കഥകള്‍ / കവിതകള്‍

അന്നയും സ്കൂൾ ടീച്ചറും

Sathyadeepam
  • ചെറുകഥ - ഫ്രാൻസിസ് തറമ്മേൽ

കാലവർഷത്തിന്റെ ഓർമ്മകളെ ഉണർത്തുന്ന ഒരു പ്രഭാതം...

പുതുമഴയുടെ നേരിയ നനവ് ഭൂമിയെ സ്നേഹത്തോടെ തഴുകി.

വർണ്ണപ്പകിട്ടുള്ള ചെറുകുടകൾ തുറന്ന്, പുതിയ പ്രതീക്ഷകളോടെ കുട്ടികൾ സ്കൂളിലേക്കു നടന്നു.

ചിലർ സന്തോഷത്തോടെ ചിരിക്കുമ്പോൾ, ചിലർ ഭയത്തോടെ രക്ഷിതാക്കളുടെ കൈകൾ ഉറച്ചു പിടിച്ചു - സന്തോഷവും സങ്കടവും ചേർന്ന ഒരു മനോഹര പുലരിക്കാഴ്ച.

പുതിയ യൂണിഫോമിന്റെ സുഗന്ധവും, പുതിയ പുസ്തകങ്ങളുള്ള ബാഗിന്റെ ഭാരവും, മഴത്തുള്ളികൾ നനച്ച വഴിയും - ആറാം ക്ലാസിലേക്ക് കടക്കുന്ന അന്നയുടെ മനസ്സിൽ പുതുമ നിറച്ചു.

അവളുടെ ചിന്തകൾ പതിയെ കഴിഞ്ഞ വർഷത്തിലേക്ക് വഴുതി...

ആനിയമ്മ ടീച്ചറുടെ സ്നേഹപൂർണ്ണമായ പുഞ്ചിരി ഇന്നും അവളുടെ ഹൃദയത്തിൽ തെളിഞ്ഞുനിന്നു. അത്രയും സ്നേഹമുള്ള ഒരു മുഖം അവൾ മറ്റൊരിടത്തും കണ്ടിട്ടില്ലായിരുന്നു.

എന്നാൽ ആ ഓർമ്മകളുടെ ഇടയിൽ ഒരു നിഴൽ - അവളുടെ അടുത്ത സുഹൃത്ത് മെറീന.

ഒരു പരീക്ഷയ്ക്കിടെ, മെറീന മറ്റൊരാളുടെ പേപ്പറിൽ നിന്ന് പകർത്തുന്നത് അന്ന കണ്ടിരുന്നു. ആരും അറിയാതെ അവൾ അത് ടീച്ചറോട് പറഞ്ഞിരുന്നു. അതിനുശേഷം മെറീന അന്നയെ ഒഴിവാക്കി.

“ഇത് ഒരു ചെറിയ ടെസ്റ്റല്ലേ...” എന്നായിരുന്നു അവളുടെ ന്യായം.

അന്ന പലവട്ടം അടുത്തുചേരാൻ ശ്രമിച്ചെങ്കിലും മെറീന മാറിനിന്നു.

ആ അകലം അന്നയുടെ മനസ്സിൽ വേദനയായി വളർന്നു.

ഒരു ദിവസം, സ്കൂൾ മൈതാനത്തിലെ മാവിൻചുവട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നതായി തോന്നിയ ഒരാളുടെ അടുത്തേക്ക് അന്ന നടന്നു.

“മെറീന...” എന്ന് വിളിച്ചപ്പോൾ - അത് മറിയാമ്മയായിരുന്നു.

അവൾ പരിഹാസചിരിയോടെ അന്നയെ കളിയാക്കി.

ആ നിമിഷം

അന്നയുടെ ഹൃദയം നിശ്ശബ്ദമായി തകർന്നു.

അത് കണ്ടിട്ടും അടുത്ത് നിന്നിരുന്ന മെറീന ഒന്നും പറയാതെ നിൽക്കുന്നത് അന്നയെ കൂടുതൽ വേദനിപ്പിച്ചു.

സങ്കടം സഹിക്കാനാകാതെ അന്ന ടീച്ചറോട് പറയാൻ ക്ലാസിലേക്കു നടന്നു.

അവിടെ, ആനിയമ്മ ടീച്ചർ രാജുവിനെ സ്നേഹത്തോടെ ശാസിക്കുകയായിരുന്നു.

“എന്തിനാണ് നീ അണ്ണാറക്കണ്ണനെ കല്ലെറിഞ്ഞത്?”

ടീച്ചർ ചോദിച്ചു.

“താഴെ വീണാൽ വളർത്താമെന്ന്...”

രാജു മന്ദമായി പറഞ്ഞു.

ടീച്ചർ സ്നേഹത്തോടെ പറഞ്ഞു:

“സ്വതന്ത്രമായി ജീവിക്കേണ്ട ജീവികളെ നമ്മുടെ സ്നേഹത്തോടെ തടവിലാക്കരുത്. നമ്മൾ എത്ര സ്നേഹിച്ചാലും, അവയ്ക്കത് ജീവിതമല്ല.”

