

പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ, ദൈവത്തിന് സങ്കീർത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്തുവിന്റെ വചനം നിങ്ങളിൽ സമൃദ്ധമായി വസിക്കട്ടെ !
കൊളോസോസ് 3 : 16
എറണാകുളം-അങ്കമാലി മേജർ അതിരൂപതയുടെ ഇത്തവണത്തെ ബൈബിൾ കലോത്സവത്തിന്റെ പേര് ‘എഷ്കോൾ’ എന്നായിരുന്നു. തീർത്തും പ്രഫഷണലായി നടത്തപ്പെട്ട കലോത്സവം സംഘാടനമികവു കൊണ്ടും ഏകോപനം കൊണ്ടും ശ്രദ്ധേയമായി. വൈദികരും സന്യാസിനികളും അൽമായരും ഉൾപ്പെടുന്ന ഒരു വലിയ ഗണം കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി. കലോത്സവങ്ങൾ പലപ്പോഴും കലാപോത്സവങ്ങളാകുകയും ലക്ഷ്യങ്ങളെത്തന്നെ അട്ടിമറിച്ച് സംഘർഷങ്ങൾക്കും അസമാധാനത്തിനും കാരണമാകുകയും ചെയ്യാറുണ്ട്. അത്തരം ദുരവസ്ഥയില്ലാതെ കലോത്സവം സംഘടിപ്പിച്ച ‘ടീം എഷ്കോൾ’ അതിരൂപതാകുടുംബത്തിന്റെ മുഴുവൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ബൈബിൾ കലോത്സവങ്ങൾക്കു തുടക്കമിട്ടത് പിതാവായ ദൈവമാണ്. ‘അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു’ എന്നതാണ് ബൈബിൾ കലോത്സവങ്ങളുടെ സ്ഥാപനവാക്യം. സ്നേഹം, സത്യം, നീതി, കരുണ, സഹനം, സമാധാനം, സാഹോദര്യം, അനുതാപം, മാനസാന്തരം, സ്വർഗോന്മുഖത, നിത്യജീവൻ എന്നിവയെല്ലാമാണ് സുവിശേഷകലകൾ. സ്നേഹകലയിൽ അദ്വിതീയനായ പിതാവ്, സുവിശേഷകലകളുടെ വിന്യാസത്തിനും വിനിമയത്തിനു മായി തന്റെ പുത്രനെ മനുഷ്യനായി ലോകത്തിലേക്ക് അയച്ചതോടെ ബൈബിൾ കലോത്സവങ്ങൾ ആരംഭിച്ചു. സത്യം, നീതി, കരുണ, സഹനം എന്നിവയിൽ നിപുണനായ പുത്രൻ അവയെ കുരിശിൽ വിജയകരമായി പ്രതിഷ്ഠിച്ചു. ജീവചൈതന്യകലയിൽ അഗ്രഗണ്യനായ പരിശുദ്ധാത്മാവ് ആ കലകളെയെല്ലാം ജനപദങ്ങളിലൂടെ നയിക്കുന്നു. പിതാവിന്റെ സ്നേഹകലയും പുത്രന്റെ സഹനകലയും പരിശുദ്ധാത്മാവിന്റെ ജീവകലയും സംഗമിക്കുമ്പോഴാണ് നമ്മുടെ ജീവിതം ബൈബിൾ കലോത്സവമാകുന്നത്.
‘പാടിച്ചാൽ പാടും; ആടിച്ചാൽ ആടും’ എന്ന് സംഗീതസംവി ധായകനായിരുന്ന ദക്ഷിണാമൂർത്തി പറയുമായിരുന്നു. സ്വാമി എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഹൃദയസരസ്സിലെ യഥാർത്ഥ പ്രണയപുഷ്പം ഈശ്വരനായിരുന്നു. പാടുന്നതല്ല പാടിക്കുന്നതാ ണെന്നും ആടുന്നതല്ല ആടിക്കുന്നതാണെന്നും നമ്മുടെ കുട്ടികളും യുവാക്കളും തിരിച്ചറിയട്ടെ. സിദ്ധികളും വൈഭവങ്ങളുമെല്ലാം സ്വന്തം മിടുക്കല്ലെന്നും സർവേശ്വരന്റെ സവിശേഷദാനങ്ങളാണെ ന്നും അവർ മനസ്സിലാക്കട്ടെ. പ്രപഞ്ചത്തോളം മികച്ച കലാരൂപമില്ലാ ത്തതിനാൽ സ്രഷ്ടാവിനോളം സർഗാത്മകതയുള്ള കലാകാരനു മില്ല. ഓരോ മനുഷ്യനും ആ വിശ്വശില്പിയുടെ കലാരൂപങ്ങളും ശില്പങ്ങളും ചിത്രങ്ങളും ഗാനങ്ങളുമാണ്. ആ ബോധ്യത്തോടെ യുള്ള ആട്ടങ്ങളും പാട്ടുകളും നടനങ്ങളുമാണ് ആരാധനയായി പരിണമിക്കുന്നത്. ബലികളും കാഴ്ചകളും മാത്രമല്ല ആരാധനയായി ദൈവം സ്വീകരിക്കുന്നത്. ശുദ്ധഹൃദയത്തിന്റെ സർഗവ്യാപാരങ്ങ ളെല്ലാം സത്യത്തിൽ ദൈവത്തിനുള്ള ആരാധനയാണ്. നന്ദി നിറഞ്ഞ ഹൃദയം ഉതിർക്കുന്ന ഗാനവും സ്നേഹം തുളുമ്പുന്ന ആത്മാവിന്റെ പ്രസംഗവും ആരാധനയാണ്. സഹനങ്ങളെ പരാതിയില്ലാതെ സ്വീകരിക്കുന്ന മനുഷ്യർ ആടിത്തീർക്കുന്ന ജീവിതനൃത്തം ആരാധനയാണ്. ആ അർത്ഥത്തിൽ ബൈബിൾ കലോത്സവം ആരാധനോത്സവമാണ്; വചനോത്സവവും സ്നേഹോത്സവവുമാണ്.
ലോകത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാലും ഒടുവിൽ നിത്യതയിലെ മത്സരത്തിൽ പരാജയപ്പെട്ടാൽ അതിൽപ്പരം ദുരന്തമില്ല. ‘ഒരുവൻ ലോകം മുഴുവനും നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം’ എന്ന് യേശു ആ മത്സരപരാജയത്തെ സംഗ്രഹിക്കുന്നുണ്ട്. അവസാനവിധിയുടെ വിവരണത്തിന് ഒരു മത്സരാന്ത്യ സമ്മാനദാന ച്ചടങ്ങിന്റെ പ്രതീതിയാണ്. ‘എന്റെ പിതാവിനാൽ അനുഗഹിക്കപ്പെട്ട വരേ, വരുവിൻ’ എന്ന ആമുഖത്തോടെയാണ് മത്സരവിജയികൾ വിക്ടറി സ്റ്റാൻഡിലേക്ക് ആനയിക്കപ്പെടുന്നത്. അവർക്ക് നല്കപ്പെടു ന്നത് കേവലം ഒരു കപ്പോ ട്രോഫിയോ മെഡലോ സാക്ഷ്യപത്രമോ അല്ല; ഒരു രാജ്യം തന്നെയാണ്! വിശക്കുന്നവർക്ക് അന്നരാഗത്തിൽ പാടിക്കൊടുത്ത തൃപ്തിയുടെ ഗാനം; ദാഹിക്കുന്നവർക്ക് ജലധാര യായി പകർന്ന സങ്കീർത്തനം; പരദേശിയെ ആശ്ലേഷത്തോടെ സ്വീകരിച്ചപ്പോൾ പറയാതെ പറഞ്ഞ പ്രസംഗം; നഗ്നർക്ക് വരച്ചു ചാർത്തിയ കുപ്പായമെന്ന ചിത്രം; രോഗികൾക്ക് സാമീപ്യമായി പകർന്ന സാന്ത്വനനൃത്തം; തടവുകാരുടെ അടുക്കലെത്തി അലിവോടെ അവതരിപ്പിച്ച കാരുണ്യനാടകം - ഇതെല്ലാമാണ് മത്സരം വിജയിച്ച് രാജ്യം കരസ്ഥമാക്കാൻ നമ്മെ സഹായിക്കുന്നത്. മത്സരത്തിന്റെ മുഖ്യസംഘാടകൻ തന്നെ പരിശീലനം നല്കുന്നു; അയാൾ, അയാളെത്തന്നെ നല്കി സമ്മാനദാനം നിർവഹിക്കുന്നു. ഒടുവിൽ മത്സരവിജയികൾ അയാളൊടൊപ്പം ആനന്ദത്തോടെ വാഴുന്നു. മറ്റെല്ലാ മത്സരങ്ങളിൽ നിന്നും സുവിശേഷകലോത്സവ ത്തെ വ്യത്യസ്തമാക്കുന്നത് ഈ ഘടനയാണ്. സുവിശേഷകലകൾ ചാരുതയോടെ സാക്ഷാത്കരിക്കുമ്പോഴാണ് നമ്മുടെ ജീവിതം എഷ്കോൾ താഴ് വരയിലെ കൊയ്ത്തുത്സവത്തിന് സമാനമാകുന്നത്.