വിശുദ്ധ വില്യം റോസ്‌കില്‍ഡ് (1070) : സെപ്തംബര്‍ 2

വിശുദ്ധ വില്യം റോസ്‌കില്‍ഡ് (1070) : സെപ്തംബര്‍ 2
Published on
വില്യം ഇംഗ്ലീഷുകാരനായ ഒരു പുരോഹിതനായിരുന്നു. പ്രസിദ്ധനായ കാന്യൂട്ടു രാജാവിന്റെ ചാപ്ലെയിനുമായിരുന്നു. ഒരിക്കല്‍ രാജാവ് ഇംഗ്ലണ്ടില്‍ നിന്നു ഡന്മാര്‍ക്കിലേക്ക് യാത്ര പോയപ്പോള്‍ ഫാ. വില്യമും അദ്ദേഹത്തെ അനുഗമിച്ചു. ദൈവത്തിന്റെ ഈ വിശ്വസ്തസേവകനെ അവിടത്തെ അനുഭവങ്ങള്‍ വല്ലാതെ ഉലച്ചു. അജ്ഞതയിലും വിഗ്രഹാരാധനയിലും അന്ധവിശ്വാസത്തിലും മുഴുകി ജീവിക്കുന്ന ജനങ്ങള്‍! അവിടെത്തന്നെ താമസിച്ച്, വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ അവര്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കുവാന്‍ അപ്പോള്‍ത്തന്നെ അദ്ദേഹം തീരുമാനമെടുത്തു. പിന്നീട്, ഫാ. വില്യം, സീലാന്റ് ദ്വീപിലെ റോസ് കില്‍ഡ് രൂപതയുടെ മെത്രാനായി നിയമിതനായി.

വില്യമിന്റെ ചരിത്രം സ്‌പെയിന്‍ രാജാവിന്റെ ചരിത്രവുമായി ഇടകലര്‍ന്നാണു കിടക്കുന്നത്. അകാരണമായി തന്റെ ചില ആശ്രിതരെ വധിച്ച രാജാവിനെ ബിഷപ്പ് വില്യം നിശിതമായി കുറ്റപ്പെടുത്തി.

ഉപവി ഒരു ചെറിയ പദമാണെങ്കിലും പരിശുദ്ധമായ സ്‌നേഹമെന്ന അതിന്റെ അര്‍ത്ഥത്തിന് വിശാലമായ അര്‍ത്ഥ തലങ്ങളുണ്ട്. ദൈവവുമായും അയല്‍ക്കാരുമായുള്ള അവന്റെ ബന്ധത്തിന്റെ ആകെത്തുകയാണത്. നമ്മുടെ കര്‍ത്താവ് വ്യക്തമാക്കിയതുപോലെ, ഈ പരസ്പരസ്‌നേഹത്തിലാണ് എല്ലാ നിയമങ്ങളും പ്രവാചകന്മാരും അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
വിശുദ്ധ ഏല്‍റെഡ്‌

ദൈവാലയ പരിസരത്തുവച്ചു നടത്തിയ കുറ്റകൃത്യത്തില്‍ പശ്ചാത്തപിച്ചു പ്രായശ്ചിത്തം ചെയ്യാതെ ദൈവാലയത്തില്‍ പ്രവേശിക്കാന്‍പോലും അദ്ദേഹത്തെ അനുവദിക്കുകയില്ലെന്നു കടുത്ത തീരുമാനമെടുത്തു ബിഷപ്പ്. രാജാവിന്റെ കിങ്കരന്മാര്‍ പ്രകോപിതരായി വാളുമായി ബിഷപ്പിനു നേരേ പാഞ്ഞെത്തി.

ദൈവത്തിന്റെ ഈ ആലയം സംരക്ഷിക്കാനായി മരിക്കാനും ഞാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് ബിഷപ്പ് തന്റെ കഴുത്ത് അവര്‍ക്കുനേരെ നീട്ടിക്കൊടുത്തു. പശ്ചാത്താപവിവശനായിത്തീര്‍ന്ന സ്‌പെയിന്‍ രാജാവ് പരസ്യമായി തന്റെ കുറ്റം ഏറ്റുപറഞ്ഞു. ദൈവാലയത്തിനു കുറച്ചു സ്ഥലം ദാനം ചെയ്യുകയും ചെയ്തു.

അങ്ങനെ ബിഷപ്പ് വില്യമും ശല്യക്കാരനായ രാജാവും ആത്മമിത്ര ങ്ങളായി. ഇരുവരും ചേര്‍ന്ന് കുറെ വര്‍ഷങ്ങള്‍ സത്യവിശ്വാസം പ്രചരിപ്പിച്ചു. രാജാവു മരിച്ചപ്പോള്‍, റിങ്‌സ്റ്റെഡില്‍ ബിഷപ്പ് വില്യം സ്ഥാപിച്ച ആശ്രമദൈവാലയത്തിലാണ് അടക്കിയതെങ്കിലും പിന്നീട് റോസ്‌കില്‍ ഡില്‍ കത്തീഡ്രല്‍ നിര്‍മ്മിച്ചപ്പോള്‍ രാജാവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ബിഷപ്പ് വില്യമിനുവേണ്ടി തയ്യാറാക്കിയിരുന്ന കല്ലറയില്‍ത്തന്നെയാണു സംസ്‌കരിച്ചത്.

അതിനും കാരണമുണ്ടായി. സ്‌പെയിന്‍ രാജാവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ റിങ്‌സ്റ്റെഡില്‍നിന്ന് ആഘോഷമായി റോസ്‌കില്‍ ഡില്‍ എത്തിച്ചപ്പോള്‍ സ്വീകരിക്കാനെത്തിയ ബിഷപ്പ് വില്യമിന് പെട്ടെന്ന് അവശത അനുഭവപ്പെടുകയും മരിക്കുകയും ചെയ്തു. അങ്ങനെ ഒരേ കല്ലറയില്‍ ഇരുവരെയും സംസ്‌കരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org