വിശുദ്ധ ലോറന്‍സ് ബ്രിന്റിസി  (1559-1619)  : ജൂലൈ 21

വിശുദ്ധ ലോറന്‍സ് ബ്രിന്റിസി  (1559-1619)  : ജൂലൈ 21

ഇറ്റലിയിലെ ബ്രിന്റിസിയാണ് ലോറന്‍സിന്റെ ജന്മസ്ഥലം. 1559 ജൂലൈ 22-ന് ജനിച്ച ലോറന്‍സിന് മാതാപിതാക്കള്‍ ജൂലിയസ് സീസര്‍ എന്നു പേരിട്ടു. 16-ാമത്തെ വയസ്സില്‍ വെനീസിലെ കപ്പൂച്ചിന്‍ ആശ്രമത്തില്‍ ചേര്‍ന്ന് ബ്രദര്‍ ലോറന്‍സ് എന്ന പേരു സ്വീകരിച്ചു. ഡീക്കനായിരുന്നപ്പോള്‍ത്തന്നെ ആകര്‍ഷകമായ പ്രഭാഷണങ്ങള്‍ക്ക് ലോറന്‍സ് പ്രസിദ്ധനായി. ഇറ്റലിയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലൊം അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ ആളുകള്‍ ഓടിക്കൂടി. ശ്രോതാക്കളുടെ ആദ്ധ്യാത്മിക താല്പര്യങ്ങള്‍ മനസ്സിലാക്കി പ്രസംഗിക്കാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

പാദുവാ സര്‍വ്വകലാശാലയില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. നല്ല ഓര്‍മ്മശക്തിയുണ്ടായിരുന്ന ലോറന്‍സ് പെട്ടെന്ന് ജര്‍മ്മന്‍, ഫ്രഞ്ച്, ചെക്ക്,. സ്പാനീഷ്, ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു, മാതൃഭാഷയായ ഇറ്റാലിയന്‍ എന്നിവയിലെല്ലാം അസാധാരണമായ പാണ്ഡിത്യം നേടി. ഹീബ്രുവിലുള്ള അദ്ദേഹത്തിന്റെ അറിവ് തിരിച്ചറിഞ്ഞ പോപ്പ് ക്ലമന്റ് എട്ടാമന്‍, റോമിലെ യഹൂദരുടെയിടയില്‍ സുവിശേഷവേല ചെയ്യാന്‍ അദ്ദേഹത്തെ നിയോഗിച്ചു. ധാരാളം വിശ്വാസികളെ അദ്ദേഹം കണ്ടെത്തുകയും ചെയ്തു.

1602-ല്‍ അദ്ദേഹം കപ്പൂച്ചിന്‍ സഭയുടെ ജനറലായി തിരഞ്ഞെടുക്ക പ്പെട്ടു. മൂന്നുവര്‍ഷത്തിനുശേഷം വീണ്ടും തിരഞ്ഞെടുക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം വിനയപൂര്‍വ്വം ആവശ്യപ്പെട്ടു.

തുര്‍ക്കികള്‍ യൂറോപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. 1571-ലെ ലെപ്പാന്റോ യുദ്ധത്തില്‍ തുര്‍ക്കികളുടെ നാവികപ്പട തകര്‍ന്നെങ്കിലും സുല്‍ത്താന്‍ മുഹമ്മദ് മൂന്നാമന്‍ 1595-ല്‍ സ്ഥാനാരോഹണം നടത്തിയശേഷം ഹങ്കറിയുടെ കുറെ ഭാഗങ്ങള്‍ ആക്രമിച്ചു കീഴടക്കി. റുഡോള്‍ഫ് ചക്രവര്‍ത്തിയുടെ അഭ്യര്‍ത്ഥനപ്രകാരം ലോറന്‍സ് ഇടപെട്ട് അനേകം ജര്‍മ്മന്‍ രാജാക്കന്മാരുടെ സഹകരണം തുര്‍ക്കിപ്പടയ് ക്കെതിരെ നേടിയെടുത്തു. അങ്ങനെ 18000 ആത്മവിശ്വാസമുള്ള പട്ടാളക്കാരെ അണിനിരത്തി. അവരുടെ മുമ്പില്‍ ഒരു കുരിശും വഹിച്ചുകൊണ്ടു ലോറന്‍സ് നീങ്ങി. 80,000 വരുന്ന തുര്‍ക്കിപ്പട പലായനം ചെയ്യുകയായിരുന്നു.

1599 മുതല്‍ 1613 വരെയുള്ള കാലഘട്ടത്തില്‍ ബൊഹേമിയ, ആസ്ട്രിയ, ജര്‍മ്മനി എന്നിവിടങ്ങളില്‍ പ്രസംഗപര്യടനം നടത്തി അദ്ദേഹം അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവന്നു. മാഡ്രിഡ്, മ്യൂനിച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ കപ്പൂച്ചിന്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നത്.

60-ാമത്തെ വയസ്സില്‍ ലോറന്‍സ് മരണമടഞ്ഞു. നേപ്പിള്‍സിലെ ജനങ്ങള്‍ക്കുവേണ്ടി സ്‌പെയിനിന്റെ ചക്രവര്‍ത്തി ഫിലിപ്പ് മൂന്നാമത്തെ ഒരു ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ അസുഖം മൂര്‍ച്ഛിക്കുകയും അന്ത്യശ്വാസം വലിക്കുകയും ചെയ്തത്. സ്‌പെയിനിലെ അസ്‌ട്രോഗ രൂപതയിലാണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

ബൈബിള്‍ പണ്ഡിതന്‍, ദൈവശാസ്ത്രജ്ഞന്‍, ജനസമ്മതനായ പ്രഭാഷകന്‍, മിഷണറി, സഭയുടെ ഭരണാധികാരി, രാഷ്ട്രതന്ത്രജ്ഞന്‍ എന്നീ വിവിധ നിലകളില്‍ സഭയെ സേവിച്ച ഒരു അസാധാരണ പ്രതിഭാശാലിയായിരുന്നു വി. ലോറന്‍സ്. പോപ്പ് ബനഡിക്ട് പതിനഞ്ചാമന്‍ രേഖപ്പെടുത്തിയതുപോലെ, "സഭയുടെ നിര്‍ണ്ണായകമായ വിഷമഘട്ടങ്ങളില്‍ ദൈവസഹായത്താല്‍ സഭയുടെ രക്ഷകനായി അവതരിച്ച" വ്യക്തിയായിരുന്നു വി. ലോറന്‍സ്. അദ്ദേഹത്തിന്റെ രചനകളെല്ലാംകൂടി 15 വാല്യങ്ങളിലായി കപ്പൂച്ചിന്‍ സഭ 1956-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പോപ്പ് പയസ് VI 1783 മെയ് 17-ന് ലോറന്‍സിനെ ദൈവദാസന്മാരുടെ ഗണത്തില്‍ ചേര്‍ക്കുകയും പോപ്പ് ലിയോ XIII, 1881 ഡിസംബര്‍ 8-ന് വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. 1959 മാര്‍ച്ച് 19-ന് പോപ്പ് ജോണ്‍ XXIII വി. ലോറന്‍സിനെ സഭയുടെ വേദപാരംഗതനായി അംഗീകരിച്ചു.

സഹോദരരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹമുള്ളവര്‍ ആയിരിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല.
2 പത്രോസ് 1:10

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org