

പ്രൊഫ. എം തോമസ് മാത്യു
ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നു, അങ്ങനെ ലോകത്തെയും സ്‌നേഹിക്കുന്നു എന്ന വിളംബരമാണ് ക്രിസ്മസ്. സൃഷ്ടിക്കു നിദാനമായത് ദൈവത്തില്‍ നിതാന്തമായി വര്‍ത്തിക്കുന്ന സ്‌നേഹഭാവമാണ്. ദൈവസ്‌നേഹത്തിന്റെ ആളത്ത രൂപം (person) ആണ് ക്രിസ്തു. അതുകൊണ്ടാണ് പുത്രനെ
കൂടാതെ ഒന്നും ഉളവായില്ല എന്ന് യോഹന്നാന്‍ എഴുതുന്നത്. അനാദിയായും ശാശ്വതമായും - അനാദി മുതല്‍ അനന്തത വരെ - വര്‍ത്തിക്കുന്ന ദൈവത്തോടു കൂടി, ദൈവമായി, ഉണ്‍മയുള്ളവനാണ് ക്രിസ്തു. സൃഷ്ടിക്കു മുഖാന്തരമായവനാണ് വീണ്ടെടുപ്പിന് അവകാശമുള്ളത്. അവന്‍ സൃഷ്ടിയല്ല, സ്രഷ്ടാവാണ് - സ്രഷ്ടാവായിരിക്കെ ജനിച്ചവനുമാണ്. അവന്റെ ജനനത്തിരുനാളാണ് ക്രിസ്മസായി ആഘോഷിക്കുന്നത്.
എന്തുകൊണ്ടാണ് മനുഷ്യന് വീണ്ടെടുപ്പ് ആവശ്യമായി വന്നത്? മനുഷ്യസത്ത ദൈവികമാണ് എന്നത് ബൈബിളിന്റെ അടിസ്ഥാന സങ്കല്പങ്ങളില്‍ ഒന്നാണ്. ദൈവം തന്റെ സാദൃശ്യത്തിലും സാരൂപ്യത്തിലും മനുഷ്യനെ മെനഞ്ഞ് അവനില്‍ തന്റെ റൂഹായെ സന്നിവേശിപ്പിച്ചു എന്ന സൃഷ്ടിപ്രക്രിയയുടെ ആഖ്യാനചാരുത നമ്മില്‍ അവശേഷിപ്പിക്കുന്ന ദൈവശാസ്ത്രാവബോധം വിശ്വാസിയുടെ പൊതുവിജ്ഞാനത്തിന്റെ ഭാഗമാണ്. ആ ദൈവികഭാവമാണ് മനുഷ്യനെ സൃഷ്ടപ്രപഞ്ചത്തിന്റെ കാവലാളും പരിപാലകനും ആക്കുന്നത്. എന്നാല്‍, വേലിക്കു വിളവു തിന്നാനുള്ള വാസന സഹജമാണ്. അതുകൊണ്ടാണ് തോട്ടത്തിലുള്ള എല്ലാം, ഒന്ന് ഒഴികെ, നിനക്ക് ആസ്വദിക്കാം എന്ന് ദൈവം കല്പിച്ചത്. ജീവിതത്തില്‍ ആകാവുന്നതും ഉണ്ട്, അരുതാത്തതും ഉണ്ട് എന്നു പറഞ്ഞുകൊണ്ടാണ് ദൈവം മനുഷ്യന് സ്വാതന്ത്ര്യം കൊടുത്തത്. സ്വാതന്ത്ര്യത്തെ ധര്‍മ്മശാസ്ത്രത്തില്‍ നിന്ന് വേര്‍പിരിക്കാന്‍ കഴിയുകയില്ലെന്ന് അര്‍ഥം.
ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നു, അങ്ങനെ ലോകത്തെയും സ്‌നേഹിക്കുന്നു എന്ന വിളംബരമാണ് ക്രിസ്മസ്. സൃഷ്ടിക്കു നിദാനമായത് ദൈവത്തില്‍ നിതാന്തമായി വര്‍ത്തിക്കുന്ന സ്‌നേഹഭാവമാണ്. ദൈവസ്‌നേഹത്തിന്റെ ആളത്ത രൂപം (person) ആണ് ക്രിസ്തു.
ധര്‍മ്മം വെടിഞ്ഞ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ല, ദുഃസ്വാതന്ത്ര്യമാണ്. അതിന്റെ പ്രേരണയാകട്ടെ അടക്കമില്ലാത്ത തൃഷ്ണയുമാണ്. ജീവലോകത്തിന് വിശപ്പേയുള്ളൂ, കൊതി ഇല്ല; മനുഷ്യനാകട്ടെ വിശപ്പുകള്‍ അടങ്ങിയാലും കൊതി ബാക്കിയാവുകയും ചെയ്യും.
വിലക്കപ്പെട്ട കനിയുടെയും ആദിപാപത്തിന്റെയും വേദശാസ്ത്ര വ്യാഖ്യാനങ്ങളില്‍ കൗതുകം കൊള്ളാന്‍ വേണ്ട അറിവുപോലും ഇതെഴുതുന്ന ആള്‍ക്കില്ല. എന്നാല്‍, ഏദനില്‍ ഇഴഞ്ഞെത്തിയ സര്‍പ്പം ചോദിച്ച ചോദ്യങ്ങളെല്ലാം മനുഷ്യന്റെ അക്ഷാന്തമായ തൃഷ്ണയ്ക്ക് സാധൂകരണം ചമയ്ക്കാന്‍ അയാള്‍ തന്നോടുതന്നെ ചോദിച്ചതാണെന്നു കരുതാനാണ് എനിക്കിഷ്ടം. ദൈവം അരുതെന്നു വിലക്കിയ പഴം ആദിപിതാക്കള്‍ പറിച്ചു തിന്നതാണ് ആദിപാപം എന്നല്ല, എല്ലാ പാപങ്ങളുടെയും ആദികാരണം തൃഷ്ണയാണ് എന്നാണ് ബൈബിള്‍ പറയുന്നത്.
ബൈബിള്‍ മാത്രമല്ല, ജീവിതത്തിലെ വീഴ്ചകള്‍ എവിടെ തുടങ്ങുന്നു എന്ന് ചിന്തിച്ച വേദവിത്തുകളെല്ലാം വിരല്‍ ചൂണ്ടുന്നത് ഇവിടേക്കാണ്. 'ഭഗവത്ഗീത'യില്‍ പാര്‍ത്ഥന്‍ ശ്രീകൃഷ്ണനോടു ചോദിക്കുന്നുണ്ട്: 'ഹേ, സൃഷ്ടികുല രാജാ, മനുഷ്യന്‍ ഇച്ഛിക്കുന്നില്ലെങ്കിലും ആരോ നിര്‍ബന്ധിച്ചിട്ടെന്നോണം പാപം ചെയ്യുന്നത് എന്തുകൊണ്ട്?
(അഥ കേന പ്രയുക്തോയം
പാപം ചരതി പുരുഷഃ
അനിച്ഛന്നപി വാര്‍ഷ്‌ണേയ,
ബലാദിവ നിയോജിതഃ)
ശ്രീകൃഷ്ണന്റെ പഴുതടച്ച ഉത്തരം ഇങ്ങനെ: ''രജോഗുണത്തില്‍ നിന്ന് ഉളവാകുന്ന കാമം തന്നെയാണ് ഇതിനു കാരണം; ക്രോധത്തിനു കാരണവും ഇതുതന്നെ. ഒന്നും കൊണ്ടും മതിവരാത്ത ഇത് മഹാപാപങ്ങള്‍ക്ക് ഇട വരുത്തുന്നു. (മോക്ഷമാര്‍ഗത്തില്‍) ഇതാണ് ശത്രു എന്ന് അറിഞ്ഞുകൊള്‍ക.
