Todays_saint

വിശുദ്ധ ജോണ്‍ കാന്റി (1390-1478) : ഡിസംബര്‍ 24

Sathyadeepam
അസത്യങ്ങള്‍ക്കെതിരെ പടവെട്ടുക. എന്നാല്‍, ക്ഷമയും മര്യാദയും സ്‌നേഹവുമായിരിക്കണം നിങ്ങളുടെ ആയുധങ്ങള്‍. കാരണം, ഹിംസ സ്വന്തം ആത്മാവിനെ മുറിവേല്പിക്കുമെന്നു മാത്രമല്ല, എല്ലാ നന്മകള്‍ക്കും ക്ഷതമേല്പിക്കും.
വിശുദ്ധ ജോണ്‍ കാന്റി.
പോളണ്ടിലെ ക്രാക്കോരൂപതയില്‍ കാന്റി എന്ന ഗ്രാമത്തിലാണ് ജോണിന്റെ ജനനം. 1390 ജൂണ്‍ 23-ന് ജനിച്ച ജോണിന്റെ മാതാപിതാക്കള്‍ ഭക്തരായ സാധു ഗ്രാമീണ കര്‍ഷകരായിരുന്നു. 1417-ല്‍ ക്രാക്കോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലിബറല്‍ ആര്‍ട്‌സില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി എടുത്ത ജോണ്‍ കുറെക്കാലം മീക്കോവിലെ ഒരു സ്‌കൂളിന്റെ റെക്ടറായി ജോലി ചെയ്തു. പിന്നീട്, തത്ത്വശാസ്ത്രം പഠിപ്പിക്കുന്ന ഒരു കോളേജില്‍ അദ്ധ്യാപകനായി. ആ കോളേജിലെ ഡീനായി അദ്ദേഹം പിന്നീട് നിയമിക്കപ്പെട്ടു. അതിനുശേഷമാണ് ദൈവശാസ്ത്രത്തില്‍ അദ്ദേഹം മാസ്റ്റേഴ്‌സ് ഡിഗ്രി എടുത്തത്. ശിഷ്ടകാലം മുഴുവന്‍ അദ്ദേഹം ദൈവശാസ്ത്രാദ്ധ്യാപകനായി തുടര്‍ന്നു.

