കഥകള്‍ / കവിതകള്‍

യൂദാസിന്റെ പ്രാര്‍ഥന

Sathyadeepam
  • വര്‍ഗീസ് പി പി

പള്ളികളായിരമുയരട്ടെ പാറമേല്‍

പള്ളികളിലെന്‍ ഗുരുവിന്റെ രൂപവും !

നെയ്ത്തിരി കത്തിയാലുമില്ലെങ്കിലും

നേര്‍ച്ചപ്പെട്ടികള്‍ നിറയണം;

പാപമോചനത്തിനായ് ചൊരിയട്ടെ

'മുപ്പതു വെള്ളിക്കാശുകള്‍!'

മന്നിലപ്പം മേലിലും

മന്നയായ് പൊഴിയുമോ?

അയ്യായിരത്തിനു, മതിനുംമേല്‍ വിളമ്പാന്‍

അപ്പമഞ്ചെങ്കിലും തരമാക്കണം

അതിനും വേണ്ടേ പണം!

തൊട്ടിപ്പണം വേണം, പിന്നെ നേര്‍ച്ചപ്പണം;

ചിട്ടിപ്പണവും ചേര്‍ത്തുവയ്ക്കണമ-

ക്കുശവന്റെ പറമ്പുകള്‍

പേശി വാങ്ങാന്‍!

പള്ളിക്കു പള്ളിക്കൂടമെന്തിന്?

ക്രയവിക്രയം ചെയ്യണം

ലാഭത്തിലല്ലേ കാര്യം-

വിശ്വാസമല്ലെ എല്ലാം!!

പാവങ്ങള്‍ക്കു സ്വര്‍ഗം പണ്ടേ സ്വന്തം,

പണമുണ്ടെങ്കില്‍ ഭൂവിലും സ്വര്‍ഗം -

പിന്നെയാര്‍ക്കുവേണമീയാകാശമോക്ഷം!

ചാട്ടവാറെടുത്തൊരു ഗുരുവിനെ

കൂച്ചുവിലങ്ങിട്ടു കൂപ്പായമഴിപ്പിച്ചു

ഇനിയങ്ങു വാഴണം നീണാള്‍;

ഞാങ്ങണകൊണ്ടു ഭരിക്കാം

മുള്‍ക്കിരീടവും സ്വന്തം!

കുരിശ് ക്രൂശിതനു കൊടുത്തേക്കാം

എനിക്കോ മുപ്പതുവെള്ളിക്കാശുകള്‍

'ചാവി' പോയെങ്കിലെന്ത്

പണപ്പെട്ടിയെന്‍ കയ്യില്‍ ഭദ്രം.

സ്വര്‍ണ്ണക്കൂടാരം തീര്‍ത്തിടാം

തങ്കത്തില്‍ പൊതിയാം കൂശതും

നേര്‍ച്ചപ്പെട്ടികള്‍ക്കു കാവലായ്

നീയുണ്ടാകേണം നിത്യവും;

ഒളിമങ്ങിയ ദീപവും കൂട്ടിനായ്!

എണ്ണയ്ക്ക് തീപിടിച്ചവില

പിന്നെയെന്തിനീ പാഴ്ച്ചിലവ്?

പടുതിരി കത്തുന്ന പാഴ്‌വിളക്കി-

നോടുണര്‍ത്തിടാം

പകരണേ പ്രഭ നിത്യവും!

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16