കഥകള്‍ / കവിതകള്‍

അനുഗമനം

വിജയ് പി ജോയി

'തൃപ്തി ഒരു മനോഭാവമാണ്. ഭൗതിക വസ്തുക്കൾക്ക് അതിൽ ഒരു സ്ഥാനവുമില്ല'

നോട്ടിഫിക്കേഷന്റെ ചിലമ്പൊലി പ്രലോഭനത്തെ അതിജീവിക്കാനാകാതെ സന്ദീപ് മേശപ്പുറത്തിരുന്ന ഫോൺ എടുത്ത് വിരൽ മുദ്രയാൽ സ്ക്രീനിനെ ഉണർത്തി. പിങ്ക് നിറത്തിലുള്ള ഉടുപ്പിട്ടു പുഞ്ചിരിച്ചു നിൽക്കുന്ന മകളുടെ ചിത്രമുള്ള വാൾ പേപ്പറിനെ മറയ്ക്കും വിധം, നോട്ടിഫിക്കേഷൻ പാനലിനെ ഇടതു കൈകൊണ്ടു താഴേക്കു വലിച്ചിട്ടു.

jaffercruise shared a new reel

ഇൻസ്റ്റഗ്രാമിൽ നിന്നുള്ള ആ അറിയിപ്പ് ഉള്ളിലൊരു തരിമ്പ് സന്തോഷം പോലും ഉണ്ടാക്കിയില്ലെങ്കിലും, വലതുകൈയിൽ പിടിച്ചിരിക്കുന്ന ലാൻഡ് ഫോണിന്റെ റിസീവറിലൂടെ മറുതലയ്ക്കലുള്ള അപരിചിതനായ കസ്റ്റമറോടു പ്രസന്നതയുടെ ചായം പൂശിയ സംഭാഷണം തുടർന്നു. കാറിന്റെ ഇൻഷുറൻസ് തുകയും ഷോറൂം വഴിയുള്ള ഇൻഷുറൻസ് പുതുക്കലിന്റെ ആനുകൂല്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞ ഫോൺ സംഭാഷണം അവസാനിപ്പിക്കുമ്പോൾ സന്ദീപ് ഇങ്ങനെ ചിന്തിച്ചു, ഞാൻ പറഞ്ഞതെല്ലാം അയാൾ ശ്രദ്ധിച്ചിട്ടുണ്ടാകുമോ അതോ, അയാളും ഫോണിലെ നോട്ടിഫിക്കേഷനിലൂടെ തോണ്ടി നടക്കുകയായിരുന്നോ?

സോഷ്യൽ മീഡിയ അറിയിപ്പുകൾ സന്ദീപിന്റെ ജീവിതനിമിഷങ്ങളെ കവർന്നെടുക്കാത്തൊരു ഭൂതകാലം ഉണ്ടായിരുന്നു. എന്നാൽ രണ്ടു വർഷം മുമ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതോടെ ഫോൺ സ്ക്രീനിന്റെ മുകളിൽ തെളിയുന്ന ആ അറിയിപ്പുകൾ നിത്യജീവിതത്തിന്റെ മുഴുവൻ താളത്തെയും നിയന്ത്രിക്കാൻ തുടങ്ങി.

sandheep_shots എന്നായിരുന്നു പ്രൊഫൈൽ പേര്. കോളജിൽ പഠിക്കുന്ന കാലം മുതലേ ഫോട്ടോഗ്രാഫിയോട് അഭിനിവേശം ഉണ്ടായിരുന്നു സന്ദീപിന്. പഴയ ഒരു എസ് എൽ ആർ ക്യാമറയിൽ എടുത്ത ചിത്രങ്ങളിൽ ചിലത്, പണ്ട് ചില മാഗസിനുകളിലും വെബ് സൈറ്റുകളിലും ഇടം പിടിക്കുകയുമുണ്ടായി. പിന്നീടെപ്പോഴോ മറന്നു വച്ച ക്യാമറ ഓൺ ആയത് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്തതോടെയാണ്.

പക്ഷേ, നാട്ടിൻപുറത്തിന്റെ പച്ചപ്പും ഭൂതകാല കുളിരും പേറുന്ന ചിത്രങ്ങളോ, ഫ്ലാറ്റിൽ നിന്നും നോക്കിയാൽ കാണുന്ന വർത്തമാനകാലത്തിന്റെ നരച്ച നഗരകാഴ്ചകളോ സന്ദീപിന്റെ അക്കൗണ്ടിൽ ചലനങ്ങൾ തീർത്തില്ല. ലൈക്സ്, ഫോളോവേഴ്സ് എന്നീ അക്കങ്ങൾ മാസങ്ങൾ പിന്നിട്ടിട്ടും അനക്കമില്ലാതെ തുടർന്നപ്പോഴാണ് സന്ദീപ് തന്റെ നിരാശയും ഭാര്യ നീതുവുമായി പങ്കിട്ടത്.

"ജാഫറിന് കഴിഞ്ഞ ആഴ്ച മാത്രം നൂറു ഫോളോവേഴ്സ് കൂടി. ഏതോ ഒരു തട്ടുകടയിൽ ഇരുന്ന് ചായ കുടിച്ച് ഫോട്ടോയ്ക്ക് കിട്ടിയ ലൈക്സ് അഞ്ഞൂറിനും മുകളിൽ. കഷ്ടപ്പെട്ട് ഞാൻ ഗ്രെയിം ചെയ്യുന്ന ഒരു ഫോട്ടോയ്ക്ക് പോലും ഇതുവരെയും നൂറു ലൈക്സ് കിട്ടിയിട്ടില്ല"

"സന്ദീപേ, ലൈക്സ് അല്ലല്ലോ ലൈഫ് ?" ചായക്കപ്പുകളുമായി അടുക്കളയിൽ നിന്നും ഡൈനിംഗ് ടേബിളിലേക്ക് വന്ന് നീതു ഒന്നോർമ്മപ്പെടുത്തി.

"അതല്ലടോ, ഷോറൂമിൽ എനിക്കൊപ്പം ജോലി ചെയ്യുന്ന ഒരാളുടെ ലൈഫ് കാണാനും ഇഷ്ടപ്പെടാനും ആളു കൂടുന്നു എന്ന് കേൾക്കുമ്പോൾ ഒരു അസ്വസ്ഥത"

"അസ്വസ്ഥതയല്ല, അസൂയ" ചെറു പുഞ്ചിരിയോടെ നീതു ഒന്നു തിരുത്തി. "ടെസ്റ്റ് ഡ്രൈവ് എന്നും പറഞ്ഞ് പുതിയ മോഡൽ കാറുകളുമായി ഒരു കറക്കം. എന്നിട്ടത് ട്രാവൽ റീൽസ് എന്ന് പേരിൽ പോസ്റ്റ് ചെയ്യുന്ന അവനോട് എനിക്കെന്ത് അസൂയ?"

"അപ്പോൾ പിന്നെ പുച്ഛമാണോ? അംഗീകാരങ്ങൾ ആഗ്രഹിക്കുന്നതോടെ ഉള്ളിലെ നന്മകൾ കൈമോശം വരുമെന്ന് പറയുന്നത് സത്യമാണല്ലോ"

മറുപടിയൊന്നും പറയാതെ ചായ ഒരിറക്ക് കുടിച്ചിട്ട് സന്ദീപ് തെല്ലൊരു നൈരാശ്യത്തിൽ കപ്പ് മേശന്മേൽ വച്ചു.

"നീ അത് വിട്" അവന്റെ കൈയിലൊന്നു സ്വാന്ത്വനത്തോടെ തൊട്ടിട്ട് നീതു തുടർന്നു, "ഫോട്ടോകൾക്കു പകരം റീൽസ് അപ്‌ലോഡ് ചെയ്താലോ? വേണമെങ്കിൽ ഞാനും കൂടാം. ഞാനും ഒന്ന് വൈറലായിക്കോട്ടെ"

"റീച്ച് കൂടുമായിരിക്കും. പക്ഷേ, ഒരു അനുഭവത്തിന്റെ, അനുഭൂതിയുടെ ഉറ്റനിമിഷം ഒപ്പിയെടുക്കാൻ നല്ലത് നിശ്ചല ദൃശ്യങ്ങളായിരിക്കും" സന്ദീപ് തന്റെ നിലപാട് വ്യക്തമാക്കി.

"ഈ ലൈക്കുകളെ ഒക്കെ ഇത്ര സീരിയസായി എടുക്കണോ… ജീവിതത്തിന്റെ അവ അത്ര ഉറ്റമാക്കുന്നുണ്ടോ?" നീതുവിന്റെ സ്വരം ഗൗരവമുള്ളതായി.

"നീതു ഈ ലൈക്സിന്റെയും വ്യൂസിന്റെയും അടിസ്ഥാനത്തിൽ മാത്രം തീരുമാനിക്കപ്പെടുന്ന നിരവധി കാര്യങ്ങൾ ഉണ്ട് ഇന്നത്തെ ലോകത്ത്. അങ്ങനെയുള്ള ഡിജിറ്റൽ ലോകത്ത് നമ്മളെ തന്നെ അടയാളപ്പെടുത്താൻ ഇഷ്ടചിഹ്നത്തിലെ കുത്ത് അത്യാവശ്യമാണ്"

"ഒരു ലൈക് എന്ന് പറഞ്ഞാൽ എന്താണ് ഒരു നിമിഷത്തിലെ ഒരു തോന്നൽ മാത്രമല്ലേ? അത് എണ്ണിയെടുത്തല്ല മനുഷ്യന്റെ സംതൃപ്തിയും സർഗ്ഗാത്മകതയും അളക്കേണ്ടത്" കോളജിലെ ഡിബേറ്റ് മത്സരങ്ങളിൽ ഉറച്ച ശബ്ദമായി നീതു വിട്ടുകൊടുക്കാൻ തയ്യാറായില്ല. "ഇൻഷുറൻസ് എടുപ്പിക്കുന്നതിനേക്കാൾ ആനന്ദം ഇൻസ്റ്റഗ്രാം ലൈക്സിൽ തിരയുന്നത് അത്ര നല്ല ലക്ഷണമല്ല"

"നമുക്ക് നോക്കാം" എന്ന് ചെറു മറുപടിയിൽ തന്റെ വാദങ്ങളെ ഒതുക്കി സന്ദീപ് ഊണുമേശയ്ക്കരികിൽ നിന്നും എഴുന്നേറ്റ് നാലാം നിലയിലെ തങ്ങളുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് പോയതിന്റെ കൃത്യം ഒരാഴ്ച കഴിഞ്ഞാണ് സന്ദീപിന്റെ സോഷ്യൽ മീഡിയ ജീവിതത്തിലെ ആദ്യ വിസ്മയം സംഭവിക്കുന്നത്.

ബാൽക്കണിയുടെ അതിരുകളിൽ നിന്ന് മകൾ അനു തനിക്കേറ്റവും പ്രിയപ്പെട്ട കുമിളകളുടെ മാന്ത്രികലോകം തീർക്കുകയായിരുന്നു. സോപ്പു ലായനി നിറഞ്ഞ കുപ്പിയിൽ മുക്കിയെടുത്ത, ഒരറ്റത്ത് വലിയ വട്ടമുള്ള ആ കോലിലേക്ക്, തെല്ലൊരു സൂക്ഷ്മതയോടെ അവൾ ശ്വാസമൂതുമ്പോൾ, ആ നൈർത്ത സോപ്പ് പാടയിൽ നിന്നും നേർത്ത മഴവില്ലിന്റെ നിറക്കൂട്ടുമായി കുമിളകൾ പിറവിയെടുത്തു. നിമിഷായുസ്സ് മാത്രം വിധി കാത്തുവെച്ച് ഈയാംപാറ്റകളെപ്പോലെ അവ വായുവിൽ ഒഴുകിപ്പറന്നു. അകന്നുപോവുകയും അനായാസം പൊട്ടിചിതറുകയും ചെയ്യുന്ന ആ കുമിളകളെ നോക്കി പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന മകളുടെ ആനന്ദം മുഴുവനായി തന്നെ സന്ദീപ് മൊബൈൽ ക്യാമറ ഓണാക്കി വീഡിയോ ആയി പകർത്തി. ഒരു വയസ്സുകാരിയുടെ കൗതുകവും സോപ്പുകുമിളകളുടെ നശ്വരതയും കൃത്യമായി പകർത്തിയ ആ വീഡിയോ അന്ന് ദിവസം രാത്രി ഒരു സുന്ദരമായ കുറിപ്പോടെ അവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു,

'Anumol finds the magic in the ordinary and I just hold the Camera'

അർദ്ധരാത്രിയിൽ ഏതോക്കെയോ അൽഗോരിതങ്ങൾ, ആ കുഞ്ഞിന്റെ നിഷ്കളങ്കതയുടെ പ്രചാരണം ഏറ്റെടുത്തപ്പോൾ, സന്ദീപിന്റെ ആദ്യ റീലിന്റെ വ്യൂസ് അൻപതിനായിരം കടന്നു കുതിച്ചു! കഴിഞ്ഞ രണ്ടു വർഷക്കാലം സന്ദീപിന്റെ മുഖത്തും മനസ്സിലും തങ്ങിനിന്നിരുന്ന നിരാശയുടെ കാർമേഘങ്ങളെ വകഞ്ഞുമാറ്റിയാണ് പിറ്റേ പ്രഭാതത്തിൽ സൂര്യൻ ഉദിച്ചുയർന്നത്.

ശരിക്കും ആനന്ദനൃത്തം ചവിട്ടിയാണ് സന്ദീപ് അന്ന് അടുക്കളയിൽ നീതുവിന്റെ അടുക്കലേക്ക് എത്തിയത്.

"നീ ഇത് കണ്ടോ, നമ്മുടെ മോളുടെ റീലിന് അൻപതിനായിരത്തിനും മീതെ വ്യൂസ്!"

"അത് കൊള്ളാമല്ലോ, റീൽസ് സ്റ്റാർട്ട് ചെയ്യാനുള്ള എന്റെ ഐഡിയ അപ്പോൾ വർക്ക് ആയി അല്ലേ" ആവേശത്തിരതള്ളലിൽ പെടാതെ ശാന്തമായിരുന്നു നീതുവിന്റെ പ്രതികരണം.

"അതെ, അതെ" ഒരു ചിരി വിടർത്തിയും അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം പകർന്നും റീൽസിനു താഴെയുള്ള കമന്റുകൾ വായിക്കാനായി അവൻ ബാൽക്കണിയിലേക്ക് നീങ്ങി.

തുടർന്നുള്ള ദിവസങ്ങളിൽ സന്ദീപ് തന്റെ കഴിവും സമയവും ചെലവഴിച്ചത് മകളുടെ ഓരോ ചലനവും ചലച്ചിത്രമാക്കി പരിവർത്തനപ്പെടുത്താനാണ്. അനുമോളുടെ സ്കൂൾ യാത്ര, പാർക്കിലെ കളികൾ, ടെക്സ്റ്റൈൽ ഷോപ്പിലെ പുതിയ ഉടുപ്പുകളുടെ ട്രയൽസ്, ഫ്ലാറ്റിലെ ബാൽക്കണിയിലെ ചെടി നനയ്ക്കൽ, മുത്തശ്ശനെയും മുത്തശ്ശിയെയും കാണാനായി നാട്ടിലേക്കുള്ള യാത്രകൾ, നീതുവിന്റെ മാതാപിതാക്കൾ ജന്മദിന സമ്മാനമായി നൽകിയ സൈക്കിൾ ഓടിക്കാൻ പഠിക്കൽ, ഹോട്ടൽ ഭക്ഷണമേശയിലെ അവളുടെ ചില ശാഠ്യങ്ങൾ, ഡാൻസ് ക്ലാസ്സിലെ കുസൃതികൾ അങ്ങനെ സന്ദീപിന്റെ ക്യാമറയ്ക്ക് ഒപ്പിയെടുക്കാൻ വിഭവങ്ങൾ ധാരാളമായിരുന്നു. അതോടെ ദിനംപ്രതി ആ കുരുന്നിന്റെ കുഞ്ഞു വീഡിയോസ്, ആളുകൾ തട്ടി മാറ്റുന്ന ഇൻസ്റ്റഗ്രാം റീലുകൾക്കിടയിൽ ഏറേ നേരം പിടിച്ചു നിൽക്കാനും, ആളുകൾ അവളെ കാണാനായി സന്ദീപിനെ അനുഗമിക്കാനും തുടങ്ങി.

മകളുടെ ജീവിതത്തിലെ ഒരു നിമിഷത്തിന്റെ ഓർമ്മപോലും മാഞ്ഞുപോകാത്ത വിധം ഓൺലൈനിൽ രേഖപ്പെടുത്തി അനശ്വരമാക്കാൻ സന്ദീപ് ശ്രമിക്കുമ്പോൾ ആ ശ്രദ്ധയ്ക്ക് പിന്നിൽ മകളിലൂടെ അമരനാകാനുള്ള ഒരു അച്ഛന്റെ നിഗൂഢമായ ആഗ്രഹം ഉണ്ടെന്ന് ഫോളോ ബട്ടണിൽ കുത്തി പിന്നാലെ കൂടുന്നവർ അറിയുന്നുണ്ടായിരുന്നില്ല. എന്നാൽ, നീതു അത് കൃത്യമായി മനസ്സിലാക്കുന്നുണ്ടായിരുന്നു. മുൻകാല നൈരാശ്യങ്ങളെ മായ്ക്കുന്ന ഇൻസ്റ്റഗ്രാം പ്രതിഭാസങ്ങളെ പ്രതി ആവേശഭരിതനാകുന്ന സന്ദീപിനു മുന്നിൽ തന്റെ നീരസം പ്രകടമാക്കാൻ നീതു ഒടുവിൽ തീരുമാനിച്ചു.

അനുയായികളുടെ എണ്ണം ഇരുപത്തയ്യായിരം കടന്ന ദിവസം ഏറെ വൈകിയാണ് സന്ദീപ് ഫ്ലാറ്റിൽ എത്തിയത്. ലിഫ്റ്റ് ഉണ്ടെങ്കിലും മൊബൈലിൽ ഓരോന്നു നോക്കിയും പരിസരത്ത് നടക്കുന്നത് എന്തെന്ന് നോക്കാതെയും പടവുകൾ കയറുകയാണ് സന്ദീപിന്റെ പുതിയ പതിവ്. ചിലപ്പോഴൊക്കെ അഞ്ചാം നിലയിലും ആറാം നിലയിലും എത്തുമ്പോൾ മാത്രമായിരിക്കും സാങ്കൽപ്പിക ലോകത്തു നിന്നും നാലാം പേർ നിലയിലെ യാഥാർത്ഥ്യത്തിലേക്ക് താൻ ഇറങ്ങി നടക്കേണ്ടതുണ്ടെന്ന് അവൻ തിരിച്ചറിയുക.

അന്ന് പക്ഷേ, നില തെറ്റാതെ 4D എന്നെഴുതിയ അപ്പാർട്ട്മെന്റ് ഗേറ്റിനു താഴെയുള്ള കോളിങ് ബെല്ലിൽ കൃത്യമായി അവൻ വിരലമർത്തി. നീതു വന്ന് വാതിൽ തുറക്കുമ്പോഴേയ്ക്കും വെർച്വൽ ലോകത്തിലെ മറ്റൊരു വൈറൽ വീഡിയോയിലേക്ക് വിരൽ മടങ്ങി പോയിരുന്നു.

"ഹലോ, വീട്ടിലെത്തി" സ്ക്രീനിലേക്ക് മുഖം താഴ്ത്തി നിൽക്കുന്ന സന്ദീപിനോട് തെല്ലൊന്നു ശബ്ദം ഉയർത്തി നീതു മൊഴിഞ്ഞു.

അവളുടെ മുഖത്തേക്ക് ഒന്നു നോക്കി അകത്തേക്ക് പ്രവേശിച്ച് സന്ദീപ് അടുത്ത ചോദ്യത്തിൽ നിശ്ചലനായി.

"ഇന്ന് ആരും പുറകെ വന്നില്ലേ?"

അർത്ഥം പിടി കിട്ടാതെ സന്ദീപ് നീതുവിനെ നോക്കി. "ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഇന്ന് വ്യത്യാസം ഒന്നുമില്ലേന്ന്.."

"ഓ..അതാണോ, ഫോളോവേഴ്‌സിന്റെ എണ്ണം ഇന്ന് ഇരുപത്തയ്യായിരം കടന്നു. അതിന്റെ സ്പെഷ്യൽ ട്രീറ്റാണിത്"

അപ്പോഴാണ് നീതുവിന്റെ നോട്ടം സന്ദീപിന്റെ ഇടതു കൈയിൽ തൂങ്ങി നിൽക്കുന്ന ബെസ്റ്റ് ബേക്കേഴ്സിന്റെ കവറിലേക്ക് എത്തിയത്.

"അനുവിന് ഇഷ്ടമുള്ളതെല്ലാം വാങ്ങിയിട്ടുണ്ട്. അവൾ എവിടെ?"

"അവൾക്കിന്ന് ആനുവൽ ഡേയുടെ പ്രാക്ടീസ് ഉണ്ടായിരുന്നു. ക്ഷീണം കാരണം നേരത്തേ കിടന്നു. നാളെയും ഉണ്ട് പ്രാക്റ്റീസ്"

"നാളെ ശനിയാഴ്ച അല്ലേ, എന്നിട്ടും പ്രാക്ടീസ് ഉണ്ടോ? എന്നാ പിന്നെ പോയി ഒരു റീൽ എടുത്താലോ?”

ഒന്നു ചിരിച്ച് പൊതി ഡൈനിംഗ് ടേബിളിന്മേൽ വച്ച് സന്ദീപ് ബെഡ് റൂമിലേക്ക് പോയി. വസ്ത്രം മാറി അവൻ തിരിച്ചു വരുമ്പോഴേയ്ക്കും നീതു അത്താഴം ഒരുക്കി. ഭക്ഷണ മേശയ്ക്കരികിൽ വന്നിരുന്നിട്ടും അവന്റെ കണ്ണും കൈയും ഫോണിൽ തന്നെ ഉറച്ചു നിന്നതിനാൽ അവളും മൗനത്തിൽ ഉറച്ചു. കണ്ടുകൊണ്ടിരുന്ന യൂട്യൂബ് വീഡിയോയ്ക്ക് ഒരു താൽക്കാലിക വിരാമമിട്ട് അവനാണ് സംഭാഷണത്തിന് തുടക്കമിട്ടത്.

"എപ്സ്റ്റീൻ ഫൈൽസ് ആണല്ലോ ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹോട്ട് ടോപിക്. ചിലതൊക്കെ റീച്ചിനു വേണ്ടിയുള്ള അതിശയോക്തി അല്ലേ എന്നൊരു തോന്നൽ"

"എനിക്കങ്ങനെ തോന്നിയില്ല. ഔദ്യോഗിക സൈറ്റുകളിലും സമാനമായ വിവരങ്ങളാണ് ഉള്ളത്. നമ്മളറിയാത്ത ഒരു ലോകം ഉണ്ടെന്നും അവിടെ ഇരിക്കുന്ന നിഗൂഢ വ്യക്തികളാണ് ഈ ലോകത്തെ നിയന്ത്രിക്കുന്നതെന്നുമാണ് കാര്യങ്ങൾ വായിച്ചറിയുമ്പോൾ എനിക്ക് മനസ്സിലായത്"

"ഇതൊക്കെ അങ്ങ് അമേരിക്കയിലെ പ്രശ്നങ്ങളല്ലേ. നീ ആവശ്യത്തിലധികം വായിച്ചു കൂട്ടുന്നതിന്റെ പ്രശ്നമാണ്"

“അങ്ങനെയല്ലല്ലോ ലോകത്തിന്റെ പലയിടങ്ങളിൽ നിന്നുമുള്ളവരുടെ പേരുകൾ അതിൽ ഇടം പിടിച്ചിട്ടുണ്ട്"

"അതും ശരിയാണ്, ബേട്ടി ബച്ചാവോ എന്ന് പറഞ്ഞു നടന്ന നമ്മുടെ മന്ത്രിമാരുടെ പേരുകളും ലിസ്റ്റിൽ ഉണ്ടെന്നു കേട്ടു. ഇനി അവർ പിള്ളേരെ കേറി പിടിച്ചിട്ടുണ്ടോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ"

ഒന്നു വെളുക്കെ ചിറിച്ച് സന്ദീപ്, ചപ്പാത്തി കീറി കറിയിൽ മുക്കി വായിലേക്ക് വച്ച് തന്റെ ചിരി മായ്ച്ചു. ആ ഇടവേളയിൽ നീതു തന്റെ ഉള്ളിലെ സംശയം ഉന്നയിച്ചു,

"സത്യത്തിൽ ഇത്രയധികം ഫോളോവേഴ്‌സ് നമുക്ക് ആവശ്യം ഉണ്ടോ?"

"ഫോളോവേഴ്സ് കൂടുന്നത് നല്ലതല്ലേ, എവിടെ ചെന്നാലും നമ്മെ തിരിച്ചറിയാനും സ്നേഹിക്കാനുമൊക്കെ ആരെങ്കിലുമൊക്കെ ഉണ്ടെന്നത് സന്തോഷമുള്ള കാര്യമല്ലേ. കഴിഞ്ഞ ആഴ്ച മാളിൽ ചെന്നപ്പോൾ ഒരു ഫാമിലി വന്നു പരിചയപ്പെട്ടതും സെൽഫി എടുത്തതുമൊക്കെ നീ മറന്നോ?"

"ആരൊക്കെയോ അവിടെ നമ്മെ നിരീക്ഷിക്കുന്നതായും എനിക്ക് തോന്നിയിരുന്നു"

"ഞാൻ ആരെയും കണ്ടില്ലട്ടോ"

"ഫോളോവേഴ്സ് കൂടുന്നു എന്നതിന് അപരിചിതരായ പലർക്കും നാം പരിചിതരാകുന്നു എന്നാണർത്ഥം. പക്ഷേ, അവർ എല്ലായ്പ്പോഴും നമുക്ക് അപരിചിതർ തന്നെ. അവരുടെ ലോകവും ലക്ഷ്യങ്ങളും എന്നും നിഗൂഢമായി തുടരുകയും ചെയ്യും. നമ്മുടെ ജീവിതത്തിന്റെ കോണുകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ആ മനുഷ്യർക്ക് കണ്ണും കാതും മാത്രമല്ല, കാമവും ക്രോധവുമൊക്കെ ഉണ്ടാകും. അവരുടെ താല്പര്യങ്ങൾക്കനുസരിച്ച് നാം ചിലപ്പോൾ അഭിനയിക്കേണ്ടി വരും, ജീവിക്കേണ്ടി വരും" നീതുവിന്റെ വാക്കുകളിൽ ഭയവും രോഷവും ഇടകലർന്നു കിടന്നു.

"നീ വെറുതെ പേടിക്കാതെ, നമ്മുടെ മോളെ ഇഷ്ടപ്പെടുന്നവരല്ലേ നമ്മെ ഫോളോ ചെയ്യുന്നത്?"

"അത് മോൾ തന്നെയോണ് വിഷയം. ഇവയെല്ലാം ആസ്വദിക്കുന്നത് സന്ദീപ് അല്ലേ? അനുമോൾ വല്ലതും അറിയുന്നുണ്ടോ? അവളെ മറ്റുള്ളവർ ആസ്വദിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും നീ ചിന്തിച്ചിട്ടുണ്ടോ?" നീതു ഒരു പൊട്ടിത്തെറിയുടെ വക്കിൽ എത്തി.

