എന്നാൽ, പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തം കൊണ്ടു കുത്തി. ഉടനെ അതിൽനിന്നു രക്തവും വെള്ളവും പുറപ്പെട്ടു.യോഹന്നാൻ 19 : 34
ദൃക്സാക്ഷിയുടെ വിവരണത്തിന് സവിശേഷമൂല്യമുണ്ട്. ഗൊൽഗോഥായിൽ നിന്നുള്ള ‘ലൈവ് സ്ട്രീമിംഗ്’ പോലെയാണ് ആ ദൃക്‌സാക്ഷി അത് വിവരിക്കുന്നത്. ഹൃദയം എന്നതിന് വക്ഷസ്സ് എന്നും അർഥമുണ്ട്. അതായിരുന്നല്ലോ അയാളുടെ വാസസ്ഥലം! മരണശേഷവും പിരിയാതെ ഗുരുവിന് ചാരെ നിൽക്കുകയാണ് അയാൾ. പന്ത്രണ്ട് പേരിൽ വല്ലാതെ ഉലഞ്ഞുപോയത് അയാളാണ്.
ആ ഹൃദയത്തിന്റെ ചൂട് കൂടുതൽ നുകർന്നത് അയാളായിരുന്നല്ലോ. മരണശേഷമുള്ള ചില കാഴ്ചകൾക്ക് നിയോഗമുണ്ടായിരുന്നതും അയാൾക്കാണ്. അതിനാൽ അയാൾ അവിടെ നിൽക്കുകയാണ്. അങ്ങനെയാണ് തകർക്കപ്പെടാത്ത കാലുകളും കുത്തിത്തുറക്കപ്പെട്ട പാർശ്വവും ഒഴുകിയിറങ്ങിയ രക്തവും ജലവുമെല്ലാം അയാൾ കണ്ടത്.
ഒട്ടേറെയുണ്ടെങ്കിലും അകക്കാമ്പ്, ഉൾക്കാമ്പ് എന്ന അർഥങ്ങളാണ് ഹൃദയത്തിന്റെ നാനാർഥങ്ങളിൽ ഏറ്റവും ധ്യാനാത്മകമായത്. അകക്കാമ്പ് നിറയെ സ്നേഹമുള്ള ഒരാളാണ് കുരിശിൽ തൂങ്ങിക്കിടക്കുന്നത്. ഉൾക്കാമ്പ് നിറയെ കരുണയുള്ള ഒരാളാണ് ഒറ്റമുറിവായി കുരിശിൽ പിടഞ്ഞു മരിച്ചത്. ‘പുറം നിർമ്മിച്ചവൻ തന്നെയല്ലേ അകവും നിർമ്മിച്ചത്?’ എന്ന് ഒരിക്കൽ അവൻ ഫരിസേയരോട് ചോദിക്കുന്നുണ്ട് (ലൂക്കാ 11:40). അതേ യുക്തിയിൽ അവനോടും ചോദിക്കാം: ഏതാണ് കൂടുതൽ മുറിച്ചത്? അകത്തെ മുറിവുകളോ പുറത്തെയോ? അകത്തെയെങ്കിൽ ഏത്? സ്‌നേഹിതന്റെ ഒറ്റുചുംബനമാണോ? ‘ഞാൻ ആ മനുഷ്യനെ അറിയുകയില്ല’ എന്നുരുവിട്ട് പ്രിയപ്പെട്ട മറ്റൊരാൾ ശപിക്കുകയും ആണയിടുകയും ചെയ്തതാണോ? ഹൃദയത്തിൽ സദാ ഒട്ടിയിരുന്ന അരുമയായൊരാൾ പോലും, ധരിച്ചിരുന്ന കുപ്പായം ഉപേക്ഷിച്ച് ഓടിപ്പോയതാണോ? പുറത്തെയെങ്കിൽ ശിരസ്സിലേതാണോ? ചമ്മട്ടിയടി ഏറ്റപ്പോഴുള്ളതോ രക്താങ്കി വലിച്ചൂരിയപ്പോഴുള്ളതോ? കൈകാലുകളിൽ ഇരുമ്പാണി താണിറങ്ങിയപ്പോഴുള്ള പ്രാണവേദന തന്നെ ആയിരിക്കുമല്ലേ? ആരോടാണ് ചോദിക്കുന്നത്? പൊറുക്കാനും പൊറുപ്പിക്കാനുമാകാത്ത ഒരു മുറിവുമില്ലാത്ത യേശുക്രിസ്തുവിനോടോ?! അവന്റെ ക്ഷമയെ കീഴ്പ്പെടുത്തുംവിധം അവനെ മുറിക്കാൻ ആർക്കുമാവില്ല. അവന്റെ സ്‌നേഹത്തിന്റെ രക്തത്തെയും കരുണയുടെ ജലത്തെയും പരാജയപ്പെടുത്താനാവും വിധം അവനെ പിളർക്കാൻ ഒന്നിനുമാവില്ല.
