നിലവിലുള്ളവയെ നശിപ്പിക്കുവാൻവേണ്ടി ലോകദൃഷ്‌ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്ക പ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു.1 കോറിന്തോസ് 1 : 28
orthopterous insect infesting kitchens - അടുക്കളയിൽ ശല്യമുണ്ടാക്കുന്ന പ്രാണി എന്നാണ് cock.roach എന്ന വാക്കിന് നിഘണ്ടു നൽകുന്ന അർഥം. എന്നാൽ, ഇന്ത്യയിൽ അവയിപ്പോൾ കൂടുതൽ ശല്യമുണ്ടാക്കുന്നത് അടുക്കളകളില്ല; ഭരണക്കാരുടെ അന്തരംഗങ്ങളിലും അന്തഃപുരങ്ങളിലുമാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളെ ശക്തിയോടെ പ്രഹരിക്കുന്ന ഭരണകൂടത്തിന്റെ എല്ലാ കൂടങ്ങളും, കൂറ എന്നു കൂടി പേരുള്ള പാറ്റകൾക്കു മുമ്പിൽ ദുർബലമാകുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. സോഷ്യൽ മീഡിയയും തെരുവുകളും പിന്നിട്ട് ഭരണകൂടത്തിന്റെ കോട്ടകൊത്തളങ്ങളിലേക്കും അവയുടെ അധിനിവേശം ഇരമ്പിയെത്തി. ഇന്ത്യയിൽ ‘പാറ്റ’ ഇപ്പോൾ ഒരു പ്രതീകമാണ്. മഹത്തായ ഒരു പ്രതിരോധത്തിന്റെ പ്രതീകം! ഊർദ്ധ്വശ്വാസം വലിച്ചുതുടങ്ങിയ ഒരു വ്യവസ്ഥിതിക്ക് അവ സി പി ആർ നൽകിയിരിക്കുന്നു. ജന ആധിപത്യത്തിന്റെ ഹൃദയം വീണ്ടും മിടിച്ചു തുടങ്ങിയിരിക്കുന്നു. ജെൻ സീകളെ മുതിർന്നവർ ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന് മുൻപൊരിക്കൽ ഈ പംക്തിയിൽ കുറിച്ചിരുന്നു. സദാ സ്‌ക്രീനിൽ കഴിച്ചുകൂട്ടുന്ന, അലസരും നിരുത്തരവാദികളും ചിന്താശക്തിയില്ലാത്തവരുമായി അവരെ കണ്ടവരുണ്ട്. അവർ പക്ഷേ, അവരെ നന്നായി മനസ്സിലാക്കിയിരുന്നു. അതിനാലാണ് പെല്ലറ്റുകളും ആണി തറച്ച ലാത്തികളും അവരുടെ മുമ്പിൽ പരാജയപ്പെട്ടത്.
തിരമാലകൾ പോലെ ആഞ്ഞടിക്കുന്ന യുവജന പ്രക്ഷോഭ ങ്ങളിൽ നിലതെറ്റി ഭരണകൂടങ്ങൾ തന്നെ ഓടിപ്പോകുന്നത് അയൽരാഷ്ട്രങ്ങളിൽ കണ്ടിരുന്നു. എന്നിട്ടും നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരികൾ പതിവു കുതന്ത്രങ്ങൾ തന്നെയാണ് പയറ്റിയത്. ആദ്യം അവഗണനയും നിശ്ശബ്ദതയും. പിന്നീട് ദേശവിരുദ്ധതയുടെ കാർഡിറക്കി നോക്കി. എന്നാൽ, രാജ്യത്തിന്റെ പതാക ചുമലിലേന്തി, ഭരണഘടനയും അംബേദ്കറുടെ ചിത്രവും ഉയർത്തിപ്പിടിച്ച് നിൽക്കുന്നവരുടെ മുന്നിൽ അത് ഏറ്റില്ല. പതിവുപോലെ വൈകാരിക കണ്ഠക്ഷോഭം കൊണ്ട് കബളിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. റേഡിയോയ്ക്കു പകരം ഇൻസ്റ്റാഗ്രാം ആയിരുന്നുവെന്നു മാത്രം. ഒന്നും ഫലിക്കുന്നില്ലെന്ന് വന്നപ്പോൾ തല്ലിയോടിക്കാമെന്ന് കരുതി. പക്ഷേ, ഒടുവിൽ അവർക്കു മുന്നിൽ എല്ലാം പരാജയപ്പെട്ടു. കൊടുങ്കാറ്റുകൾ രൂപപ്പെടുന്നത് ചക്രവാളങ്ങളിൽ നിന്നോ കടലുകളിൽ നിന്നോ അല്ലെന്നും നിശ്ചയദാർഢ്യവും നിർഭയത്വവുമുളള മനുഷ്യരുടെ മനസ്സുകളിൽ നിന്നാണെന്നും ഇന്ത്യയിലെ യുവജനങ്ങൾ തെളിയിച്ചിരിക്കുന്നു. ആ കൊടുങ്കാറ്റിൽ വല്ലാതെ ഉലഞ്ഞ ഭരണകൂടം ഒടുവിൽ അവർക്കുമുന്നിൽ ഉപാധികളില്ലാതെ കീഴടങ്ങി. സർവ്വോപരി ആത്മാനുരാഗിയായ, ഭരണാധികാരിക്ക് ചുറ്റും വ്യാജമായി നിർമ്മിക്കപ്പെട്ട ‘ഓറ’ യുവത തകർത്തെറിഞ്ഞു. തങ്ങൾ എത്ര ദുർബലരും ദരിദ്രരുമാണെന്ന് ഉൾക്കിടിലത്തോടെ തിരിച്ചറി യാൻ ഭരണാധികാരികൾക്ക് അവർ അവസരമൊരുക്കി.
ഈ സമരത്തിൽ നിന്ന് ഭരണാധികാരികൾക്ക് പഠിക്കാവുന്ന ചില പാഠങ്ങളുണ്ട്. ‘പാറ്റകൾ’ ഇനിയും ഇവിടെയുണ്ടാകുമെന്നും ഈ രാജ്യത്തിന്റെ ഇനിയുള്ള പ്രയാണത്തിൽ അവർ വെറും കാഴ്ചക്കാർ മാത്രമായിരിക്കില്ലെന്നും തിരിച്ചറിയാവുന്നതാണ്. മതം, ജാതി, വർഗീയത എന്നിവയുടെ പേരിൽ ഭിന്നിപ്പിച്ചും വെറുപ്പും വിദ്വേഷവും പടർത്തിയും അധികാരം പിടിക്കുന്ന പതിവ് രീതി ഇനി പഴയതുപോലെ വിജയിക്കില്ല എന്ന് ബോധ്യപ്പെടാവുന്നതാണ്. കാരണം ‘പാറ്റകൾ’ മുന്നോട്ടു വച്ചത് ഇന്ത്യ എന്ന മതവും ഇന്ത്യ എന്ന ജാതിയും ഇന്ത്യൻ എന്ന വർഗവുമാണ്. ‘ജയ് ശ്രീറാം’ എന്നതിന് പകരം ‘ജയ് ഭീം’ എന്നത് ഈ രാജ്യത്തിന്റെ ഏകതയെ ധ്വനിപ്പിക്കുന്ന പുതിയ മുദ്രാവാക്യമായി ഇനി ഇവിടെ ഉണ്ടാകുമെന്നും അംഗീകരിക്കാവുന്നതാണ്.
അടുക്കളയിലെ പാറ്റകളോട് ഇപ്പോൾ മുമ്പൊരിക്കലുമില്ലാത്ത ഇഷ്ടമാണ്. ചൂലിന്റെ ഒറ്റ പ്രഹരത്തിൽ വധിച്ചിരുന്ന അവയെ ഇപ്പോൾ പുറത്തേക്ക് ഓടിച്ചു വിടുകയാണ്! അവ ജീവിക്കട്ടെ. ഈ രണഭൂമിയിൽ അവയ്ക്ക് ഇനിയുമുണ്ടല്ലോ ഒട്ടേറെ കർമ്മകാണ്ഡങ്ങൾ! വിയർപ്പും കണ്ണീരും ചോരയും ചാലിച്ചെഴുതേണ്ട വിജയകാണ്ഡങ്ങൾ!