"നീ എന്തൊക്കെയാ പറയുന്നേ...ക്യൂട്ട് എന്നതിനപ്പുറം മറ്റൊരു കമന്റും ഇതുവരെയും അവളുടെ വീഡിയോയ്ക്കോ ഫോട്ടോയ്ക്കോ താഴെ വന്നിട്ടില്ല"

“ങ ഹും, ക്യൂട്ട് ….God is a construct. Cute girls are real, ഇതിലെ ഒരു ആത്മീയ ഗുരു എപ്സ്റ്റീന് അയച്ച മെയിലിലെ വാചകമാണിത്. ക്യൂട്ട് എന്ന് കേൾക്കുമ്പോൾ എനിക്ക ആ പഴയ സന്തോഷം ഇപ്പോൾ തോന്നുന്നില്ല”

"എടോ, കൂളാകൂ. ശരിക്കും അവൾ ക്യൂട്ട് അല്ലേ, നിന്നെപ്പോലെ" സന്ദീപ് നീതുവിന്റെ കവിളിൽ ഒന്നു തൊടാൻ കൈ ഉയർത്തിയെങ്കിലും അവൾ അത് തട്ടി മാറ്റി.

"മോൾ ക്യൂട്ട് ആണോ അല്ലയോ എന്നതല്ല, അവൾ നമ്മുടെ കണ്ടെന്റ് അല്ല കൺസേൺ ആണ്. അത് മാത്രമേ എനിക്ക് പറയാനുള്ളൂ" സംവാദത്തിലെ അവസാന വാചകം പോലെ നീതു പറഞ്ഞു നിറുത്തി.

പക്ഷേ, കൺസേൺ എന്ന വാക്കിൽ പിടിച്ച് സന്ദീപ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.

"എനിക്ക് എല്ലാവരെയും കുറിച്ച് കൺസേൺ ഉണ്ട്. മോളുടെ ഒരു മോശം ഫോട്ടോ പോലും ഞാൻ ഇതുവരെയും പോസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ച ഓട്ടോക്കാരൻ മാത്യൂസേട്ടനെ വെച്ച് ചെയ്ത വീഡിയോ നമ്മളെക്കാൾ ഉപകാരപ്പെട്ടത് അയാൾക്കും അയാളുടെ ഓട്ടോയ്ക്കുമാണ്"

അനുമോൾ സ്കൂളിലേക്ക് പോകുന്നതും വരുന്നതും മാത്യൂസ് ചേട്ടന്റെ 'വേളാങ്കണ്ണി മാതാ' ഓട്ടോയിലാണ്. തികഞ്ഞ വിശ്വാസിയായ മാത്യൂസിനെ എല്ലാവർക്കും വലിയ വിശ്വാസവുമാണ്. ഫ്ലാറ്റിൽ നിന്നും ഇറങ്ങി അനു ഓട്ടോയിൽ കയറുന്നതും സ്കൂളിലേക്കുള്ള യാത്രയിലെ മാത്യൂസ് ചേട്ടനുമായുള്ള സംസാരവും കളിച്ചിരികളും ചേർത്ത് കഴിഞ്ഞ ആഴ്ച സന്ദീപ് ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. അത് ഷൂട്ട് ചെയ്യാനായി അവൻ ഹാഫ് ഡേ ലീവ് എടുത്തു. "Guardian Angel of Sweet Angel" എന്ന് തലക്കെട്ടോടെ പോസ്റ്റ് ചെയ്തു. സന്ദീപിന്റെ സമ്പൂർണ് സ്ക്രിപ്റ്റിൽ തീർത്ത ആ വീഡിയോ വൺ മില്യൺ വ്യൂസിൽ എത്തിയതും തുടർന്ന് പലരും മാത്യൂസ് ചേട്ടന്റെ ഓട്ടോയിൽ കയറാൻ തിരക്കി എത്തിയതുമൊക്കെ അനു അറിഞ്ഞിരുന്നു.

"നിങ്ങൾ എല്ലാവരെയും വെച്ച് പാവക്കൂത്ത് നടത്തുകയാണ്" ഇതും പറഞ്ഞു നീതു ബെഡ് റൂമിലേക്ക് നടന്നു. വന്നു കയറിയ ട്വന്റി ഫൈവ് കെ ഫോളോവേഴ്സ്, നീതു എന്ന് ഒറ്റയാളുടെ പ്രതിഷേധത്തിൽ ഇറങ്ങിപ്പോയ പോലെ തോന്നി സന്ദീപിന്. ഒടുവിൽ, സ്വന്തം ഭാര്യയും മകളും മാത്രമുള്ള ആ കിടപ്പു മുറിയിൽ കയറി അവനും തല ചായ്ച്ചു.

രാവിൽ സംഭവിച്ചതിന് രാവിലെയെങ്കിലും പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹമുള്ളതിനാൽ ഉറക്കമെഴുന്നേറ്റ് സന്ദീപ് ഫോൺ കൈയിലെടുക്കുകയോ ഏതെങ്കിലും ഒരു സോഷ്യൽ മീഡിയ ആപ്പിനെ പറ്റി ഒരക്ഷരം പോലും ഉരിയാടുകയോ ചെയ്തില്ല. നൃത്ത പരിശീലനത്തിന് പോകാനുള്ള അനുമോളെ അന്ന് ഒരുക്കിയതും അവൻ തന്നെ. അനു ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കഴിഞ്ഞതും മാത്യൂസ് ചേട്ടന്റെ ഓട്ടോയുടെ ഹോൺ ശബ്ദം കേട്ടു. ഇടയ്ക്ക് കഴിക്കേണ്ട സ്നാക്സ് ബോക്സ് മകളുടെ ഡോൾ ബാഗിലിട്ട് നീതു അത് അനുവിനു നേരെ നീട്ടി. അത് വാങ്ങുമ്പോൾ അനു ചെറുതായൊന്നു ചിണുങ്ങി.

"ഇന്ന് അമ്മയും താഴേക്ക് വാ.."

സന്ദീപ് അനുവിനെ ഓട്ടോയിൽ കയറ്റി വിടുകയാണ് പതിവ്. നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് അനു കൈവീശി യാത്ര പറയും. ഒപ്പം പിടിച്ചെടുത്ത് നെഞ്ചോട് ചേർക്കേണ്ട ഒരു ചക്കര ഉമ്മ അവർ ഇരുവരും പരസ്പരം പറെയ്തുവിടും. വല്ലപ്പോഴും മാത്രമാണ് അനുവിന്റെ ശാഠ്യത്തിന് വഴങ്ങി നീതു താഴേക്ക് എത്താറുള്ളത്.

ലിഫ്റ്റിൽ കയറി സന്ദീപിനോട് ചേർന്നു നിൽക്കുന്ന അനുവിനെ നോക്കി, പിതാക്കന്മാരും പെൺമക്കളും തമ്മിൽ അദൃശ്യമായൊരു ഇടയടുപ്പം ഉണ്ടാകുമെന്ന് നിഗമനത്തിലൂന്നി നീതു ഒരു പരിഭവം പറഞ്ഞു,

"അല്ലെങ്കിലും നിങ്ങൾ രണ്ടുപേരല്ലേ കൂട്ടുകാർ. അമ്മ എപ്പോഴും ഔട്ട്"

സന്ദീപാണ് മറുപടി പറഞ്ഞത്, "മോളെ, അടുത്ത വീഡിയോയിൽ അമ്മയ്ക്കാണ് ലീഡിങ് റോൾ. അച്ഛൻ ഒരു കൺസെപ്റ്റ് സെറ്റ് ആക്കാം"

"ഓക്കെ സെറ്റ്" അച്ഛനും മകളും കൈപ്പത്തികൾ ഉയർത്തി 'ഹൈ-ഫൈവ്' അടിച്ചു.

നീതുവിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു വന്നപ്പോഴേക്കും ലിഫ്റ്റിന്റെ വാതിൽ പൂർണ്ണമായി തുറന്നു. അപ്പോഴേക്കും മാത്യൂസ് ചേട്ടൻ ലിഫ്റ്റിനരികിലേക്ക് ഓടിയെത്തി.

"മാത്യൂസേട്ടൻ നാട്ടിലെ താരമായെന്നു കേട്ടല്ലോ" നീതു കുശലം ചോദിച്ചു.

അറുപത് വയസ്സിന്റെ പാകതയും ക്ഷീണവും ഉണ്ടെങ്കിലും അനുമോളുടെ കാവൽ മാലാഖ അപ്പോൾ ചെറുതായൊന്നു നാണം കുണുങ്ങി.

"ഈ സാർ എന്തൊക്കെയോ പറഞ്ഞു, ഞാൻ അത് ചെയ്തു. ഏതായാലും അതിന്റെ പേരിൽ കുറച്ച് ഓട്ടം കിട്ടുന്നുണ്ട് മോളെ"

"ങ ഹും" ഒന്നു തലയാട്ടി നീതു സന്ദീപിനെ നോക്കി. എന്നിട്ട് മാത്യൂസ് ചേട്ടനോടായി ചോദിച്ചു,

"ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രാക്ടീസ് കഴിയും. മറക്കാതെ കൃത്യ സമയത്തു തന്നെ ചെല്ലില്ലേ?"

"മോളെ, ചെറിയൊരു പ്രശ്നം ഉണ്ട്"

"എന്തു പറ്റി..." ഇപ്പോൾ ഇടപെട്ടത് സന്ദീപാണ്.

"പ്രത്യേകിച്ചൊന്നുമില്ല സാറേ, വണ്ടിക്ക് ചെറിയൊരു മിസ്സിംഗ്. ഒന്നു വർക്ക് ഷോപ്പിൽ കയറ്റണം. പിന്നെ സാർ പറഞ്ഞപോലെ പേരിന്റെ സ്റ്റിക്കർ ഒന്ന് മാറ്റണം. ഉച്ചയ്ക്ക് മുൻപ് തീർത്തു തരണമെന്ന് ഞാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. പേടിക്കണ്ട ഞാൻ തന്നെ വന്ന് മോളെ കൂട്ടിക്കോളാം"

"ഓക്കെ, ഗാർഡിയൻ എഞ്ചലാണെന്ന് കാര്യം മറക്കല്ലേ" സന്ദീപ് കാര്യങ്ങളെ ഒന്നുകൂടി ഉറപ്പിച്ചു.

അപ്പോഴേക്കും ഓട്ടോയിൽ കയറിയിരുന്ന അനുവിന് നീതു ഒരു ചക്കരയുമ്മ കൊടുത്തു. മകൾ സഞ്ചരിക്കുന്ന ഓട്ടോ ഫ്ലാറ്റിന്റെ ഗേറ്റ് കടന്ന് തങ്ങളുടെ കാഴ്ച പരിധിയെ മറികടക്കും വരെ ആ മാതാപിതാക്കൾ അവിടെത്തന്നെ നിലയുറപ്പിച്ചു. തിരികെ ഫ്ലാറ്റിലെത്തി ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം പൂർത്തിയാക്കിയ ശേഷമാണ് സന്ദീപ് ഫോൺ എടുത്ത് ഡാറ്റ ഓൺ ആക്കിയത്. ഇൻസ്റ്റഗ്രാമിൽ നിന്നുമുള്ള ആദ്യ അറിയിപ്പ് ഇങ്ങനെയായിരുന്നു.

karin_kids commented on your photo

ഏകദേശം ഒരു മാസം മുപാണ് karin_kids എന്ന അക്കൗണ്ട് സന്ദീപിനെ അനുഗമിക്കാൻ തുടങ്ങിയത്. കുട്ടികളുമായി ബന്ധപ്പെട്ട് ഏതെങ്കിലും ബ്രാൻഡാണോ എന്നറിയാൻ സന്ദീപ് ആ അക്കൗണ്ട് ഒന്നു പരിശോധിച്ചതുമാണ്. പക്ഷെ, പൂട്ടിക്കെട്ടിയ പ്രൈവറ്റ് അക്കൗണ്ട് ആയതിനാൽ പിന്നെ അധികം അന്വേഷണത്തിന് മുതിർന്നില്ല.

നോട്ടിഫിക്കേഷനിൽ കുത്തി കമന്റ് സെക്ഷൻ തുറന്ന് സന്ദീപ് കമന്റ് ഉറക്കെ വായിച്ചു,

"Pure"

നിരുപദ്രവമെന്നു തോന്നിയ ആ അഭിപ്രായത്തിന് താഴെയുള്ള ഹൃദയചിഹ്നത്തിൽ അമർത്തി അവൻ തന്റെ ഇഷ്ടം അറിയിച്ചപ്പോഴേക്കും തൊട്ടടുത്തിരുന്ന് നീതു ഇടപെട്ടു.

"പ്യൂർ എന്ന് കമന്റോ… ഏത് ഫോട്ടോയ്ക്കാണത്?" നീതു ഉടനെ സന്ദീപിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി നോക്കി. ഇളം പച്ച നിറത്തിലുള്ള ഹാഫ് സ്ലീവ് നൈറ്റ് വെയർ ധരിച്ചുറങ്ങുന്ന മോളുടെ ഫോട്ടോയ്ക്ക് താഴെയാണ് കമന്റ് എന്നറിഞ്ഞപ്പോൾ രാത്രിയിലെ രോഷം നീതുവിലേക്ക് ഇരച്ചെത്തി.

"എതിനാ സന്ദീപ് ഇതൊക്കെ പോസ്റ്റ് ചെയ്യുന്നത്?"

മറുപടിക്ക് കാക്കാതെ, അജ്ഞാത ദേശത്തേക്ക് കടന്നു ചെല്ലാനുള്ള താല്പര്യത്തോടെ നീതു ആ പ്രൊഫൈലിൽ വിരൽ തൊട്ടു. പ്രൊഫൈൽ ചിത്രത്തിൽ തെളിഞ്ഞതാകട്ടെ ഒരു വിചിത്ര പാവക്കുട്ടിയുടെ പകുതി മുഖവും.

"നിനക്ക് ഇതൊക്കെ കണ്ടിട്ട് എന്ത് തോന്നുന്നു? ഏതേതൊക്ക ദേശത്തിരുന്ന് ആരോക്കെയോ ആണ് നമ്മളെ വീക്ഷിക്കുന്നതെന്ന് നിനക്ക് വല്ല ഐഡിയയുമുണ്ടോ?"

ഒരു തർക്കത്തിന് മുതിരാതെ നീതുവിന്റെ ചോദ്യങ്ങളെ അവഗണിച്ച് സന്ദീപ് മൗനം പാലിച്ചു.

