

അതിലേ കടന്നുപോകുമ്പോഴെല്ലാം അയാൾ കപ്പേളയിൽ സമർപ്പിക്കപ്പെട്ട വാടിയ പൂക്കളെ നോക്കുമായിരുന്നു. നിഷ്കളങ്കസ്നേഹത്തിന്റെ സൗഗന്ധികപ്പൂക്കൾ.
ടോം കെ. ജോസ്
അധ്യായം : മുപ്പത്
ഇടവകയുടെ തിരുനാളിന് വെള്ളിയാഴ്ച കൊടിയുയർന്നു. ചാക്കോച്ചിയാണ് ചെറുപ്പക്കാരെ കൂട്ടി പള്ളിയുടെ മുഖവാരവും പരിസരവും ദീപാലങ്കാരങ്ങൾ കൊണ്ട് മനോഹരമാക്കിയത്. ഓടി നടന്ന് മിന്നി മറയുന്ന അലങ്കാരം എല്ലാവർക്കും നന്നേ ബോധിച്ചു. പ്രത്യേകിച്ചും മാമച്ചൻ ചേട്ടന്.
“കഞ്ചാവ് വിചാരിച്ചപോലെ അല്ലല്ലോ.” ആ വാക്കുകളിലെ ക്ഷമാപണസ്വരം കേട്ട് അയാൾ ചെറുതായി പുഞ്ചിരിച്ചു.
മരിച്ചവരുടെ ഓർമ്മയും സെമിത്തേരി സന്ദർശനവുമായിരുന്നു ആദ്യദിനത്തിൽ നടത്തിയത്. ആ ഇടവകപള്ളി പണിയിക്കാൻ നേതൃത്വം നല്കിയ മുൻ വികാരിയും വിശുദ്ധനും വയോധികനുമായ ജോർജച്ചനെയായിരുന്നു വെള്ളിയാഴ്ചയിലെ തിരുക്കർമ്മങ്ങൾക്കായി അയാൾ ക്ഷണിച്ചിരുന്നത്. സെമിത്തേരിചാപ്പൽ വെഞ്ചിരിപ്പുണ്ടെന്നറിഞ്ഞ പ്പോൾ അച്ചൻ തടസ്സം പറഞ്ഞു.
വികാരിജനറാളച്ചനെ വിളിക്ക്.
“ഇത് ചാപ്പൽ വെഞ്ചിരിപ്പാണ്; ദേവാലയകൂദാശയല്ല." അയാൾ ഉറപ്പുകൊടുത്തു.
“എല്ലാത്തിനും ഉത്തരമുണ്ടല്ലോ.” പുഞ്ചിരിയോടെ വല്യച്ചൻ സമ്മതിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ ജോർജച്ചൻ എത്തിച്ചേർന്നു. വിശ്രമിക്കാനൊന്നും കൂട്ടാക്കിയില്ല. മരണ രജിസ്റ്റർ കാണാൻ താത്പര്യം പ്രകടപ്പിച്ചു. അച്ചൻ സ്ഥലം മാറിയതിനുശേഷം മരണമടഞ്ഞവരുടെ ലിസ്റ്റ് തയ്യാറാക്കി.
“ഇവരെ മനസ്സിൽ കാണണമല്ലോ. ജീവിച്ചിരിക്കുന്നവർ നേരേ കാണാൻ വന്നോളൂല്ലോ.” അച്ചൻ വിശദീകരണമെന്നോണം പറഞ്ഞു.
വല്യച്ചന് സ്വാഗതം പറയാനായി നിന്നപ്പോൾ എന്തോ ഒരു വികാരം തന്നെ പൊതിയുന്നതായി അയാൾക്ക് തോന്നി. അയാൾ പറഞ്ഞ സ്വാഗതവചനങ്ങൾ പലരുടെയും കണ്ണുകൾ നനച്ചു. വല്യച്ചൻ മാത്രം അക്ഷോഭ്യനായി നിന്നു.
വിശുദ്ധ കുർബാനയ്ക്കുശേഷം മരിച്ചവർക്കുവേണ്ടിയുള്ള കർമ്മങ്ങളും, സെമിത്തേരിയിലെ കപ്പേളയുടെ വെഞ്ചിരിപ്പും ആ വയോധികൻ ഭക്തിപൂർവ്വം നിർവഹിച്ചു. പ്രസംഗത്തിൽ ഇടവക കൂട്ടായ്മയിൽനിന്ന് വേർപിരിഞ്ഞുപോയവരെ വ്യക്തിപരമായി അനുസ്മരിച്ചു. പള്ളി പണിയിൽ അവരോരുത്തരും സഹിച്ച ത്യാഗങ്ങളെ പ്രത്യേകം പ്രത്യേകം എടുത്തു പറഞ്ഞു. പൂർവ്വികരുടെ പ്രകാശപൂരിതമായ കബറിടങ്ങൾക്കിടയിൽ നിന്ന് ഇളംതലമുറ അഭിമാനത്തോടെ ആ വാക്കുകൾക്ക് ചെവിയോർത്തു.
കാണാൻ കാത്തുനിന്ന മുഴുവൻ ആളുകളെയും കണ്ട് കുശലം പറഞ്ഞതിനുശേഷം വല്യച്ചൻ വണ്ടിക്കൂലി വാങ്ങാതെ പോയി.
കമ്മിറ്റിക്കാർ അയാളെ പൊതിഞ്ഞു.
“അതേ. ഇക്കുറി പ്രദക്ഷിണം അങ്ങുവരെ വേണം. പെരുന്നാള് നാല് പേര് കാണട്ടെ.”
“കപ്പേളേൽ എറക്കിവച്ച് വാഴ്വ് നടത്തിയേച്ച് അതിർത്തി വെരെപ്പോണം.”
പള്ളിയുടെ ഇടവകയുടെ കിഴക്കേ അതിർത്തിയിലേക്കുള്ള വഴിയുടെ മധ്യത്തിലാണ് യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ആ കപ്പേള സ്ഥിതി ചെയ്യുന്നത്. കൂറ്റൻ കിഴവൻ നാട്ടുമാവുകൾ ആകാശം തൊട്ടുനിൽക്കുന്ന കാവിന് സദൃശമായ സ്ഥലമായിരുന്നു അത്. സൂര്യപ്രകാശത്തെ താഴേക്ക് കടത്തിവിടാതിരിക്കാൻ മാവിന്റെ ശിഖരങ്ങൾ തമ്മിൽ പരസ്പരം മത്സരിക്കുകയാണെന്ന് അവിടെയിരിക്കുമ്പോൾ അയാൾക്ക് തോന്നുമായിരുന്നു. മിക്കപ്പോഴും ഉച്ചമയക്കം കഴിഞ്ഞ് വായിക്കാൻ നല്ല മൂഡില്ലെങ്കിൽ അയാൾ അങ്ങോട്ട് വെറുതേ നടക്കുമായിരുന്നു. അവിടെയെത്തുമ്പോൾ അയാളുടെ കണ്ണുകൾ കൗതുകത്തോടെ ആദ്യം തിരഞ്ഞിരുന്നത് യൗസേപ്പിതാവിന്റെ രൂപത്തിന് മുമ്പിലുള്ള പായൽ പിടിച്ച് നിറം മങ്ങിയ പടിയിലേക്കായിരുന്നു. എന്നോ കത്തിയമർന്ന മെഴുതിരികളുടെ അവശിഷ്ടങ്ങൾക്കിടയിൽ എപ്പോഴും വാടിത്തുടങ്ങിയ ഒരു പുഷ്പം കാണുമായിരുന്നു. ഒരു കാക്കപ്പൂവ്. ശംഖ് പുഷ്പം. തൊട്ടാവാടിപ്പൂ.
ഒരിക്കൽ മുരിക്കിൻ പൂ കണ്ടപ്പോൾ അയാൾക്ക് ചിരിപൊട്ടി.
നസ്രത്തിലെ തച്ചന് കാട്ടുപൂക്കൾ സമർപ്പിക്കുന്ന ആ നിഷ്കളങ്ക മനസ്സിനെ കണ്ടു പിടിക്കാൻ മനസ്സ് തിടുക്കം കൂട്ടി. പക്ഷേ നിരാശയായിരുന്നു ഫലം. പൂക്കളുടെ ഉടമ തന്റെ അദൃശ്യത തുടർന്നു.
ഓർക്കാപ്പുറത്താണ് പിടികിട്ടാപ്പുള്ളി വലയിൽ വീണത്.
അയൽവക്ക ഇടവകയിലെ ഒരു മൃതസംസ്കാരം കഴിഞ്ഞ് അലസമായി പള്ളിയിലേക്ക് നടക്കുകയായിരുന്നു അയാൾ. കപ്പേള കണ്ടപ്പോൾ മരമുത്തച്ഛൻമാരുടെ തണലിൽ വെറുതേ ഒന്നിരിക്കാൻ തോന്നി. ആ ഇരിപ്പിൽ മരമർമ്മരങ്ങളുടെ വേദോപദേശം കേട്ട് ഒന്നുമയങ്ങിയോ എന്നു തോന്നി. എന്തോ ഒരനക്കം കേട്ട് മുഖയർത്തിയപ്പോൾ കൺമുമ്പിൽ വടികുത്തി നിൽക്കുന്ന മെല്ലിച്ച ഒരു സ്ത്രീരൂപം തെളിഞ്ഞു. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൾ മുരിക്കിൻപൂ പോലെ ജ്വലിക്കുന്നു. നീണ്ട കാതുകളിലെ തോടകൾ കാറ്റിലുലയുന്നു. എഴുതിക്കറുപ്പിച്ച കണ്ണുകളിൽ മാതൃവാത്സല്യം തുളുമ്പുന്നു.
“എന്നാന്ന് ബാല്യക്കാരാ. ചീണായിപ്പോയാ...” വനദേവത കുശലം ചോദിച്ചു.
“ഉം... നടന്ന് കാല് കടഞ്ഞിന്...” ക്ഷീണിതൻ അവിടെത്തന്നെയിരുന്നു.
“ഉശ്ശ്...” വനദേവത ശരിവെച്ചു.
“ആരാ...” അയാൾ വനദേവതയെ നോക്കി.
“നാനാ...” വനദേവത ചുറ്റും നോക്കി ചോദ്യം തനിക്കാണെന്നുറപ്പിച്ചു.
“നാൻ വള്ളി.” വെറ്റിലക്കറപുരണ്ട പല്ലുകൾ വെളിവായി.
വള്ളിയെന്ന പോലെ വെറും മണ്ണിൽ തൊട്ടുനിൽക്കുന്നു.
“കാടു കീയുമ്പോ കാലുമ്മേ ഒന്നും മേണ്ടേ.” വള്ളി ചെരിപ്പു ധരിക്കാറില്ലെന്ന് കണ്ട് അയാൾ ചോദിച്ചു.
“ഇതാന്ന് സൊകം.”
“ഏടെയാ പോന്ന്.”
“ഞാള് ഏടെപ്പോകാൻ... ഈടെ ബന്നതാ. ഇവറ് ഞാളെ ആളാ.” വള്ളി ഉറ്റബന്ധുവെന്നോണം യൗസേപ്പിതാവിന് നേർക്ക് കൈചൂണ്ടി. കൈയ്യിൽ ഒരു പേരില്ലാപുഷ്പം തെളിഞ്ഞു.
വള്ളിക്ക് യൗസേപ്പിതാവ് സുഹൃത്താണ്.
“ഓറോട് തോനെപ്പറയാം. പാവാന്ന് എല്ലാങ്കേക്കും.” തന്റെ സങ്കടങ്ങളെല്ലാം അവിടെ വന്നു പറഞ്ഞാൽ യൗസേപ്പിതാവിന് എല്ലാം മനസ്സിലാകും എന്നതായിരുന്നു വള്ളിയുടെ നിഷ്കളങ്കവും ഉറച്ചതുമായ വിശ്വാസം.
സംസാരിച്ചുകൊണ്ടിരുന്നപ്പോൾ വള്ളിക്ക് പുറകിൽ കുറ്റിക്കാട് ശക്തമായിളകി. കറുപ്പും വെളുപ്പും പാണ്ടുള്ള ഒരു വലിയ നായ ഇറങ്ങിവന്നു. അയാളെ കണ്ട് ഭീഷണസ്വരത്തിൽ മുരണ്ടു.
“ബെള്ളോ.” വള്ളി വാത്സല്യഭാവത്തിൽ വിളിച്ചു. നായ കുഞ്ഞിനെപ്പോലെ ശാന്തനായി.
“ഞാളെ ചങ്ങായിയാന്ന്. ബെള്ളു.” വള്ളി നവാഗതനെ പരിചയപ്പെടുത്തി.
നായ കൂടുതൽ വിനീതനായി.
“ഞാങ്കീയുന്നേ.” പുഷ്പം സമർപ്പിച്ച് വള്ളിയും ബെള്ളുവും യാത്ര പറഞ്ഞു. കുറച്ച് ചുവടുകൾ നടന്നിട്ട് ബെള്ളു ഓർമ്മ പുതുക്കാനെന്നോണം അയാളെ ഒന്നു തിരിഞ്ഞുനോക്കി.
പിന്നീട് അതിലേ കടന്നുപോകുമ്പോഴെല്ലാം അയാൾ കപ്പേളയിൽ സമർപ്പിക്കപ്പെട്ട വാടിയ പൂക്കളെ നോക്കുമായിരുന്നു. നിഷ്കളങ്കസ്നേഹത്തിന്റെ സൗഗന്ധികപ്പൂക്കൾ.
സാധാരണയായി ഈ കപ്പേള വരെയാണ് തിരുനാൾ പ്രദക്ഷിണം പോകാറുള്ളത്. എന്നാൽ ഇത്തവണ ആ കപ്പേളയും കഴിഞ്ഞ് ഇടവകയുടെ അതിർത്തി വരെ പ്രദക്ഷിണം പോകണമെന്നും, അവിടെ വേണം പന്തൽ ക്രമീകരിക്കാനെന്നുമാണ് തിരുനാൾ നടത്തിപ്പു സമിതിയിലെ ആളുകൾ വാശിപിടിക്കുന്നത്. പുതിയ കുരിശുകൾ അയൽപക്ക ഇടവകക്കാരെ കാണിക്കാനുള്ള ശ്രമമാണ്.
“സമ്മതിച്ചേക്ക്.” മദർ ആരും കേൾക്കാതെ ചെവിയിൽ പറഞ്ഞു.
പുഞ്ചിരിയോടെ അയാളും അവരുടെ നിർബന്ധത്തിന് വഴങ്ങി.
വെള്ളിയാഴ്ചത്തെ കർമ്മങ്ങൾ പൂർത്തിയായതോടെ പിറ്റേദിവസത്തെ ആഘോഷങ്ങൾക്കായി എല്ലാവരും പിരിഞ്ഞു. ഇടവകാതിർത്തിയിൽ രാത്രിതന്നെ സുന്ദരമായ പന്തലുയർന്നു. ശനിയാഴ്ചയാണ് ഇടവകയുടെ അതിർത്തിയിലേക്കുള്ള വലിയ പ്രദക്ഷിണവും, അതോടൊപ്പം പള്ളിയുടെ ഭക്തസംഘടനകളുടെ വാർഷികവും കലാപരിപാടികളും നിശ്ചയിച്ചിരുന്നത്. മദറും മതാധ്യാപകരും കുട്ടികളെ നേരത്തേകൂട്ടി പരിശീലിപ്പിച്ചിരുന്നു.
ശനിയാഴ്ച അതിരാവിലെ തന്നെ ചാക്കോച്ചി സൗണ്ട് സിസ്റ്റത്തിന്റെ സാധനങ്ങളെല്ലാം ഒരു വലിയ ലോറിയിൽ പള്ളിമുറ്റത്ത് കൊണ്ടുവന്ന് ശ്രദ്ധാപൂർവ്വം ഇറക്കിവെച്ചു.
പിന്നീട് അഭിമാനപൂർവ്വം അവയ്ക്കുചുറ്റും ഒന്നു വലം വച്ചു. വാത്സല്യപൂർവ്വം മക്കളുടെ ശിരസ്സിലെന്ന പോലെ പെട്ടികളുടെ മുകളിൽ തലോടി.
പോകാൻ നേരം പോക്കറ്റിൽ നിന്ന് ഒരു ടെസ്റ്റർ എടുത്തുനീട്ടി.
“ഇതൊന്ന് വെഞ്ചരിച്ച് വെച്ചേക്ക്. ഞാനൊന്നു പൊഴേച്ചാടി കൊറച്ചു ചോറുണ്ടേച്ചിങ്ങ് വെക്കം വന്നേക്കാം...”
അയാൾ എന്തെങ്കിലും പറയും മുമ്പേ ചാക്കോച്ചി ഗേറ്റ് കടന്നു. പ്രദക്ഷിണത്തിനുള്ള ഒരുക്കങ്ങളും കലാസന്ധ്യയ്ക്കുള്ള ഒരുക്കങ്ങളും ഒരു വശത്ത് തകൃതിയായി നടക്കുന്നുണ്ടായിരുന്നു. എന്നാൽ സമയം ഉച്ചയായിട്ടും പള്ളിമുറ്റത്ത് ഇറക്കിവെച്ച സാധനങ്ങൾ ക്രമീകരിക്കാൻ ചാക്കോച്ചിയെ കാണാതായതോടെ അയാൾക്ക് ആശങ്കയായി. വിളിച്ചുനോക്കിയപ്പോൾ ഫോൺ സ്വിച്ചോഫ് ചെയ്തിരിക്കുകയാണ്.
ആളുകൾ ചാക്കോച്ചിയെ തിരക്കി അന്വേഷണം തുടങ്ങുന്നതിനിടയിലാണ്, വിൽസന്റെ ജീപ്പ് പള്ളിമുറ്റത്തേക്ക് പാഞ്ഞുവന്നത്. ജീപ്പ് നിർത്തി വെപ്രാളത്തോടെ പുറത്തിറങ്ങിയ വിൽസൺ, കിതപ്പോടെ അയാൾക്കരികിലേക്ക് ഓടിയെത്തി ആരും കേൾക്കാതെ ചെവിയിൽ പറഞ്ഞു.
“അച്ചാ ചാക്കോച്ചിയെ പൊലീസ് പൊക്കി...”
അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറി.
(തുടരും)