പൗരോഹിത്യം സ്വീകരിച്ചതിനുശേഷം ഒരു ഇടവകയില്‍ കുറച്ചുകാലം ജോലി ചെയ്തു. ആദ്യം ഇടവകക്കാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തില്ല. എന്നാല്‍, അദ്ദേഹം സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയപ്പോള്‍ അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായി. എപ്പോഴും പ്രസന്നതയും സ്‌നേഹവും നിറഞ്ഞ പെരുമാറ്റം, അസാധാരണമായ വിനയം, എല്ലാറ്റിനുമുപരി അദ്ദേഹത്തില്‍ വിളങ്ങിയിരുന്ന കരുണയും പാവങ്ങളോടുള്ള പരിഗണനയും. തന്റെ കൈയിലുള്ളതെന്തും അദ്ദേഹം ആവശ്യക്കാരനു നല്‍കിയിരുന്നു. നഗ്നപാദനനായി അദ്ദേഹം അനേകം തവണ വീട്ടിലെത്തിയിട്ടുണ്ട്. നഗ്നപാദനായ ഒരു ഭിക്ഷക്കാരനെ കണ്ടാല്‍ അദ്ദേഹം ഉടന്‍ തന്റെ, ഷൂസ് ഊരി നല്‍കും. പ്രായശ്ചിത്തത്തിന്റെ അരൂപിയില്‍ വളരെ കുറച്ചുമാത്രമേ ഭക്ഷിച്ചിരുന്നുള്ളു. മത്സ്യ-മാംസാദികള്‍ മനഃപൂര്‍വ്വം വര്‍ജ്ജിച്ചു. വെറും തറയിലാണു കിടന്നുറങ്ങി യിരുന്നത്. വളരെ കുറച്ചു സമയമേ ഉറങ്ങിയിരുന്നുള്ളു. ദൈവത്തിനെതിരായുള്ള നന്ദികേടും കുറ്റകൃത്യങ്ങളും അദ്ദേഹത്തെ അസ്വസ്ഥനാക്കി യിരുന്നു. താന്‍ അര്‍പ്പിക്കുന്ന ദിവ്യബലികള്‍ ദൈവത്തിന്റെ കരുണയ്ക്കുവേണ്ടി സമര്‍പ്പിച്ചിരുന്നു.
നാലുപ്രാവശ്യം നടന്ന് റോമിലേക്ക് അദ്ദേഹം തീര്‍ത്ഥയാത്ര നടത്തി. ചുമലില്‍ ഭാണ്ഡക്കെട്ടുമായിട്ടായിരുന്നു യാത്ര. ഒരു പ്രാവശ്യം വിശുദ്ധ നാട്ടിലേക്കും യാത്രപോയി. വഴിക്ക് തുര്‍ക്കികളുടെ ആക്രമണത്താല്‍ രക്തസാക്ഷിയാകാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. എന്നാല്‍, യാത്രയ്ക്കിടയില്‍ അദ്ദേഹത്തെ കള്ളന്മാര്‍ കൊള്ളയടിച്ചു. തന്റെ കൈവശമുള്ളതെല്ലാം നല്‍കിയാല്‍ ജീവനോടെ വിട്ടേക്കാമെന്നായിരുന്നു കള്ളന്മാരുടെ നിലപാട്. ജോണ്‍ കൈവശമുള്ളതെല്ലാം നല്‍കിയിട്ട് യാത്ര തുടര്‍ന്നു. അല്പം കഴിഞ്ഞപ്പോഴാണ്, തന്റെ ഡ്രസ്സിന്റെ ഒരു രഹസ്യപോക്കറ്റില്‍ കുറച്ചു നാണയങ്ങള്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള കാര്യം അദ്ദേഹം ഓര്‍ത്തത്. ഉടന്‍ അദ്ദേഹം തിരിച്ചുചെന്ന്, തന്റെ ഓര്‍മ്മപ്പിശകാണെന്നു ക്ഷമാപണത്തോടെ പറഞ്ഞ് ആ നാണയങ്ങള്‍ കൂടി കള്ളന്മാരെ ഏല്പിച്ചു. ഇക്കുറി ഞെട്ടിയത് കള്ളന്മാരാണ്. സത്യത്തിന്റെ അവതാരമായ ആ മനുഷ്യനെ അവര്‍ അത്ഭുതത്തോടെ നോക്കിനിന്നു. അദ്ദേഹത്തില്‍നിന്നു നേരത്തെ തട്ടിയെടുത്ത പണം പോലും തിരിച്ചു നല്‍കിയിട്ട് അവര്‍ തടിതപ്പി.
1473-ല്‍ ക്രിസ്മസിന്റെ തലേന്ന്, 83-ാമത്തെ വയസ്സില്‍ ജോണ്‍ കാന്റി ഇഹലോകവാസം വെടിഞ്ഞു. പാണ്ഡിത്യത്തെക്കാളും അധ്യാപന സാമര്‍ത്ഥ്യത്തെക്കാളും ജീവിതവിശുദ്ധിയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. 1690-ല്‍ വാഴ്ത്തപ്പെട്ടവനാക്കപ്പെട്ട അദ്ദേഹത്തെ പോപ്പ് ക്ലമന്റ് XII, 1737 ല്‍ പോളണ്ടിന്റെയും ലിത്വാനിയയുടെയും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. 1767 ജൂലൈ 16 ന് പോപ്പ് ക്ലമന്റ് XIII ജോണ്‍ കാന്റിയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം