Todays_saint

വിശുദ്ധ ബനഡിക്ട് ജോസഫ് ലാബ്രെ (1748-1783) : ഏപ്രില്‍ 15

Sathyadeepam
ദൈവം അത്രയേറെ നല്ലവനും കാരുണ്യവാനുമാണ്; സ്വര്‍ഗ്ഗ ഭാഗ്യം ലഭിക്കുവാന്‍ ആത്മാര്‍ത്ഥമായി അവിടുത്തോടു അത് ആവശ്യപ്പെടുകയേ വേണ്ടൂ
വി. ബനഡിക്ട് ജോസഫ് ലാബ്രെ

ഫ്രാന്‍സില്‍ ബൊളോണിനടുത്തുള്ള അമറ്റിസാണ് വി. ബനഡിക്ടിന്റെ ജന്മസ്ഥലം. 1748 മാര്‍ച്ച് 25-ന് പതിനഞ്ചുമക്കളുള്ള ഒരു വീട്ടില്‍ മൂത്തവനായി ബനഡിക്ട് ജനിച്ചു. അച്ഛന്‍ കര്‍ഷകനായിരുന്നു. ഏതാനും വര്‍ഷം ഒരു അമ്മാവന്റെ കൂടെ താമസിച്ചായിരുന്നു പഠനം. എറിന്‍ എന്ന ഇടവകയുടെ വികാരിയായിരുന്ന അമ്മാവന്‍ ഒരു കാര്യം മനസ്സിലാക്കി; ബനഡിക്ടിന് വൈദികനാകാനുള്ള ദൈവവിളിയില്ല. ഒരു സന്യാസിയാകാന്‍ വേണ്ട ഗുണഗണങ്ങള്‍ ഉണ്ടുതാനും. എന്നാല്‍, രണ്ടു കര്‍ത്തൂസിയന്‍ മൊണാസ്റ്ററികള്‍ അയാളെ സ്വീകരിക്കാന്‍ തയ്യാറായില്ല. അതുകൊണ്ട് ഒരു ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ ചേര്‍ന്നു. രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കഴിഞ്ഞപ്പോള്‍ അവരും അയാളെ പറഞ്ഞുവിട്ടു. അവസാനം സിസ്‌റ്റേഴ്‌സ്യന്‍ സന്ന്യാസികളുടെ കൂടെചേരാന്‍ തീരുമാനിച്ചെങ്കിലും പെട്ടെന്ന് അസുഖം മൂര്‍ച്ഛിച്ചതിനാല്‍ ആശ്രമംവിട്ടു പോരേണ്ടിവന്നു.

അപ്പോള്‍ ബനഡിക്ടിന് 22 വയസ്സായിരുന്നു. റോമിലേക്ക് ഒരു തീര്‍ത്ഥാടനം നടത്താനായിരുന്നു അപ്പോള്‍ അയാളുടെ മോഹം. അങ്ങനെ, 13 വര്‍ഷം നീണ്ട സുദീര്‍ഘമായ ഒരു തീര്‍ത്ഥാടനയാത്രയ്ക്ക് തുടക്കമായി. സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലണ്ട്, ഇറ്റലി എന്നിവിടങ്ങളിലെ ക്രിസ്തീയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൂടെയുള്ള പ്രാര്‍ത്ഥനാ നിര്‍ഭരമായ യാത്ര. കൈയില്‍ ബൈബിള്‍ പുതിയനിയമവും കാനോന നമസ്‌കാരവും ക്രിസ്താനുകരണവും കുറച്ചു ചെറിയ പ്രാര്‍ത്ഥനകളും മാത്രം.

