Familiya

നിരുപാധികം

Sathyadeepam

എം.ജെ. തോമസ് എസ്.ജെ.

യഥാര്‍ത്ഥ സ്നേഹമെന്തെന്നു കൂടെക്കൂടെ അനുസ്മരിക്കുന്നതും സ്വന്തം സ്നേഹം യഥാര്‍ത്ഥമാണോ എന്നു പരിശോധിക്കുന്നതും വളരെ സഹായകരമാണ്. യഥാര്‍ത്ഥ സ്നേഹം അപരനില്‍ കേന്ദ്രീകൃതമാണ്. അപരന്‍റെ യഥാര്‍ത്ഥ നന്മയാണു ലക്ഷ്യം. ഇത് ഒരുതരം ആകര്‍ഷണമോ അടുപ്പമോ അല്ല. ഇതിന്‍റെ ഉറവിടം സ്നേഹിക്കുന്നയാള്‍തന്നെ. ഉള്ളില്‍നിന്നുമുള്ള തീരുമാനം, അപരനിലേക്കുള്ള ഇറങ്ങിച്ചെല്ലല്‍. ഇതൊരു തോന്നലല്ല, സ്വാഭാവികമായി വരുന്നതുമായിരിക്കില്ല. ഇതൊരു തീരുമാനമാണ്. സ്നേഹം തോന്നുന്നില്ലെങ്കിലും ബന്ധത്തിലെ ഊഷ്മളത നഷ്ടപ്പെട്ടാലും പ്രതിസ്നേഹം ഇല്ലെങ്കിലും അപരന്‍ തനിക്കെതിരായി മാറിയാലും യഥാര്‍ത്ഥ സ്നേഹം അവസാനിക്കുന്നില്ല. സ്നേഹം ദീര്‍ഘക്ഷമയുള്ളതാണെന്നു വി. പൗലോസ്. യഥാര്‍ത്ഥ സ്നേഹം നിരുപാധികമാണ്. ആരെയും മാറ്റിനിര്‍ത്തുന്നില്ല. സൂര്യന്‍ തന്‍റെ പ്രകാശവും പുഷ്പം തന്‍റെ ഭംഗിയും സൗരഭ്യവും ആര്‍ക്കും നിഷേധിക്കാത്തതുപോലെ. സ്നേഹം പ്രതിസ്നേഹമോ എന്തെങ്കിലും ലാഭമോ പ്രതീക്ഷിക്കുന്നില്ല. കൊടുക്കുന്ന ഒരു നേട്ടം, തൃപ്തി.
അതീവസുന്ദരമെങ്കിലും എത്ര അപൂര്‍വമാണ് ഇത്തരം സ്നേഹം! ഇത്തരമാണു തന്‍റെ സ്നേഹമെന്ന് ഏറ്റവും സ്നേഹമുള്ള അമ്മപോലും പറയുമോ? സ്വന്തം നന്മയും നല്ല പ്രവൃത്തികളും ത്യാഗവും വിളിച്ചുപറയുന്നതും പരാതിപ്പെടുന്നതും കുറ്റപ്പെടുത്തുന്നതും സ്നേഹക്കുറവിന്‍റെ ലക്ഷണങ്ങളാണ്. യഥാര്‍ത്ഥ സ്നേഹമില്ലാത്തതാണു ശൂന്യത, അധഃപതനം, തിന്മകള്‍ക്കു കാരണം.
കൊടുക്കല്‍-വാങ്ങലിനു നാണയങ്ങള്‍ ഉപയോഗിക്കപ്പെടുന്നതിനുമുമ്പു സാധനങ്ങള്‍ വച്ചുമാറിയിരുന്നു. ഒന്നും ഔദാര്യമല്ല. ഏതിനും പകരം കൊടുക്കണം. ഈ മനോഭാവം മനുഷ്യബന്ധങ്ങളെയും കീഴടക്കി, പ്രത്യേകിച്ചും സമ്പന്നര്‍ക്കിടയില്‍ ധനത്തെ പൂജിക്കുന്ന കച്ചവടക്കാരായി അധഃപതിച്ച മനുഷ്യര്‍ മനുഷ്യരെ കച്ചവടച്ചരക്കാക്കി. ഇതാണല്ലോ മനുഷ്യക്കടത്തിനും എല്ലാത്തരം ചൂഷണത്തിനും യുദ്ധങ്ങള്‍ക്കും കാരണം.
