ചെറുകഥ – ഫ്രാൻസിസ് തറമ്മേൽ
പ്രകൃതിഭംഗിയാൽ അനുഗ്രഹിക്കപ്പെട്ട ഒരു ചെറിയ ഗ്രാമമായിരുന്നു കുന്നത്തോട്. ആ ഗ്രാമത്തിലെ ഒരു ചെറിയ വീട്ടിൽ കുഞ്ഞമ്മിണി മുത്തശ്ശി ഒറ്റയ്ക്കായിരുന്നു താമസം. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് ചൂടോടെ ദോശ ചുട്ടെടുക്കുകയും രുചികരമായ കൂട്ടുകറികൾ തയ്യാറാക്കുകയും ചെയ്യുന്നത് അവരുടെ പതിവായിരുന്നു.
അയൽക്കാരനും സഹായി യുമായ യുവാവ് രാമൻ എപ്പോഴും മുത്തശ്ശിക്കൊപ്പ മുണ്ടായിരുന്നു. വീട്ടിൽ നിന്ന് അധികം ദൂരമില്ലാത്ത ഒരു വലിയ വാകമരച്ചുവട്ടിലായിരുന്നു അവരുടെ ചെറിയ തട്ടുകട.
ഓരോ രാവിലെയും ചൂടുള്ള ദോശയും കറിക്കൂട്ടും എടുത്ത് അവർ അവിടേക്ക് നടന്ന് പോകുമായിരുന്നു.
ഒരു ദിവസം വഴിയിൽ നടക്കുമ്പോൾ രാമൻ ആശങ്കയോടെ ചോദിച്ചു.
“മുത്തശ്ശീ, ഇന്നലെ നമ്മുടെ പതിവുകാരിൽ പലരും പുതുതായി തുടങ്ങിയ ദോശക്കടയിലേക്കല്ലേ പോയത്? ഇങ്ങനെ തുടർന്നാൽ ഈ ജോലി മതിയാക്കി മറ്റെന്തെങ്കിലും തുടങ്ങുന്നതല്ലേ നല്ലത്?”
മുത്തശ്ശി പുഞ്ചിരിച്ചു. “മോനേ, ഇന്നലെ വരെ ഈ തൊഴിൽ നമ്മുടെ ഉപജീവനമാർഗമായിരുന്നില്ലേ? ഇന്നും അതുതന്നെയാണ്. നാളെയും അതുതന്നെയായിരിക്കും എന്ന് വിശ്വസിക്കണം. ഇന്നലെയിലെ സങ്കടങ്ങൾ ഇന്നലെയുടേതാണ്. ഇന്ന് എന്ത് സംഭവിക്കുമെന്ന് നമുക്കറിയില്ല.
ഇന്നലെയെക്കുറിച്ച് ചിന്തിച്ച് ഇന്നത്തെ സന്തോഷം നഷ്ടപ്പെടുത്തുന്നതെന്തിന്?
കുറച്ചുനേരം കഴിഞ്ഞ് മുത്തശ്ശി വീണ്ടും പറഞ്ഞു.
“നാം ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയും ഉത്തരവാദിത്വവും പുലർത്തണം. മനുഷ്യരോട് കരുണയും നീതിയും കാണിക്കണം. അതാണ് നമ്മുടെ കടമ.”
സംസാരിച്ചുകൊണ്ട് അവർ വാകമരച്ചുവട്ടിലെത്തിയപ്പോൾ രാമൻ അത്ഭുതപ്പെട്ടു. നിരവധി ഗ്രാമവാസികൾ അവരുടെ വരവും കാത്ത് അവിടെ നില്ക്കുകയായിരുന്നു.
“മുത്തശ്ശി വാഴയിലയിൽ വിളമ്പുന്ന ചൂടൻ ദോശയുടെയും കറിക്കൂട്ടിന്റെയും രുചി മറ്റൊരിടത്തും കിട്ടില്ല. അതുപോലെ അവരുടെ സ്നേഹപൂർവമായ പെരുമാറ്റവും. വിശന്ന് വരുന്നവരോട് അവർ ഒരിക്കലും കണക്ക് പറയാറില്ല.”
ആളുകൾ തമ്മിൽ പറയുന്നത് രാമൻ കേട്ടു.
ചൂടാറും മുമ്പേ അന്നത്തെ ദോശയും കറിക്കൂട്ടും മുഴുവൻ വിറ്റുതീർന്നു. വീട്ടിലേക്കു മടങ്ങുമ്പോൾ രാമന്റെ മനസ്സിൽ ആശങ്കകൾക്ക് സ്ഥാനമില്ലായിരുന്നു.
അപ്പോൾ അവൻ ചോദിച്ചു.
“മുത്തശ്ശീ, ഇതെല്ലാം ദൈവം തരുന്ന കൃപയല്ലാതെ മറ്റെന്താണ്?”
മുത്തശ്ശി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
“മോനേ, ദൈവം കനിഞ്ഞു തരുന്ന അനുഗ്രഹങ്ങളും നന്മകളും നമ്മിലുള്ള കഴിവുകളും ഒരിക്കലും വിലകുറച്ച് കാണരുത്.
ഒരു റോസാചെടിയിലെ ഒരേ തണ്ടിൽ വിരിയുന്ന രണ്ട് പൂക്കൾ പോലും ഒരുപോലെയല്ല. നിറ ത്തിലും രൂപത്തിലും ഇതളുകളുടെ ഭംഗിയിലും വ്യത്യാസമുണ്ട്.
ദൈവസൃഷ്ടിയിലും അങ്ങനെ തന്നെയാണ്. ഒന്നിന് പകരം മറ്റൊന്നില്ല.”
ആ വാക്കുകൾ രാമന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു.
മറ്റൊരാളുടെ ഉയർച്ച കണ്ട് നിരാശപ്പെടുകയും സ്വന്തം കഴിവുകളെ അവഗണിക്കുകയും ചെയ്യുന്നത് നമ്മളെത്തന്നെ നഷ്ടപ്പെടുത്തുന്നതിന് തുല്യമാണ്.
ദൈവം കനിഞ്ഞുതന്ന വരങ്ങൾ വിശ്വസ്തതയോടെയും സ്നേഹത്തോ ടെയും ഉപയോഗിക്കുന്നവർക്ക് അവരുടെ പരിശ്രമത്തിന്റെ ഫലം ഒരുനാൾ തീർച്ചയായും ലഭിക്കും.