വചനമനസ്‌കാരം

വചനമനസ്‌കാരം: No.134

എസ്. പാറേക്കാട്ടില്‍
മനുഷ്യന്റെ ദാനധര്‍മത്തെ മുദ്രമോതിരത്തെ എന്ന പോലെ കര്‍ത്താവ് വിലമതിക്കുന്നു; അവന്റെ കാരുണ്യത്തെ കണ്ണിലെ കൃഷ്ണമണി പോലെ അവിടുന്ന് കരുതുന്നു.
പ്രഭാഷകന്‍ 17:22

എങ്ങു മനുഷ്യനു ചങ്ങല കൈകളി-

ലങ്ങെന്‍ കൈകള്‍ നൊന്തീടുകയാ-

ണെങ്ങോ മര്‍ദന, മവിടെ പ്രഹരം

വീഴുവതെന്റെ പുറത്താകുന്നു!!!

- എന്‍ വി കൃഷ്ണവാരിയര്‍

പ്രതീക്ഷകളും പ്രാര്‍ത്ഥനകളും പരിശ്രമങ്ങളുമെല്ലാം വിഫലമായി. വാര്‍ത്തകളില്‍ നിന്നും ഓര്‍മ്മകളില്‍ നിന്നും അര്‍ജുന്‍ മാഞ്ഞുതുടങ്ങി. ഗംഗാവലി പുഴയുടെ ആഴങ്ങളിലെവിടെയോ അയാള്‍ നിത്യവിശ്രാന്തിയിലാണ്. ജീവനോടെ ലഭിക്കില്ലെന്ന് അറിഞ്ഞിട്ടും എന്തിനാണ് നാം പ്രാര്‍ത്ഥനയോടും പ്രതീക്ഷയോടും കൂടി കാത്തിരുന്നത്? എന്തിനാണ് ആര്‍മിയും നേവിയും ഉള്‍പ്പെടെ സൈന്യവും സര്‍ക്കാര്‍ സംവിധാനങ്ങളുമൊക്കെ സര്‍വസന്നാഹങ്ങളോടെ തിരച്ചില്‍ നടത്തിയത്? മനുഷ്യത്വം എന്നതാണ് ഉത്തരം. തിരുവനന്തപുരത്തെ ജോയി ഇന്ന് ഒരു പ്രതീകമാണ്. സ്വാര്‍ത്ഥവും സുഖാസക്തവുമായ നാഗരികത എത്ര ഹിംസാത്മകമാണെന്നതിന്റെ മരിക്കാത്ത പ്രതീകം. ആമയിഴഞ്ചാനിലെ മലിനജലത്തില്‍ അയാള്‍ മറഞ്ഞപ്പോള്‍ എന്തിനാണ് നാം കുറ്റബോധത്തോടും വിങ്ങലോടും കൂടി പ്രാര്‍ത്ഥിച്ചത്? എന്തിനാണ് 'ഡ്രൈസ്യൂട്ട്' പോലുമില്ലാതെ കുറെ മനുഷ്യര്‍ സ്വന്തം ജീവനും ആരോഗ്യവും പണയപ്പെടുത്തി അയാള്‍ക്കുവേണ്ടി മാലിന്യപ്പുഴയില്‍ ദിവസങ്ങളോളം മുങ്ങിത്തപ്പിയത്? മനുഷ്യത്വം എന്നത് തന്നെയാണ് ഉത്തരം. കോഴിക്കോട്ടെ നൗഷാദിനെ ഓര്‍മ്മയില്ലേ? ഭാര്യ ഇസ്തിരിയിട്ട് നല്‍കിയ വസ്ത്രങ്ങളുമായി സ്വന്തം ഓട്ടോറിക്ഷയില്‍ വിവാഹത്തിനു പോകുകയായിരുന്നു അയാള്‍. ആള്‍നൂഴിയില്‍ അതിഥിത്തൊഴിലാളികള്‍ കുടുങ്ങിയിടത്ത് കൂടിനിന്നിരുന്നവരെ വകഞ്ഞുമാറ്റി അതിലേക്ക് നൂണ്ടിറങ്ങി മരണത്തിന്റെ മഹാമൗനത്തിലേക്ക് അയാള്‍ മറഞ്ഞതിന്റെ കാരണമെന്താണ്? ആലുവയിലെ ഉല്ലാസിനെ മറക്കാന്‍ കാലമായിട്ടില്ലല്ലോ! ശബരിമലയ്ക്ക് മാലയിടാന്‍ ക്ഷേത്രത്തില്‍ പോകുന്നതിനു മുന്നോടിയായി മണപ്പുറം കടവില്‍ കുളിക്കാനെത്തിയതായിരുന്നു അയാള്‍. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകനെ നീന്തിച്ചെന്ന് രക്ഷിച്ചശേഷം അയാള്‍ പെരിയാറിന്റെ ആഴങ്ങളിലേക്ക് മുങ്ങിമറഞ്ഞതിന്റെ കാരണമെന്താണ്? മനുഷ്യത്വം എന്നതു തന്നെയാണ് ആവര്‍ത്തിക്കുന്ന ഉത്തരം. ഈ ഭൂമിയില്‍ അങ്ങനെയും കുറെ മനുഷ്യരുണ്ട്. മറ്റുള്ളവരുടെ ആപത്ഘട്ടങ്ങളില്‍ സ്വയം മറന്ന് അവരെ രക്ഷിക്കാന്‍ ശ്രമിച്ച് ആപത്തില്‍പ്പെടുന്നവര്‍. ജാതിയും മതവും വര്‍ണ്ണവും ദേശവുമൊന്നും കാണാതെ മനുഷ്യനെ മാത്രം കാണുന്നവര്‍. ഒറ്റപ്പെട്ട നിലവിളികളില്‍ മനുഷ്യവംശത്തിന്റെയാകെ രോദനം കേള്‍ക്കുന്നവര്‍. ബാലാമണിയമ്മ പാടിയതുപോലെ, 'ആരുടെ കാലില്‍ തറയ്ക്കുന്ന മുള്ളുമെന്‍, ആത്മാവിനെ കുത്തിനോവിക്കും' എന്ന വരികള്‍ അന്വര്‍ത്ഥമാക്കുന്ന അവരാണ് യഥാര്‍ത്ഥ മനുഷ്യര്‍.

