വരികള്‍ക്കിടയില്‍

സ്വന്തം പരാജയങ്ങള്‍ മറച്ചുവയ്ക്കാന്‍ കല്ലുവച്ച നുണപറയുന്നവര്‍

മുണ്ടാടന്‍ കെ.
  • മുണ്ടാടന്‍

'വെറുപ്പിന്റെ കാര്‍മ്മികരായ മലയാളീസ്' എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ലക്കത്തില്‍ ഈ കോളം എഴുതിയത്. വെറുപ്പ് സൃഷ്ടിക്കപ്പെടുന്നത് ഓരോ വാക്കിലും ഓരോ പ്രവര്‍ത്തിയിലുമാണ്. ഇന്ന് വെറുപ്പിന്റെ ഭാഷയെ ഘോഷിക്കുന്നവരാണ് സഭാധികാരികള്‍ പോലും എന്നു പറഞ്ഞാലും അതില്‍ അല്പം പോലും അതിശയോക്തിയില്ല എന്നതാണ് ഇന്നത്തെ വിഷയം.

ഈ ദിവസങ്ങളില്‍ കേരളത്തിലും സീറോമലാബര്‍സഭാ വിശ്വാസികളുടെ ഇടയിലും ഇന്ത്യയിലെ കത്തോലിക്കാ സഭയിലാകമാനം ചര്‍ച്ചയായ വിഷയമുണ്ട്. ഇന്ത്യന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അധ്യക്ഷസ്ഥാനം ഒഴിയുന്ന സമയത്ത് തൃശ്ശൂര്‍ ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ദീപിക പത്രത്തില്‍ ഫെബ്രുവരി 3, 4 തീയതി കളിലായി നല്കിയ അഭിമുഖത്തിന്റെ ഉള്ളടക്കമായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ടത്.

രണ്ടു വര്‍ഷക്കാലം സിബിസിഐയുടെ അധ്യക്ഷനായിരുന്ന സമയത്ത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബി ജെ പി സര്‍ക്കാരിന്റെ നിഴലില്‍ സംഘ്പരിവാര്‍ സംഘങ്ങള്‍ ക്രൈസ്തവര്‍ക്കു നേരെ അക്രമങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ വായ പൊത്തി മിണ്ടാതിരുന്ന മെത്രാപ്പോലീത്തയാണ് ഇപ്പോള്‍ ധീരതയോടെ കേന്ദ്ര സര്‍ക്കാരിനെതിരെ പറയുന്നത്. പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയേണ്ട വേദിയില്‍ പറയാന്‍ മനഃപൂര്‍വം മറന്നുപോയതിന്റെ മനസ്സാക്ഷി കുത്തുകൊണ്ടായിരിക്കാം ഫെബ്രുവരി 3-ലെ ദീപികയില്‍ നല്കിയ അഭിമുഖത്തില്‍ അദ്ദേഹം സംഘ്പരിവാറിനെ തിരെയും സര്‍ക്കാരിനെതിരെയും ക്രൈസ്തവരുടെ ഇടയില്‍ നുഴഞ്ഞുകയറി തീവ്രവാദം സൃഷ്ടിക്കുന്ന ചില സംഘടനകള്‍ക്കെതിരെയും പറഞ്ഞത്.

ഇന്റര്‍വ്യൂവിന്റെ രണ്ടാം ഭാഗത്താണ് അദ്ദേഹം ആടിനെ പട്ടിയാക്കുന്നതും പട്ടിയെ പേപ്പട്ടിയാക്കുന്നതുമായ അധാര്‍മ്മിക ശൈലി ഉപയോഗിച്ചിരിക്കുന്നത്. ക്രൈസ്തവര്‍ ഇന്ന് നേരിടുന്ന മൂന്നു പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്നിടത്താണ് അദ്ദേഹം ഇങ്ങനെ പറയുന്നത് ''മൂന്നാമത്തേത്, സഭയിലെ നിസ്സാരമായ അഭിപ്രായ വ്യത്യാസത്തില്‍ പോലും ബോധപൂര്‍വം ഇടപ്പെട്ട് ഭിന്നിപ്പുണ്ടാക്കുക എന്നതാണ്. സീറോമലബാര്‍സഭയുടെ ആരാധനക്രമ വഴക്കിലടക്കം ചിലരുടെ കുത്സിതമായ ഇടപെടലുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളില്‍ ചിലത് സീറോമലബാര്‍സഭയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു.'' എന്താല്ലേ!

സീറോമലബാര്‍സഭയിലെ ആരാധനക്രമ പ്രശ്‌നം തുടങ്ങിയിട്ട് വര്‍ഷങ്ങളെത്രയായി എന്ന് അറിയാത്തതുകൊണ്ടാണോ ആന്‍ഡ്രൂസ് മെത്രാന്‍ ഇത്തരം ഒരു വര്‍ഗീയ ധ്രുവീകരണം പരത്തുന്ന കമന്റ് പറഞ്ഞത്? ഇനി അദ്ദേഹം പറയുന്ന രീതിയില്‍ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ കാര്യം ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിച്ച് സത്വര നടപടി കൈകൊള്ളാതിരുന്ന ആ ഉദ്യോഗസ്ഥന്റെ പേര് ആന്‍ഡ്രൂസ് മെത്രാപ്പോലീത്ത വെളിപ്പെടുത്തുമോ? ഭൂരിപക്ഷം വരുന്ന വൈദികരെയും ലക്ഷക്കണക്കിനുള്ള വിശ്വാസികളെയും കബളിപ്പിച്ച് സീറോമലബാര്‍ മെത്രാന്‍ സിനഡ് കോവിഡ് കാലത്തെ പ്രതിസന്ധി മുതലാക്കി എടുത്ത കുര്‍ബാന അര്‍പ്പണ രീതിയിലുള്ള അന്യായമായ തീരുമാനം എടുക്കാന്‍ മെത്രാന്മാരില്‍ ചിലരെയാണോ ഇനി പോപ്പുലര്‍ ഫ്രണ്ട് സ്വാധീനിച്ചത്?

സിനഡിന്റെ 50-50 ഫോര്‍മുല തീരുമാനവും ആ തീരുമാനം വിശ്വാസികളുടെ മേല്‍ അടിച്ചേല്പിക്കാനുള്ള തന്ത്രത്തില്‍ പൊലീസിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഉപയോഗിച്ച് വൈദികരെയും വിശ്വാസികളെയും തല്ലിചതച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതും ആരാണ്? എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി വന്ന് അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും അല്പ സത്യങ്ങളും കുത്തി നിറച്ച് 2023 ജൂണ്‍ 9 ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നല്കിയ റിപ്പോര്‍ട്ട് ദൈവത്തിന്റെ കൈകൊണ്ട് അതിരൂപതയിലെ വൈദികര്‍ക്കു കിട്ടി.

ആ കത്തിലും ആന്‍ഡ്രൂസ് മെത്രാപ്പോലീത്ത ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി വാദിക്കുന്നവര്‍ക്കു ക്രൈസ്തവ വിരുദ്ധ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും അവര്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും പണം ലഭിക്കുന്നുണ്ടെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ ആരോപിച്ചിട്ടുണ്ട്. ഈ കത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതിരൂപതയിലെ വൈദികരും സഭയ്ക്കുള്ളില്‍ പരാതി നല്കിയിട്ടുണ്ട്. ഇപ്പോള്‍ ആന്‍ഡ്രൂസ് മെത്രാന്റെ പ്രസ്താവനയെക്കുറിച്ച് സഭാപരമായി അന്വേഷിക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി ജോസഫ് പാംപ്ലാനി മെത്രാപ്പോലീത്തയുടെ വക്താവും പ്രസ്താവന ഇറക്കിയിട്ടുണ്ടല്ലോ.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ സീറോമലബാര്‍ മെത്രാന്മാരുടെ സിനഡാത്മകമല്ലാത്ത തീരുമാനത്തെ ശക്ത മായി എതിര്‍ത്തതിന്റെ കാര്യകാരണങ്ങള്‍ വ്യക്തമായി അറിയാത്തവര്‍ ഇനിയും ഇവിടെയുണ്ടോ? ഈ കാര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തെറ്റിദ്ധരിപ്പി ക്കുകയും സിറില്‍ വാസിലെന്ന പേപ്പല്‍ ഡലഗേറ്റിന് ഇല്ലാത്ത അധികാരം പോലും കല്പിച്ചുകൊടുത്ത് അതിരൂപതയിലെ വൈദികരെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തിയതിന്റെ പുറകിലും ആരാണാവോ പ്രവര്‍ത്തിച്ചത്?

ഫുള്‍സ്റ്റോപ്പ്: 2023 ഫെബ്രുവരി 6 ന് ഈ ലേഖകന് അന്നത്തെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നല്കിയ കത്തിലും തീവ്രവാദി ഗ്രൂപ്പുകളുമായുള്ള ബന്ധത്തെ ക്കുറിച്ച് എഴുതിയിരുന്നു. ആരോപിക്കുന്ന കാര്യത്തിനു തെളിവു നല്കാന്‍ ആന്‍ഡ്രൂസ് മെത്രാപ്പോലീത്തായോട് ആവശ്യപ്പെട്ടപ്പോള്‍, ''ഇതിനൊക്കെ തെളിവ് നല്കാന്‍ സാധിക്കുമോ, മുണ്ടാടാ?''എന്ന മറുപടിയിലുണ്ട് ആരോപണത്തിന്റെ കാര്യഗൗരവം. നുണകള്‍ക്കുമേല്‍ നുണകള്‍ കൊണ്ടുണ്ടാക്കിയ ചീട്ടു കൊട്ടാരങ്ങളുടെ ഗതികേട് പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ!

സി ബി സി ഐ യ്ക്കു പുതിയ നേതൃത്വം: ഭാരതസഭ പ്രവാചകശബ്ദം വീണ്ടെടുക്കുക

കൊച്ചിയിലെ കപ്പലൊച്ചകള്‍ [26]

വിശുദ്ധ ഗൗദന്തിയൂസ് (360-427) : ഫെബ്രുവരി 12

ഗലാത്തിയ - Chapter 1 [1of3]

കേരള നവോത്ഥാന നായകരില്‍ ഏറ്റവും ഉന്നതിയിലാണ് ചാവറച്ചന്റെ സ്ഥാനം : ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