വചനമനസ്‌കാരം

വചനമനസ്‌കാരം: No.169

എസ്. പാറേക്കാട്ടില്‍
ഞാന്‍ നിന്നോടു പറയുന്നു; നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
മത്തായി 16:18

'പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, തിരുസഭയെ നയിക്കുകയും ഭരിക്കുകയും ചെയ്തതിനു ശേഷം, ഞങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞുപോയ ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വര്‍ഗരാജ്യത്തില്‍ മഹത്വ ത്തിന്റെ കിരീടമണിയിക്കണമേ. മിശിഹായുടെ പ്രതി നിധിയും സഭയുടെ തലവനുമായി പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുവാന്‍ പോകുന്ന ഈ ഘട്ടത്തില്‍, സഭാ നേതൃത്വത്തിന്റെമേല്‍ പരിശുദ്ധാത്മാവിനെ ആവസിപ്പി ക്കണമേ. ശ്ലീഹന്മാരുടെ ഗണത്തിലേക്കു മത്തിയാസിനെ തിരഞ്ഞെടുക്കുവാന്‍ വേണ്ടി, പരിശുദ്ധ കന്യകാമാതാ വിന്റെ സംരക്ഷണയില്‍ സമ്മേളിച്ചു പ്രാര്‍ഥിച്ച അപ്പസ്‌തോലന്മാരെ അങ്ങയുടെ പരിശുദ്ധാരൂപിയില്‍ നിറച്ചതുപോലെ, കര്‍ദിനാള്‍ തിരുസംഘത്തിലെ ഓരോ അംഗത്തെയും ദിവ്യചൈതന്യം കൊണ്ടു നിറയ്ക്കണമേ.

ലോകം മുഴുവന്റെയും മനഃസാക്ഷിയും വഴികാട്ടിയുമായി വര്‍ത്തിക്കേണ്ട തിരുസഭയെ പഠിപ്പിക്കുവാനും വിശുദ്ധീ കരിക്കുവാനും ഭരിക്കുവാനും നയിക്കുവാനും വേണ്ടി, വിജ്ഞാനവും വിശുദ്ധിയും കഴിവും വിവേകവുമുള്ള സഭാതലവനെ തിരഞ്ഞെടുക്കുന്നതിന് അവര്‍ക്കു പ്രചോദനമരുളണമേ. അങ്ങനെ അങ്ങയുടെ ദിവ്യപ്രേരണ യാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പുതിയ മാര്‍പാപ്പയെ, സഭാസന്താനങ്ങളും ലോകം മുഴുവനും സര്‍വാത്മനാ അംഗീകരിക്കുവാനും അനുസരിക്കുവാനും അങ്ങു തന്നെ ഇടയാക്കുകയും ചെയ്യണമേ. ആമ്മേന്‍.'

'ഈ പ്രാര്‍ഥനയുടെയെല്ലാം ഫലശ്രുതി പോലെ സഭയ്ക്ക് ഒരു നല്ല മാര്‍പാപ്പയെ കിട്ടുമോ ?'

'ആരാണ് ഈ 'നല്ല' മാര്‍പാപ്പ ?'

'ഫ്രാന്‍സിസ് പാപ്പ നല്ല മാര്‍പാപ്പയായിരുന്നല്ലോ ?'

'ശരിയാണ്. പക്ഷേ അദ്ദേഹത്തെപ്പോലെ ഇനിയൊ രാള്‍ ഉണ്ടാകില്ല. എങ്കിലും പുതിയ കാലത്തിന് തീര്‍ത്തും അനുയോജ്യനായ ഒരാളെ ദൈവം തരും.'

'എന്നാല്‍ പാരമ്പര്യവാദികളും പുരോഗമനവാദികളും എന്ന രീതിയില്‍ ധ്രുവീകരണം സ്പഷ്ടമാണല്ലോ !'

'സഭയില്‍ എല്ലാക്കാലത്തും അതുണ്ടായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുശേഷം അത് കൂടുതല്‍ ദൃശ്യ മാണെന്ന് മാത്രം. അദ്ദേഹത്തിന്റെ പരിഷ്‌കരണങ്ങളും സമീപനങ്ങളും തുടരുന്ന ഒരു 'ഫ്രാന്‍സിസ് രണ്ടാമനെ' സഭയ്ക്കുള്ളിലും പുറത്തുമുള്ള പരസഹസ്രം മനുഷ്യര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, അത്തരമൊരു തുടര്‍ച്ചയെ സ്വാഭാവികമായി യാഥാസ്ഥിതികരും പാരമ്പര്യവാദികളും ഭയപ്പെടുന്നുണ്ട്. കാര്യങ്ങള്‍ അല്‍പം സങ്കീര്‍ണ്ണമാണ്. എന്നാല്‍, സങ്കീര്‍ണ്ണതകളിലാണ് പരിശുദ്ധാരൂപിയുടെ ശക്തിയും സൗന്ദര്യവും വെളിവാകുന്നത്.'