humane എന്നൊരു പദമുണ്ട്. മനുഷ്യഗുണമുള്ള, മനുഷ്യപ്പറ്റുള്ള, കരുണാര്‍ദ്രമായ, ദീനവത്സലനായ എന്നൊക്കെയാണ് അര്‍ത്ഥം. മനുഷ്യപ്പറ്റുള്ള മനുഷ്യരുടെ എണ്ണം കുറയുന്നത് മനുഷ്യവംശത്തിനു തന്നെ അപകടമാണ്. വെറുപ്പും വിദ്വേഷവും വിഭാഗീയതയും ആവേശിച്ചല്ലേ നമ്മുടെ കാലം ഇത്ര കാലുഷ്യമുള്ളതായത്? വ്രണപ്പെടാന്‍ വിതുമ്പുന്ന വികാരങ്ങളുമായി തെരുവിലും സൈബറിടങ്ങളിലും കാത്തുനില്‍ക്കുന്ന മതങ്ങളും ദൈവങ്ങളുമല്ലേ നമ്മുടെ ജീവിതത്തെ സങ്കീര്‍ണ്ണമാക്കിയത്? മതവും ജാതിയും വര്‍ണ്ണവും ഭാഷയും പാരമ്പര്യവുമെല്ലാം മത്സരിച്ച് ആവേശിച്ചല്ലേ മാനവികതയുടെ മഹാചക്രവാളങ്ങളില്‍ നിന്ന് നമ്മള്‍ അവരവരുടെ മാളങ്ങളിലെത്തിയത്? ഇനി മനുഷ്യത്വം നമ്മെ ആവേശിക്കട്ടെ. religion of humantiy അഥവാ മാനവമതം നമ്മെ ആവേശിക്കട്ടെ. മനുഷ്യനും മനുഷ്യത്വവും ആവേശിച്ച ഏതോ സ്‌നിഗ്ദ്ധ മുഹൂര്‍ത്തത്തിലാകണം ദൈവംപോലും മനുഷ്യനായി പിറന്നത്! മനുഷ്യാവതാരങ്ങള്‍ തുടരാനാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. കരുണയും സഹാനുഭൂതിയും സമസൃഷ്ടിസ്‌നേഹവുമുള്ള മനുഷ്യരായി നമുക്കും അവതരിക്കാം. കത്തിച്ച റാന്തലുമായി നട്ടുച്ചയ്ക്കും മനുഷ്യരെത്തേടി അലയുന്ന അവധൂതര്‍ക്ക് കാലം കാത്തുവച്ച ഉത്തരമായി നമുക്കും പുനര്‍ജനിക്കാം.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി