വചനമനസ്‌കാരം

വചനമനസ്‌കാരം: No.190

എസ്. പാറേക്കാട്ടില്‍
ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!
ലൂക്കാ 1:28

'ഒരു ദിവസം എത്ര നിമിഷങ്ങള്‍ ഉണ്ട്?'

'60 x 60 x 24 = 86,400 നിമിഷങ്ങള്‍ ഉണ്ട്.'

'ശരി. ഈ 86,400 നിമിഷങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു പ്രാര്‍ഥനയുണ്ട്. അറിയാമോ?'

'വിശുദ്ധ കുര്‍ബാന ദിവസത്തെ മുഴുവനും ഉള്‍ക്കൊള്ളുന്നില്ലേ?'

'അതു ശരിതന്നെ. എന്നാല്‍, ഓരോ നിമിഷങ്ങള്‍ക്കുവേണ്ടിയും ഒരാളോട് ഒരു പ്രത്യേക പ്രാര്‍ഥന നമ്മള്‍ ചൊല്ലുന്നുണ്ട്.'

'അറിയില്ല.'

'അറിയാവുന്നതു തന്നെയാണ്. ഇപ്പോഴും മരണസമയത്തും എന്നതാണ് ആ പ്രാര്‍ഥനയുടെ പ്രധാന ഉള്ളടക്കം.'

'പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ...!'

'അത് തന്നെ. 'നന്മ നിറഞ്ഞ മറിയമേ' എന്നാരംഭിക്കുന്ന ജപം സ്വര്‍ഗത്തിന്റെ സമ്മാനമാണ്. ദൈവദൂതനും എലിസബത്തും മറിയത്തോടു പറഞ്ഞത് നമ്മള്‍ ആവര്‍ത്തിക്കുന്നു എന്നേയുള്ളൂ. എന്നാല്‍, 'പരിശുദ്ധ മറിയമേ' എന്നാരംഭിക്കുന്ന ജപം മനുഷ്യര്‍ രൂപപ്പെടുത്തിയതാണ്. മറിയത്തിന് ദൈവത്തിലുള്ള സ്വാധീനം മനസിലാക്കിയ മനുഷ്യര്‍ ചിട്ടപ്പെടുത്തിയതാണ്. ഗബ്രിയേല്‍ ദൂതന്‍ പറഞ്ഞതു പോലെ, ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയ മറിയത്തോട് നാം സഹായം തേടുകയാണ്. അത്യുന്നതന്റെ ശക്തി ആവസിച്ചവളോട് നമുക്കുവേണ്ടി അപേക്ഷിക്കണമെന്ന് അപേക്ഷിക്കുകയാണ്. സത്യത്തില്‍ അതൊരു പ്രാര്‍ഥനയല്ല; വിലാപമാണ്.

രണ്ടു നിമിഷങ്ങള്‍ക്കുവേണ്ടി നാം മറിയത്തോട് വിലപിക്കുകയാണ്. ഈ നിമിഷത്തിനും മരണനിമിഷത്തിനും വേണ്ടി സഹായം തേടുകയാണ്. മരണനിമിഷത്തില്‍ സഹായം തേടിയുള്ള യാചന വിലാപമല്ലാതെ മറ്റെന്താണ്? 'പരിശുദ്ധ മറിയമേ' എന്നാരംഭിക്കുന്ന ജപം സത്യത്തില്‍ ഒരു SOS പ്രാര്‍ഥനയാണ്!'

'SOS പ്രാര്‍ഥനയോ?'

'ആത്മരക്ഷയ്ക്കായുള്ള അടിയന്തര സഹായ അഭ്യര്‍ഥനയാണ് Save Our Souls. ആത്മാവിനെ രക്ഷിക്കുന്നത് ദൈവമാണ്. എന്നാല്‍, ആ പ്രക്രിയയില്‍ ഇടപെടാനും നമ്മെ സഹായിക്കാനും മറിയത്തിന് കഴിയും. നമ്മുടെ ജീവിതത്തില്‍ പരമപ്രധാനമായത് രണ്ടു നിമിഷങ്ങളാണ്. ഒന്ന്, ഈ നിമിഷം അഥവാ ഇപ്പോള്‍ (now) ആണ്. മറ്റൊന്ന്, മരണനിമിഷം അഥവാ Time of Death ആണ്. ഈ രണ്ടു നിമിഷങ്ങളിലും നമുക്ക് സഹായം ആവശ്യമാണ്.

ഈ നിമിഷം ദൈവസ്‌നേഹത്തിലും വിശുദ്ധിയിലും ജീവിക്കാനും മരണനിമിഷം ദൈവൈക്യത്തില്‍ മരിക്കാനും നമുക്ക് സഹായം ആവശ്യമാണ്. മറിയത്തോളം അതിന് കഴിയുന്ന മറ്റൊരാളില്ല.

തന്റെ സര്‍വനിമിഷങ്ങളെയും ദൈവത്തിനു നല്‍കിയ മറിയത്തിന് ദൈവം സര്‍വനിമിഷങ്ങളിലും സമീപസ്ഥനും സംലഭ്യനുമാണ്. അനുനിമിഷം ദൈവത്തെ ഓര്‍മ്മിച്ചവളെ ദൈവവും അനുനിമിഷം ഓര്‍മ്മിക്കുകയാണ്. അതിനാല്‍ നമ്മുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും മറിയത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. ചുരുക്കത്തില്‍, മറിയം ഒരു ആവാസവ്യവസ്ഥയാണ്.'

'ആവാസവ്യവസ്ഥയോ?!'

'അതെ. ദൈവം ആവസിച്ചവള്‍ നമുക്ക് ദൈവത്തെ നല്‍കുന്ന ഒരു ആവാസവ്യവസ്ഥയായി മാറി.

അതും ദൈവം അവള്‍ക്കു നല്‍കിയ ഒരു ദാനവും സമ്മാനവുമാണ്. ഈ പറഞ്ഞതിന്റെയെല്ലാം അര്‍ഥം മറിയം ദൈവത്തിന് സമാന്തരമായ ഒരു സാമ്രാജ്യമാണ് എന്നല്ല. ദൈവം വസിച്ച ഒരു സാമ്രാജ്യമാണ് മറിയം. സര്‍വസാമ്രാജ്യങ്ങളുടെയും അധിപനായ യേശുക്രിസ്തുവിനെ ഉള്ളില്‍ വഹിച്ച സാമ്രാജ്യമാണ് മറിയം. ആ സാമ്രാജ്യത്തെയും സമയമേഖലയെയുമാണ് തന്റെ മരണവിനാഴികയില്‍ യേശു നമുക്ക് അമ്മയും അവകാശവുമായി നല്‍കിയത്.'

'എന്തൊക്കെയായാലും 'പരിശുദ്ധ മറിയമേ' എന്ന പ്രാര്‍ഥന പേടിയാണ്! ഓരോ തവണയും അത് മരണത്തെ ഓര്‍മ്മിപ്പിക്കുകയാണല്ലോ!'

'മരണത്തെ പേടിക്കാതിരിക്കാനുള്ളതാണ്

ആ പ്രാര്‍ഥന! പേടിച്ചാലുമില്ലെങ്കിലും നാമെല്ലാവരും മരിക്കും. ഏതു നിമിഷമാണ് നമ്മുടെ മരണനിമിഷമായി മാറുന്നതെന്ന് നമുക്ക് അറിയില്ല. എപ്പോള്‍, എങ്ങനെ മരിച്ചാലും ദൈവൈക്യത്തില്‍ മരിക്കണം. അതിനാണ് നമുക്ക് സഹായം വേണ്ടത്. അതിനാണ് ഇപ്പോഴും മരണസമയത്തും മറിയത്തെ വിളിക്കുന്നത്.'

സുകുമാരി

വാര്‍ത്ത

'കാലം പറക്ക്ണ്'

ഒറ്റ

പകലില്‍ മറഞ്ഞിരുന്നൊരാള്‍