ഇതിനൊക്കെ പ്രതിവിധിയാണു സ്നേഹം. സ്നേഹത്തിന്‍റെ ഉത്തമഗുരുവും മാതൃകയുമാണു യേശു. യേശുവിന്‍റെ ഉറവിടവും ബലവുമാണു പിതാവായ ദൈവം. അമ്മയേക്കാളുപരി സ്നേഹിക്കുന്ന ദൈവം (എസ. 49:15-16). ധാന്യവും വീഞ്ഞും പാലും സൗജന്യമായി നല്കുന്ന ദൈവം (എ സ. 55:1). യേശുവില്‍ മനുഷ്യനായി ജീവിച്ച്, ഏവര്‍ക്കും സമ്പൂര്‍ണ നന്മയും (ലൂക്കാ 7:21-22) രക്ഷയും നല്കിക്കൊണ്ടു യേശുവിന്‍റെ സ്വപ്നവും പ്രബോധനത്തിന്‍റെ രത്നച്ചുരുക്കവും എല്ലാ മനുഷ്യരും ദൈവത്തെപ്പോലെ ധൂര്‍ത്തപുത്രന്‍റെ പിതാവിനെപ്പോലെ അനുകമ്പയുള്ളവരായിരിക്കണമെന്നാണ് (ലൂക്കാ 6:36). ഇതാണല്ലോ പാദങ്ങള്‍ കഴുകുന്നതിലൂടെയും കുര്‍ബാന സ്ഥാപിക്കുന്നതിലൂടെയും (ഞാന്‍ എന്‍റെ രക്തവും മാംസവും നിങ്ങള്‍ക്കുവേണ്ടി) യേശു വ്യക്തമാക്കുന്നത്. ഇത്തരം സ്നേഹത്തിലാണു നമ്മള്‍ നിലനില്ക്കേണ്ടതും വളരേണ്ടതും (ലൂക്കാ 15;12).
പൊതുവേ പറയുമ്പോള്‍, നമ്മുടെ പ്രാര്‍ത്ഥനയും ഭക്തകൃത്യങ്ങളും ദൈവം സ്നേഹമാണെന്നതിന്‍റെ നിരാസമാണ്. ദൈവംതന്നെ നമുക്കുവേണ്ടി നാനാവിധത്തില്‍ നിരന്തരമായി അദ്ധ്വാനിച്ചുകൊണ്ടിരിക്കുകയാണ്, സേവനം ചെയ്യുകയാണ് എന്നു മറന്ന്, നമ്മള്‍ ദൈവത്തെ പ്രീതിപ്പെടുത്തേണ്ടവരാണെന്നു കരുതുന്നു. ദൈവം എപ്പോഴും നിരുപാധികം ക്ഷമിക്കുന്നവനാണെന്നു മറന്ന്, നമ്മള്‍ കരുണയ്ക്കുവേണ്ടി ആവേശത്തോടെ യാചിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്‍റെ കാരുണ്യം പൂര്‍ണമായും സൗന്ദര്യമാണെന്നു മറന്ന്, പരിഹാരപ്രവൃത്തികളില്‍ ദൈവത്തെ തൃപ്തിപ്പെടുത്തേണ്ടതാണെന്നു കരുതുന്നു.
ദൈവം ഒന്നും ആവശ്യപ്പെടാത്തത് ഔദാര്യമാണെന്നു മറന്ന്, നിരന്തരമായ യാചനയാലും ശക്തമായ മദ്ധ്യസ്ഥത്താലും നേര്‍ച്ചകാഴ്ചകളാലും അലങ്കാരങ്ങളാലും ആഘോഷങ്ങളാലും ദൈവത്തെ സ്വാധീനിക്കാമെന്നും ദൈവത്തിന്‍റെ മനസ്സുരുക്കാമെന്നുപോലും നമ്മള്‍ കരുതുന്നു. ദൈവത്തിനു ബുദ്ധിമാന്ദ്യമോ മറവിയോ ഇല്ല. അലറി വിളിക്കാന്‍ ബധിരനോ ദൈവം എന്ന ഗുരുശാസന ഓര്‍ത്തുപോകുന്നു.
യഥാര്‍ത്ഥ ഭക്തന്‍ ചെയ്യേണ്ടതു നന്ദിയാല്‍ പ്രേരിതനായി ദൈവ രാജ്യസ്ഥാപനത്തിനുവേണ്ടി സദാ സന്തോഷം പ്രകടിപ്പിക്കുകയല്ലേ? അപസ്വരങ്ങള്‍ വിവേചിച്ചറിഞ്ഞ്, അവരെ 'അങ്ങയുടെ ഇഷ്ടംപോലെ' എന്ന യേശുവിന്‍റെയും മാതാവിന്‍റെയും മനോഭാവത്തില്‍ സ്നേഹപിതാവിന്‍റെ മുമ്പില്‍ സമര്‍പ്പിക്കുകയല്ലേ?
