നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനുമായിരിക്കണം.മത്തായി 20 : 27
‘രാഷ്ട്രീയം കാരുണ്യപ്രവർത്തനത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണ്. കാരണം അത് പൊതുനന്മ കെട്ടിപ്പടുക്കുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. എന്നിരുന്നാലും, ഒരു ആദർശം പിന്തുടരുക എന്നതിനർഥം ഒരു പ്രത്യയശാസ്‌ത്രത്തെ മഹത്വവൽക്കരിക്കുക എന്നല്ല, മറിച്ച് മനുഷ്യവ്യക്തിയെ കേന്ദ്രസ്ഥാനത്ത് നിർത്തുക എന്നാണ്. ജനങ്ങൾ കേവലം രാഷ്ട്രീയ നിർദേശങ്ങളുടെയും തീരുമാനങ്ങളുടെയും നിഷ്‌ക്രിയ സ്വീകർത്താക്കളല്ല; എല്ലാറ്റിനുമുപരിയായി, എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്വം പങ്കിടുന്ന സജീവപങ്കാളികളാണ്. സമീപവർഷങ്ങളിൽ രാഷ്ട്രീയത്തിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് ജനങ്ങളും അവരുടെ പ്രതിനിധികളും തമ്മിലുള്ള ഐക്യം, സഹകരണം, പരസ്പര ഇടപെടൽ എന്നിവയുടെ ക്രമാനുഗതമായ കുറവാണ്. അതിനാൽ, വ്യക്തിപരമായ സമ്പർക്കം ഉൾക്കൊളളുന്ന ഒരു കർമ്മപദ്ധതി രാഷ്ട്രീയ പാർട്ടികൾ ആവിഷ്കരിക്കണം.’
ഇക്കഴിഞ്ഞ ഏപ്രിൽ 25-ന്, ‘യൂറോപ്യൻ പീപ്പിൾസ് പാർട്ടി’ യിൽ നിന്നുള്ള യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുമായുളള കൂടിക്കാഴ്ചയിൽ ലിയോ മാർപാപ്പ നൽകിയ സന്ദേശത്തിലെ പ്രസക്തഭാഗം ഇതാണ്. കേരള നിയമസഭാ തിരഞ്ഞെടുപ്പു ഫലം വിലയിരുത്തുമ്പോൾ മാർപാപ്പയുടെ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്.
‘ഇടതുപക്ഷം ഹൃദയപക്ഷം’ എന്നത് ഇടതുപക്ഷത്തിന്റെ ആരാധകർ ആവർത്തിക്കാറുള്ള ക്ലീഷെയാണ്. എന്നാൽ, ജനപക്ഷത്താകുന്നതിൽ ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ടു എന്നതിന്റെ സാക്ഷ്യപത്രമാണ് തിരഞ്ഞെടുപ്പ് ഫലം. ജനത്തിന്റെ വിരൽത്തുമ്പിന്റെ മാരകമായ പ്രഹരശേഷിയിൽ പത്തു വർഷം നാട് ഭരിച്ച മുന്നണി തകർന്നടിഞ്ഞു. സൂചനകൾ മുമ്പേ വ്യക്തമായിരുന്നു. എതിരാളികൾ മാത്രമല്ല, അനുഭാവികളും സഹയാത്രികരുമെല്ലാം മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, അത് ഗൗരവത്തിൽ എടുക്കാൻ ആളുണ്ടായില്ല. തിരുത്തൽ നിർദേശങ്ങൾ പാർട്ടി രേഖകളിലും ചർച്ചകളിലും ഒതുങ്ങി. എല്ലാം ശുഭം എന്ന മിഥ്യാബോധത്തിൽ നേതൃത്വം ദന്തഗോപുരങ്ങളിൽ വിശ്രമിച്ചു. ചരിത്രത്തിൽ ആദ്യമായി തുടർഭരണം ലഭിച്ചതിന്റെ അഹങ്കാരത്തിൽ ജനത്തെ വെറുപ്പിച്ച ഭരണകൂടം ഒടുവിൽ വിതച്ചത് കൊയ്തു. പൊതുജനം കഴുതയല്ലെന്ന് തിരിച്ചറിയാൻ കഴിയാത്തത് ഭരണാധികാരികൾക്ക് മാത്രമായിരിക്കും. ജനം എല്ലാം ശ്രദ്ധിക്കുകയും ഓർത്തു വയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് അധികാരത്തിന്റെ ഉന്മാദത്തിൽ അവർ മറന്നു പോകുന്നു.