(കാമ ഏഷ ക്രോധ ഏഷ
രജോഗുണ സമുദ്ഭവഃ
മഹാശനോ മഹാപാപ്മാ
വിദ്ധ്യേനമിഹ വൈരിതം.)
മനുഷ്യജീവിതമെന്തേ ഇങ്ങനെ ദുഃഖസന്തപ്തമാകാന്‍ എന്ന ചോദ്യത്തിന് ഉത്തരം തേടി അലഞ്ഞ സിദ്ധാര്‍ത്ഥരാജകുമാരന്‍ സത്യമറിഞ്ഞ് ബുദ്ധനായപ്പോള്‍ അദ്ദേഹത്തിന്റെ പ്രജ്ഞയില്‍ തെളിഞ്ഞ കാരണം 'തൃഷ്ണ' എന്നതായിരുന്നു.
ശരിയാണ്; മനുഷ്യന്റെ ഒടുങ്ങാത്ത തൃഷ്ണയാണ്, ആസക്തിയാണ്, എല്ലാ തിന്മകളുടെയും മുരട്. എത്ര കിട്ടിയാലും പോരാ, പോരാ എന്ന് ജപിച്ചുകൊണ്ടേയിരിക്കുന്നതാണ് അതിന്റെ സ്വഭാവം. തനിക്ക് ഇല്ലാത്തതൊന്നും അന്യന് ഉണ്ടാകരുതെന്നു മാത്രമല്ല തനിക്കുള്ളതെല്ലാം അന്യന് ഉണ്ടായിരിക്കരുത് എന്നും അത് ശാഠ്യം പിടിക്കുന്നു. ഈ ശാഠ്യം ഒഴിഞ്ഞുപോകാതിരിക്കാനാണ് എല്ലാ സംവേദന മാധ്യമങ്ങളും നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു വസ്തു നിര്‍മ്മിക്കാന്‍ വേണ്ടതിന്റെ എത്രയോ മടങ്ങാണ് അതിന്റെ പരസ്യത്തിനുവേണ്ടി ചെലവിടുന്നത്! ഈ വസ്തു കൈവശമാക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമൂഹത്തില്‍ ഒരു വിലയും ഇല്ലെന്നാണ് പരസ്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. 'ഉടമസ്ഥന് അഭിമാനം, അയല്‍ക്കാരന് അസൂയ' എന്നല്ലേ പ്രസിദ്ധമായ ഒരു പരസ്യവാചകം!! ഇങ്ങനെ മനുഷ്യര്‍ ഭൂമുഖത്ത് അന്യര്‍ക്ക് നരകം സൃഷ്ടിക്കുന്നതില്‍ ഉത്സാഹിച്ചുകൊണ്ടിരിക്കുന്നു; തങ്ങള്‍ സൃഷ്ടിച്ച നരകമാണ് യഥാര്‍ഥ സ്വര്‍ഗം എന്ന മായയില്‍ കുടുങ്ങിപ്പോകുന്നു.
ഈ പതനത്തില്‍ നിന്നാണ് മനുഷ്യന്‍ വീണ്ടെടുക്കപ്പെടേണ്ടത്. പക്ഷേ, എങ്ങനെ? ദുഷ്ടമനുഷ്യരുടെ മേല്‍ ദൈവകോപം പ്രളയ വാരിധിയായി പെയ്തിറങ്ങുന്നത് നാം വായിക്കു ന്നുണ്ട്. ശിഷ്ടജനത്തെ രക്ഷിക്കാനും ദുഷ്ടരെ ശിക്ഷിക്കാനും ദേവന്റെ അവതാരം സംഭവിക്കുന്ന മത ചിന്ത നമുക്ക് അപരിചിതവും അല്ല. സംഭവിച്ചു കഴിഞ്ഞ തിന്മയ്ക്ക് പരിഹാരമാണ് ഇതൊക്കെ. എന്നാല്‍, തിന്മയ്ക്ക് മൂലകാരണമായ തൃഷ്ണയെ അതിന്റെ ഉറവിടത്തില്‍ വച്ചുതന്നെ നിര്‍മ്മാര്‍ജനം ചെയ്യാന്‍ എന്താണ് ചെയ്യുക? ഇന്ദ്രിയങ്ങളെ അടക്കിനിര്‍ത്താന്‍ ശീലിച്ചുകൊള്ളുക, ഒന്നിനെയും കൊതിയോടെ നോക്കരുത് എന്ന ഉപദേശം നീളെയുണ്ട്. ഉപദേശവും ഭീഷണിയുമാണ് മതങ്ങള്‍ നിയമേന പ്രയോഗിച്ചുപോരുന്നത്. അവ രണ്ടും തീര്‍ത്തും ഫലപ്രദമാണ് എന്ന് ചരിത്രം സമ്മതിച്ചു കൊടുക്കുന്നില്ല. സ്വാര്‍ത്ഥത്തെയും അതിനെ വളര്‍ത്തുന്ന തൃഷ്ണയെയും തടുക്കാന്‍ പോന്ന ഒരു ഭാവത്തെ കര്‍മ്മജീവിതത്തിന്റെ മുഖ്യ പ്രേരണയായി പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞാലേ ജീവിതത്തെ പാപമുക്തമായി സൂക്ഷിക്കാന്‍ കഴിയുകയുള്ളൂ.
നേടുന്നതല്ല കൊടുക്കുന്നതാണ് ആനന്ദത്തിന്റെ ഉറവിടം എന്ന് സ്‌നേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നു. നേടാന്‍ പുറപ്പെട്ടവന്‍ ഒരിക്കലും മതി വരാതെ ഓടിക്കൊണ്ടേ ഇരിക്കുന്നു. അവന് സ്വസ്ഥത ഇല്ല; ശാന്തി അവന് അന്യം. സ്‌നേഹിക്കുന്നവന് ജീവിതം സംഗീതമയമാണ്.
ആ ഭാവം, സര്‍വപാപപരിഹാരമായ ഭാവം, സ്‌നേഹമാണെന്നത്രെ ക്രിസ്തുമതം ഘോഷിക്കുന്നത്. ആദ്ധ്യാത്മികതയെ സ്‌നേഹകൈവല്യമായി കാണുന്ന വേദാന്തമാണ് ക്രിസ്തുമതം ഉദ്‌ഘോഷിക്കുന്നത്. ഈ മതത്തിന്റെ അനന്വയത്വം ഇതാണ് താനും. മനുഷ്യപ്രകൃതിയില്‍ മാത്രമല്ല, ജീവല്‍ പ്രകൃതിയില്‍ത്തന്നെ സ്‌നേഹം അന്തര്‍ഹിതമാണ്. സ്‌നേഹം, മക്കളോടുള്ള വാത്സല്യം പഠിക്കാനും ശീലിക്കാനും ഒരു പാഠശാലയിലും പോകേണ്ടതില്ലല്ലോ.
മക്കള്‍ക്കുവേണ്ടിയാണെങ്കില്‍ എന്തു ത്യാഗം സഹിക്കാനും മനുഷ്യന്‍ സന്നദ്ധനാണു താനും. എന്നാല്‍ ഈ സ്‌നേഹം പുറത്തേക്കു പോകാതെ കുടുംബത്തിനു ചുറ്റും ബലമുള്ള വേലിക്കെട്ടു തീര്‍ക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നു. ഈ വേലി പൊളിക്കുന്നതാണ് ക്രൈസ്തവ ആദ്ധ്യാത്മികത. 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന കല്പന വളരെ ലളിതമായി ആവശ്യപ്പെടുന്നത് ഇതു തന്നെയാണ്. യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: 'പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാന്‍ നിങ്ങളെ സ്‌നേഹിച്ചു, ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങള്‍ അന്യോന്യം സ്‌നേഹിപ്പിന്‍.' സ്‌നേഹത്തിന്റെ ഈ കുളിര്‍നിലാവില്‍ ലോകം മുഴുകുമ്പോള്‍ സ്വാര്‍ഥം ഒഴിഞ്ഞുപോയി അലിവും കരുതലുമുള്ള ഒരു പുതിയ ലോകം ഉണ്ടാകുന്നു.
