കുർബാനയും സമൂഹത്തിന്റെ പങ്കാളിത്തവും

ഇന്റർനാഷണൽ സിമ്പോസിയം സമാപിച്ചു
International Symposium on “The Eucharist and Community Participation” concludes
Published on

സീറോമലബാർ സഭയിൽ നിലവില്ക്കുന്ന രീതിയെക്കുറിച്ചുള്ള തർക്കങ്ങൾക്കിടയിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലപാട് വ്യക്തമാക്കുന്നതും അതിന്റെ ദൈവശാസ്ത്രപരവും ചരിത്രപരവും അജപാലനപരവുമായ അടിത്തറയും പഠനവിഷയമാക്കിയ ഇന്റർനാഷണൽ സിമ്പോസിയം സമാപിച്ചു. ചുണങ്ങംവേലി നിവേദിതയിൽ ജൂലൈ 24 രാവിലേ ആരംഭിച്ചു് ജൂലൈ 25 വൈകിട്ട് സമാപിച്ച സിമ്പോസിയത്തിൽ ഇന്ത്യയിലും വിദേശത്തും വിവിധ സെമിനാരികളിലും അക്കാദമിക് തലത്തിൽ പഠിപ്പിക്കുന്നവരും ഗവേഷണ വിദ്യാർത്ഥികളും വൈദികരും സന്ന്യസ്തരും അല്മായരുമായി 100 ലധികം പേർ പങ്കെടുത്തു.

റവ. ഡോ. ജോസഫ് മണവാളന്റെ സ്വാഗതത്തോടെ ആരംഭിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്ത് ദീപം തെളിച്ചത് മോൺ ആന്റണി നരികുളം, ഫാ. പാസ്കൽ കോറോത്ത് OCD, സി. റീസ SD, ജെയ്നി സുമരാജ്, ബിജു തോമസ് എന്നിവരാണ്. സിമ്പോസിയത്തിന് ആമുഖ പ്രഭാഷണം നടത്തിയ അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടടൻ, “പങ്കെടുക്കുന്നവർക്ക് ജീവോർജ്ജം നൽകുന്നതാകണം കുർബാനയെന്നും കാലഹരണപ്പെട്ട പാരമ്പര്യ ഫോസിലുകളിൽ നിന്നും കുർബാനയെ രക്ഷിക്കണമെന്നും പ്രസ്താവിച്ചു. ഫോസിലുകളിൽ നിന്നും ശുദ്ധീകരിച്ചെടുക്കുന്ന പെട്രോൾ ആധുനിക എഞ്ചിനുകൾക്ക് ഊർജ്ജം നൽകുന്നതുപോലെ പങ്കെടുക്കുന്നവരെ സജീവമാക്കുന്ന ജീവോർജ്ജം പകരുന്നതായി കുർബാനയെ നവീകരിക്കണമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

റവ.ഡോ ജോയ്സ് കൈതക്കോട്ടിൽ, റവ. ഫാ. രാജൻ പുന്നയ്ക്കൽ, ഇറ്റാലിയൻ പ്രൊഫസ്സർ ഡോ. അലന്താ ശ്രില്ലോ, സി. ഡോ. ഈവ്ലിൻ റൊമേറോ, റവ. ഡോ. മാർട്ടിൻ ശങ്ക്രുക്കൽ, റവ.ഡോ. ആന്റണി നരികുളം എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സഭയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ച സജീവ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ സമൂഹം ബലിപീഠത്തിനു ചുറ്റും നിന്ന് ബലി അർപ്പിക്കുന്നതിന്റെ വിവിധ മാനങ്ങളാണ് വളരെ ശാസ്ത്രീയമായ അവധാനതയോടെ ചർച്ച ചെയ്യപ്പെട്ടത്.

രണ്ടുദിവസത്തെ സിമ്പോസിയത്തിന്റെ ഒടുവിൽ നടന്ന സജീവമായ പാനൽ ചർച്ച എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷൈജു ആന്റണി മോഡറേറ്റ് ചെയ്തു. റവ. ഡോ. ജോയി അയിനിയാടൻ, റവ. ഡോ. സിജോ കണ്ണമ്പുഴ, സി. ഡോ. ഗ്ലാഡിസ് സി.എം.സി, പ്രൊഫ. സാന്റജോസ് എ. തോമസ് എന്നിവർ വിഷയാവതരണം നടത്തി. റവ. ഡോ. ജെറി ഞാളിയത്തിന്റെ നന്ദി പ്രകാശനത്തോടെ സിമ്പോസിയം സമാപിച്ചു.

logo
Sathyadeepam Online
www.sathyadeepam.org