"അടച്ചുറപ്പുള്ള വീടിനകത്തും അടച്ചിട്ട കതകിനപ്പുറവും കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന കാലമൊക്കെ കാലഹരണപ്പെട്ടു പോയി" സ്ത്രീകൾക്ക് മാത്രം സ്വന്തമായ ആറാം ഇന്ദ്രിയത്തിന്റെ അറിവിനാൽ നീതു ഉറക്കെ ആത്മഗതം ചെയ്തു.

ചെറിയൊരു അസ്വസ്ഥത സന്ദീപിന്റെ മുഖത്തും പടരുന്നത് നീതു ശ്രദ്ധിച്ചുവെങ്കിലും അപ്പോഴേക്കും ഓഫീസിൽ പോകാൻ സമയമായി എന്ന് പറഞ്ഞ് അവൻ അവിടെ നിന്നും എഴുന്നേറ്റു പോയി. ഇറങ്ങുമ്പോൾ പറഞ്ഞ 'ഗുഡ് ബൈ'ക്ക് പുറമെ അവർക്കിടയിൽ ഒരു സംഭാഷണം ഉണ്ടാകുന്നത് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ സന്ദീപ് നീതുവിനെ ഫോണിൽ വിളിക്കുമ്പോഴാണ്.

മുമ്പിൽ പതിപ്പിച്ചിരിക്കുന്ന, കറുത്ത മിക്കി മൗസ് സ്റ്റിക്കറിന്റെ വട്ടച്ചെവികൾ നീണ്ട, പുറത്തു തൂക്കുന്ന വള്ളികളായി മാറുന്ന പിങ്ക് നിറമുള്ള ബാഗ്. അതിനെ നെഞ്ചോട് ചേർത്തു പിടിച്ച് പന്ത്രണ്ട് മണിക്ക് അനു സ്കൂൾ ഗേറ്റിൽ നിന്നും തെല്ലൊന്നു മുന്നോട്ട് നീങ്ങി മാത്യൂസ് ചേട്ടനെ പ്രതീക്ഷിച്ച് നിൽക്കുകയാണ്. സ്കൂൾ ബസുകൾക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാൻ മറ്റു വാഹനങ്ങൾ കുറച്ചു മുന്നോട്ട് നീക്കി പാർക്ക് ചെയ്യണം എന്നതാണ് നിയമം. അതിനാൽ തന്നെ സാധാരണ ദിവസങ്ങളിൽ മാത്യൂസ് ചേട്ടൻ കാത്തു നിൽക്കാറുള്ള ഇടത്തിലാണ് ഇപ്പോൾ അനുമോൾ നിൽക്കുന്നത്. അപ്പോൾ, അവളെ കടന്നു പോയി മാഗ്മ റെഡ് നിറത്തിലുള്ള ഒരു കാർ കുറച്ചൊന്നു മുന്നോട്ട് പോയി സാവധാനം വഴിയരികിൽ ഒതുങ്ങി നിന്നു. ചെറിയൊരു നിശബ്ദതയ്ക്കും നിശ്ചലതയ്ക്കും ശേഷം കാറിൽ നിന്നും, ഓഫ് വൈറ്റ് നിറത്തിലുള്ള ജീൻസും വാം യെല്ലോ ഷർട്ടും കറുത്ത കണ്ണടയുമണിഞ്ഞ് ഒരു യുവാവ് കാറിൽ നിന്നും ഇറങ്ങി പരിസരമൊന്നു നിരീക്ഷിച്ച് എതിർ ദിശയിലേക്ക് നോക്കി നിൽക്കുന്ന ആ കൊച്ചു പെൺകുട്ടിയ്ക്കരികിലെത്തി. എന്നിട്ട് മൃദുവാർന്ന സ്വരത്തിൽ അവളെ വിളിച്ചു,

"അനു…"

അപരിചിതന്റെ മുഖത്തേക്ക് നോക്കിയ അനുവിനോട് യുവാവ് പരിചിത ഭാവത്തിൽ ഒരു കാര്യം അന്വേഷിച്ചു.

"ഗാർഡിയൻ എഞ്ചലായ മാത്യൂസ് ചേട്ടൻ വന്നില്ലല്ലോ"

"ഇല്ല" സംശയം നിറഞ്ഞു നിൽക്കുമ്പോഴും ചെറുതായൊന്നു ചിരിക്കാൻ ശ്രമിച്ച് അനു മറുപടി പറഞ്ഞു.

"അങ്കിൾ മോളുടെ അച്ഛനോടൊപ്പം വർക്ക് ചെയ്യുന്നതാണട്ടോ. എന്റെ വീട് ഇവിടെ അടുത്താണ്. ഓഫീസിലേക്ക് പോകുന്ന വഴി മോളെ കൂട്ടിക്കൊണ്ടുവരാൻ അച്ഛൻ വിളിച്ചു പറഞ്ഞു. മാത്യൂസിന്റെ ഓട്ടോയ്ക്ക് എന്തോ കംപ്ലൈന്റ് ഉണ്ട്"

ഇത് പറഞ്ഞു നിർത്തുമ്പോൾ ഓട്ടോ വല്ലതും വരുന്നുണ്ടോ എന്ന് അയാളും അയാളോടൊപ്പം അനുവും റോഡിലേക്ക് നോക്കി. പിന്നെ, കുറച്ചുകൂടി അവളോട് ചേർന്നു നിന്ന് അയാൾ തുടർന്നു,

"മോൾക്ക് ഇപ്പോഴും അങ്കിളിനെ വിശ്വാസമായില്ലെന്നു തോന്നുന്നു. ഹേ, നോക്കിയേ മോളെ കൃത്യമായി കണ്ടുപിടിക്കാൻ അച്ഛൻ അയച്ചു തന്ന ഫോട്ടോ ആണിത്"

അയാൾ തന്റെ ഫോൺ അനുവിന് നേരെ നീട്ടി. സ്ക്രീനിൽ സൈക്കിൾ ചവിട്ടി നിൽക്കുന്ന കുട്ടിയുടെ മുഖത്തേക്കും അപരിചിതന്റെ മുഖത്തെ കറുത്ത കണ്ണടയിലേക്കും അവൾ മാറി മാറി നോക്കി. രണ്ടിലും തെളിഞ്ഞത് അവളുടെ മുഖം തന്നെയായിരുന്നു!

"മുത്തശ്ശൻ വാങ്ങി തന്ന ഈ സൈക്കിളിന്റെ വിശേഷവും അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നെ, കഴിഞ്ഞ ദിവസം റെഡ് നോക്ക് വാങ്ങാൻ റോയൽ വീവിൽ പോയിരുന്നില്ലേ. അവിടെ ഞാനും വന്നിരുന്നു. അച്ഛനോട് സംസാരിക്കുകയും ചെയ്തു. മോൾ അങ്കിളിനെ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു.” വെർച്വൽ ലോകത്തിലെ വൈറൽ ചിത്രങ്ങൾ വിടർത്തി വച്ച് വേട്ടക്കാരൻ കെണിയൊരുക്കുകയായി.

തന്റെ വിശേഷങ്ങൾ പറയുന്ന ആ വ്യക്തിയോട്, വീഡിയോയിൽ പ്രകടിപ്പിക്കാറുള്ള ഉല്ലാസമില്ലാതെ ഒടുവിൽ അവൾ ഒരു വിശേഷം ചോദിച്ചു,

"അങ്കിളിന്റെ പേര് എന്താ?"

"അജയ്" ഇടവേളയില്ലാതെ അയാൾ തുടർന്നു, "പോകുന്ന വഴിയിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് നിനക്ക് ഇഷ്ടമുള്ള ഒരു ബബിൾ ലവറും വാങ്ങിത്തരാൻ അച്ഛൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ കാറിൽ കയറുകയല്ലേ..."

വിജനമായ ഒരിടത്ത് ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഏതൊരു അപരിചിതന്റെ സാന്നിധ്യവും ഒരു കുളിർകാറ്റായി തോന്നും. ആ കാറ്റിന്റെ കുളിർമയിൽ നാലാം ക്ലാസുകാരി അയാളോടൊപ്പം നടക്കാൻ തുടങ്ങി.

അതേസമയം, ഉള്ളിൽ ഒരു ആധിയോടെയാണ് നീതു സന്ദീപിന്റെ ഫോൺ എടുത്തത്.

"അനു വന്നോ?" വളരെ ശാന്തമായിട്ടായിരുന്നു സന്ദീപിന്റെ ചോദ്യം.

"ഇല്ല, വരാൻ കുറച്ച് വൈകുമെന്ന് പറഞ്ഞതിനാൽ ഞാൻ മാത്യൂസേട്ടനെ വിളിച്ചുമില്ല. പക്ഷേ, സന്ദീപ് മറ്റൊരു കാര്യം പറയാൻ ഞാൻ നിന്നെ വിളിക്കാൻ വരികയായിരുന്നു"

'എന്തു പറ്റി?"

"കരിൻ കിഡ്‌സ് എന്ന് രാവിലെ പറഞ്ഞില്ലേ, കരിൻ എന്ന സ്വീഡിഷ് പദത്തിന് 'പ്യൂർ' എന്നാണ് അർത്ഥം. അത് തന്നെയായിരുന്നില്ലേ അവരുടെ കമന്റും"

"നീതു, നീ അത് വിട്ടില്ലേ..."

"വിട്ടതായിരുന്നു. അപ്പോഴാണ് ഗൂഗിൾ സെർച്ചിൽ എപ്സ്റ്റീനിനു വേണ്ടി മോഡലുകളെ റിക്രൂട് ചെയ്തു കൊടുത്തിരുന്ന എംസി 2 എന്ന ഏജൻസിയെ പറ്റി വായിച്ചത്. അവരുടെ ആദ്യ പേര് കരിൻ മോഡൽസ് എന്നായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തി വലയിലാക്കുന്ന ഒരു സെക്സ് റാക്കറ്റ് പോലെയാണ് അവർ പ്രവർത്തിച്ചിരുന്നത്"

"പറഞ്ഞു വരുന്നത് ഇൻസ്റ്റഗ്രാം പ്രൊഫൈൽ അവരുടേതാണെന്നാണോ..." വാക്കുകൾക്കിടയിൽ പരിഹാസം ഒളിപ്പിച്ച സന്ദീപിൻറെ ചോദ്യം.

"അങ്ങനെയല്ല സന്ദീപ്" ചോദ്യത്തിലെ ധ്വനി മനസിലാക്കിയെങ്കിലും നീതു തുടർന്നു, "ഒരു പക്ഷേ, അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവരുടേതാകില്ലേ ആ അക്കൗണ്ട്. എനിക്കെന്തോ വല്ലാത്തൊരു ഭയം തോന്നുന്നു. നിനക്ക് ആ അക്കൗണ്ട് ഒന്ന് ബ്ലോക് ചെയ്തു കൂടെ.." മകളെക്കുറിച്ചുള്ള ഉത്കണ്ഠയാൽ അവൾക്ക് ശ്വാസം മുട്ടി, സ്വരം ഇടറി.

"ഒക്കെയെടോ...നീ ടെൻഷൻ അടിക്കാതെ. ഞാൻ അത് ബ്ലോക് ചെയ്യാം. നീ മാത്യൂസേട്ടനെ ഒന്നു വിളിച്ചു നോക്കൂ"

കരിൻ കിഡ്സിനെ ബ്ലോക് ചെയ്യാനായി സന്ദീപ് ഇൻസ്റ്റഗ്രാം തുറക്കുന്ന നേരത്തു തന്നെ അനുമോളുടെ മുമ്പിൽ കാറിന്റെ വാതിലും തുറക്കപ്പെട്ടു. കാറിൽ കയറും മുമ്പ് അവൾ ഒരിക്കൽ കൂടി തന്റെ കാവൽ മാലാഖ വരുന്ന ദിശയിലേക്കൊന്നു നോക്കി. കാഴ്ചവട്ടത്തെങ്ങും ഒരു മുച്ചക്ര വാഹനം പതിയാത്തതിനാൽ നാലുചക്ര വാഹനത്തിലേക്ക് അവൾ കാലെടുത്തുവെച്ചു. ചുറ്റുമൊന്നു കണ്ണോടിച്ച് ആ യുവാവും കാറിനകത്തേക്ക് പ്രവേശിച്ചു.

തെല്ലൊരു കുതിപ്പോടെ മുന്നോട്ടു നീങ്ങിയ ആ കാറിന്റെ പിൻഭാഗത്തെ വിൻഡ് ഷീൽഡിന്റെ ഇടത്തെ മൂലയിൽ പതിപ്പിച്ച ഇംഗ്ലീഷിലുള്ള ഒരു മഞ്ഞ സ്റ്റിക്കർ വെയിൽ കൊണ്ട് ഒന്നു തിളങ്ങി

Kids Are Pure Magic

മുന്നിലെ വളവിലും വേഗത കുറയ്ക്കാതെ ആ കാർ ഡിജിറ്റൽ ലോകത്തിന്റെ വേഗതയോടെ കുതിച്ചു പാഞ്ഞപ്പോഴേയ്ക്കും ‘വേളാങ്കണ്ണിമാതാ' എന്ന പേരിനു പകരം 'Guardian Angel' എന്ന സ്റ്റിക്കർ ഒട്ടിച്ച, മാത്യൂസ് ചേട്ടന്റെ ഓട്ടോറിക്ഷ സ്കൂൾ കവാടത്തിലേക്ക് കിതച്ചെത്തി.

അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ

വിശുദ്ധ വില്യം റോസ്‌കില്‍ഡ് (1070) : സെപ്തംബര്‍ 2

ഒല്ലൂര്‍ ഫൊറോനപ്പള്ളിയില്‍ വി. എവുപ്രാസ്യയുടെ തിരുനാള്‍ ആഘോഷിച്ചു

വിശുദ്ധ ഗൈല്‍സ്  (ഏഴാം നൂറ്റാണ്ട്) : സെപ്തംബര്‍ 1

റവ. ഡോ. ആന്റണി ലാസര്‍ OFM Cap. : കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മഷന്‍ സെക്രട്ടറി