Baladeepam

എലിസബത്ത്

പ്രോസോപ്പോന്‍ No.3

ഫാ. എബിന്‍ പാപ്പച്ചന്‍ ആട്ടപ്പറമ്പില്‍ OFM Cap

സഖറിയായുടെ ഭാര്യയും പരിശുദ്ധ മറിയത്തിന്റെ ബന്ധുവും സ്‌നാപക യോഹന്നാന്റെ അമ്മയുമാണ് എലിസബത്ത്. അഹറോന്റെ വംശത്തില്‍പ്പെട്ട ഒരുവളാണ് എലിസബത്ത്. ഇസ്രായേല്യരെ മോചിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട മോശയ്ക്ക് സഹായിയായി ദൈവം അഹറോനെ നല്‍കി. ഇപ്പോളിതാ മനുഷ്യരെ മുഴുവനും മോചിപ്പിക്കാനുള്ള രക്ഷകന്റെ വഴിയൊരുക്കാന്‍ അഹറോന്റെ ഒരു പുത്രിയായ എലിസബത്തിലൂടെ സ്‌നാപകന്‍ എന്ന സാഹായിയെ ദൈവം ലോകത്തിലേക്ക് അയക്കുന്നു.

ഈശോയുടെ ജനന വിവരണത്തില്‍ മാത്രമാണ് ഈ കഥാപാത്രം കടന്നു വരുന്നത്. വൃദ്ധയും വന്ധ്യയുമായ സ്ത്രീയായിട്ടാണ് എലിസബത്തിനെ നമ്മള്‍ കാണുക. ഇത് തികച്ചും ദൈവീക പദ്ധതിയാണ്. വാര്‍ധക്യത്തോളം വന്ധ്യയായിക്കഴിഞ്ഞ സാറായെക്കണക്കെ, ഹന്നായെക്കണക്കെ ചരിത്രത്തില്‍ ദൈവത്തിന്റെ രക്ഷാകര ഇടപെടല്‍ നടക്കുമ്പോള്‍ പഴയ നിയമത്തില്‍ ദൈവത്തിന്റെ വാഗ്ദാനങ്ങളെയും പ്രവര്‍ത്തനരീതികളെയും ഓര്‍മ്മിപ്പിക്കും വിധം വൃദ്ധയായ ഒരു സ്ത്രീയുടെ വന്ധ്യത ദൈവം എടുത്തുമാറ്റി അത്ഭുതങ്ങളുടെ തുടക്കം കുറിക്കുന്നു.

ഒരു പ്രവാചികയായിട്ടാണ് ലൂക്കാ എലിസബത്തിനെ വര്‍ണ്ണിക്കുന്നത്. മറിയം അടുത്തുവരുമ്പോള്‍ അവള്‍ ആരാണെന്നും അവളുടെ ഉദരത്തിലുള്ളത് ആരാണെന്നും പരിശുദ്ധാത്മാവിന്റെ നിറവില്‍ തിരിച്ചറിയുകയും മറിയത്തിന്റെ ഉദരത്തിലുള്ള ശിശു 'പരിശുദ്ധന്‍' അഥവാ ദൈവം ആണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു പ്രവാചികയാണ് എലിസബത്ത്. മറിയത്തെ 'തെയോടോക്കോസ് ദൈവമാതാവ്' (കര്‍ത്താവിന്റെ അമ്മ) എന്ന് ആദ്യം അഭിസംബോധന ചെയ്യുന്നത് എലി സബത്താണ്. സഖറിയായില്‍നിന്നും വ്യത്യസ്തമായി വിശ്വാസത്തിന്റെ ഒരു ചാഞ്ചാട്ടവും എലിസബത്തില്‍ കാണുന്നില്ല. ആരും പറയാതെതന്നെ കാര്യങ്ങള്‍ അവള്‍ക്ക് വെളിപ്പെട്ടു കിട്ടി. തന്റെ മകനിടാനായി ഗബ്രിയേല്‍ ദൂതന്‍ സഖറിയായോട് നിര്‍ദ്ദേശിച്ച യോഹന്നാനെന്ന പേരു പോലും അവള്‍ ആരും പറയാതെ അറിഞ്ഞു. 'പരിശുദ്ധാത്മാവ് നിങ്ങളെ എല്ലാം അറിയിക്കും' എന്ന ഈശോയുടെ വാഗ്ദാനം ഈശോ ജനിക്കും മുമ്പേ തന്നെ വിശുദ്ധ എലിസബത്തില്‍ മുന്‍കൂര്‍ സംഭവിക്കുന്നത് വചനം സാക്ഷ്യപ്പെടുത്തുന്നു.