കര്‍ശനമായ ഉപവാസവും ഭക്ഷണനിയന്ത്രണവും ബനഡിക്ടിന്റെ ജീവിതചര്യയായിരുന്നു. യാത്രയ്ക്കിടയില്‍ ഭിക്ഷ യാചിക്കും. കിട്ടുന്നത് വഴിയില്‍ കണ്ടുമുട്ടുന്ന പാവങ്ങളും ദരിദ്രരുമായി പങ്കുവയ്ക്കും. രാപകല്‍ പ്രാര്‍ത്ഥനയില്‍ മുഴുകി കഴിച്ചുകൂട്ടുന്ന അദ്ദേഹം ഉപവി ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമാണു നിശ്ശബ്ദത ഭഞ്ജിക്കുക. ഭക്ഷിക്കാന്‍ ഒന്നും ലഭിച്ചില്ലെങ്കിലും അടിസ്ഥാനപരമായി അദ്ദേഹം സന്തുഷ്ടനായിരുന്നു. അങ്ങനെ, താന്‍ അനുഭവിച്ചിരുന്ന ആന്തരികസമാധാനവും വേദനകള്‍ സഹിക്കാനുള്ള സന്മനസ്സും അദ്ദേഹം മറ്റുള്ളവരിലേക്ക് ആദ്ധ്യാത്മികമായി കൈമാറിയിരുന്നു.

അസ്സീസിയില്‍വച്ച് ഫ്രാന്‍സിസ്‌കന്‍ മൂന്നാംസഭയില്‍ അദ്ദേഹം അംഗമായി. ഏഴുവര്‍ഷത്തെ തീര്‍ത്ഥാടനത്തിനുശേഷം ബനഡിക്ട് റോമില്‍ സ്ഥിരവാസം തുടങ്ങി. പക്ഷേ, തങ്ങാന്‍ ഒരു മുറിയോ സ്ഥിരമായിട്ട് ഒരു സ്ഥലമോ ഉണ്ടായിരുന്നില്ല. കൊളോസിയത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ മൂലയിലെവിടെയെങ്കിലും കിടന്നുറങ്ങും. അവിടെ, നിശയുടെ നിശ്ശബ്ദതയില്‍, കൈകള്‍ വിരിച്ചുപിടിച്ച് കുരിശിന്റെ വഴിയേ ധ്യാനിച്ചുകൊണ്ട് ദൈവത്തിന്റെ കരുണ യാചിക്കും. നാല്പതു മണിക്കൂര്‍ ആരാധന നടക്കുന്ന പള്ളികളില്‍ പതിവായി പോകുകയും മണിക്കൂറുകള്‍ ദിവ്യമായ നിര്‍വൃതിയില്‍ ലയിച്ചു ചെലവഴിക്കുകയും ചെയ്യും. അങ്ങനെ, 'നിത്യാരാധനയുടെ ഭിക്ഷു' എന്ന് അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി.

കന്യകാമാതാവിനോടുള്ള തന്റെ തീവ്രമായ സ്‌നേഹം ചില സ്വയം പ്രേരിത പ്രാര്‍ത്ഥനകളില്‍നിന്നു വ്യക്തമായിരുന്നു.
1783 ഏപ്രില്‍ 16നായിരുന്നു ബനഡിക്ടിന്റെ മരണം. അതു വലിയ ആഴ്ചയായിരുന്നു. 'സാന്താ മരിയ ദേയിമോന്തി'യിലേക്കു ജനസഹസ്രങ്ങള്‍ ഒഴുകിയെത്തി. ഈസ്റ്ററിന് ദിവ്യബലി അര്‍പ്പിക്കാന്‍ മിലിട്ടറി സഹായത്തോടെ ജനങ്ങളെ നിയന്ത്രിക്കേണ്ടിവന്നു. 35 വര്‍ഷം മാത്രം ഈ ലോകത്തില്‍ കഴിച്ചുകൂട്ടിയ ബനഡിക്ട് മരിച്ച് മൂന്നുമാസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യം വഴി നടന്ന അത്ഭുതരോഗശാന്തികള്‍ 136 എണ്ണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. 1883 ഡിസംബര്‍ 8-ന് പോപ്പ് ലെയോ XIII ബനഡിക്ടിനെ വിശുദ്ധനെന്നു പ്രഖ്യാപിച്ചു.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല