വിശുദ്ധ അല്‍ഫോന്‍സാ  (1910-1946) : ജൂലൈ 28

വിശുദ്ധ അല്‍ഫോന്‍സാ  (1910-1946) : ജൂലൈ 28

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായി അംഗീകരിക്കപ്പെടാന്‍ സാധിച്ച ഭാഗ്യവതിയാണ് സി. അല്‍ഫോന്‍സാ. ഇന്ത്യപോലൊരു രാജ്യത്തു നിന്ന്, അസാധാരണ ബുദ്ധിവൈഭവമൊന്നുമില്ലാതെ തന്നെ ഈ സ്ഥാനത്തെത്തുവാന്‍ അവളെ സഹായിച്ചത് ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങളിലുള്ള ശ്രദ്ധയായിരുന്നു. ഒരു ശിശുവിനെപ്പോലെ നിര്‍മ്മലയാകാതെ വിശുദ്ധിയുടെ കിരീടം ലഭിക്കുകയില്ലെന്ന് അവള്‍ നല്ലപോലെ മനസ്സിലാക്കിയിരുന്നു. സഹനത്തെയും വേദനകളെയും തിരസ്‌കരണങ്ങളെയുമെല്ലാം അവള്‍ നിഷ്‌ക്കളങ്കതകൊണ്ട് കീഴടക്കി. സഹനത്തിന്റെ അഗ്നിയില്‍ അവള്‍ ശുദ്ധീകരിക്കപ്പെടുകയായിരുന്നു.

1910 ആഗസ്റ്റ് 19-ന് കേരളത്തില്‍ കുടമാളൂരുള്ള മുട്ടത്തുപാടത്തു വീട്ടിലായിരുന്നു ജനനം. അച്ഛന്‍ ജോസഫും അമ്മ മേരിയും കൂടി മകള്‍ക്ക് മാമ്മോദീസാ സമയത്ത് അന്ന എന്നു പേരു നല്കി. ചെറുപ്പത്തില്‍ അന്നക്കുട്ടിയെ ഏറെ സ്വാധീനിച്ചത് ലിസ്യുവിലെ വി. കൊച്ചുത്രേസ്യായുടെ ജീവിതമാണ്. ഒരു കന്യാസ്ത്രീയാകുവാനുള്ള നിശ്ചയം അവള്‍ നേരത്തെ തന്നെ എടുത്തിരുന്നു.

അന്നക്കുട്ടിക്ക് ചെറുപ്പത്തില്‍ത്തന്നെ അമ്മയെ നഷ്ടമായി. മാതൃസഹോദരി അന്നമ്മയുടെ സംരക്ഷണയിലാണ് അവള്‍ വളര്‍ന്നത്. അന്നക്കുട്ടി വളര്‍ന്നുകൊണ്ടിരുന്നപ്പോള്‍ അന്നമ്മ അവളുടെ വിവാഹത്തെപ്പറ്റിയും ആലോചന തുടങ്ങിയിരുന്നു. അങ്ങനെ ഒരു മനസ്സമ്മതത്തില്‍ നിന്നു രക്ഷപ്പെടാനായി സുന്ദരിയായ അന്നക്കുട്ടി തീയില്‍ച്ചാടി വൈരൂപ്യം സൃഷ്ടിക്കാന്‍ ഒരു ശ്രമം നടത്തിയതായി പറയപ്പെടുന്നു. തീയില്‍ ചാടി പൊള്ളലേറ്റത് യാദൃച്ഛികമായിരുന്നെന്ന ഒരു സംസാരവുമുണ്ട്. ഏതായാലും കാലില്‍ പൊള്ളലേറ്റ അന്നക്കുട്ടിക്ക് അതുവഴി പല കാര്യങ്ങള്‍ സാധിച്ചുകിട്ടി. ഒന്നാമത് വിവാഹാലോചന മുടങ്ങി; കാലിലെ വ്രണം ഭേദമാകാന്‍ എടുത്ത സമയം കൊണ്ട് മഠത്തില്‍ ചേരുവാനുള്ള അനുവാദം അവള്‍ നേടിയെടുത്തു. എങ്കിലും, മഠത്തില്‍ ചേര്‍ക്കുവാന്‍ കൂടുതല്‍ പഠനം വേണ്ടി വന്നു. അങ്ങനെ, 1928-ല്‍ ഭരണങ്ങാനത്തുള്ള ക്ലാരിസ്റ്റു കോണ്‍വെന്റില്‍ അന്നക്കുട്ടിക്കു പ്രവേശനം ലഭിച്ചു. എന്നു മുതല്‍ അന്നക്കുട്ടി അല്‍ഫോന്‍സയായി. 1928 ആഗസ്റ്റ് 2-ന് ശിരോവസ്ത്രവും 1930 മെയ് 19-ന് സഭാവസ്ത്രവും സ്വീകരിച്ചു. 1936 ആഗസ്റ്റ് 12-നാണ് നിത്യവ്രതവാഗ്ദാനം നടത്തിയത്.

പക്ഷേ, വിവിധതരം രോഗങ്ങള്‍ അല്‍ഫോന്‍സായെ ആക്രമിക്കാന്‍ തുടങ്ങി. അതിനു പുറമെ തെറ്റിദ്ധാരണകളും കുറ്റപ്പെടുത്തലുകളും. നിസ്സഹായയായ അല്‍ഫോന്‍സാ പതുക്കെപ്പതുക്കെ ജീവിതവുമായി പൊരുത്തെപ്പടുവാനുള്ള യജ്ഞത്തിലായിരുന്നു. വി. കൊച്ചുത്രേസ്യായും ചാവറ കുര്യാക്കോസച്ചനും എപ്പോഴും അവള്‍ക്ക് ആശ്വാസം പകര്‍ന്നു. വി. കുരിശ്, ക്ഷമിക്കാനും സഹിക്കാനും എല്ലാം മറന്ന് സ്‌നേഹിക്കാനുമുള്ള വഴികാട്ടിയായി. അവസാനം അവള്‍ സഹനത്തെ സ്‌നേഹിക്കാന്‍ തുടങ്ങി; കൂടുതല്‍ സഹനങ്ങള്‍ ഇരന്നു വാങ്ങാന്‍ തുടങ്ങി.

അങ്ങനെ ഉലയില്‍ കാച്ചിയ കനകം പോലെ അല്‍ഫോന്‍സാ തിളങ്ങാന്‍ തുടങ്ങി. നൂറുകണക്കിന് ആള്‍ക്കാര്‍ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ ത്ഥിച്ച് അല്‍ഫോന്‍സായുടെ പക്കല്‍ എത്തിക്കൊണ്ടിരുന്നു. അവളുടെ ആഗ്രഹം പോലെ പ്രാര്‍ത്ഥനകള്‍ക്കു പ്രത്യുത്തരം ലഭിച്ചു കൊണ്ടിരുന്നു. ദൈവത്തിന്റെ വിശുദ്ധിയിലേക്ക് സഹനത്തിലൂടെ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അല്‍ഫോന്‍സാമ്മ എന്നും ഉത്തമ വഴികാട്ടിയാണ്. സഹനങ്ങളെ സ്‌നേഹത്തില്‍ ചാലിച്ച് സന്ന്യാസത്തിന്റെ മാറ്റു വര്‍ദ്ധിപ്പിച്ച അല്‍ഫോന്‍സാമ്മ 1946 ജൂലൈ 28-ാം തീയതി തീവ്രമായ വേദന അനുഭവിച്ചുകൊണ്ടുതന്നെ തന്റെ സഹനബലി പൂര്‍ത്തിയാക്കി.

വിശുദ്ധ പദവിയിലേക്കുള്ള പടവുകള്‍ ഒന്നൊന്നായി അവള്‍ വളരെ വേഗം ഓടിക്കയറി. 1953 ഡിസംബര്‍ 2-ന് ദൈവദാസിയും, 1984 നവംബര്‍ 9-ന് ധന്യയും 1986 ഫെബ്രുവരി 8-ന് വാഴ്ത്തപ്പെട്ടവളുമായ അല്‍ഫോന്‍സാമ്മയെ 2008 ഒക്‌ടോബര്‍ 12-ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org