

കത്തോലിക്കാസഭയില്‍ പുതിയതായി ആറു പേരെ കൂടി ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിനു ലിയോ പതിനാലാമന്‍ മാര്‍പാപ്പ അംഗീകാരം നല്കി. പെറുവിലെ ബൈബിള്‍ പ്രചാരണത്തിന്റെ തുടക്കക്കാരനായ, ജര്‍മ്മന്‍ വംശജനായ ഫ്രെഡറിക് കൈസര്‍ ഡെപ്പല്‍ എന്ന മെത്രാനാണ് ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരില്‍ ഒരാള്‍. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ദീര്‍ഘകാലം മിഷനറി യായി സേവനമനുഷ്ഠിച്ച സലേഷ്യന്‍ മെത്രാന്‍ ഓറെസ്റ്റെ മാരെംഗോ, ദിബ്രൂഗഡ്, തേസ്പൂര്‍ രൂപതകളുടെ മെത്രാനായും തുറാ രൂപതയുടെ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററായും പ്രവര്‍ത്തിച്ചു. കേരളത്തില്‍ നിന്നുള്ള മിഷണറിമാര്‍ക്കും പ്രചോദനം പകര്‍ന്ന അദ്ദേഹം ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധ കാലത്ത് അഭയാര്‍ത്ഥികള്‍ക്കായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അര്‍ജന്റീനിയന്‍ സന്യാസിനി മാര്‍ഗരിറ്റത്ത, മിലാന്‍ അതിരൂപതയിലെ ദരിദ്രര്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികൾ ക്കുമായി സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച് സേവനം ചെയ്ത ഫാ. ദോമെനിക്കോ പോളിയാനി എന്നിവരും ധന്യ പദവി യിലേക്ക് ഉയര്‍ത്തപ്പെട്ടവരാണ്.
വാര്‍ദ്ധക്യത്തില്‍ പ്രമേഹരോഗത്താല്‍ കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടിട്ടും ‘എനിക്ക് കാണാനോ കേള്‍ക്കാനോ കഴിയില്ല, എങ്കിലും ഞാന്‍ വിശ്വസിക്കുന്നു’ എന്ന് പ്രഖ്യാപിച്ച ഇറ്റലിയിലെ കാലാബ്രിയയില്‍ നിന്നുള്ള വൈദികന്‍ അലെസ്സാന്‍ഡ്രോ വിത്തെറ്റി, പാദ്രെ പിയോയുടെ ആത്മീയ പുത്രനും കപ്പൂച്ചിന്‍ സന്യാസിയുമായ ബ്രദര്‍ ദനിയേലെ എന്നിവരാണ് മറ്റ് രണ്ട് ധന്യര്‍.