വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ (1506-1552) : ഡിസംബര്‍ 3

വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ (1506-1552) : ഡിസംബര്‍ 3

സ്‌പെയിനിലെ ബാസ്‌കില്‍ 1506 ഏപ്രില്‍ 7 ന് ഡോണ്‍ ജുവാന്റെയും മരിയയുടെയും ഏഴുമക്കളില്‍ രണ്ടാമനായി ഫ്രാന്‍സീസ് സേവ്യര്‍ ജനിച്ചു. ഉന്നതവിദ്യാഭ്യാസത്തിനാണ് 1525-ല്‍ പാരീസ് സര്‍വ്വകലാശാലയില്‍ എത്തിയത്. ഫിലോസഫിയില്‍ ഡോക്ടറേറ്റ് എടുത്ത് പ്രസിദ്ധനായ ഒരു പ്രൊഫസറാവുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യവുമില്ലായിരുന്നു. യാദൃച്ഛികമായാണ് നാട്ടുകാരനും കോളേജ് പ്രൊഫസറുമായ ഇഗ്നേഷ്യസ് ലൊയോളയെ 1529-ല്‍ പാരീസ് സര്‍വ്വകലാശാലയില്‍ വച്ചു കണ്ടുമുട്ടിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍, "ലോകം മുഴുവന്‍ നേടിയാലും ആത്മാവു നശിച്ചാല്‍ എന്തു ഫലം?" ഫ്രാന്‍സീസിനെ ഇരുത്തി ചിന്തിപ്പിച്ചു.
ഈശോസഭ സ്ഥാപിക്കുന്നതിനുള്ള കാര്യങ്ങളില്‍ ഇഗ്നേഷ്യസ് മുഴുകിക്കഴിയുന്ന സമയമായിരുന്നു അത്. 1534 ആഗസ്റ്റ് 15-ന് മോണ്ട് സെറാത് ദൈവാലയത്തില്‍ വച്ച് ലൊയോള, സേവ്യര്‍, പീറ്റര്‍ ഫേബര്‍, സൈമണ്‍, റോഡ്രിഗ്‌സ്, ബോബഡിയ, ലൈനസ് എന്നിവര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞയെടുത്തു. ഈശോസഭയുടെ ആരംഭമായിരുന്നു അത്. 1537-ല്‍ ഈശോസഭയ്ക്ക് പോപ്പിന്റെ അംഗീകാരവും ലഭിച്ചു. 1537 ജൂണ്‍ 24-ന് ഫ്രാന്‍സീസ് സേവ്യര്‍ പൗരോഹിത്യം സ്വീകരിച്ചു. നാല്പതുദിവസം തീവ്രമായ പ്രാര്‍ത്ഥനയും ഉപവാസവും നടത്തി ആദ്ധ്യാത്മികമായി ഒരുങ്ങിയാണ് ഫ്രാന്‍സീസ് പ്രഥമ ദിവ്യബലി അര്‍പ്പിക്കാന്‍ എത്തിയത്.
1936 നവംബര്‍ 15 നു തന്നെ ഫ്രാന്‍സീസ് പാരീസ് വിട്ടിരുന്നു. സുഹൃത്തുക്കളോടൊപ്പം വെനീസിലെത്തിയ അദ്ദേഹം രോഗികളെ പരിചരിച്ചു കഴിയുകയായിരുന്നു. പൗരോഹിത്യ സ്വീകരണത്തിനുശേഷം ഇറ്റലിയിലെ ബൊളോഞ്ഞയില്‍ സുവിശേഷപ്രസംഗം നടത്തിക്കൊണ്ടിരുന്നപ്പോള്‍ രോഗം ബാധിച്ചു. അങ്ങനെ റോമില്‍ ഇഗ്നേഷ്യസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പോര്‍ച്ചുഗലിലെ രാജാവായ ജോണ്‍ മൂന്നാമന്‍ പൗരസ്ത്യദേശത്തെ കോളനികളില്‍ ക്രിസ്തുമതപ്രചാരണം നടത്താന്‍ ജസ്യൂറ്റ് മിഷനറിമാരെ അങ്ങോട്ട് അയയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഫ്രാന്‍സീസ് ആ ദൗത്യം ഏറ്റെടുത്തു. ഒരു ദിവസത്തെ ഒരുക്കത്തിനുശേഷം അദ്ദേഹം പോര്‍ട്ടുഗീസ് അംബാസിഡറുടെ കൂടെ ലിസ്ബണിലെത്തി. അവിടെനിന്ന് 1541-ല്‍ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചു. 11000 മൈല്‍ സഞ്ചരിക്കാന്‍ കപ്പല്‍ പതിമ്മൂന്നു മാസമെടുത്തു. അങ്ങനെ 1542 മെയ് 6-ന് ഗോവയില്‍ ഫ്രാന്‍സീസ് കാലുകുത്തി. ആദ്യം പ്രാദേശികഭാഷ പഠിക്കാനുള്ള ശ്രമമായിരുന്നു. പിന്നെ, രോഗീശുശ്രൂഷ, വചനപ്രഘോഷണം, വിശ്വാസപരിശീലനം എന്നിവയില്‍ മുഴുകി.
അഞ്ചുമാസം ഗോവയില്‍ തങ്ങിയശേഷം ഫ്രാന്‍സീസ് കന്യാകുമാരി മുതല്‍ തൂത്തുക്കുടി വരെയുള്ള പ്രദേശങ്ങളില്‍ പ്രേഷിതവേല ആരംഭിച്ചു. തെക്കന്‍ കേരളത്തിലും പ്രവര്‍ത്തനം തുടര്‍ന്നു. 1544-ല്‍ സിലോണിലെത്തിയ ഫ്രാന്‍സീസ് 1545-ല്‍ മലാക്കയിലെത്തി (മലേഷ്യ). ഏതാനും മാസങ്ങള്‍ക്കുശേഷം മൊളുക്കാസ് ദ്വീപിലും (ഇന്‍ഡോനേഷ്യ) സമീപ ദ്വീപുകളിലും പ്രേഷിതപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സീസ് ഫിലിപ്പീന്‍സിലെ മിന്ദനാവോ ദ്വീപിലും എത്തിയതായി പറയപ്പെടുന്നു. 1547-ല്‍ മലാക്കയില്‍ തിരിച്ചെത്തിയ ഫ്രാന്‍സീസ് അവിടെവച്ചു പരിചയപ്പെട്ട അംഗര്‍ എന്ന ജപ്പാന്‍കാരനോടൊപ്പം ഗോവയില്‍ മടങ്ങിയെത്തി. യൂറോപ്പില്‍നിന്ന് ഇഗ്നേഷ്യസ് ലയോള അയച്ച പല പ്രേഷിതരും അപ്പോള്‍ ഗോവയില്‍ എത്തിയിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് അവരെ അയച്ചിട്ട് ജപ്പാന്‍കാരനോടൊപ്പം 1549 ആഗസ്റ്റ് 15-ന് ജപ്പാനിലെ കഗോഷിമയിലെത്തി. ജാപ്പനീസ് ഭാഷ പഠിക്കാനുള്ള ബുദ്ധിമുട്ടും ബുദ്ധമത സന്യാസിമാരുടെ എതിര്‍പ്പും കാരണം പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വിജയിച്ചില്ല.
രണ്ടരവര്‍ഷത്തിനുശേഷം ഫ്രാന്‍സീസ് ജപ്പാനില്‍നിന്നു ഗോവയില്‍ തിരിച്ചെത്തി. പല പ്രശ്‌നങ്ങളും അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു. ഗോവയിലെ ഈശോസഭയുടെ സുപ്പീരിയറും കോളേജിന്റെ റെക്ടറും തമ്മിലുള്ള ഭിന്നതവരെ പറഞ്ഞുതീര്‍ത്ത് 1552 ഏപ്രില്‍ 17-ന് ചൈനയിലേക്ക് യാത്ര തിരിച്ചു. ചൈനീസ് തീരത്തെ ഡാന്‍സിയന്‍ ദ്വീപിലെത്തിയ അദ്ദേഹത്തിന് പനി പിടിപെട്ടു. അതു വകവയ്ക്കാതെ ഒരു കപ്പലില്‍ ചൈനാ വന്‍കരയിലെത്തിയെങ്കിലും 1552 ഡിസംബര്‍ 8-ന് അദ്ദേഹം ചരമം പ്രാപിച്ചു.
സംസ്‌കരിച്ച് രണ്ടു മാസത്തിനുശേഷവും അഴുകാതിരുന്ന ഫ്രാന്‍സീസിന്റെ മൃതദേഹം ഗോവയില്‍ കൊണ്ടുവന്ന് സൂക്ഷിച്ചു. ബോം ജീസസ് ബസലിക്കായില്‍ ഇന്നും അതു സൂക്ഷിച്ചിരിക്കുന്നു.
1619-ല്‍ വാഴ്ത്തപ്പെട്ടവനും, 1622 മാര്‍ച്ച് 12-ന് പോപ്പ് ഗ്രിഗരി XV അദ്ദേഹത്തെ വിശുദ്ധനുമായി പ്രഖ്യാപിച്ചു.
പത്തു വര്‍ഷംകൊണ്ട് വി. ഫ്രാന്‍സീസ് സേവ്യര്‍ അമ്പതു രാജ്യങ്ങ ളില്‍ വിശ്വാസദീപം തെളിച്ചു. പത്തുലക്ഷം പേര്‍ക്കെങ്കിലും ആ വെളിച്ചം ലഭിച്ചു. പ്രേഷിതപ്രവര്‍ത്തകരുടെ എക്കാലത്തെയും മാതൃകയും പ്രചോദനവുമാണ് അവരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. ഫ്രാന്‍സീസ് സേവ്യര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org