കൈനകരി ഷാജി
പെണ്‍കുട്ടികള്‍ പാടുന്നു:
വെണ്‍മേഘഹംസങ്ങള്‍ നീന്തിക്കളിക്കുന്ന
നന്മനിറഞ്ഞ ഡിസംബര്‍ മാസം!
പൂനിലാവൂറുന്ന, തൂമഞ്ഞു പെയ്യുന്ന
ശീതള സുന്ദര പുണ്യരാത്രി!
ആണ്‍കുട്ടികള്‍ പാടുന്നു:
മുഗ്ദ്ധമാം സംഗീതം പെയ്തിറങ്ങീടുന്ന
ഹൃദ്യസുഗന്ധ വിശുദ്ധ രാത്രി!
പെണ്‍കുട്ടികള്‍ പാടുന്നു:
ക്രിസ്തുവിന്നോര്‍മ്മകള്‍ ഹൃത്തില്‍ നിറയ്ക്കുവാന്‍
എത്തിയ ദിവ്യമാം ക്രിസ്മസ് രാത്രി!
ഘനഗംഭീരമായ പുരുഷശബ്ദം:
വെള്ളിനക്ഷത്രമുയര്‍ന്നു വാനില്‍ വീണ്ടും
ഉള്ളില്‍ നിറയുന്നൊരായിരം സ്വര്‍ഗ്ഗീയ
സംഗീതസാന്ദ്ര സങ്കീര്‍ത്തനാലാപന
സമ്മോദയാമങ്ങള്‍, സൗവര്‍ണ്ണപുഷ്പങ്ങള്‍!
സൗമ്യമായ സ്ത്രീശബ്ദം:
അത്യുന്നതങ്ങളില്‍ നിന്ന് പൊഴിയുന്നൊ-
രാദ്ദിവ്യ വാദ്യസംഗീത തരംഗത്തിന്‍
മുന്തരിച്ചാറു നുകര്‍ന്നു സന്തോഷത്തില്‍
മുങ്ങിനിന്നീടുന്നു ഭൂതലമാകവേ!
ആണ്‍കുട്ടികള്‍ പാടുന്നു:
നിദ്രയില്‍ നിന്നുമുണര്‍ന്നിടാം, മാനസം
എത്രയും നിര്‍മ്മലമാക്കി മാറ്റാം.
പെണ്‍കുട്ടികള്‍ പാടുന്നു:
പുത്തനാം പുല്‍ക്കൂടുതീര്‍ത്തിടാമിന്നതില്‍
വന്നു പിറക്കട്ടെ ഉണ്ണിയേശു!
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നു പാടുന്നു:
ബേത്‌ലഹേമിലെ കാലിത്തൊഴുത്തിലെ
ഓമനപ്പൂംപൈതല്‍ ഉണ്ണിയേശു!
മാനവരാശിക്കു പാപവിമോചനം
ഏകുവാനെത്തിയ ഉണ്ണിയേശു!
എല്ലാവരും ചേര്‍ന്നു പാടുന്നു:
ഓരോ മനസ്സിലും ഇന്നു പിറക്കട്ടെ
ഓമനത്തിങ്കള്‍പോല്‍ ഉണ്ണിയേശു!