സഖറിയായുടെ പ്രവചനഗീതം പോലെ എലിസബത്തും ഒരു ഗാനം പാടി എന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. എന്നാല്‍ മറിയത്തെ മഹത്വപ്പെടുത്തുവാന്‍ ആ ഗാനം ലൂക്കാ മറിയത്തിന്റെ സ്‌തോത്രഗീതമായി രേഖപ്പെടുത്തി. സന്ദര്‍ഭവും പഴയനിയമത്തിലെ ഹന്നായുടെ ഗീതവും ഇത് എലിസബത്തിന്റേതാണെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ലൂക്കായുടെ എഡിറ്റിംഗ് ദൈവപ്രചോദിതമാണ്. എന്തെന്നാല്‍ എളിമയുടെ പ്രതീകമാണ് എലിസബത്ത്. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുക്കല്‍ വരുവാന്‍ എനിക്ക് എന്താണ് അര്‍ഹതയെന്ന് അവള്‍ ചോദിക്കുന്നു. തന്റെ വാര്‍ധക്യത്തില്‍ ദൈവം തനിക്കായ് പ്രവര്‍ത്തിച്ച അത്ഭുതത്തെപ്പറ്റി പറയുന്നതിനുപകരം മാറിയത്തിനു ദൈവം ചെയ്ത കൃപകളെപ്പറ്റിയാണ് എളിമയോടെ എലിസബത്ത് പറയുന്നത്. മറിയത്തിന്റെ സന്ദര്‍ശനം ദൈവം നല്‍കിയ ഭാഗ്യമായിട്ടാണ് അവള്‍ കരുതിയത്. അതിനാല്‍ അവള്‍ക്ക് അത്രമേല്‍ സന്തോഷം ഉണ്ടായി; അവള്‍ മാത്രമല്ല അവളുടെ ഉദരത്തിലുള്ള ശിശു പോലും ആ ആനന്ദത്താല്‍ നിറഞ്ഞു കുതിച്ചുചാടി.

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒരു പ്രവാചിക എന്നതിനാല്‍ അവളുടെ വാക്കുകള്‍ നമ്മുടെ അനുദിന പ്രാര്‍ത്ഥനയായി മാറി. ഗബ്രിയേല്‍ ദൂതന്റെയും എലിസബത്തിന്റെയും വാക്കുകള്‍ സംയോജിപ്പിച്ചുകൊണ്ട് നമുക്ക് സുന്ദരമായ 'നന്മ നിറഞ്ഞ മറിയമേ' എന്ന മരിയസ്തുതി, പ്രാര്‍ത്ഥന ലഭിച്ചിരിക്കുന്നു. വിശ്വാസവും, എളിമയും, ആത്മാവിന്റെ അഭിഷേകവും ഉണ്ടെങ്കില്‍ മറിയവും ഈശോയും നമ്മുടെ അടുത്തേയ്ക്ക് വരുകയും നമ്മെ അഭിവാദനം ചെയ്യുകയും നമ്മില്‍ ആനന്ദം നിറയ്ക്കുകയും ചെയ്യുമെന്ന് എലിസബത്തെന്ന കഥാപാത്രം നമ്മെ പഠിപ്പിക്കുന്നു.

മത ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ ഭരണഘടനാവകാശം: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ഇലഞ്ഞിമരങ്ങള്‍ പൂക്കുമ്പോള്‍ [12]

കേരള നവോത്ഥാന ചരിത്രം : പുനര്‍വായനകള്‍

തിരുഹൃദയ തിരുനാളില്‍ പാപ്പ 32 പേര്‍ക്ക് പൗരോഹിത്യം നല്‍കി

ഗണ്ടോള്‍ഫോ കൊട്ടാരം മാര്‍പാപ്പയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു