Baladeepam

കേരളനാടിന്റെ ഓണനിലാവ്

Sathyadeepam

കേരനിരകളാടും ഒരു ഹരിതചാരു തീരം
പുഴയോരം കളമേളം കവിത പാടും തീരം
കായലലകൾ പുൽകും, തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ – ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയന്നേരിനായ്
പുതുവിള നേരുന്നോരിനിയ നാടിതാ…
പാടാം…
കുട്ടനാടിൻ ഈണം…

കേരവൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞ കേരളനാടിന്‍റെ ഉത്സവമാണ് ഓണം. നന്മകള്‍ നിറഞ്ഞ ഈ നാടിന്‍റെ മനോഹാരിത കേരളത്തില്‍ ജനിച്ചു ജീവിച്ചവര്‍ക്ക് എവിടെയായാലും മായ്ക്കാനാവാത്ത ഓര്‍മ്മയാണ്. അനേകനാള്‍ ഭാരതത്തിന്‍റെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശത്തോ താമസിച്ചിട്ട് കേരളത്തിന്‍റെ അതിര്‍ത്തിയിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന കേരളീയന്‍റെ ഒരു വികാരാവേശമുണ്ട്. അത് അനുഭവിച്ചറിയുന്നവര്‍ക്കേ കേരളത്തിന്‍റെ നന്മ മനസ്സിലാകൂ. ഡല്‍ഹിയില്‍ നിന്ന് തീവണ്ടിമാര്‍ഗ്ഗം കേരളത്തിലേക്കുള്ള യാത്രയില്‍ കേരളത്തിന്‍റെ പച്ചപ്പിലേക്കും ശീതളിമയിലേക്കും വാഹനം പ്രവേശിക്കുമ്പോള്‍ മനസ്സിലുണ്ടാകുന്ന കുളിര്‍മ. ആ കുളിര്‍മയില്‍ ഓണത്തെപ്പറ്റിയുള്ള ചിന്തകളും മിന്നിമറയും…

ഓണപ്പൂക്കളവും ഊഞ്ഞാലാട്ടവും തിരുവാതിരയും ഓണക്കളികളും ഓണസദ്യയും ഓണപ്പായസവും കോടിമുണ്ടും സെറ്റു സാരിയും കുരവയും ആര്‍പ്പുവിളികളും… ഓണത്തിന് മതമില്ല… ജാതിയില്ല… നിറമില്ല… നിറഭേദമില്ല… അതൊരു വികാരമാണ്. ഉത്സവത്തിന്‍റെ ആരവമാണ്.

പ്രകൃതിഭംഗികൊണ്ടും സാംസ്കാരിക വൈവിധ്യം കൊണ്ടും ഭാരതത്തിന്‍റെ ഇങ്ങേ അറ്റത്ത് കിടക്കുന്ന ദൈവത്താല്‍ അനുഗ്രഹീതമായ ഒരു നാട്. തീവ്രവാദങ്ങള്‍ക്കോ മതസ്പര്‍ദ്ധകള്‍ക്കോ ഈ ഭൂമികയില്‍ സ്ഥാനമില്ല. അത്തരത്തിലുള്ള കടന്നുകയറ്റങ്ങള്‍ അത്ര എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവിധം വിദ്യാഭ്യാസം കൊണ്ടും വിവേചന ശക്തികൊണ്ടും ഇച്ഛാശക്തികൊണ്ടും തീര്‍ത്ത മനസ്സിന്‍റെ മതിലുകളാണ് കേരളീയന്‍റെ ബലം. ഏതു നാട്ടിലായിരുന്നാലും കഠിനാദ്ധ്വാനംകൊണ്ട് അവിടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാനും കുടുംബബന്ധങ്ങള്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കാനും നാടിന്‍റെ തനിമ കാത്തു സൂക്ഷിക്കാനും ശ്രദ്ധിക്കുന്ന മലയാളി. എവിടെയായിരുന്നാലും മലയാളി ഓണം ആഘോഷിക്കും. ചുരുങ്ങിയ പക്ഷം ഓണസദ്യയെങ്കിലും ഒരുക്കി ഓണമാഘോഷിക്കാത്തവരായി ആരും ഉണ്ടാവില്ല.

മലയാളിയുടെ നന്മകളെ വിഷലിപ്ത മാക്കാന്‍ വെമ്പുന്ന വിഭജന ശ്രമങ്ങളെ ബോധപൂര്‍വ്വം തിരിച്ചറിയാന്‍ സാധിക്കട്ടെ. മതസ്പര്‍ദ്ധയുടെ വിഷവിത്തുകള്‍ പാകി നാടിന്‍റെ ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളെ തിരിച്ചറിയാന്‍ കഴിയട്ടെ. ഓണം മലയാളിയുടെ മനസ്സിന്‍റെ നന്മയാണ്, നിഷ്കളങ്കമായ പുഞ്ചിരിയും കപടതകളില്ലാത്ത സദാചാരബോധവും ഈശ്വരനില്‍ സ്നേഹം മാത്രം ദര്‍ശിക്കുന്ന സഹിഷ്ണുതയുടെ മനോഭാവവും ഒരിക്കലും മലയാളി മനസ്സുകളില്‍നിന്ന് നശിച്ചുപോകാതിരിക്കട്ടെ.

ഓണാശംസകള്‍….

ഫോബിയ, അറിയാം പരിഹരിക്കാം

അനുപമമാകുന്ന അസഹിഷ്ണുതകള്‍

വചനമനസ്‌കാരം: No.122

എന്റെ വന്ദ്യ ഗുരുനാഥന്‍

അറിവിന്റെ ആകാശവും സ്വതന്ത്രചിറകുകളും