Baladeepam

കുഞ്ഞിപ്പൈതങ്ങള്‍

ഫാ. എബിന്‍ പാപ്പച്ചന്‍ ആട്ടപ്പറമ്പില്‍ OFM Cap

ഈശോയുടെ ജനനവിവരണത്തില്‍ കണ്ണീര്‍ക്കയങ്ങളായി വന്നുപോകുന്ന കഥാപാത്രങ്ങളാണ് കുഞ്ഞിപ്പൈതങ്ങള്‍. മത്തായിയുടെ വിവരണത്തില്‍ മാത്രമാണ് ഹേറോദോസിനാല്‍ വധിക്കപ്പെടുന്ന ഈ കുഞ്ഞിപ്പൈതങ്ങളെപ്പറ്റി നമ്മള്‍ വായിക്കുന്നത്. ഈശോ ജനിച്ച സമയത്ത്, ചെറുപട്ടണമായ ബേത്‌ലഹെമില്‍ മുന്നൂറോളം ആളുകളേ ഉണ്ടാകാനിടയുള്ളൂ. അതിനാല്‍ രണ്ടു വയസ്സിനോ അതിനു താഴെയോ ഉള്ള അധികം കുട്ടികള്‍ അവിടെ ഉണ്ടായിരിക്കില്ല. എങ്കിലും കുട്ടികളെ കൂട്ടമായി അടക്കിയിട്ടുള്ള കല്ലറ ബത്‌ലഹേം തിരുപ്പിറവി ദേവാലയത്തിനടിയിലുള്ള ഗുഹയില്‍ കാണാനാകും. ചരിത്രപരമായി അത്രകണ്ട് പ്രാധാന്യം ഇല്ലാത്തതിനാലാകാം ചരിത്രകാരനായ ജൊസേഫൂസും മറ്റുള്ളവരും ഈ സംഭവം രേഖപ്പെടുത്താത്തത്. ദൈവശാസ്ത്രപരമായ പ്രാധാന്യം കാരണമാകാം മത്തായി ഇത് രേഖപ്പെടുത്തിയത്.

ഹേറോദോസ് ഒരു ഇദുമിയന്‍ വംശജനായിരുന്നു. പാര്‍ത്ഥിയന്‍ മുന്നേറ്റത്തെ തടയാന്‍ റോമാക്കാരെ സഹായിച്ചതിലൂടെയാണ് അയാള്‍ യൂദയായുടെ രാജാവായത്. എന്നാല്‍ നിയമപ്രകാരം അയാള്‍ക്ക് യൂദയായുടെ രാജാവാകാന്‍ അവകാശമില്ല. അവകാശമുള്ള ഒരു രാജവംശജന്‍ വന്നാല്‍ അയാള്‍ക്ക് സ്ഥാനം ഉപേക്ഷിക്കേണ്ടിവരും. ഹസ്‌മോണിയന്‍ (മക്കബായന്‍) രാജകുമാരിയായ മറിയാംനെ അയാള്‍ വിവാഹം കഴിച്ചു. അവളിലുണ്ടായ ആണ്‍കുട്ടി പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്വന്തം മകനുവേണ്ടി ഹേറോദോസിന് നിയമപ്രകാരം സിംഹാസനം ഒഴിഞ്ഞുകൊടുക്കേണ്ടിവരും. അതിനാല്‍ ഭാര്യയേയും മക്കളെയും ഹേറോദോസ് യൂദയാ മരുഭൂമിയുടെ തെക്ക്കിഴക്ക് മസാദായിലുള്ള കോട്ടയിലേക്ക് അയച്ചു. പോകുംവഴി അവരെ വധിച്ചു. അങ്ങനെ സിംഹാസനത്തിനുവേണ്ടി സ്വന്തം കുട്ടികളെവരെ കൊല്ലാന്‍ മടിയില്ലാത്തവനായിരുന്നു ഹേറോദോസ്. അതിനാലാണ് അഗസ്റ്റസ് സീസര്‍ പറഞ്ഞത്: 'It is better to be Herod's pig than son.' അങ്ങനെയെങ്കില്‍ 'യഹൂദരുടെ രാജാവെന്ന്' അന്യദേശികളായ ജ്ഞാനികള്‍പോലും അവകാശപ്പെടുന്ന ഒരു ബാലന്‍ ജനിച്ചപ്പോള്‍ ഹേറോദോസിന് എങ്ങനെ വെറുതെയിരിക്കാനാകും. അയാള്‍ ബെത്‌ലഹേമില്‍ ഒരു കൂട്ടക്കുരുതി നടത്തി.

ദൈവശാസ്ത്രപരമായി മൂന്ന് കാര്യങ്ങള്‍ വിശദീകരിക്കാനാണ് മത്തായി കുഞ്ഞിപ്പൈതങ്ങളെ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്: 1) മനുഷ്യവംശത്തിന്റെ മോചകനായ ഈശോയെ ഇസ്രായേലിന്റെ മോചകനായ മോശയുമായി താരതമ്യം ചെയ്യുന്നു - ജനനസമയത്ത് മോശ എപ്രകാരം ഫറവോനില്‍നിന്നും രക്ഷപെട്ടുവോ അപ്രകാരം ഈശോയും ഒരു രാജാവില്‍നിന്നും രക്ഷപെടുന്നു; 2) റാമായില്‍, റാഹേലിന്റെ ശവകുടീരത്തിങ്കല്‍വച്ച് ചങ്ങലയ്ക്കിട്ടാണ് ബേത്‌ലഹെമിലുള്ളവരെ ബാബിലോണിയായിലേക്ക് കൊണ്ടുപോയത്. പാപത്തിന്റെ അടിമത്വത്തില്‍നിന്നും മനുഷ്യനെ രക്ഷിക്കാന്‍ എത്തിയ ക്രിസ്തുവിനോടുള്ള നിലവിളിയാണ് ഈ പൈതങ്ങളുടെ ആര്‍ത്തനാദം; 3) ഒരുവന്‍ എത്ര നിഷ്‌ക്കളങ്കനാണെങ്കിലും ക്രിസ്തുവിനുവേണ്ടി സഹിക്കേണ്ടിവരും എന്നുള്ള ഓര്‍മ്മപ്പെടുത്തലുകൂടിയാണ് ഈ നിഷ്‌ക്കളങ്ക ശിശുക്കളുടെ സഹനം.

പി ഒ സി യില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്‌സ്

വിശുദ്ധ ഇഗ്നേഷ്യസ് ലക്കോണി (1701-1781) : മെയ് 11

ചൊപ്പനം - നാടകാവതരണം നടത്തി

ദൈവത്തെ അറിയുക എന്ന 'വിലയേറിയ കൃപ'

പ്രകാശത്തിന്റെ മക്കള്‍ [09]