കഥകള്‍ / കവിതകള്‍

പടിയിറങ്ങിപ്പോയ പല്ലികള്‍

Sathyadeepam

ഫാ. ബെന്നി നല്ക്കര സി.എം.ഐ.

വീട്ടിലെ ഉത്തരം താങ്ങികളായ പല്ലികള്‍
ഇന്നലെ രാവിലെ പടിയിറങ്ങിപ്പോയി…
വര്‍ഷങ്ങളായി ചുമട്ടുകൂലി കൂട്ടിയിട്ടില്ല
എന്നതൊന്നുമല്ലത്രേ കാരണം.

"ചോദ്യങ്ങള്‍ മാത്രമായി,
ഉത്തരങ്ങളില്ലാതായ വീട്ടില്‍
ഇനി ഞങ്ങളെന്തു ചെയ്യാന്‍?"
പല്ലികളുടെ ചോദ്യത്തിന്
ഉത്തരം ആരും നല്കിയില്ല.

"ഇന്നലെവരെ സത്യങ്ങള്‍ കേട്ടു
ഞങ്ങള്‍ ചിലച്ചിരുന്നു, ഇന്നിനി
ചെറുതരി സുഖംപോലുമില്ലെങ്കിലും
ഇവിടെ എല്ലാവര്‍ക്കും സുഖമെന്നും,
മേമ്പൊടിക്കുപോലും സ്‌നേഹപ്പൂമ്പൊടി-
യില്ലെങ്കിലും ഇവിടെ സുന്ദരപ്പൂവാടിയെന്നു-
മിങ്ങനെയൊരായിരം നുണകളും, പിന്നെ
നുണകളെ സുന്ദരമാക്കിയ സത്യങ്ങളും
മാത്രമുള്ളൊരീ വീട്ടിലിരുന്നു
ഉള്ളു തുറന്നു ഞങ്ങളെങ്ങനെ ചിലയ്ക്കും?"

പല്ലികളുടെ വല്ലാതിങ്ങനെയൊരു ചോദ്യം
കേട്ട് ഉത്തരം മുട്ടി നിന്നു വീടകം.

താങ്ങി നിറുത്താന്‍ ഉത്തരങ്ങളില്ലാതെ
പല്ലികള്‍ പടിയിറങ്ങിപ്പോയി.

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17