വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്.ഗലാത്തിയാ 1:7
'മുറിവേറ്റ മനുഷ്യവര്‍ഗ്ഗത്തിന്റെ മുമ്പില്‍ സഭ അവളുടെ മാതൃ സഹജമായ വശം, അമ്മയുടെ മുഖം കാണിച്ചുകൊടുക്കുന്നു. മുറിവേറ്റവര്‍ അവളുടെ വാതിലില്‍ മുട്ടിവിളിക്കാന്‍ വേണ്ടി സഭ കാത്തു നില്‍ക്കുന്നില്ല. സഭ തെരുവുകളില്‍ അവരെ അന്വേഷിച്ചു ചെല്ലുന്നു. അവരെ ഒന്നിച്ചു കൂട്ടുന്നു. അവരെ ആലിംഗനം ചെയ്യുന്നു. അവരെ പരിചരിക്കുന്നു. തങ്ങള്‍ സ്‌നേഹിക്കപ്പെടുന്നു എന്ന് അവരെ ബോധ്യപ്പെടുത്തുന്നു.'
'ദൈവത്തിന്റെ നാമം കരുണ' (God's Name is Mercy) എന്ന പുസ്തകത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ മനോഹരമായ ഈ വരികള്‍ കഴിഞ്ഞ ദിവസം വീണ്ടും ഓര്‍മ്മയിലെത്തി. കേരള സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മീഷന്‍ സംഘടിപ്പിച്ച രൂപതാ തല ജാഗ്രതാ സമിതി പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. പരമ്പരാഗതവും നവവുമായ മാധ്യമങ്ങള്‍, സിനിമകള്‍, തീവ്രനിലപാടുള്ള ചില മതവിഭാഗങ്ങളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍, അടുത്ത കാലത്തായി കേരളത്തില്‍ ക്രിസ്തീയതക്കെതിരായി രൂപംകൊണ്ടിട്ടുള്ള പൊതുബോധത്തിന്റെയും സംസ്‌കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും കപടനിര്‍മ്മിതികള്‍ എന്നിങ്ങനെ പുറമെ നിന്ന് സഭയെ ദുര്‍ബലപ്പെടുത്തുന്ന ക്ഷുദ്രശക്തികളെപ്പറ്റി പ്രഗല്ഭരും പ്രശസ്തരുമായ വ്യക്തികള്‍ ചിന്തകള്‍ പങ്കുവച്ചു. എന്നാല്‍ ഉള്ളില്‍ നിന്നു തന്നെ സഭയെ 'ഉപദ്രവിക്കുകയും സുവിശേഷത്തെ ദുഷിപ്പിക്കുകയും' ചെയ്യുന്ന ശക്തികളെയും പ്രവണതകളെയും പറ്റി കാര്യമായ വിചിന്തനങ്ങളുണ്ടായില്ല.
മേല്‍പറഞ്ഞവ മാത്രമാണോ സഭയെ ദുര്‍ബലപ്പെടുത്തുന്നത്? ദൈവം കരുണയായിരിക്കെ കാര്‍ക്കശ്യത്തിന്റെ 'മറയ്ക്കും വിരിക്കും' ഉള്ളില്‍ കരുണയുടെ മുഖം മറയ്ക്കുന്ന സഭയോളം സഭയെ ദുര്‍ബലപ്പെടുത്തുന്ന മറ്റെന്തുണ്ട്? പല തരത്തില്‍ മുറിവേറ്റവര്‍ മുട്ടി വിളിച്ചിട്ടും ഹൃദയകാഠിന്യത്തോടെ അവര്‍ക്കെതിരെ വാതില്‍ കൊട്ടിയടക്കുന്ന സഭയോളം സഭയെ ഉപദ്രവിക്കുന്ന മറ്റെന്തുണ്ട് ? മുറിവേറ്റവരെ അന്വേഷിച്ച് തെരുവില്‍ അലയാത്ത, അവരെ കണ്ടെത്തി ആലിംഗനം ചെയ്ത് പരിചരിക്കാത്ത, ചേറു പറ്റാത്തതും മുറി വേല്‍ക്കാത്തതുമായ സഭയോളം സഭയെ ദുഷിപ്പിക്കുന്ന മറ്റെന്തുണ്ട്? 'വേരില്‍നിന്ന് വരുന്ന ജീവരസം പങ്കുപറ്റി' (റോമാ 11:17) ലോകം മുഴുവനിലും സുവിശേഷചൈതന്യം പകരേണ്ടവര്‍ അനീതിയുടെയും അസത്യത്തിന്റെയും അധര്‍മ്മത്തിന്റെയും എല്ലാ തിന്മകളുടെയും അടിസ്ഥാനമായ ധനമോഹത്തിന്റെയും (1 തിമോ. 6:10) വെറുപ്പിന്റെയും വ്യത്യസ്തവും ശപ്തവുമായ സുവിശേഷം (ഗലാ. 1:8) പ്രഘോഷിക്കുന്നതിനോളം സഭയെ ക്ഷയിപ്പിക്കുന്ന മറ്റെന്തുണ്ട്? വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ ശുശ്രൂഷകനും ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ ദാസനുമായിരിക്കണം എന്ന് അവന്‍ കല്പിച്ചിരിക്കെ (മത്താ. 20:27) വലിയവനും ഒന്നാമനുമാകാന്‍ മത്സരിക്കുകയും അധികാരത്തിന്റെയും പദവികളുടെയും ലഹരികളില്‍ ആസക്തിയോടെ മുഴുകുകയും ചെയ്യുന്ന അധികാരികളോളം സഭയെ നശിപ്പിക്കുന്ന മറ്റെന്തുണ്ട്? ആത്മവിമര്‍ശനത്തിന്റെ കണ്ണാടിയില്‍ അകം നോക്കിക്കാണാന്‍ ആര്‍ജ്ജവവും ധൈര്യവുമില്ലാതെ പുറംമോടികളുടെ അഭിനവ ഫരിസേയിസത്തില്‍ അഭിരമിക്കുന്ന സഭയെയാണ് മറ്റെന്തിനേക്കാളും ജാഗ്രതയോടെ കരുതേണ്ടത്. ബന്ധങ്ങള്‍ നഷ്ടപ്പെട്ട സഭയെയാണ് ഭയത്തോടും അതീവജാഗ്രതയോടും കൂടെ കരുതേണ്ടത്.