പായസപ്പിള്ളേർ

story - payasa piller - Payasam Kids
Published on: 

കഴിഞ്ഞ മഴക്കാലത്താണ് മേരിക്കുട്ടിയുടെ കുടിൽ ഇടിഞ്ഞുവീണത്. കുടിൽ ഇടിഞ്ഞുവീഴുമ്പോൾ മേരിക്കുട്ടിയുടെ നാലു പെൺമക്കളും സ്കൂളിലായത് ഭാഗ്യമായി.

കിടപ്പുരോഗിയായ മേരിക്കുട്ടിക്ക് ഒന്നും പറ്റാത്തത് അതിലും ഭാഗ്യമായി.

മേരിക്കുട്ടിയുടെ ഭർത്താവ് ഉലഹന്നാൻ തെങ്ങുക്കയറ്റത്തൊഴിലാളി ആയിരുന്നു. പള്ളിപ്പറമ്പിലെ തെറ്റിൽ നിന്നു വീണാണ് ഉലഹന്നാൻ മരിച്ചത്. അതുവരെയും റോഡ് പുറമ്പോക്കിൽ താമസിച്ചിരുന്ന മേരിക്കുട്ടിയും കുഞ്ഞുങ്ങളും പള്ളിക്കാർ സംഭാവനയായി നല്കിയ അഞ്ചു സെന്റിൽ ഒരു കുടിൽവച്ച് അങ്ങോട്ടു മാറി.

മേരിക്കുട്ടിക്കും കുഞ്ഞുങ്ങൾക്കും ചെറിയൊരു വീടുവച്ചു കൊടുക്കാൻ പള്ളിക്കമ്മിറ്റിയിലെ ചിലർ ശക്തിയുക്തം വാദിച്ചെങ്കിലും ചിലർ എതിർത്തു. പ്രമേയം തള്ളി.

ഭർത്താവിന്റെ മരണശേഷം ഒരു കോൺട്രാക്ടറുടെ കീഴിൽ മക്കിയാട്ടുപണിക്കു പോയാണ് മേരിക്കുട്ടി കുടുംബകാര്യങ്ങൾ നിർവഹിച്ചിരുന്നത്. ഒരു ചട്ടി സിമന്റുമായി രണ്ടാം നിലയിൽനിന്നു വീണു മേരിക്കുട്ടിയുടെ നട്ടെല്ലിനു പരിക്കുപറ്റി.

സുമനസ്സുകളുടെ സഹായത്താലാണ് അവരുടെ ചികിത്സയും കുട്ടികളുടെ പഠിപ്പും നിർവഹിക്കുന്നത്.

ഇടിഞ്ഞുവീണ കൂരയ്ക്കുമുകളിൽ ഒരു പടുത വലിച്ചുകെട്ടി തൽക്കാലം നനയാത്ത രീതിയിലാക്കിക്കൊടുത്തു. അയൽവാസിയായ ഒരാൾ.

‘ചാരിറ്റി’ നടത്തുന്ന ചിലർ മേരിക്കുട്ടിയേയും മക്കളെയും കാണാനെത്തി.

“നല്ല ഒരു വീടു വയ്ക്കാനുള്ള പണം ഞങ്ങൾ സംഘടിപ്പിച്ചു തരാം. നിങ്ങൾ സഹകരിക്കണം. അമ്മയ്ക്കു മാത്രമല്ല നിങ്ങൾ പെൺകുട്ടികൾക്കു നാലുപേർക്കും അസുഖമാണെന്ന് ഞങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ ആകത്തക്ക രീതിയിൽ റീൽസ് തയ്യാറാക്കാം. കിട്ടുന്ന പണത്തിന്റെ ഫിഫ്റ്റി പെർസെന്റ് ഞങ്ങൾക്കു തന്നാൽ മതി.”

അവരുടെ ഉദ്ദേശ്യശുദ്ധി തിരിച്ചറിഞ്ഞ പത്താം ക്ലാസുകാരി ആനിന്റെ ഭാവം മാറി.

“അതൊന്നും വേണ്ട സാർ. സർക്കാരിൽനിന്നും വീടു കിട്ടാനുള്ള അപേക്ഷ കൊടുത്തിട്ടുണ്ട്. മിക്കവാറും ഉടനെ ശരിയാകുമെന്നാ മെമ്പർ ചേച്ചി പറഞ്ഞത്.”

“എന്റെ കൊച്ചേ, സർക്കാരിന്റെ വീട് എന്നത്തെക്കാലത്ത് കിട്ടാനാ... അതിന്റെയൊക്കെ പൊറകെ നടക്കാനുള്ള കഴിവ് വല്ലതും നിങ്ങൾക്കുണ്ടോ. നിങ്ങൾ ഉദ്ദേശിക്കുന്നതിലും നല്ല വീട് ഞാൻ പണിയിപ്പിച്ചു തരാം... നിങ്ങളൊന്നു സമ്മതം മൂളിയാൽ മതി.

“ഇല്ലാത്ത അസുഖം ഉണ്ടെന്നു പറഞ്ഞ് ആരുടേം കാശു മേടിക്കാൻ ഞങ്ങൾ ഒരുക്കമല്ല. സാറ് പോയാട്ടെ.” മേരിക്കുട്ടി കട്ടിലിൽക്കിടന്നു വളിച്ചുപറഞ്ഞു.

വന്നവർ ഇച്ഛാഭംഗത്തോടെ മടങ്ങി. “നൊണ പറഞ്ഞ് നമുക്ക് ആരുടേം കാശു വേണ്ട മക്കളെ... ദൈവം നമുക്കൊരു വഴി കാണിച്ചുതരും. ഒരു ഓപ്പറേഷൻ കൂടി കഴിഞ്ഞാൽ അമ്മയ്ക്ക് ഏറ്റു നടക്കാൻ പറ്റുമെന്നല്ലേ ഡോക്ടർ പറഞ്ഞത്. നമുക്കു കാത്തിരിക്കാം.”

“ശരിയമ്മേ, സത്യം പറഞ്ഞു കിട്ടുന്ന പണം മാത്രം മതി നമ്മക്ക്.” കുട്ടികൾ നാലുപേരും ഒരേ സ്വരത്തിൽ പറഞ്ഞു.

“ഈരണ്ടു വയസ്സിന്റെ വ്യത്യാസത്തിലുള്ള മക്കളെ കാണുമ്പോൾതന്നെ മനസ്സിനു വല്ലാത്ത സന്തോഷമാണ്.”

ഓണത്തിനു സ്കൂൾ അടച്ചു.

“അമ്മേ, പത്തു ദിവസത്തെ അവധി ഉണ്ടല്ലോ. വെറുതെ വീട്ടിലിരിക്കാതെ ഞങ്ങൾ എന്തെങ്കിലും സംരംഭം തുടങ്ങിയാലോ?”

മേരിക്കുട്ടി ഒന്നു ചിരിച്ചു.

“നിങ്ങൾ പീക്കിരിപ്പിള്ളേർ എന്നാ സംരംഭം തുടങ്ങാനാ. അതിനു നിങ്ങടെ കൈയ്യിൽ കാശു വല്ലതും ഉണ്ടോ.”

കുട്ടികൾ നാലുപേരും അമ്മയുടെ കട്ടിലിൽ വന്നിരുന്നു. അവരുടെ മുഖത്ത് എന്തോ തീരുമാനിച്ചുറച്ച ഭാവം.

“അമ്മ രണ്ടു വർഷം മുമ്പ് ഓണത്തിനു ഞങ്ങൾക്കു പായസം ഉണ്ടാക്കിത്തന്നില്ലേ... എന്ത് അസാദ്ധ്യ ടേസ്റ്റായിരുന്നു. പായസം എങ്ങനെ ഉണ്ടാക്കണമെന്ന് അമ്മ പറഞ്ഞു തന്നാൽ മതി. ബാക്കി കാര്യം ഞങ്ങളേറ്റു.”

ആൻ ആവേശത്തോടെ തീരുമാനം അറിയിച്ചു.

“പായസം ഞങ്ങൾ റോഡരികിൽ വച്ചുവിൽക്കാം. അങ്ങനെ കിട്ടുന്ന രൂപകൊണ്ട് അമ്മയ്ക്കും ഞങ്ങൾക്കും ഓണക്കോടി വാങ്ങാം.” എട്ടാം ക്ലാസുകാരി മരിയ പറഞ്ഞു.

