ബ്രദര്‍ മാവൂരസ് മാളിയേക്കല്‍ അന്തരിച്ചു; ഓര്‍മ്മയായത് തെരുവ് ബാല്യങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന മനുഷ്യസ്‌നേഹി

Brother Mavoorus Maliyekkal passes away; a humanitarian who brought light to the lives of street children is no more.
Published on

കൊച്ചി: തെരുവ് ബാല്യങ്ങള്‍ക്ക് ആശ്രയവും കരുതലും നല്‍കി അവരുടെ ജീവിതത്തിന് വെളിച്ചമേകിയ പ്രമുഖ ബ്രദര്‍ മാവൂരസ് മാളിയേക്കല്‍ അന്തരിച്ചു. 90വയസായിരുന്നു.

വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ആലുവ രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലിക്കുമ്പോഴാണ് അന്ത്യം സംഭവിച്ചത്. മൃതസംസ്‌കാരം പിന്നീട് തീരുമാനിക്കും.

തോളിലൊരു സഞ്ചിയും കൈനിറയെ മിഠായികളുമായി തെരുവുമക്കളെ തേടിയിറങ്ങിയ അദ്ദേഹത്തിന്റെ ജീവിതം നിര്‍ധനര്‍ക്കും അനാഥര്‍ക്കും വേണ്ടിയുള്ളതായിരുന്നു. കൊച്ചി നഗരത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍  എന്നിവിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന കുട്ടികളെ  സംരക്ഷിക്കുക എന്നത് സ്വന്തം ഉത്തരവാദിത്വമായി ബ്രദ. മാവൂരസ് ഏറ്റെടുത്തു.

തനിക്ക് കുടുംബസ്വത്തായി ലഭിച്ച മുഴുവന്‍ സമ്പാദ്യങ്ങളും പാവപ്പെട്ടവരുടെ പുനരധിവാസത്തിനും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിക്കുകയായിരുന്നു.

മാള അമ്പഴക്കാട്ട് മാളിയേക്കല്‍ അന്തോണിയുടെയും മേരിയുടെയും മകനായി 1936 ഏപ്രില്‍ 28-നായിരുന്നു ജനനം. സാമൂഹ്യ സേവനത്തിനായി സിഎംഐ സഭയില്‍ ചേര്‍ന്ന ബ്രദര്‍, പിന്നീട് ആശ്രമം വിട്ട് തെരുവുമക്കളുടെ സ്വന്തമായി മാറുവാന്‍ അവരോടൊപ്പം തെരുവില്‍ താമസമാക്കി.

1983-ല്‍ കടവന്ത്രയിലെ അന്ധകാര കോളനി എന്നു വിളിച്ചിരുന്ന പ്രദേശത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ആ സ്ഥലത്തെ ഉദയാ കോളനിയാക്കി  മാറ്റിയതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കൊച്ചി പി. ആന്‍ഡ് ടി. കോളനിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ ‘സ്‌നേഹനഗരി’ എന്ന പദ്ധതിയിലൂടെ നൂറോളം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

അദ്ദേഹത്തിന്റെ സേവനങ്ങളെ മാനിച്ച് കൊച്ചി കോര്‍പ്പറേഷന്‍ കടവന്ത്ര മാര്‍ക്കറ്റിന് സമീപത്തെ റോഡിന് ‘ബ്രദര്‍ മാവൂരൂസ് റോഡ്’ എന്നും ആശ്രയഭവനിലേക്കുള്ള റോഡിന് ‘ആശ്രയഭവന്‍ റോഡ്’ എന്നും പേരു നല്‍കി.

തെരുവിലെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം കുട്ടികളെ അദ്ദേഹം രക്ഷിച്ചെടുത്ത് ജീവിതത്തിന്റെ ഉന്നത നിലകളിലേക്ക് ഉയര്‍ത്തി.

logo
Sathyadeepam Online
www.sathyadeepam.org