വചനമനസ്‌കാരം

വചനമനസ്‌കാരം: No.189

എസ്. പാറേക്കാട്ടില്‍
സ്വാശ്രയശീലനും അധ്വാനപ്രിയനും ജീവിതം മധുരമാണ്; നിധി ലഭിച്ചവന്‍ ഇവരെക്കാള്‍ ഭാഗ്യവാനാണ്.
പ്രഭാഷകന്‍ 40:18

'സുഹൃത്തുക്കളേ, ലോട്ടറി എടുക്കാന്‍ താല്‍പര്യം അറിയിച്ച് ഏതാനും പേര്‍ മെസേജ് അയച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഓണം ബംപര്‍ ലോട്ടറിയുടെ ഒരു ടിക്കറ്റ് എടുക്കുന്ന കാര്യം നമുക്ക് പരിഗണിക്കാം. ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ കൈപൊക്കി താല്‍പര്യപത്രം സമര്‍പ്പിക്കുക.'

'അങ്ങനെയെങ്കില്‍ ഒന്നാക്കണ്ട. കൂടുതല്‍ ടിക്കറ്റ് എടുക്കാമല്ലോ! എല്ലാവരും ചേര്‍ന്നാല്‍ ഓരോരുത്തര്‍ക്കും വലിയ തുക ആവില്ലല്ലോ.'

'അതുവേണ്ട. അഞ്ഞൂറു രൂപ വിലയുള്ള ഒരു ടിക്കറ്റ് എടുത്താല്‍ മതി. ഒരുപാട് ടിക്കറ്റ് എടുത്ത് 25 കോടി നേടുന്നതിനേക്കാള്‍ നല്ലത് ഒരു ടിക്കറ്റ് മാത്രം എടുത്ത് 25 കോടി നേടുന്നതാണ്. യഥാര്‍ഥത്തില്‍ ഭാഗ്യം പരീക്ഷിക്കപ്പെടുന്നത് അപ്പോഴാണ്. ഈ ഭാഗ്യം എന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വവും അലഭ്യലഭ്യശ്രീയുമായ കാര്യമാകയാല്‍ മടിച്ചു നില്‍ക്കാതെ എല്ലാവരും കടന്നുവരിക.'

'മാഷ് എത്രയും വേഗം കൈപൊക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. മാഷ് കൈപൊക്കുകയാണെങ്കില്‍ കൈപൊക്കാന്‍ കുറെപ്പേര്‍ കാത്തു നില്‍ക്കുന്നുണ്ട്.'

'ഞാനും ഉണ്ട്. എനിക്ക് ഒരു കോടി മതി.'

'മാഷും ചേര്‍ന്ന സ്ഥിതിക്ക് മറ്റുള്ളവരും എത്രയും വേഗം ഈ സംരംഭത്തില്‍ പങ്കാളികളാവുക. നമ്മള്‍ ടിക്കറ്റ് എടുത്താല്‍ ഒന്നാം സമ്മാനം അടിക്കാനുള്ള സാധ്യത ഞാന്‍ കാണുന്നുണ്ട്. പിന്നീട് ഉണ്ടായേക്കാവുന്ന മാനസിക പ്രയാസം ഒഴിവാക്കാന്‍ ഇന്ന് തന്നെ ഈ പദ്ധതിയുമായി സഹകരിക്കുക.'

'പ്രിയ സുഹൃത്തേ, നിങ്ങളുടെ നാവ് പൊന്നാകട്ടെ!'

'ഇപ്പോള്‍ മാഷ് ഉള്‍പ്പെടെ പത്ത് പേര്‍ ലോട്ടറി പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധരായിട്ടുണ്ട്. പത്താം തീയതി നമ്മള്‍ ടിക്കറ്റെടുക്കും. 27 നാണ് നറുക്കെടുപ്പ്. എല്ലാവരും ഇന്ന് തന്നെ 50 രൂപ വീതം ഈ നമ്പറിലേക്ക് ജി പേ ചെയ്യുക. 25 കോടിയുടെ ഒന്നാം സമ്മാനം അടിക്കുമ്പോള്‍ നികുതിയും ഏജന്‍സി കമ്മീഷനുമെല്ലാം കഴിഞ്ഞ് ഏതാണ്ട് പതിമൂന്നര കോടിയാണ് നമുക്ക് കിട്ടുന്നത്. അത് ഒരു ദേശസാല്‍കൃത ബാങ്കില്‍ നമ്മുടെ പത്തു പേരുടെയും പേരില്‍ ഒരു ജോയന്റ് അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കുന്നതായിരിക്കും ഉത്തമം. അതിന് ആവശ്യമായ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മറ്റും നേരത്തെ തയ്യാറാക്കി വയ്ക്കുക. ഒരു വര്‍ഷമെങ്കിലും എഫ് ഡി ഇട്ടതിനുശേഷം മാത്രം പണം പിന്‍വലിച്ച് തുല്യമായി വീതിക്കുകയോ മറ്റേതെങ്കിലും സംരംഭത്തില്‍ തുല്യപങ്കാളിത്ത ത്തോടെ നിക്ഷേപിക്കുകയോ ചെയ്യാം.'

'ഇതുവരെ ലോട്ടറി അടിച്ച പലരും ധനാകര്‍ഷണ ഭൈരവയന്ത്രം വീട്ടില്‍ സൂക്ഷിച്ചവരായിരുന്നു. അതിനാല്‍ നമുക്കും ഒരു യന്ത്രം അടിയന്തിരമായി വാങ്ങേണ്ടതുണ്ട്. ടിക്കറ്റ് സൂക്ഷിക്കുന്നയാള്‍ മിണ്ടാതെ ഉരിയാടാതെ, ദൃഷ്ടിദോഷം ഉണ്ടാകാതെ വീടിന്റെ തെക്കുഭാഗത്തുള്ള പിലാവിന്റെ ചുവട്ടില്‍ ചെന്ന് വടക്ക് ദിശയിലേക്ക് നോക്കി യന്ത്രം കുഴിച്ചിടണം.'

'അക്ഷരമാലയിലെ അവസാന അക്ഷരത്തില്‍ തുടങ്ങുന്ന പേരുള്ളയാളാണ് യന്ത്രം വാങ്ങേണ്ടത് എന്നൊരു വാദമുണ്ട്. അതെന്തായാലും യന്ത്രം വാങ്ങണം. വേറെയും ചില ക്രിയകളുണ്ട്. അത് വഴിയേ പറയാം. എന്തായാലും 27-ാം തീയതി ശുഭവാര്‍ത്ത നമ്മെ തേടിയെത്തട്ടെ.'

അധ്യാപകനും ഉള്‍പ്പെട്ട കോളേജിലെ പൂര്‍വവിദ്യാര്‍ഥികളുടെ വാട്‌സാപ് ഗ്രൂപ്പില്‍ ഈയിടെ കണ്ട രസകരമായ ഒരു ചാറ്റ് ഇപ്രകാരമായിരുന്നു. കേരളത്തില്‍ ലോട്ടറി എടുക്കുന്നത് തൊഴിലാക്കിയ അനേകം മനുഷ്യരുണ്ട്. മറ്റു ലഹരികള്‍ പോലെ, ഭാഗ്യപരീക്ഷണവും ഒരു ലഹരിയായി കാണുന്നവര്‍! പ്രാര്‍ഥിക്കാന്‍ മാത്രമല്ല; ധനികരാകാന്‍ മോഹിക്കാനും ഓരോരുത്തര്‍ക്കും കാരണങ്ങളുണ്ട്. നറുക്കെടുപ്പ് നാലാം തീയതിയിലേക്ക് നീട്ടിയതോടെ മാഷുടെയും കുട്ടികളുടെയും കാത്തിരിപ്പിന്റെ ദിനങ്ങളും നീളുകയാണ്.

ചിന്തയില്ലാത്തവര്‍ വര്‍ധിക്കുമ്പോള്‍

മനുഷ്യന് ഒരു ചരമഗീതം

കൊച്ചിയിലെ കപ്പലൊച്ചകൾ [08]

വി. ഇവാള്‍ഡ് സഹോദരന്മാര്‍ (-695) : ഒക്‌ടോബര്‍ 3

ജപമാല പൂക്കുംകാലം