'എന്തുകൊണ്ടാണ് പേപ്പസിയെ ലോകം ഇത്രമാത്രം ശ്രദ്ധിക്കുന്നത് ?'

'ലോകം സഭയെ ഉറ്റുനോക്കുന്നുണ്ട്. എന്നാല്‍, അത് സഭയ്ക്കുവേണ്ടിയല്ല; സഭയുടെ പ്രതാപം കണ്ടുകൊണ്ടു മല്ല. ലോകത്തിന് സഭയെ വേണം എന്നതിനാലാണ് ലോകം സഭയെ ഉറ്റുനോക്കുന്നത്. 'പരിശുദ്ധ സിംഹാ സനം' എന്ന് പറയാറുണ്ടല്ലോ. ആ സിംഹാസനത്തിന് അതില്‍ത്തന്നെയോ അതില്‍ ഉപവിഷ്ടനാകുന്ന വ്യക്തിക്ക് തന്നില്‍ത്തന്നെയോ പരിശുദ്ധിയില്ല. പരിശുദ്ധ സിംഹാസനത്തിന്റെ പരിശുദ്ധിയുടെ പ്രഭവകേന്ദ്രം കാല്‍വരിയില്‍ ചോരയില്‍ കുളിച്ച ഒരു കുരിശുമരമാണ്; ഒരു തോട്ടത്തിലെ ഒഴിഞ്ഞ കല്ലറയാണ്; 'യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും' എന്ന വാഗ്ദാനത്തിന്റെ മാറ്റും മാറ്റൊലിയുമാണ്.

ഈ പ്രപഞ്ചത്തില്‍ വന്നു പിറക്കുന്ന അവസാനത്തെ മനുഷ്യനും സമൃദ്ധമായ ജീവന്റെ ചുംബനം നല്‍കുന്ന യേശുക്രിസ്തുവിന്റെ നാമവും ശക്തിയുമാണ് ആ 'പാറയെ' ലാവണ്യവും ബലവുമുള്ള താക്കുന്നത്. പുറമെ നിന്നുള്ള അനേകം വെല്ലുവിളികളും പ്രതിസന്ധികളും സഭയ്ക്കുണ്ട്. എന്നാല്‍, സഭയുടെ യഥാര്‍ഥ വെല്ലുവിളി അകത്തു നിന്നാണ്. സത്തയിലും സമീപനത്തിലും കരുണയുടെ കൂടാരമാകുക; വാക്കിലും കര്‍മ്മത്തിലും നീതിയുടെ നിലവറയാകുക എന്നതാണ് ആ വെല്ലുവിളി.

ഫ്രാന്‍സിസ് പാപ്പ സധൈര്യം അത് ഏറ്റെടുത്തതു കൊണ്ടാണ് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷം ലോകത്തിലെ സകല സിംഹാസനങ്ങളും ഹൃദയങ്ങളും പരിശുദ്ധ സിംഹാസനത്തിന് ചുറ്റും ഭ്രമണം ചെയ്തത്. സുവിശേഷത്തിന്റെ തുടിക്കുന്ന ഹൃദയമായ കരുണയെ വേദത്താളുകളില്‍ നിന്ന് പറിച്ചെടുത്ത് മണ്ണിലും മാനവ ഹൃദയങ്ങളിലും ആഴത്തില്‍ നട്ടുപിടിപ്പിച്ചു എന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മഹത്വം. ആ മഹത്വത്തിന്റെ ഓര്‍മ്മയിലാണ് 'ഹബേമുസ് പാപ്പാം' എന്ന വിളംബര ത്തിന് ലോകം അക്ഷമയോടെ കാത്തിരിക്കുന്നത്.'

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം

ശ്രദ്ധ ക്രിസ്തുവിന്...

നോക്കുക, ചുറ്റുമുണ്ടാകാം, കാര്‍ലോമാര്‍!