ഫോട്ടോ ഷൂട്ട്, പി ആർ വർക്ക്, സോഷ്യൽ എൻജിനീയറിങ്ങ് എന്നിവ കൊണ്ട് മാത്രം എക്കാലവും രക്ഷപ്പെടാനാവില്ലെന്ന് കഴിഞ്ഞ പാർലമെന്റ് തിരത്തെടുപ്പിൽ തന്നെ ചില അവതാരങ്ങളെ ജനം ഓർമ്മിപ്പിച്ചതാണ്. വ്യാജമായി നിർമ്മിക്കപ്പെടുന്ന വ്യക്തിപ്രഭാവത്തിന്റെ പൊള്ളത്തരം തിരിച്ചറിയാതിരിക്കാൻ മാത്രം വിഡ്ഢികളല്ല വോട്ടർമാർ. ക്ഷമയോടെ കാത്തിരിക്കുന്ന അവർ അഞ്ചുവർഷത്തിലൊരിക്കൽ ചൂണ്ടുവിരൽ തോക്കു പോലെ ചൂണ്ടുന്നു; വാളുപോലെ വീശുന്നു. ചോര ചിന്താതെ അവർ അവതാരങ്ങളെയും വിഗ്രഹങ്ങളെയും നിഗ്രഹിക്കുന്നു. ഏകാധിപതികളെപ്പോലെ വാഴുന്ന തമ്പുരാക്കന്മാരെ തകർത്തെറിയുന്നു. ഞൊടിയിടയിൽ മന്നവനെ യാചകനാക്കുന്ന ഈ മാസ്മരികതയാണ് ജനാധിപത്യത്തിന്റെ കരുത്തും കാന്തിയും. യഥാർത്ഥ അധിപതികൾ തങ്ങളാണെന്ന് ജനം അധികാരികളെ ഓർമ്മിപ്പിക്കുന്നു. സിംഹാസനങ്ങൾ തങ്ങളുടെ ദാനമാണെന്ന് അവർ അധികാരികളെ ബോധ്യപ്പെടുത്തുന്നു. അധികാരം ഇരുവായ്ത്തലയുള്ള വാളാണ്. ഒരു തല അധികാരികൾ ജനത്തിന് നേരെ വീശുമ്പോൾ മറുതല അധികാരികളുടെ നേരെയും ഉയരുന്നുണ്ട്.
നമ്മുടെ നാടിന് കരുണയുടെ ഒരു രാഷ്ട്രീയം ആവശ്യമുണ്ട്. ഹൃദയാർദ്രതയുടെയും നന്മയുടെയും ഒരുമയുടെയും സഹഗമനത്തിന്റെയും ഒരു രാഷ്ട്രീയം ആവശ്യമുണ്ട്. ആ രാഷ്ട്രീയമാണ് ജനങ്ങളുടെ അഭിവൃദ്ധിയുടെയും മനോവികാസത്തിന്റെയും ആനന്ദത്തിന്റെയും രാഷ്ട്രീയമായി മാറുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് പുതുതായി ആനയിക്കപ്പെടുന്ന അധികാരികൾ അത്തരമൊരു രാഷ്ട്രീയത്തിന്റെ പ്രചാരകരും പ്രയോക്താക്കളുമാകട്ടെ. തമ്പ്രാക്കളല്ല; ജനത്തിന്റെ ദാസരും സേവകരുമാണെന്ന ലളിതസത്യം മറന്നതാണ് പത്ത് വർഷം നാട് വാണവരുടെ പതനത്തിന്റെ മുഖ്യകാരണം എന്നത് പുതിയ അധികാരികൾക്ക് പാഠമാകട്ടെ.