുന്നതിനുള്ള മനഃശാസ്ത്രപരമായ സമീപനം ആവശ്യമാണ്.
വൈദികരെ ആഴത്തില്‍ മനസ്സിലാക്കുന്ന അല്‍മായ സുഹൃത്തുക്കളുള്ളത് വൈദികരുടെ വൈകാരിക പക്വതയ്ക്ക് സഹായകരമാകുമോ? അതെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
അങ്ങനെ ആലോചിച്ചിട്ടില്ല. കോണ്‍ഫിഡന്‍ഷ്യാലിറ്റി ഇത്തരം കാര്യങ്ങളില്‍ ഒരു പ്രധാന ഘടകമാണ്. അറിവും പക്വതയും ഉള്ള സുഹൃത്തുക്കളെ ഓരോരുത്തരും സ്വന്തം നിലയ്ക്കു കണ്ടുപിടിക്കുന്നത് നല്ലതാണ്. കാരണം എനിക്കു പറ്റുന്ന ആളല്ല മറ്റൊരാള്‍ക്ക് പറ്റില്ല.
വ്യക്തിബന്ധങ്ങളിലെ പ്രശ്‌നപരിഹാര വൈദഗ്ധ്യം ആര്‍ജിക്കാന്‍ വൈദികരെ സഹായിക്കുക എന്നത് വൈദികപരിശീലന പരിപാടിയുടെ ഭാഗം ആകേണ്ടതുണ്ടോ?
യുവവൈദികര്‍ ആളുകളുമായി ഇടപെടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ധാരാളം കണ്ടിട്ടുണ്ട്. അധികാരസ്ഥാനത്ത് ഇരിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ആളുകളെ കൈകാര്യം ചെയ്യുന്നതിനു കുറച്ച് പരിശീലനം ആവശ്യമാണ്. സെമിനാരിയില്‍ തന്നെ അത് നല്‍കേണ്ടതുണ്ട്. പട്ടമേറ്റ് വൈകാതെ തന്നെ അച്ചന്മാര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. പക്ഷേ ആളുകളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് അവര്‍ പഠിച്ചിട്ടുണ്ടാകില്ല. അപ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുന്നു. അതുകൊണ്ട് ദൈവശാസ്ത്രത്തോടും മറ്റു വിഷയങ്ങളോടും ഒപ്പം ഇക്കാര്യങ്ങളും സെമിനാരിയില്‍ കൂടുതലായി പഠിപ്പിക്കണം. ഇപ്പോള്‍ ഉണ്ട്, അത് വര്‍ധിപ്പിക്കണം എന്നാണ് ഉദ്ദേശിച്ചത്.
യുവവൈദികര്‍ ആളു കളുമായി ഇടപെടു മ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ധാരാളം കണ്ടിട്ടുണ്ട്. അധികാര സ്ഥാനത്ത് ഇരിക്കു മ്പോള്‍ അതുമായി ബന്ധപ്പെട്ട ആളുകളെ കൈകാര്യം ചെയ്യുന്നതിനു കുറച്ച് പരിശീലനം ആവശ്യമാണ്. സെമിനാരിയില്‍ തന്നെ അത് നല്‍കേണ്ടതുണ്ട്.
ഇടവകവൈദികരുടെ കാര്യത്തില്‍ ഫൊറോന കേന്ദ്രത്തില്‍ വൈദികര്‍ ഒന്നിച്ചു താമസിക്കുന്നത് അവരുടെ മാനസികാരോഗ്യത്തിനു ഗുണകരമാകും എന്ന് കരുതുന്നുണ്ടോ?
വിദേശത്ത് ഇത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ പ്രായോഗികതലത്തില്‍ ഇത് എത്രത്തോളം ഗുണം ചെയ്യും എന്ന് എനിക്കറിയില്ല. പുരുഷന്മാര്‍ സമൂഹജീവിതമാണെന്ന് പറയുമ്പോഴും ഫലത്തില്‍ അവര്‍ സ്വന്തം കാര്യം മാത്രം നോക്കി കഴിയാനാണ് സാധ്യത. ഒരു കൂരയുടെ കീഴില്‍ ജീവിക്കുന്നു എന്നതിനപ്പുറത്ത് പരസ്പരമുള്ള കൂട്ടായ്മ അത്രയധികമൊന്നും ഉണ്ടാകാന്‍ ഇടയില്ല. വിദേശത്ത് ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ ഭക്ഷണം പോലും അവര്‍ ഒന്നിച്ചു കഴിക്കുന്നത് അപൂര്‍വമാണ്. ഓരോരുത്തരും അവരവര്‍ക്കു വേണ്ടത് അവരവരുടെ സമയങ്ങളില്‍ കഴിക്കുന്ന രീതിയാണ്. ആശയതലത്തില്‍ ഇതു നല്ലതാണ്. പക്ഷേ സന്യാസ സമൂഹങ്ങളുടെ ആശ്രമജീവിതങ്ങളില്‍ പോലും പണ്ട് ഉണ്ടായിരുന്ന കുടുംബ മനോഭാവം ഇല്ല എന്നാണ് ഞങ്ങളുടെയൊക്കെ സ്വയം വിമര്‍ശനം.
അതിന്റെ അടിസ്ഥാന കാരണം എന്തായിരിക്കും?
ആധുനിക ജീവിതശൈലി വളരെയധികം വ്യക്തികേന്ദ്രീകൃത മാണ്. വ്യക്തിക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയിലേക്ക് എല്ലാം മാറി. പണ്ട് കുടുംബങ്ങളില്‍ പോലും ഐക്യത്തിന് ഒരു നിദാനമായി വര്‍ത്തിച്ചത് കാരണവര്‍ പറയുന്നത് എല്ലാവരും അനുസരിക്കുന്നു എന്ന രീതി ഉണ്ടായിരുന്നതുകൊണ്ടാണ്. ഇപ്പോള്‍ അങ്ങനെയല്ല. കുട്ടികള്‍ പോലും അവരവരുടെ കാര്യങ്ങള്‍ നോക്കുകയാണ്. വ്യക്തികള്‍ക്ക് വളരെയധികം പ്രാധാന്യം കിട്ടുന്ന ഒരു നഗരാനന്തര സംസ്‌കാരമാണ് നമ്മുടേത്. അത് വൈദികരിലും ഉണ്ട്. പുതിയ തലമുറയിലെ സിസ്‌റ്റേഴ്‌സിന് ഇടയിലും അത് വരുന്നുണ്ട്.
സന്യാസ സമൂഹങ്ങളുടെ ആശ്രമജീവിതങ്ങളില്‍ പോലും പണ്ട് ഉണ്ടായിരുന്ന കുടുംബ മനോഭാവം ഇല്ല എന്നാണ് ഞങ്ങളുടെയൊക്കെ സ്വയം വിമര്‍ശനം.
ഇത് മാനസികമായ ബലക്കുറവിന് കാരണമാകുന്നുണ്ടോ?
ഉണ്ടാകും. കാരണം വ്യക്തിക്ക് ഒരു വിഷയം വന്നു കഴിയുമ്പോള്‍ അത് വ്യക്തി തന്നെ താങ്ങണം. നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓരോരുത്തരും അവരവരുടെ നേട്ടത്തില്‍ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. നല്ല കാര്യം. പക്ഷേ, മറുവശത്ത് കോട്ടങ്ങള്‍ സംഭവിക്കു മ്പോള്‍ അത് നേരിടേണ്ടതും വ്യക്തികള്‍ തനിച്ചാണ് എന്നുവരുന്നു. പണ്ട് ഒരു കുടുംബത്തില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ അത് താങ്ങാന്‍ എല്ലാവരും ഉണ്ടായിരുന്നു. ഇപ്പോഴത്തെ അണുകുടുംബങ്ങളില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ ആരാണ് അത് താങ്ങുക? ഭര്‍ത്താവും ഭാര്യയും മാത്രം. ചിലപ്പോള്‍ ഭാര്യയെ കൂടി ഭര്‍ത്താവ് താങ്ങേണ്ടതായി വരും. എന്നു പറഞ്ഞതുപോലെ വൈദികരുടെ കാര്യത്തില്‍ പ്രശ്‌നം വരുമ്പോള്‍ അവര്‍ ഒറ്റയ്ക്ക് താങ്ങേണ്ടിവരും. സംഘാതമായിരിക്കുന്ന ഒരു പിന്തുണ ഇല്ലാതെ പോകും. കൂട്ടായ്മയ്ക്ക് മങ്ങലേല്‍ക്കുകയും വ്യക്തിവാദം ഉയര്‍ന്നു വരികയും ചെയ്യുന്നു. വിവാഹം പോലും വേണ്ടെന്ന് വയ്ക്കുന്ന ഒരു തലമുറ ഇവിടെ ഉയര്‍ന്നു വരികയാണല്ലോ.
ദൈവവിളി വിവേചിച്ചറിയുന്നതില്‍ സെമിനാരികളില്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ആവശ്യമാണോ?
തീര്‍ച്ചയായും. ഞങ്ങള്‍ അത് ചെയ്യാറുണ്ട്. പുതുതായി വരുന്ന കുട്ടികളുമായി മനഃശാസ്ത്ര പശ്ചാത്തലമുള്ള ആളുകള്‍ ദീര്‍ഘമായി സംസാരിക്കാറുണ്ട്. ഇപ്പോഴത്തെ ദൈവവിളികള്‍ ഉയര്‍ന്ന മധ്യവര്‍ഗം, ഇടത്തരം മധ്യവര്‍ഗം എന്നിവയില്‍ നിന്ന് താഴ്ന്ന മധ്യവര്‍ഗത്തിലേക്ക് കൂടുതലായി മാറിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ സമ്മിശ്ര പ്രേരണകള്‍ കൊണ്ട് വരുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയുണ്ട്. സമ്മിശ്ര പ്രേരണ കൊണ്ട് വരുന്നവരുടെ കാര്യത്തില്‍ പില്‍ക്കാലത്ത് ചില പ്രേരണകള്‍ മാത്രം മുന്നോട്ടുവരും. പണ്ട് അതിഭൗതിക പ്രേരണകള്‍ കൊണ്ട് വരുന്നവരുടെ കാര്യത്തില്‍, ജീവിത ത്തില്‍ മറ്റൊന്നും നേടിയില്ലെങ്കിലും ആ പ്രേരണ ശക്തമായി നിലനില്‍ക്കു മ്പോള്‍ മറ്റെല്ലാത്തിനെയും മറികടക്കാന്‍ കഴിയും. മറ്റു പ്രേരണ കള്‍ കൊണ്ട് വരുന്നവരുടെ കാര്യത്തില്‍ ഇത് ബുദ്ധിമുട്ടാണ്. ഉദ്ദേശിച്ച ജീവിതം കിട്ടാതെ വരുമ്പോഴുള്ള സ്‌ട്രെസ് അവരില്‍ കൂടുതലായിരിക്കും. അതുകൊണ്ട് ദൈവവിളി വിവേചിച്ചറിയുന്നതിനുള്ള മനഃശാസ്ത്രപരമായ സമീപനം ആവശ്യമാണ്.
വൈദികരാണെങ്കിലും വീടുകളിലെ കാരണവന്മാരാണെങ്കിലും പണ്ടൊക്കെ ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അതിനെ മറ്റുള്ളവര്‍ കണ്ണടച്ച് അംഗീകരിക്കുന്ന ഒരു സാഹചര്യം ആയിരുന്നു. അധികാരികളുടെ നിലപാടുകളെ ആരും ചോദ്യം ചെയ്യാറില്ല. അതിന്റെ ഒരു വൈകാരിക സുരക്ഷിതത്വം അവര്‍ അനുഭവിച്ചിരുന്നു. എന്നാല്‍ ഇന്ന് മെത്രാന്മാരും വൈദികരും കുടുംബനാഥന്മാരുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. പള്ളിയോഗങ്ങളില്‍ ആളുകള്‍ എല്ലാ കാര്യങ്ങളും വിമര്‍ശന വിധേയമാക്കുന്നു.
മൈനര്‍ സെമിനാരി കഴിയുമ്പോള്‍, കോളേജ് പഠനം കഴിയുമ്പോള്‍ ഒക്കെ വൈദികാര്‍ഥികളുടെ പ്രേരണ വിശകലനവിധേയമാക്കേണ്ടതുണ്ട്. ആവര്‍ത്തിച്ചുള്ള പരിശോധന ആവശ്യമാണ്.
ദൈവവിളികള്‍ കുറയുമ്പോള്‍, വരുന്നവരെ എല്ലാം എടുക്കേണ്ട ഒരു സാഹചര്യം ഉണ്ടാകുമെന്നു കേട്ടിട്ടുണ്ട്. അതുപോലെ ചില വൈദിക വിദ്യാര്‍ഥികള്‍ക്കു പട്ടം കൊടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ പഠിച്ച സെമിനാരിയുടെ അധികാരികള്‍ അറിയിക്കുമ്പോള്‍, സെമിനാരി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചുകൊണ്ട് രൂപതകള്‍ അത്തരക്കാര്‍ക്ക് വൈദികപട്ടം കൊടുക്കുന്നതായും കേട്ടിട്ടുണ്ട്. ഇങ്ങനെ ഒരു ഒത്തുതീര്‍പ്പിന്റെ സംസ്‌കാരം സഭയില്‍ വരുന്നതായി തോന്നുന്നുണ്ടോ?
ഉണ്ട്. ഇടവകവൈദികരുടെ കാര്യത്തില്‍ മാത്രമല്ല സന്യാസ വൈദികരുടെ കാര്യത്തിലും അതുണ്ട്. സെമിനാരിയില്‍ നിന്ന് എതിരായ റിപ്പോര്‍ട്ട് കിട്ടിയാലും ഒരു അവസരം കൂടി കൊടുക്കാം എന്നൊക്കെ പ്രൊവിന്‍ഷ്യല്‍ തീരുമാനിക്കുന്ന രീതി. ഒരാളെ നഷ്ടമാക്കേണ്ട, മുന്നോട്ടു പോകുമ്പോള്‍ നന്നാക്കി എടുക്കാം എന്ന ഒരു പ്രതീക്ഷയിലാണ് ഇത് ചെയ്യുന്നത്.