നല്ല മനുഷ്യരുടെ ദുരന്തബോധം

നല്ല മനുഷ്യരുടെ ദുരന്തബോധം
Published on

മിഗവേൽ ദെ സെർവാന്റസ് (Miguel de Cervantes) 1605-ൽ എഴുതിയ ലോക പ്രസിദ്ധ നോവലാണ് ഡോം കിയോട്ടെ (Don Quixote). അതു മധ്യകാല യൂറോപ്പിൽ നിലനിന്ന മാടമ്പി പാരമ്പര്യത്തിൽ നിന്ന് ഒരു കഥയാണ്. സ്പെയിനിലെ മാഞ്ചയിലെ സാധാരണക്കാരനായ അലൊൻസോ കുയാനോ മാടമ്പികളുടെ കഥകൾ നിരന്തരം വായിക്കാൻ തുടങ്ങി. വായിച്ചു വായിച്ചു മാടമ്പി അയാളുടെ തലച്ചോറിൽ സ്ഥിരതാമസ മായി. ഒരു ദിവസം അയാൾ എല്ലാം വിറ്റുപെറുക്കി തട്ടിൻമുകളിൽ കിടന്ന മാടമ്പിക്കുപ്പായം എടുത്തു. വീട്ടിലെ ചില വസ്തുക്കൾകൊണ്ട് ചില മാറ്റങ്ങൾ വരുത്തി തലയിലെ ഹെൽമെറ്റും കുന്തവും മാടമ്പിയുടെ തൊപ്പിക്കുപ്പായങ്ങളും ആയുധവും ധരിച്ചു. തന്റെ ചാവാലിക്കു തിരപ്പുറത്തു കയറി അടുത്ത ബാറിൽ പോയി അവിടുത്തെ വ്യവസായക്കാരായ സ്ത്രീകളെ അതിവിശിഷ്ടരായി സംബോധന ചെയ്തു. മാടമ്പിയുടെ അഭിഷേകവും സ്വീകരിച്ചു സാഹ സിക യാത്രകൾ തുടങ്ങി. വീരസാഹസികമായി ലോകം നന്നാക്കാനും തെറ്റുകുറ്റങ്ങൾ തിരുത്താനും ഇറങ്ങിത്തിരിച്ചതു നാട്ടിൻപുറത്തു കല്യാണം കഴിച്ചു ജീവിച്ച സാധാരണ ക്കാരനും നല്ലവനുമായ സാൻചോ പാൻസയെ തന്റെ സഹായിയും അനുയാത്രികനുമാക്കിയാണ്.

മാടമ്പി നാടുകളിലൂടെ അയാളുടെ വീരസാഹസിക യാത്ര ആരംഭിച്ചു. മനുഷ്യരെ നന്നാക്കുകയായിരുന്നു ലക്ഷ്യം, തെറ്റുകൾ തിരുത്തി ഒരു നല്ല സമൂഹം കെട്ടിപ്പടുക്കുക. അപ്പോഴാണ് ഒരു കുട്ടിയെ ഗൃഹനാഥൻ തല്ലുന്നത് കണ്ടത്. അവിടെ ഇടപെട്ട് കുട്ടിയെ തല്ലരുതെന്നും മേലിൽ ഇതാവർത്തിക്കരുതെന്നും താക്കീതു ചെയ്തു. വലിയ നേട്ടം നടത്തി എന്ന അഭിമാനത്തോടെ യാത്രയായി. മാടമ്പി വിട്ടുപോയതോടെ അയാൾ പഴയ പരിപാടികൾ അതേപടി തുടർന്നു. അതു മാടമ്പി അറിയുന്നില്ലല്ലോ. അങ്ങനെ പോകു മ്പോൾ അകലെ അയാൾ ഒരു കാറ്റാടിയന്ത്രം കണ്ടു. ലോകം നശിപ്പിക്കാൻ വരുന്ന ദുർ ഭൂതങ്ങളാണ് എന്നു കണ്ട് അതു ലക്ഷ്യമാക്കി കുതിരയെ ഓടിച്ചു. കഴുതപ്പുറത്തു നിന്ന് നോക്കിയ സാൻചോ പാൻസ പറഞ്ഞു, “പ്രഭോ, അതു ദുർഭൂതമല്ല. കാറ്റാടി യന്ത്രമാണ്.” അവന്റെ വിവരക്കേട് പരിഗണിക്കാതെ കാറ്റാടിയന്ത്രത്തിന്റെ ദുർഭൂതത്തിനെതിരെ കുന്തം കൊണ്ടു കുത്തി. മാടമ്പി കുതിരപ്പുറത്തുനിന്നു കാറ്റാടി മില്ലിൽചെന്നു കറങ്ങി താഴേക്കു തലകുത്തി വീണു. സാൻചോ പാൻസ അടിയന്തരമായി എത്തി സഹായിച്ച് അവിടെ നിന്നു രക്ഷപ്പെട്ടു.

അങ്ങനെ നീങ്ങുമ്പോഴാണ് ഒരു പള്ളി പ്രദക്ഷിണത്തിന്റെ ആരവം കേൾക്കുന്നത്. മാടമ്പി ശ്രദ്ധിച്ചു നോക്കി. സഹായി പറഞ്ഞു, “അതു പള്ളിയിൽ നിന്നു പാപബോധത്തിൽ സ്വയം നല്കി പശ്ചാത്തപിച്ചവർ മാതാവിന്റെ രൂപവുമായി നടത്തുന്ന പരിഹാരപ്രദക്ഷിണ മാണ്.” സഹായിയുടെ വീക്ഷണം വികലമാണെന്ന് മാടമ്പി കണ്ടു. തസ്കരന്മാർ സുന്ദരി യായ സ്ത്രീയെ ബന്ധിയാക്കി കൊണ്ടുപോകുന്നതാണെന്നു പറഞ്ഞു. പ്രദക്ഷിണത്തിന്റെ മുമ്പിൽ നിന്ന് “ഒരടി നിങ്ങൾ ഇനി മുന്നോട്ടു പോയിക്കൂടാ” എന്നു കല്പിച്ചു. അവർ അയാളെ വട്ടനായി കണ്ടു പെരുമാറി അടിച്ച് താഴെയിട്ട് പോയി. അവിടെയും സാൻചോ പാൻസ അദ്ദേഹത്തെ ശുശ്രൂഷിച്ച് സുഖമാക്കി.

അങ്ങനെ സാഹസകർമ്മങ്ങൾ പലതു നടത്തി അദ്ദേഹം കലശലായ ശോകത്തിലും പ്രയാസത്തിലുമായി. ശോകത്തിന്റെ പ്രതിസന്ധി അദ്ദേഹത്തെ വേട്ടയാടുന്നു എന്നു വൈദ്യൻ അഭിപ്രായപ്പെട്ടു. സാൻചോ പാൻസ അയാളെ ശുശ്രൂഷിച്ച് ഉറക്കി. അദ്ദേഹം സുബോധമുള്ളവനായി ഉറ്റവരെ അടുത്തുവിളിച്ചു. മരണം തന്നിലേക്കു വരുന്നതു അയാൾ അറിഞ്ഞു. പ്രിയപ്പെട്ടവരോട് പറഞ്ഞു, തന്റെ ഏറ്റുപറച്ചിൽ എഴുതാൻ ആളെ വരുത്തി. തന്റെ സന്തത സഹചാരിയായ സാൻചോ പാൻസയോടു പറഞ്ഞു, “എന്നെ പോലെ തന്നെയും വട്ടനാക്കിയതിൽ ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു. ഇപ്പോൾ സുബോധമുള്ളതുകൊണ്ട് തനിക്ക് രാജ്യാവകാശം തന്നതു തെറ്റി എന്നറിയുന്നു, എങ്കിലും തന്നെപ്പോലെ ലളിത പ്രകൃതനും സേവനത്തിൽ അപാരവിശ്വസ്തനുമായ തനിക്ക് ഇത് നല്കേണ്ടതാണ് എന്നു ഞാനറിയുന്നു.” സാൻചോ പാൻസ മറുപടി പോലെ പറഞ്ഞു, “എനിക്കു വേണ്ടിയാണ് ഡോം കിയോട്ടെ ജനിച്ചത്; ഞാൻ അദ്ദേഹത്തിനു വേണ്ടിയും. എങ്ങനെ കാര്യങ്ങൾ ചെയ്യണം എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എനിക്ക് എങ്ങനെ എഴുതണമെന്നും. ഒട്ടകപ്പക്ഷിയുടെ തൂവൽ കൊണ്ടുള്ള എന്റെ എഴുത്ത് അത്ര മേന്മയില്ലാത്തതായിരുന്നു. ഞങ്ങളുടെ കൂട്ടുകെട്ടിൽ ഇവിടെയും വിദേശങ്ങളിലും ജനങ്ങൾക്കു പ്രീതിയുണ്ടാക്കാൻ കഴിഞ്ഞു. അങ്ങനെ ക്രൈസ്തവവിളിക്കു പ്രത്യുത്തരം നല്കാ നും സാധിച്ചു.”

സാൻചോ പാൻസ തന്റെ ഭാര്യ ജ്യുവാനയോടു പറഞ്ഞു, “ഒരു കാര്യം സാന്ദർഭികമായി പറയട്ടെ. ഈ ലോകത്തിൽ സത്യസന്ധനായ ഒരു മനുഷ്യന് ഒരു മാടമ്പിയായി സാഹസിക മായി ജീവിക്കുന്നതല്ലാതെ വേറെ സന്തോഷകരമായ വഴിയില്ല. ഇത്തരക്കാരിൽ നൂറിൽ തൊണ്ണൂറ്റിയൊൻപതുപേരും നാം പ്രതീക്ഷിക്കുന്നതിൽ നിന്നു വിഭിന്നരാണ്.”

ഇവർ രണ്ടുപേരെക്കുറിച്ചും പിന്നീട് കഫ്ക (Franz Kafka) എഴുതി, “സാൻചോ പാൻസ ദാർശനികമായി എല്ലാ കുരിശുയുദ്ധങ്ങളിലും ഉത്തരവാദിത്വബോധത്തോടെ ഡോം കിയോട്ടയെ അനുഗമിച്ചു. അതിന്റെ സാർത്ഥകവും മഹത്തരവുമായ വിനോദം അവസാനം വരെ ഉണ്ടാക്കി.”

സഭാജീവിതത്തിൽ സത്യസന്ധമായി ക്രിസ്തുവിനെ അനുഗമിക്കുന്നവർ അതിന്റെ കാപട്യം അനുകരിക്കുന്ന നാട്യക്കാരുടെ ഇടയിൽ അനുഭവിക്കുന്ന ദുരന്തബോധം വളരെ വലുതാണ്.

വ്യക്തിപരമായ അടിമത്തം അനുഭവിച്ച സെർവാന്റ്സ് ഡോം കിയോട്ടയിലൂടെ സംസാ രിക്കുന്നു. ഒരു കാലഘട്ടത്തിന്റെ പൊങ്ങച്ചങ്ങളും നാട്യങ്ങളും അവയുടെ പിന്നിലെ സത്യവും അദ്ദേഹം ആക്ഷേപഹാസ്യ (Satire) മായി അവതരിപ്പിച്ചു. സാൻചോ പാൻസയും മാടമ്പിയും ഒന്നാണ്. ഒരാളിലെ യാഥാർത്ഥ്യവും ആദർശവും തമ്മിൽ സംഘട്ടനത്തി ലാകുന്നു. അതു കാപട്യത്തിന്റെ നാട്യങ്ങളെ പരിഹസിക്കുമ്പോഴും ഒരു സുന്ദര സത്യത്തെ അനുധാവനം ചെയ്യുന്നത് അവതരിപ്പിക്കുന്നു. മഹാനായ ഡോം കിയോട്ടെ അവസാനം ദുരന്തബോധത്തിൽ നിന്നു സുബോധമുള്ളവനായി മാറുന്നു. അതാണ് കരയിപ്പിക്കുന്ന ദുരന്തം!

സഭാജീവിതത്തിൽ സത്യസന്ധമായി ക്രിസ്തുവിനെ അനുഗമിക്കുന്നവർ അതിന്റെ കാപട്യം അനുകരിക്കുന്ന നാട്യക്കാരുടെ ഇടയിൽ അനുഭവിക്കുന്ന ദുരന്തബോധം വളരെ വലുതാണ്. നാട്യക്കാർ അധികാരം പിടിച്ചുപറ്റി വിലസുന്നു. അവിടെ സത്യസന്ധനായ സാൻചോ പാൻസ നിരാശനല്ല. സന്തുഷ്ടനാണ്. പക്ഷെ, ദുരന്തബോധം യാഥാർത്ഥ്യമാണ്. സലമാങ്ക സർവകലാശാലയുടെ റെക്ടർ ആയിരുന്ന മിഗുവേൽ ദെ ഉനാമുനോയ്ക്കു ഇതു സ്പാനിഷ് ക്രിസ്തുവിന്റെ കഥയാണ്. ക്രിസ്തുവിന്റെ കുരിശുമരണം ദുരന്തമാകുന്നു. “ഒരു വിശ്വാസവുമില്ലാത്ത പീലാത്തോസ് എന്ന സാംസ്കാരിക മനുഷ്യൻ അതിനെ പരിഹാസ നാടകമാക്കി.” പരിഹാസത്തിലേക്കു വഴുതി വീഴാതെ ജീവിതത്തെ ഹാസ്യമായി അറിയുക യാണിവിടെ. ദസ്തെയെവിസ്കിക്കു ദൈവമായ ക്രിസ്തുവിന്റെ ജീവിതം “വിഡ്ഢി”യുടെ ജീവിത മാകുന്നു!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org