ULife

നൊമ്പരങ്ങളുടെ ഉദാത്തീകരണം

Sathyadeepam

സി. സോജ മരിയ സിഎംസി

'കഠിനമായ വേദന സഹിച്ച് രാത്രിയുടെ നീണ്ട യാമങ്ങളില്‍ ഉറക്കമില്ലാതെ കിടക്കുമ്പോള്‍ നീ എന്തു ചെയ്യുകയാണ്?' ഗുരുവിന്റെ ചോദ്യത്തിന് അല്‍ഫോന്‍സ എന്ന ആ കൊച്ചുകന്യാസ്ത്രീ പുഞ്ചിരി പൊഴിച്ചു കൊണ്ടു മറുപടി നല്‍കി. 'ഞാന്‍ സ്‌നേഹിക്കുകയാണ്.' വേദനയുടെ ആധിക്യത്തില്‍, സഹനത്തിന്റെ മണിക്കൂറില്‍ ദൈവത്തെയും മനുഷ്യരെ യും സ്‌നേഹിക്കാന്‍ കഴിവു ള്ള സ്ത്രീ. അങ്ങനെയാണ വള്‍ കേരളത്തിലെ ആദ്യ വിശുദ്ധയായിത്തീര്‍ന്നത്. വേദനയുടെ നിമിഷങ്ങളെ സ്‌നേഹത്തിന്റെ അനുഭവമാക്കി മാറ്റാന്‍ മനുഷ്യന് കഴിയും എന്നതാണ് ഇതിലെ സുവിശേഷം.
സഹനത്തിന്റെ തിക്താനുഭവങ്ങളില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ വീണ്ടും ചിറകടിച്ചു യരാന്‍ കെല്‍പ്പുള്ളവനാണ് മനുഷ്യന്‍. സ്വന്തം തീരുമാനത്തിന്റെ, മനഃശക്തിയുടെ, തിരിച്ചറി വിന്റെ ബലമാണ് നമുക്കാവശ്യം. മനുഷ്യര്‍ തങ്ങളുടെ മുറിവുകളെയും ബലഹീനതകളെയും വേദനകളെയും തരണം ചെയ്യാന്‍ ശ്രമിക്കുന്നത് പല തരത്തിലാണ്. ചിലര്‍ സ്വന്തം മുറിവുകളിലേക്കു തന്നെ തിരിഞ്ഞു അവയെ താലോലിച്ചു സ്വയം നൊമ്പരങ്ങളുടെ തടവുകാരായി വാഴും. സഹനങ്ങള്‍ മറ്റു ചിലരില്‍ നിറയ്ക്കുന്നത് കയ്പ്പും വാശിയും ദേഷ്യവുമാണ്. താന്‍ അനുഭവിച്ച വേദന യുടെ അല്‍പമെങ്കിലും ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍ മറ്റൊരാള്‍ക്ക് കൊടുത്തു കഴിയുമ്പോള്‍ മാത്രമേ ചിലര്‍ക്ക് സമാധാനമാകൂ. വേറെ ചിലര്‍ക്ക് വേദനകളും സങ്കടങ്ങളും ജീവിത ത്തിന്റെ ചില അധ്യായങ്ങ ളുടെ വിരാമമാണ്. പിന്നീടൊരിക്കലും അവര്‍ ആ താളുകള്‍ പിന്നോട്ട് മറിക്കില്ല, അവയെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടില്ല.
എങ്ങനെയാണ് ജീവിതത്തിലെ വേദനകളെ, കഷ്ടതകളെ നാം ശരിയായി കൈകാര്യം ചെയ്യേണ്ടത്? അതിന് ദൈവശാസ്ത്രവും മനഃശാസ്ത്രവും തരുന്ന ഉത്തരം ഒന്നു തന്നെയാണ്. സഹനാനുഭവങ്ങളെ ഉദാത്തീകരിക്കുക. അഥവാ ൗെയഹശാമലേ ചെയ്യുക. ക്രൂശിതനായ ഈശോയുടെ നെഞ്ചുകുത്തിപ്പിളര്‍ന്ന അന്ധന് നല്‍കാന്‍ അവിടുന്ന് കരുതിവച്ചത് കാഴ്ചയുടെ സമ്മാനമാണെന്ന കഥ, സഹിക്കുന്ന മനുഷ്യന് സൗഖ്യത്തിന്റെ ദാതാവാകാന്‍ സാധ്യതയുണ്ടെന്ന സത്യം കാല്‍വരിയോളം ഉയര്‍ത്തി പ്രതിഷ്ഠിക്കുകയാണ്. യേശുവിന്റെ നൊമ്പരപ്പാടുകളാണ് മനുഷ്യകുലത്തിന്റെ അനുഗ്രഹച്ചാലുകളായി തീര്‍ന്നത്. മറിയത്തിന്റെ വ്യാകുലഹൃദയമാണ് ലോകത്തിന് രക്ഷകനെ നല്‍കിയത്. എന്തിനേറെ, അമ്മയുടെ നൊമ്പരമല്ലേ ഓരോ കുഞ്ഞും. ഓരോരുത്തരുടെയും വളര്‍ച്ചയുടെ ഗ്രാഫ് ഉയരുന്നത് ആരുടെയൊ ക്കെയോ നിര്‍ലോഭമായ ഔദാര്യത്തിന്റെ, കരുതലിന്റെ, സഹനങ്ങ ളുടെ അക്ഷങ്ങളിലാണ്. വേദനകളില്‍ നിന്നും ഓടിയൊളിക്കുകയല്ല, വേദന നല്‍കുകയല്ല, സ്വയം പഴിക്കുകയല്ല മറിച്ചു അവനവനും മറ്റുള്ളവര്‍ക്കും ഉപകാരമുള്ള ക്രിയാത്മകതയിലേക്ക്, നന്മയിലേക്ക്, സൗന്ദര്യത്തിലേക്ക്, സ്വസ്ഥതയിലേക്ക്… സങ്കടങ്ങളുടെ ഒഴുക്കിനെ തിരിച്ചുവിടുകയാണ് നാം ചെയ്യേണ്ടത്. തുടക്കം മുതല്‍ ഒടുക്കം വരെ എരിതീയില്‍ കത്തുന്നുണ്ട് ചില ജീവിതങ്ങള്‍. പക്ഷെ, ചാമ്പലാകുന്നില്ല. ആര്‍ക്കൊക്കെയോ ദൈവാനുഭവത്തിന്റെ ദര്‍ശനനിറവായി അവര്‍ മാറുന്നുണ്ട്. ഒരു സഹനവും വെറുതെയല്ല, വെറുതെയാവുകയുമരുത്. 'ഏകാന്തതകള്‍ അഗാധ ധ്യാനത്തിന്റെ മഴവില്ല് വിരിക്കുന്നു; വിരഹനൊമ്പരങ്ങളുടെ തൂലിക തുമ്പില്‍ നിന്നും മഹാ കൃതികള്‍ ഉതിര്‍ന്നു വീഴുന്നു; രോഗങ്ങളും സഹനങ്ങളും ബുദ്ധനെ സൃഷ്ടിക്കുന്നു.'

നന്മയുടെ തിരുശേഷിപ്പുകളായ ജീവിതങ്ങളൊക്കെയും
നൊമ്പരങ്ങളുടെ മൂശയില്‍ ഉരുക്കി വാര്‍ത്ത കഥകള്‍
പറയുന്നുണ്ട്. വേദനകള്‍ എന്നെ ബലപ്പെടുത്തുന്നു എന്ന്
തിരിച്ചറിയുന്നിടത്ത് ജീവിതത്തിന്റെ വിജയം
തുടങ്ങുകയായി. സങ്കടങ്ങള്‍ ഒരുവന് സങ്കടമേയല്ലായെങ്കില്‍
പിന്നെങ്ങനെ അവനെ പരാജയപ്പെടുത്തും?


അമ്മയോടായിരുന്നു കൊച്ചുകുര്യാക്കോസിന് ഏറെ ഇഷ്ടം! ഒന്‍പതാം വയസ്സില്‍ വീട് വിട്ട് സെമിനാരിയില്‍ ചേരുമ്പോഴും കുടുംബത്തിന്റെ ഓര്‍മ്മകള്‍ അവന്റെ മനസ്സിനെ വട്ടമിട്ടു നിന്നു. സ്‌നേഹനിധിയായ അപ്പനും പ്രിയപ്പെട്ട അമ്മയും ആകെയുള്ള ഒരു ചേട്ടനും വസൂരി വന്നു മരിച്ചെന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം അറിയുമ്പോള്‍ വെറും പന്ത്രണ്ട് വയസ്സു മാത്രമേ അവന് പ്രായമുണ്ടായിരിന്നുള്ളൂ. ഒരു നോക്ക് കാണാന്‍ പോലും പറ്റാതെ ഉറ്റവരെ അടക്കം ചെയ്ത മണ്‍കൂനയ്ക്കു മുന്‍പില്‍ നിന്നപ്പോള്‍ അവന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകണം ഇനി തന്റെ വീട് ലോകമാണെന്ന്, ഈ ഭൂമിയിലെ എല്ലാവരും തന്റെ കൂടപ്പിറപ്പുകളാണെന്ന്. ആ കുട്ടി വളര്‍ന്നപ്പോള്‍ കുടുംബങ്ങള്‍ക്ക് വേണ്ടി ചട്ടങ്ങള്‍ എഴുതി നല്‍കി, കുടുംബങ്ങളുടെ ഭദ്രതയ്ക്കായി അക്ഷീണം പരിശ്രമിച്ചു. അനാഥരെ സംരക്ഷിക്കാന്‍ ഉപവിശാല ആരംഭിച്ചു. മരണ നിമിഷങ്ങളിലും മനുഷ്യന്‍ അന്തസ്സോടെ ആയിരിക്കാന്‍ നന്മരണ സഖ്യത്തിന് തുടക്കം കുറിച്ചു. ഈ നാടിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ആ അനാഥബാലന്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം വി. ചാവറ കുര്യാക്കോസ് ഏലിയാസ് ആയി അള്‍ത്താരയില്‍ വണങ്ങപ്പെടുന്നു. നന്മയുടെ തിരുശേഷിപ്പുകളായ ജീവിതങ്ങളൊക്കെയും നൊമ്പരങ്ങളുടെ മൂശയില്‍ ഉരുക്കി വാര്‍ത്ത കഥകള്‍ പറയുന്നുണ്ട്. വേദനകള്‍ എന്നെ ബലപ്പെടുത്തുന്നു എന്ന് തിരിച്ചറിയുന്നിടത്ത് ജീവിതത്തിന്റെ വിജയം തുടങ്ങുകയായി. സങ്കടങ്ങള്‍ ഒരുവന് സങ്കടമേയല്ലായെങ്കില്‍ പിന്നെങ്ങനെ അവനെ പരാജയപ്പെടുത്തും? സാധ്യമല്ല തന്നെ.
ഉദാത്തീകരണത്തിന്റെ ആകാശത്തിലേക്ക് മെല്ലെ ചിറകുവിരിക്കാന്‍ സമയമായിരിക്കുന്നു. ഉള്ളിലേക്ക് നോക്കി എന്റെ നൊമ്പരങ്ങളെ തിരിച്ചറിയുന്നിടത്തുനിന്നും ഒരു നല്ല തുടക്കമാകട്ടെ. അത് എന്നില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍, തന്ന പാഠങ്ങള്‍, എല്ലാവരില്‍ നിന്നും വ്യത്യസ്തമാകാന്‍, ഉയര്‍ന്ന് പറക്കാന്‍ പരിശീലിപ്പിച്ച മാര്‍ഗങ്ങള്‍ സ്‌നേഹത്തിന്റെ, നന്മയുടെ, പുതുസൃഷ്ടിയുടെ പ്രവാഹങ്ങളിലേക്ക് ജീവിതഗതിയെ തിരിച്ചുവിടാന്‍ നിമിത്തമായതോര്‍ത്തു ഉള്ളില്‍ നന്ദി നിറയട്ടെ. വ്യക്തിത്വത്തിന്റെ ബലങ്ങളെ തിരിച്ചറിയാന്‍ സഹായിച്ചത്, കരയില്‍ പിടിച്ചിട്ട് ജീവനുള്ള മീനിനെപ്പോലെ പിടച്ചു പിടച്ചു സഹിച്ച നിമിഷങ്ങളായിരുന്നു എന്ന അറിവ് പുതുചൈതന്യത്തിന്റെ പുത്തന്‍ പുലരികള്‍ക്കു കളമൊരുക്കും എന്നതില്‍ തെല്ലും സംശയിക്കേണ്ടതില്ല. മനസ്സിനെ വ്യത്യസ്തതയുടെ, ക്രിയാത്മകതയുടെ ആ മനോഹര ഭൂമികയിലേക്ക് തിരിച്ചുനിര്‍ത്തുകയാണാവശ്യം. വേദനകളെ ഭയപ്പെടേണ്ടതില്ല; സഹനങ്ങളില്‍ നിന്നും മുഖം തിരിക്കേണ്ടതില്ല. ഇതെന്തിന് എന്ന ആകുലതയും വേണ്ട, 'ഞാന്‍ ഇരയാകുന്നു' എന്ന സ്വയം പരിദേവനത്തോടും വിടചൊല്ലാനാകട്ടെ. വേദനകള്‍ നല്‍കുന്ന മാനസ്സികോര്‍ജ്ജത്തിന്റെ ചാലകശക്തി നന്മയുടെ അവതാരങ്ങള്‍ക്കുള്ള ഗര്‍ ഭപാത്രങ്ങളായി നമ്മില്‍ രൂപപ്പെടട്ടെ.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