പാറേൽ തീർത്ഥാടന കേന്ദ്രത്തിന് ബസിലിക്ക പദവി; പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്കു മുന്‍പേ വത്തിക്കാന്റെ സമ്മാനം

Basilica status for Parel Pilgrimage Centre; a gift from the Vatican even before the consecration of the new church.
Published on: 

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ പാറേൽ മരിയൻ തീർത്ഥാടന കേന്ദ്രത്തെ ബസിലിക്ക പദവിയിലേക്ക് വത്തിക്കാന്‍ ഉയർത്തി. പുതിയ പള്ളിയുടെ കൂദാശയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് വത്തിക്കാനിൽനിന്നു ചരിത്ര പ്രാധാന്യമുള്ള പ്രഖ്യാപനം ഉണ്ടായത്. ഇനി മുതൽ "മർത്ത് മറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്രൈൻ ബസിലിക്ക" (Marth Mariam Immaculate Conception Shrine Basilica) എന്ന പേരിലാകും ദേവാലയം അറിയപ്പെടുക. ലെയോ പതിനാലാമൻ പാപ്പയുടെ അംഗീകാരത്തോടെ ദൈവാരാധനയ്ക്കും കൂദാശകളുടെ ക്രമപ്പെടുത്തലുമായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് ബസിലിക്ക പദവി അനുവദിച്ചത്.

ആരാധനാക്രമപരവും ആത്മീയവുമായ പ്രാധാന്യം, ചരിത്രപരവും കലാപരവുമായ മൂല്യം, വലിപ്പവും സൗകര്യങ്ങളും, മതിയായ ശുശ്രൂഷകരും ക്രമീകരണങ്ങളും ഇതെല്ലാം കണക്കിലെടുത്താണ് ഒരു പള്ളിയെ കത്തോലിക്ക സഭ ബസിലിക്കയായി ഉയർത്തുന്നത്. വലിയപള്ളിയുടെ കൂദാശാദിനമായ നവംബർ 21-ന് ബസിലിക്ക പദവിയും പുതിയ നാമവും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ദൈവമാതാവിന്റെ മാധ്യസ്ഥം വഴി ഈ ദേശത്തിനു ലഭിച്ച വലിയ ദൈവാനുഗ്രഹമായി ഈ പദവിയെ കാണുന്നുവെന്നും അതിരൂപതാധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പ്രസ്താവിച്ചു.

പരിശുദ്ധ കന്യകാമറിയത്തോടുള്ള വണക്കത്തിന്റെ പേരിൽ വിശ്വാസികൾ തലമുറകളായി തീര്‍ത്ഥാടനത്തിനെത്തുന്ന പുണ്യസ്ഥാനമാണ് പാറേൽപള്ളി. ബസിലിക്ക പദവി നല്‍കിക്കൊണ്ടുള്ള അംഗീകാരം ചങ്ങനാശേരി അതിരൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും മുഴുവൻ വിശ്വാസിസമൂഹത്തിനും അഭിമാനകരമായ നിമിഷമാണെന്ന് തീർത്ഥാടനകേന്ദ്രം റെക്ടറും അതിരൂപതാ വികാരി ജനറാളുമായ മോൺ. മാത്യു ചങ്ങങ്കരി പറഞ്ഞു. ചങ്ങനാശേരി അതിരൂപതയിലെ രണ്ടാമത്തെ ബസിലിക്കായാണ് ഇത്. ചമ്പക്കുളം സെൻ്റ് മേരീസ് ഫൊറോനപള്ളിയെ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തിയിരിന്നു.

കന്യകാമറിയത്തിൻ്റെ അമലോത്ഭവം വിശ്വാസ സത്യമായി പിയൂസ് ഒൻപതാമൻ പാപ്പ ആഗോളതലത്തിൽ പ്രഖ്യാപിച്ചതിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് 1904ൽ ആർച്ച് ബിഷപ്പ് മാർ മാത്യു മാക്കിലിൻ്റെ നിർദേശപ്രകാരം വികാരി ജനറൽ ഫാ. സിറിയക് കണ്ടങ്കരിയാണ് ഈ ദേവാലയം സ്‌ഥാപിച്ചത്. പാറമേൽ പണിത ദേവാലയം എന്ന നിലയിൽ 'പാറേൽ പള്ളി' എന്ന പേരിൽ പ്രശസ്തമായി. 1972ൽ ആർച്ച് ബിഷപ്പ് മാർ ആൻ്റണി പടിയറയാണ് ഇപ്പോഴുള്ള ദേവാലയത്തിനു തറക്കല്ലിട്ടത്.

1974ൽ കൂദാശ നിർവഹിച്ചതും മാർ പടിയറയാണ്. 1977ൽ പാറേൽ പള്ളിയെ അജപാലന കേന്ദ്രമായി പ്രഖ്യാപിച്ചു. 1981ൽ സ്വതന്ത്ര ഇടവകയായി. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയും തീർത്ഥാടന കേന്ദ്രത്തിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തേണ്ട ആവശ്യം വരികയും ചെയ്‌തതോടെയാണ് പുതിയ ദേവാലയം എന്ന ആശയം രൂപപ്പെട്ടത്. 2014 ഇതിന്റെ നിർമാണത്തിനുള്ള പ്രാരംഭ നടപടി ആരംഭിച്ചിരിന്നു. 3 നിലകളിലായാണു പുതിയ ദേവാലയം ഒരുങ്ങുന്നത്. വലിയ പള്ളിയിൽ 3000 പേർക്കു തിരുക്കർമങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ് വിവരം.