പാർശ്വം പിളർക്കപ്പെടുന്നു എന്നതാണ് സുവിശേഷത്തിലെ തലക്കെട്ട്. എന്നാൽ, ഹൃദയമാണ് പിളർക്കപ്പെട്ടത്. ഹൃദയത്തിനേൽക്കുന്നതാണ് ഏറ്റവും അഗാധമായ മുറിവ്. ഹൃദയം ജീവന്റെയും സ്നേഹത്തിന്റെയും കേന്ദ്രമായതിനാൽ ഹൃദയത്തിനേൽക്കുന്ന മുറിവ് ജീവന്റെയും സ്നേഹത്തിന്റെയും മുറിവാണ്. യേശുവിന്റെ ഹൃദയത്തിലേത് സ്‌നേഹത്തിന്റെ മുറിവാണ്. ആ മുറിവാണ് അവർ നോക്കി നിൽക്കുന്നത്. മുറിപ്പെടുത്തിയശേഷം മുറിവ് നോക്കിനിൽക്കുന്ന മനുഷ്യർ! മനുഷ്യവംശം ഇന്നും ആ മുറിവുകളിലേക്ക് നിർന്നിമേഷരായി നോക്കിനിൽക്കുകയാണ്. ഒരിക്കലും നോക്കിത്തീരാത്ത മുറിവുകൾ! സദാ രക്തമിറ്റുന്ന മുറിവുകൾ! സർവരെയും മാടിവിളിക്കുന്ന മുറിവുകൾ! അരികിലണയുന്ന സകലരെയും രക്ഷിക്കുന്ന മുറിവുകൾ! സ്‌നേഹത്തിന്റെ തിരുമുറിവുകൾ! ആ മുറിവുകൾ കാണാനും വിശ്വസിക്കാനുമാണ് യേശു ക്ഷണിക്കുന്നത്. മുറിവിൽ വിശ്വസിക്കാൻ ക്ഷണിക്കാൻ യേശുവിന് മാത്രമേ കഴിയുകയുള്ളൂ. മുറിവിൽ വിശ്വസിക്കുന്നവരെ രക്ഷിക്കാൻ യേശുവിന് മാത്രമേ കഴിയൂ. വിശ്വസിക്കാനും രക്ഷിക്കാനും കഴിയുന്ന മുറിവുകൾ യേശുവിന് മാത്രമേയുള്ളൂ.
നമുക്കും ഹൃദയത്തിലേറ്റ സ്‌നേഹത്തിന്റെ മുറിവുകളുണ്ടോ എന്ന് ഹൃദയം പിളർന്ന് നമ്മെ സ്നേഹിച്ച യേശു ഒടുവിൽ പരിശോധിക്കും. അന്ന്, ‘കാണുക’ എന്ന് യേശുവിനോട് പറയാൻ നമുക്കും കഴിയട്ടെ. അങ്ങ് എന്റെ മുറിവുകൾ കാണുക! അങ്ങയുടെ വിരൽ കൊണ്ടുവരിക! അങ്ങയുടെ കൈ നീട്ടി എന്റെ ഹൃദയത്തിൽ വയ്ക്കുക! മുറിവേറ്റു സ്‌നേഹിച്ചതിന്റെയും സ്‌നേഹിച്ചു മുറിഞ്ഞതിന്റെയും ക്ഷതങ്ങൾ അങ്ങ് തൊട്ടറിയുക!
എന്റെ ദൈവമേ, അങ്ങയുടെ മുറിവുകളെ നോക്കി മുറിവേൽക്കാനും അങ്ങയുടെ മുറിവുകളാൽ സൗഖ്യം പ്രാപിക്കാനും എന്നെ അനുഗ്രഹിക്കണമേ. അങ്ങയെപ്പോലെ മുറിവേറ്റു സ്‌നേഹിക്കാനും മുറിപ്പെടുത്തുന്നവരെയും രക്ഷയിലേക്ക് ആനയിക്കാനും എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ പിളർക്കപ്പെട്ട ഹൃദയം എനിക്ക് അഭയവും സങ്കേതവുമാകട്ടെ. ആമ്മേൻ.