“സംഗതി കൊള്ളാം. ശർക്കരയും ഗോതമ്പുമൊക്കെ മേടിക്കാൻ പൈസ വേണ്ടേ മക്കളെ.” കുഞ്ഞുങ്ങളെ സന്ദേഹത്തോടെ നോക്കി മേരിക്കുട്ടി പ്രതിവചിച്ചു.

“എനിക്കു സ്കോളർഷിപ്പ് ഇന്നു കിട്ടിയമ്മേ... ആയിരം രൂപയൊണ്ട് നമുക്കതു കൊണ്ടു തുടങ്ങാം... ദൈവം നമ്മളെ കൈവിടില്ല.”

ആനിന്റെ ആത്മവിശ്വാസം കണ്ട് മേരിക്കുട്ടി തലചലിപ്പിച്ചു ചിരി തൂകി.

അമ്മയുടെ സമ്മതം കിട്ടിയപ്പോൾ നാൽവർ സംഘം ആഹ്ലാദാരവം മുഴക്കി.

അമ്മയുടെ നിർദേശാനുസരണം പായസത്തിനുവേണ്ട സാധനങ്ങൾ നാൽവരും കൂടി വാങ്ങി വന്നു. മക്കൾ തയ്യാറാക്കിയ പായസം മേരിക്കുട്ടി രുചിച്ചു നോക്കി.

“ഇതു ഞാൻ ഉണ്ടാക്കുന്നതിലും ബെസ്റ്റാ.”

അമ്മയുടെ അഭിനന്ദനത്തിൽ അവർ ആഹ്ലാദം പുറപ്പെടുവിച്ചു.

റോഡരികിലെ വാകമരത്തിന്റെ പരിസരം അവർ ചൂലുകൊണ്ട് അടിച്ചു വൃത്തിയാക്കി. അവർ പുസ്തകങ്ങൾ വയ്ക്കുന്ന മേശ കൊണ്ടിട്ട് അതിന്മേൽ പായസക്കലവും പേപ്പർ ഗ്ലാസുകളും വച്ചു.

പേപ്പർ ഗ്ലാസ് കൈയിലെടുത്ത് കുട്ടികൾ “പായസം... പായസം...” എന്നു വിളിച്ച് ചിരിച്ചുകൊണ്ട് യാത്രക്കാരെ വിളിച്ചു.

സംഗതി പെട്ടെന്ന് ക്ലിക്കായി. രണ്ടു മണിക്കൂർകൊണ്ട് പായസപാത്രം കാലിയാക്കി. മുടക്കുമുതലിന്റെ ഇരട്ടി കിട്ടിയ സന്തോഷത്തിൽ കുട്ടികൾ വീട്ടിലേക്കു മടങ്ങി.

പിറ്റേന്ന് ഇരട്ടി ഉണ്ടാക്കിക്കൊണ്ടുവന്നു. ഒരു ഗ്ലാസ് കുടിച്ചവർ വീണ്ടും വാങ്ങിക്കുടിച്ചു.

കുട്ടികളുടെ സംരംഭത്തെ കളിയാക്കാനും അവരെ ശുണ്ഠിപിടിപ്പിക്കാനും ചില തല തെറിച്ചവന്മാർ വന്നെങ്കിലും നാൽവർ സംഘം അവരെ നാക്കുകൊണ്ട് അരിഞ്ഞുവീഴ്ത്തി.

നാലഞ്ചു ദിവസം കൊണ്ട് പായസം വിൽക്കുന്ന പിള്ളേരേക്കുറിച്ചുള്ള കഥ നാട്ടിൽ പാട്ടായി. അവരെ “പായസപ്പിള്ളേർ” എന്നു നാട്ടുകാർ വിളിച്ചു.

മധുരയിൽ നിന്നും കൊച്ചിയിലേക്ക് കാർ മാർഗം യാത്ര ചെയ്യുകയായിരുന്നു ഫൈവ് സ്റ്റാർ ഹോട്ടലുടമ രാജശേഖരനും ഭാര്യ ഗായത്രിയും. രണ്ട് ആൺമക്കൾ മാത്രമുള്ള ഗായത്രിക്ക് പെൺകുട്ടികളോടു പ്രത്യേക താല്പര്യമായിരുന്നു.

വഴിയരികിൽ പായസക്കച്ചവടം നടത്തുന്ന നാൽവർ സംഘത്തെക്കണ്ട് ഗായത്രിക്കു കൗതുകം തോന്നി. നിറം മങ്ങിയ ഡ്രസുകളാണ് അവരുടേതെങ്കിലും അവർ വൃത്തിയായാണ് ധരിച്ചിരിക്കുന്നതെന്ന് ഗായത്രി കണ്ടു.

അവർ ഡ്രൈവറോടു കാർ നിർത്താൻ ആവശ്യപ്പെട്ടു. ഗായത്രി വണ്ടിയിൽ നിന്നിറങ്ങി. രാജശേഖരൻ ചെറുചിരിയോടെ കുട്ടികളുടെ ഭാവവാഹാദികൾ കണ്ട് കാറിൽത്തന്നെ ഇരുന്നു.

കുട്ടികൾ ഭയഭക്തി ബഹുമാനത്തോടെയാണ് ഗായത്രിയെ സ്വീകരിച്ചത്.

ഗായത്രി അവരുടെ വിശേഷങ്ങളെല്ലാം താല്പര്യത്തോടെ ചോദിച്ചറിഞ്ഞതിനുശേഷം ഒരു ഗ്ലാസ് പായസം വാങ്ങി രുചിച്ചു നോക്കി. പൂർണ്ണതൃപ്തിയോടെ അവർ കുഞ്ഞുങ്ങൾക്കു ചിരി സമ്മാനിച്ചു.

ഗായത്രിയുടെ നിർബന്ധത്തിനു വഴങ്ങി രാജശേഖരനും പായസം രുചിച്ചുനോക്കി. അയാൾ പുഞ്ചിരിയോടെ ഭാര്യയെ നോക്കി.

“നമ്മുടെ ഫൈവ് സ്റ്റാർ ഹോട്ടലിലെ പായസത്തിന് ഇത്രയും ടേസ്റ്റുണ്ടോ...” അവർ ശബ്ദം താഴ്ത്തി ഭർത്താവിനോടു ചോദിച്ചു. മറുപടി പറയാതെ അയാൾ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.

“ഇതിന്റെ കൂട്ട് നമുക്കൊന്നു പഠിക്കണം.”

ഗായത്രി പെൺകുട്ടികളെക്കുറിച്ചും അവരുടെ അമ്മയെക്കുറിച്ചും ഭർത്താവിനോടു പറഞ്ഞു.

ഗായത്രിയുടെ നിർദേശാനുസരണം കുട്ടികൾ കച്ചവടത്തിനു ബ്രേക്കിട്ട് അവരെയും കൂട്ടി അമ്മയുടെ അടുത്തെത്തി.

അവർ മേരിക്കുട്ടിയോടു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. “ഈ പായസത്തിന്റെ കൂട്ട് എന്റെ ഷെഫിനൊന്നു പറഞ്ഞുകൊടുക്കണം. ഞങ്ങൾക്കു ഹോട്ടലുണ്ട്.”

രാജശേഖരന്റെ ആവശ്യത്തിന് നിറഞ്ഞ സന്തോഷത്തോടെ മേരിക്കുട്ടി സമ്മതം മൂളി.

“ഗായത്രിക്കൊരു ചാരിറ്റബിൽ ട്രസ്റ്റുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസവും നിങ്ങളുടെ ചികിത്സയും അവർ ഏറ്റെടുക്കും. നല്ലൊരു വീടു ഞങ്ങൾ പണിതു തരാം. തൽക്കാലം നാളെ ഒരു വാടകവീട്ടിലേക്കു മാറ്റാം.”

മേരിക്കുട്ടി നിറഞ്ഞ കണ്ണുകളോടെ രാജശേഖരന്റെ നേരേ കൈകൂപ്പി.

നാൽവർ സംഘം തികഞ്ഞ സന്തോഷത്തിൽ രാജശേഖരനെയും ഭാര്യയേയും നോക്കി.

logo
Sathyadeepam Online
www.sathyadeepam.org