ആ വാക്കുകൾ രാജുവിനെയും അന്നയെയും ആഴത്തിൽ സ്പർശിച്ചു.

ശേഷം, അന്ന തന്റെ സങ്കടം ടീച്ചറോട് തുറന്നു പറഞ്ഞു.

ശാന്തമായി കേട്ട ടീച്ചർ ചോദിച്ചു:

“അവൾ മിണ്ടാതിരുന്നത് നിന്റെ വാക്കുകൾ കേൾക്കാനുള്ള ഒരു വഴിയല്ലേ? അവളുടെ മൗനം ഒരു മറുപടി തന്നെയായിരിക്കാം.”

അന്ന അത്ഭുതപ്പെട്ടു - ഒരു പുതിയ കാഴ്ചപ്പാട് അവൾക്ക് ലഭിച്ചു.

ടീച്ചർ മെറീനയുടെ അടുത്തേക്ക് ചെന്നു.

“പഠിച്ചു മനസ്സിലാക്കുന്നതാണ് അറിവ്.. പകർത്തി എഴുതുന്നത് അറിവല്ല.

ബലൂൺ ഊതി വലുതാക്കാം...പക്ഷേ അത് യഥാർത്ഥ പന്താകില്ല. സ്വന്തം പരിശ്രമം കൊണ്ടുള്ള അറിവാണ് വിലപ്പെട്ടത്.”

ആ വാക്കുകൾ മെറീനയുടെ ഹൃദയത്തിൽ തട്ടി.

തന്റെ തെറ്റ് തിരിച്ചറിഞ്ഞ അവൾ അന്നയോട് വീണ്ടും അടുത്തു.

ആരെയും വേദനിപ്പിക്കാതെ എത്ര സ്നേഹത്തോടെയും സൂക്ഷ്മതയോടെയും ടീച്ചർ കാര്യങ്ങൾ കൈകാര്യം ചെയ്തതിൽ മെറീനക്ക് അദ്ഭുതമായി.

മറിയാമ്മയോടും ടീച്ചർ പറഞ്ഞു: “മറ്റുള്ളവരുടെ വിഷമത്തിൽ സന്തോഷിക്കരുത്... നല്ല മനുഷ്യരായി വളരുക.”

ആ ദിവസത്തോടെ അന്നയും മെറീനയും മറിയാമ്മയും - വീണ്ടും ഒരുമിച്ച് നല്ല കൂട്ടുകാരായി.

സ്കൂൾ മുറ്റം വർണ്ണക്കുടകളും പുഞ്ചിരികളും നിറഞ്ഞു.

അന്ന സന്തോഷത്തോടെ നിന്നു - അപ്പച്ചൻ കഷ്ടപ്പെട്ട് നേടിയ ഓരോ ചെറിയ കാര്യത്തിനും നന്ദിയോടെ.

ഉച്ചഭക്ഷണത്തിനുള്ള ബെൽ മുഴങ്ങി.

അപ്പോൾ അന്നയുടെ മനസ്സിൽ ഒരു ഭയം തെളിഞ്ഞു - തലേന്ന് കണ്ട സ്വപ്നം...

ടീച്ചറിന് അപകടം സംഭവിക്കുന്ന ദൃശ്യം.

അന്ന ഭയത്തോടെ കണ്ണുകൾ അടച്ചു അപ്പോൾ വീണ്ടും ആ ദൃശ്യം തെളിഞ്ഞു.

“ടീച്ചറേ!” അന്ന ഉറക്കെ വിളിച്ചു.

“അന്നേ... എന്താണ്?”

ടീച്ചറുടെ സ്നേഹസ്വരം.

അവൾ കണ്ണുതുറന്നു - അത് ഒരു സ്വപ്നം മാത്രമായിരുന്നു.

ആശ്വാസത്തോടെ അവൾ ചിരിച്ചു. അടുത്ത് മെറീനയും മറിയാമ്മയും അവളുടെ കൈ പിടിച്ച് നിന്നു.

അത് കണ്ട ടീച്ചറുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം നിറഞ്ഞു.

ടീച്ചർ സ്നേഹത്തോടെ പറഞ്ഞു:

“മാർക്കുകൾ നൂറിൽ നൂറ് നേടാം... പക്ഷേ ജീവിതത്തിൽ നേടേണ്ടത് നല്ല കുഞ്ഞുങ്ങളായി വളരുക എന്നതാണ്.”

വചനമനസ്‌കാരം: No.221

നിരീശ്വര ചൈനയിൽ നിന്ന് വരുന്ന ഭക്തസാധനങ്ങൾ അഥവാ എണ്ണം കൂടുന്ന ദൈവവില്പനക്കാർ!

യുദ്ധത്തിനെതിരെ ചാക്രികലേഖനത്തില്‍ കര്‍ക്കശമായ പരാമര്‍ശങ്ങള്‍

കുറുമുള്ളൂരിൽ സ്പെഷ്യൽ സ്കൂൾ ആരംഭിച്ചു

വിശുദ്ധ ജോണ്‍ സഹാഗുണ്‍ (1419-1479) : ജൂണ്‍ 12