വരികള്‍ക്കിടയില്‍

കല്പറ്റ നാരായണന്റെ കര്‍ത്താവ് എന്ന ഉപമ

മുണ്ടാടന്‍ കെ.

2026 ഒക്‌ടോബര്‍ 11-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കവര്‍ പേജില്‍ കല്പറ്റ നാരായണന്റെ “കര്‍ത്താവ്’’ എന്ന തലക്കെട്ട് കണ്ടപ്പോള്‍ ഏറെ ആര്‍ത്തിയോടെ ആ ലേഖനം വായിക്കാന്‍ പേജുകള്‍ മറിച്ചു. അപ്പോഴാണ് “ഉപമ’’ എന്ന തലക്കെട്ടിലുള്ള ‘യേശു എന്ന ഉപമ’ എന്ന ലേഖനം കണ്ടത്. മലയാള സാഹിത്യത്തില്‍ വള്ളത്തോള്‍ നാരായണ മേനോന്‍ തുടങ്ങി കെ.പി. അപ്പനും കെ.പി. പിള്ളയും, സി.വി. ബാലകൃഷ്ണനും, കെ.ആര്‍. മീരയുമൊക്കെ ബൈബിളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഈടുറ്റ സാഹിത്യകൃതികള്‍ രചിച്ചിട്ടുണ്ട്.

പക്ഷേ, ഇന്നത്തെ മലയാള സാഹിത്യത്തില്‍ വളരെ വിരളമായിട്ടാണ് ക്രൈസ്തവരല്ലാത്ത സാഹിത്യകാരന്മാര്‍ ക്രിസ്തുവിനെക്കുറിച്ചും ബൈബിള്‍ അധിഷ്ഠിത പ്രമേയത്തെക്കുറിച്ചും രചിക്കുന്നതു കണ്ടിട്ടുള്ളൂ. ബൈബിള്‍ അറിയാമെന്നു നടിക്കുന്നവരുടെ ആത്മാര്‍ത്ഥതയില്ലാത്ത ബൈബിള്‍ വ്യാഖ്യാനവും, സഭാധികാരികള്‍ തന്നെ ബൈബിളിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനുമൊക്കെ സാക്ഷ്യം വഹിക്കുന്ന കാലഘട്ടത്തില്‍ അന്യമതത്തിലുള്ളവര്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്നാണ് തോന്നുന്നത്. എഴുത്തിന്റെ രീതികൊണ്ടും ശക്തമായ നീരിക്ഷണം കൊണ്ടും കല്‍പ്പറ്റ നാരായണന്റെ കവിതയും മറ്റു കൃതികളുമെല്ലാം വേറിട്ട ആസ്വാദനം നല്കുന്നവയാണ്. “മുടന്തന്റെ സുവിശേഷം’’ എന്ന അദ്ദേഹത്തിന്റെ കവിതയുടെ തലക്കെട്ടിലും ബൈബിള്‍ പ്രതീകം കാണാം. സാഹിത്യനിരൂപണത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുള്ള കല്‍പ്പറ്റ നാരായണന്റെ ‘യേശുവെന്ന ഉപമ’ എന്ന ലേഖനം അവധാനതയോടെ യേശുനാഥന്റെ ഉപമകളെയും വചനങ്ങളെയും വ്യാഖ്യാനിക്കുന്നു. ക്രൈസ്തവര്‍ക്കുപോലും എത്തിപ്പിടിക്കാനാവാത്ത അര്‍ത്ഥതലങ്ങളില്‍ നിന്നും യേശുവിനെ ഉപമകളിലൂടെ വായിച്ചെടുക്കുകയാണ് ലേഖകന്‍.

ഈ ലേഖനത്തിലെവിടെയോ യേശു ഒരു ചരിത്രപുരുഷനെന്നതിനേക്കാള്‍ കഥാപുരുഷനാണെന്ന് കല്‍പ്പറ്റ സൂചിപ്പിക്കുന്നുണ്ടെങ്കിലും വാക്കുകളിലൂടെ കാലത്തെയും സമയത്തെയും ചരിത്രത്തെയും അതിജീവിക്കുന്ന അഖ്യായികയാണ് യേശുവിന്റെ ഓരോ ഉപമയും എന്നു അടിവരയിട്ടു പറയുകയും ചെയ്യുന്നു. യേശുവിനെപ്പോലെ വചനത്തിലൂടെ ഇന്നും കോടിക്കണക്കിന് ആളുകളുടെ മനസ്സിനെയും ഹൃദയത്തെയും ജീവിതത്തെയും സ്പര്‍ശിക്കുന്ന മറ്റൊരു ചരിത്രപുരുഷനില്ലെന്ന് ഈ ലേഖനം വായിച്ചുകഴിയുമ്പോള്‍ വായനക്കാരനു മനസ്സിലാകും. യേശു ഉപമകളിലൂടെയാണ് അധികം സംസാരിച്ചത്. അതിനാല്‍ യേശുവിന്റെ എല്ലാ ശ്രോതാക്കള്‍ക്കും പലപ്പോഴും യേശു പറഞ്ഞതു മനസ്സിലായില്ല. യേശുവിന്റെ ശിഷ്യന്മാര്‍ക്കു പോലും പലപ്പോഴും കാര്യങ്ങള്‍ വ്യക്തമായിരുന്നില്ല. അല്പം ഭാവുകത്വമുള്ളവര്‍ക്കു മനസ്സിലാകുന്ന ഭാഷയാണ് യേശു ഉപയോഗിച്ചിരുന്നത്. ബൈബിളില്‍ കര്‍ത്താവ് ആവര്‍ത്തിച്ചു പറയുന്നുണ്ട്, “കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ’’ എന്ന്. ശ്രേയസ്കരമായി ചിന്തിക്കുന്നവര്‍ക്കു മാത്രമേ പലപ്പോഴും കര്‍ത്താവിന്റെ ഭാഷ പിടികിട്ടുന്നത്. കല്‍പ്പറ്റ പറയുന്നത്, “യേശു ഉപമകളിലൂടെയും സദൃശ്യവാക്യങ്ങളിലൂടെയുമാണ് സംസാരിച്ചത്. ഏകര്‍ത്ഥകമായ ഭാഷയല്ല, ബഹ്വര്‍ത്ഥകമായ ഭാഷയാണ് ഉപമയും സദൃശ്യവാക്യവും’’.

“നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക” എന്നു ശിഷ്യന്മാരോട് പറഞ്ഞിട്ടും അവര്‍ക്ക് അതിന്റെ പൊരുള്‍ മനസ്സിലായില്ല. അപ്പോഴാണ് യേശു ലോകം ഇന്നുവരെ കേട്ടതില്‍ വച്ച് ഏറ്റവും സുന്ദരമായ “നല്ല സമരിയാക്കാരന്റെ ഉപമ’’ പറഞ്ഞത്. ആ ഉപമയില്‍ നിന്നും പ്രചോദനം കൊണ്ട് അന്തര്‍ദ്ദേശീയതലത്തിലും ദേശീയതലത്തിലും ക്രൈസ്തവസഭകളിലും അപരന്റെ ക്ഷേമത്തിന്നുതകുന്ന ലക്ഷക്കണക്കിന് ഉപവി സംഘടനകള്‍ ലോകത്തില്‍ ഇന്നും പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് കല്‍പ്പറ്റ നാരായണന്‍ പറയുന്നുണ്ട്. “അവന്റെ ഉപമകള്‍ ഭിന്നഭിന്നങ്ങളായ സന്ദര്‍ഭങ്ങളില്‍ സന്ദര്‍ഭോചിതമായി പെരുമാറി’’ എന്ന വാക്കിലുണ്ട് യേശുവിന്റെ ഉപമകളുടെ ശക്തിയും കാലിക പ്രസക്തിയും.

വിതക്കാരന്റെ ഉപമയെക്കുറിച്ച് കല്‍പ്പറ്റ നാരായണന്‍ പറയുന്നത് “ഉപമകളെക്കുറിച്ചുള്ള ഉപമ’’ എന്നാണ്. “വിശ്വാസമുള്ളവരില്‍ മാത്രമാണ്, വിശ്വസിക്കുന്നവരില്‍ മാത്രമാണ് യേശുവിന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനായതെന്നും ഓര്‍ക്കുക. പാറപ്പുറത്തല്ല, ഫലഭൂയിഷ്ഠമായ മണ്ണില്‍ വിതക്കാനാണ് യേശുവിലെ വിതക്കാരന്‍ താത്പര്യപ്പെട്ടുള്ളൂ’’. ദൈവത്തിന്റെ കരുണാസമ്പന്നമായ സ്‌നേഹം ഇത്ര ആഴത്തില്‍ മനുഷ്യകുലത്തിനു പറഞ്ഞുതന്നത് യേശുവിന്റെ മൂന്നു ഉപമകളിലൂടെയാണെന്ന് കല്‍പ്പറ്റ നാരായണന്‍ സമര്‍ത്ഥിക്കുന്നു. കൂട്ടംതെറ്റിയ ആടിനെ അന്വേഷിച്ച് തൊണ്ണൂറ്റൊന്‍പത് ആടുകളെയും ഉപേക്ഷിച്ചു പോയ ഇടയന്റെ ഉപമ, പത്തു വെള്ളിനാണയങ്ങളില്‍ ഒന്ന് നഷ്ടപ്പെട്ടപ്പോള്‍ അതിനായി മറ്റെല്ലാ ചുമതലകളും വിസ്മരിച്ച് വീടാകെ അരിച്ചുപെറുക്കിയ സ്ത്രീയുടെ ഉപമ, മുടിയനായ പുത്രനെക്കുറിച്ചുള്ള ഉപമ. 100-ല്‍ 99 ആടുകളും സുരക്ഷിതര്‍, സ്വസ്ഥര്‍. ഒറ്റയ്ക്കായിപ്പോയ, വഴിതെറ്റിയ, തുണയറ്റ ആ അനാഥനായ ആടിനെക്കൂടി തിരികെ പറ്റത്തിലെത്തിക്കുന്നതുവരെ ഇടയന് ഒരു സ്വസ്ഥതയുമില്ല. ദൈവത്തിന്റെ സ്ഥാനത്ത് ആ ഇടയനെ സങ്കല്പിച്ചാല്‍ എന്തൊരു നല്ല ദൈവമാണയാള്‍”. ഒരു കവിയുടെ ധ്യാനമാണോ ഈ വരികള്‍, ഭാവുകത്വം നിറഞ്ഞ മനുഷ്യന്റെ മനസ്സിലാക്കലാണോ, എങ്ങനെ വായിച്ചാലും യേശുവിന്റെ നല്ല ഇടയന്റെ വാങ്മയചിത്രമാണ് കല്‍പ്പറ്റ നാരായണന്‍ ഇവിടെ വരച്ചിടുന്നത്.

  • ഫുള്‍സ്റ്റോപ്പ്: കല്‍പ്പറ്റ നാരായണന്‍ തന്റെ ലേഖനത്തില്‍ അടിവരയിട്ടു പറയുന്നത് യേശു തന്നെയാണ് യഥാര്‍ത്ഥ ഉപമ എന്ന വലിയ സത്യമാണ്. യേശുവിന്റെ വാക്കുകള്‍ സംക്ഷിപ്തവും ഗഗനവുമാണ്. കാവ്യാത്മകമായ ഭാഷയില്‍ തത്ത്വചിന്തയും തീക്ഷ്ണമായ പരിഹാസവും, ഡീറ്റെയിലിംഗും ഉണ്ട്. “ഷേക്‌സ്പിയറോ, ദസ്തയേവ്‌സ്‌കിയോ, ആരാണ് അവന്റെ വചനങ്ങളാല്‍ മോഹിക്കപ്പെടാതിരുന്നത്... അവന്റെ വചനങ്ങളില്‍ അഭ്യസിക്കാത്ത കവികളോട് ആര്‍ക്കുണ്ടാവും മതിപ്പ്...’’

പഴങ്ങള്‍, പൂക്കള്‍, ഇലകള്‍ എന്നിവയില്‍ നിര്‍മ്മിച്ച ജപമാലകളുമായി കുട്ടികള്‍; പ്രദര്‍ശനം ശ്രദ്ധേയമായി

പശ്ചിമ ബംഗാളിൽ വീണ്ടും ക്രൈസ്തവ വേട്ട; ബൈബിൾ നശിപ്പിച്ചു, വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തിന് മര്‍ദ്ദനവും ഭീഷണിയും

ലൂർദ്ദ് ആശുപത്രിയിൽ ലോക സ്ട്രോക്ക് ദിനാചരണം സംഘടിപ്പിച്ചു

പാറേൽ തീർത്ഥാടന കേന്ദ്രത്തിന് ബസിലിക്ക പദവി; പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്കു മുന്‍പേ വത്തിക്കാന്റെ സമ്മാനം

കത്തോലിക്കാസഭയില്‍ പുതിയതായി ആറു ധന്യര്‍ കൂടി