പുല്‍ക്കൂടൊരുക്കാനും പ്ലാസ്റ്റിക് യേശുവിനെ ചമയിച്ചു കിടത്താനും ഉത്സാഹം കാണിച്ചപ്പോഴും ഈ ഉണ്ണിക്ക് പിറക്കാന്‍ ഇടം തരുമോ എന്ന ചോദ്യം അനാഥമായി അന്തരീക്ഷത്തില്‍ ഒരു വിതുമ്പലായി അവശേഷിക്കുന്നു.
ആ പുതിയ ലോകത്തിലെ പൗരന്മാരായി മനുഷ്യരെ ആകമാനം സ്‌നാപനം ചെയ്യാന്‍ വേണ്ടിയാണ് ദൈവം മനുഷ്യനായി അവതരിച്ചത്. ക്രിസ്മസ് ആ അവതാരദിനത്തിന്റെ പെരുന്നാളാണ്. സര്‍വജനത്തിനും ഉണ്ടാകാന്‍ പോകുന്ന മഹാസന്തോഷം എന്നാണ് ആകാശവീഥിയില്‍ നിരന്നു നിന്ന മാലാഖമാര്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. മനുഷ്യനെ അവന്റെ പാപബന്ധനങ്ങളില്‍ നിന്ന് വിമോചിപ്പിച്ച് ഒരു പുതിയ മൂല്യക്രമത്തിന്റെ പ്രജാപതിയായി അവരോധിക്കുകയാണ് ക്രിസ്മസ് ചെയ്യുന്നത്.
തന്റെ ഏകജാതനായ പുത്രനെ നല്കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ സ്‌നേഹിച്ചു എന്ന് ക്രിസ്തുവിന്റെ മനുഷ്യാവതാര കഥ വിവരിക്കപ്പെട്ടിട്ടുണ്ട്. ആത്മദാനമാണ് സ്‌നേഹത്തിന്റെ അതിരെന്നാണ്, അതില്‍ കുറഞ്ഞ ഒന്നുമല്ല അതിരെന്നാണ്, ഇത് വ്യക്തമാക്കുന്നത്. അവിടെ ഒന്നും പിടിച്ചുവയ്ക്കലില്ല, കൊടുത്തുതീര്‍ക്കലേയുള്ളൂ. നേടുന്നതല്ല കൊടുക്കുന്നതാണ് ആനന്ദത്തിന്റെ ഉറവിടം എന്ന് സ്‌നേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നു. നേടാന്‍ പുറപ്പെട്ടവന്‍ ഒരിക്കലും മതി വരാതെ ഓടിക്കൊണ്ടേ ഇരിക്കുന്നു. അവന് സ്വസ്ഥത ഇല്ല; ശാന്തി അവന് അന്യം. സ്‌നേഹിക്കുന്നവന് ജീവിതം സംഗീതമയമാണ്. മാലാഖമാര്‍ പാടുകയും - പാടുമ്പോള്‍ ആരാണ് മാലാഖയല്ലാത്തത് - ആട്ടിടയന്മാര്‍ നൃത്തം ചെയ്യുകയും ചെയ്ത ആ രാത്രി എത്ര ധന്യമായിരുന്നു.
ആ ധന്യത, പക്ഷേ, എത്രപേര്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞു? നഗരം വിടുതലില്ലാത്ത തിരക്കുകളിലായിരുന്നു; വഴിയമ്പലങ്ങള്‍ ആളുകളെക്കൊണ്ടു തിങ്ങി നിറഞ്ഞിരുന്നു. ഈ ഗര്‍ഭിണിക്ക് ഇളവേല്‍ക്കാന്‍ ഇടം കൊടുക്കുമോ, ഈ ഉണ്ണിക്ക് പിറക്കാന്‍ സൂതികാലയം ഒരുക്കുമോ എന്ന യാചന ആരുടെയും ചെവിയില്‍ എത്തിയില്ല. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉറവ വറ്റിപ്പോയിരുന്നു!
പുല്‍ക്കൂടൊരുക്കാനും പ്ലാസ്റ്റിക് യേശുവിനെ ചമയിച്ചു കിടത്താനും ഉത്സാഹം കാണിച്ചപ്പോഴും ഈ ഉണ്ണിക്ക് പിറക്കാന്‍ ഇടം തരുമോ എന്ന ചോദ്യം അനാഥമായി അന്തരീക്ഷത്തില്‍ ഒരു വിതുമ്പലായി അവശേഷിക്കുന്നു. നമ്മുടെ തിരക്കുകള്‍ വര്‍ധിക്കുകയാണ്, ആഗ്രഹങ്ങളും ആവശ്യങ്ങളും ഇരട്ടിക്കുകയാണ്. തിരസ്‌ക്കരിക്കപ്പെട്ടവന്റെ വേദന നാം അറിയുന്നില്ല, പീഡിതന്റെ രോദനത്തിന് നമ്മുടെ കര്‍ണ്ണങ്ങള്‍ ബധിരമാണ്. കൈനോട്ടക്കാരന്റെ മുമ്പില്‍ മലര്‍ത്തിവച്ച കൈവെള്ളപോലത്തെ ഭൂപടം നോക്കി കവി ചോദിച്ചു, നിന്റെ ഹൃദയരേഖ എവിടെ? ഇല്ല; ഹൃദയരേഖയുമില്ല, ഹൃദയവുമില്ല. സ്‌നേഹിക്കുമ്പോള്‍ നിങ്ങള്‍ സ്വര്‍ഗത്തിലാണ് എന്ന വിശുദ്ധമായ നിമന്ത്രണം കേള്‍ക്കാത്തവന് എന്ത് ക്രിസ്മസ്!
ഒരു ശിശു നല്കപ്പെട്ടിരിക്കുന്നു; ഈ ശിശു നിങ്ങള്‍ക്ക് ആര് എന്ന ചോദ്യത്തിന് നിങ്ങള്‍ കൊടുക്കുന്ന ഉത്തരമാണ് നിങ്ങളുടെ ജീവിതത്തിന്റെ അര്‍ഥം നിര്‍ണ്ണയിക്കുന്നത്.
അപരനില്‍ പരനെ ദര്‍ശിക്കുക എന്ന സന്ദേശത്തിന്റെ സ്ഥാനത്ത് 'അപരനാണ് നരകം' എന്ന് നാം എഴുതി വയ്ക്കുന്നു. പക്ഷേ, ആഘോഷങ്ങള്‍ കുറയ്ക്കുന്നില്ല. ജീവിതം മുഴുവന്‍ അഭിനയമാക്കുന്നതിന്റെ ആഘോഷമാണ് ഇത്. ഈ തിരക്കുകള്‍ക്കിടയിലും ദൈവം അരുളിച്ചെയുന്നു, 'നിങ്ങളെ ഉപേക്ഷിക്കാന്‍ എനിക്കു മനസ്സു വരുന്നില്ല; എനിക്ക് ഏറ്റവും വിലപ്പെട്ടതിനെ പകരം നല്കി നിങ്ങളെ വീണ്ടെടുക്കാന്‍ ഞാന്‍ ശ്രമിക്കട്ടെ.'
ഒരു ശിശു നല്കപ്പെട്ടിരിക്കുന്നു; ഈ ശിശു നിങ്ങള്‍ക്ക് ആര് എന്ന ചോദ്യത്തിന് നിങ്ങള്‍ കൊടുക്കുന്ന ഉത്തരമാണ് നിങ്ങളുടെ ജീവിതത്തിന്റെ അര്‍ഥം നിര്‍ണ്ണയിക്കുന്നത്.