ശാന്തവും നിശ്ശബ്ദവുമായ പ്രാര്‍ത്ഥനയിലൂടെ (സങ്കീ. 46:10) ദൈവം ഏറ്റവും നല്ല മനുഷ്യനേക്കാളും ശതകോടികള്‍ മടങ്ങു വ്യത്യസ്തനും നല്ലവനുമാണെന്നു (ഏശ. 55:8-9) രുചിച്ചറിയേണ്ടിയിരിക്കുന്നു. ദൈവം മനുഷ്യരെപ്പോലെയാണെന്നു കരുതുന്നതാണ് എവിടെയും കാണുന്ന ദുഃഖസത്യം. ഒട്ടും സ്വാര്‍ത്ഥതയില്ലാതെ, പൂര്‍ണമായും നിരുപാധികമായും സ്നേഹിക്കുന്ന ദൈവംതന്നെയാണു നാം അറിയേണ്ടതും അനുകരിക്കേണ്ടതും.
ഇതിലേക്കു വെളിച്ചം വീശുന്ന ഒരു ഉപമ. വിദൂരത്തുള്ള ഒരു പുണ്യസ്ഥലത്തേയ്ക്കു തീര്‍ത്ഥാടകനായിപ്പോയ ഒരാള്‍ മുഖം വടിപ്പിക്കാനായി ഒരു ബാര്‍ബര്‍ഷോപ്പില്‍ കയറി. ഒരു ധനികനെ ഷേവ് ചെയ്തുകൊണ്ടിരുന്ന ബാര്‍ബര്‍ ഉടനെതന്നെ മുഷിഞ്ഞ വസ്ത്രധാരിയായ തീര്‍ത്ഥാടകനെ ഷേവ് ചെയ്തു. ഷേവ് ചെയ്തതിന്‍റെ കൂലി മേടിച്ചില്ലെന്നു മാത്രമല്ല, ഒരു സമ്മാനവും കൊടുത്ത് തീര്‍ത്ഥാടകനെ ആദരിക്കുകയും ചെയ്തു. ഈ നന്മയില്‍ കോരിത്തരിച്ച തീര്‍ത്ഥാടകന്‍ തീരുമാനിച്ചു. അന്നു കിട്ടുന്ന ദാനമെല്ലാം ഈ ബാര്‍ബര്‍ക്കു കൊടുക്കുവാന്‍. അന്നു കിട്ടിയതു സ്വര്‍ണനാണയങ്ങള്‍ നിറച്ച ഒരു പഴ്സാണ്. അതു ബാര്‍ബര്‍ക്കു കൊടുത്തപ്പോള്‍ അയാള്‍ കുപിതനായി തീര്‍ത്ഥാടകനെ ശകാരിച്ചു: "ഇതാണോ പുണ്യം! എത്ര മോശമാണ് ഒരു സ്നേഹപ്രവൃത്തിക്കു പ്രതിഫലം കൊടുക്കുക!"
ബാര്‍ബറുടെ ഈ പ്രതികരണത്തില്‍ ആഹ്ലാദിച്ച ദൈവം ആത്മഗതം ചെയ്തു: "എന്‍റെ എല്ലാ മക്കളും ഈ ബാര്‍ബറെപ്പോലെ എന്നെ മനസ്സിലാക്കിയിരുന്നെങ്കില്‍! അവരെപ്പോലെ ഞാനും വില പേശുന്ന ഹൃദയമില്ലാത്ത പിശുക്കന്‍ കച്ചവടക്കാരനാണെന്ന് അവര്‍ കരുതുന്നത് എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ അവരെപ്പോലെയല്ല, ഞാന്‍ ദൈവമാണ്. എനിക്ക് ഒന്നിനും കുറവില്ല. ഞാന്‍ എനിക്കായി ഒന്നും ആവശ്യപ്പെടുന്നില്ല. പ്രതിഫലമോ ശിപാര്‍ശയോ ഒരിക്കലും സ്വീകരിക്കില്ല. ഓര്‍മപ്പെടുത്തലും ഉപദേശവും ആവശ്യമില്ല. ഞാന്‍ സ്നേഹമാണ്. എന്‍റെ മക്കളെയും അവരുടെ എല്ലാ ചുറ്റുപാടുകളും നന്നായി അറിയുന്നു. എനിക്കുള്ളതെല്ലാം എന്‍റെ മക്കള്‍ക്കാണ് – നിരുപാധികം."

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും