ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കും മുൻപ് യൗവനകാലത്ത് സ്രഷ്‌ടാവിനെ സ്മരിക്കുക.സഭാപ്രസംഗകൻ 12 : 1
‘കൃത്യമായ പരിശീലനങ്ങളിലൂടെയും ആഴമേറിയ കൂട്ടായ്മകളിലൂടെയും യുവജന സംഘടനകൾ ശാക്തീകരിക്ക പ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. സഭയോട് ചേർന്നുനിന്നു രാഷ്ട്രത്തിനും ആഗോള സമൂഹത്തിനും ക്രിയാത്മക സംഭാവനകൾ നൽകുന്നവരായി മാറാൻ യുവജന ങ്ങൾ കൂടുതൽ മികവോടെ പ്രവർത്തനനിരതരാകേണ്ടതുണ്ട്. കത്തോലിക്കാസഭയുടെ പ്രബോധനങ്ങളോട് പൂർണ്ണമായി ചേർന്നുനിൽക്കാനും, വിപരീതപ്രത്യയശാസ്‌ത്രങ്ങളുടെ പ്രലോഭനങ്ങളിൽ വീഴാതെ സഭാത്മകത കാത്തുസൂക്ഷി ക്കാനും യുവജനങ്ങൾ ശ്രദ്ധിക്കണം. ഇടവക തലങ്ങളിലെ സംഘടനാപ്രവർത്തനങ്ങളിൽ കൂടുതൽ ആവേശത്തോടെയും ഉണർവോടെയും പങ്കുചേരാൻ യുവജനങ്ങൾ തയ്യാറാകണം. ക്രൈസ്തവജീവിതദർശനം എപ്പോഴും ഉദാത്തമായ ഭാവങ്ങളെ യാണ് ഉൾക്കൊള്ളുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ലഹരിക്കെ തിരെയുള്ള ശക്തമായ പോരാട്ടങ്ങളിൽ ഏർപ്പെട്ടവരാണ് നമ്മുടെ യുവജനങ്ങൾ. അത്തരം പോരാട്ടങ്ങൾ ശക്തമായി തുടരുന്നതിനോടൊപ്പം തന്നെ, കലാ-കായികമണ്ഡലങ്ങളിൽ യുവജനങ്ങളെ ചേർത്തു നിർത്തുന്നതിനുള്ള പദ്ധതികൾക്ക് യുവജന സംഘടനകൾ നേതൃത്വം നൽകണം. നാശത്തി ലേക്ക് നയിക്കുന്ന ലൗകിക ലഹരികൾക്ക് പകരമായി, ക്രിസ്തുവിലും അവിടുത്തെ സുവിശേഷത്തിലും അധിഷ്‌ഠിത മായ ഒരൊറ്റ ആത്മീയ ലഹരി എല്ലാവരിലും വേരുറയ്ക്കണമെ ന്നാണ് തിരുസഭ ആഗ്രഹിക്കുന്നത്. ക്രിസ്‌തുവിനെ അനുഗമിക്കുന്നതിന്റെ ആനന്ദമാണ് യുവത്വത്തിന്റെ യഥാർത്ഥ ലഹരി. സ്‌നേഹത്തിൽ അധിഷ്‌ഠിതമായി നന്മ ചെയ്യുന്നതിനുള്ള ആവേശം നമ്മെ കീഴടക്കണം.’
കേരളസഭ യുവജനദിനമായി ആചരിച്ച ജൂലൈ 5 ഞായറാഴ്ച ദിവ്യബലി മധ്യേ വായിച്ച കെ സി ബി സി യുവജന കമ്മീഷന്റെ സർക്കുലറിലെ ഏതാനും ഭാഗങ്ങളാണ് മുകളിൽ ഉദ്ധരിച്ചത്. ‘സുവിശേഷത്തിലെ നല്ല സമറിയാക്കാരനെ പ്പോലെ കരുതലിന്റെയും സ്‌നേഹത്തിന്റെയും പ്രവർത്തി കളാൽ നിസംഗതയുടെയും അന്യവൽക്കരണത്തിന്റെയും വളർന്നു വരുന്ന സമീപനങ്ങളെ അതിജീവിക്കാൻ യുവത്വത്തിന് കഴിയും’ എന്ന് സർക്കുലർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. മുൻവിധികളും കുറ്റപ്പെടുത്തലുകളുമില്ലാതെ ആദരവോടും സ്‌നേഹത്തോടും കൂടെ യുവതയെ അഭിസംബോധന ചെയ്യുന്ന സർക്കുലറിന്റെ ശില്പികൾ അഭിനന്ദനം അർഹിക്കുന്നു.
മനുഷ്യൻ സവിശേഷമായ സ്വത്വപ്രതിസന്ധികൾ നേരിടുക യാണ്. ഓരോരുത്തർക്കും മികച്ച അപരരെ സൃഷ്‌ടിക്കാൻ പോലും സാങ്കേതികവിദ്യയും നിർമ്മിതബുദ്ധിയുമെല്ലാം ശ്രമിക്കുകയാണ്. ദൈവം വിഭാവനം ചെയ്തതു പോലെ, ഹൃദയവും മനഃസാക്ഷിയും നിയന്ത്രിക്കുന്ന, സ്‌നേഹവും കരുണയും സഹാനുഭൂതിയും നന്മയുമുള്ള ഒരു സമൂഹജീവി യായി തുടരണോ, സാങ്കേതിക വിദ്യ നിയന്ത്രിക്കുന്ന ബുദ്ധി മാത്രമുള്ള ഒരു സമൂഹമാധ്യമയന്ത്രമായി മാറണോ എന്നതാണ് ഓരോ മനുഷ്യന്റെയും മുന്നിലുള്ള നിർണ്ണായക ചോദ്യം. ഈ പ്രതിസന്ധിയുടെ പ്രതിഫലനങ്ങൾ സ്വാഭാവികമായും എല്ലാ ജനവിഭാഗങ്ങളിലും ഉണ്ടാകും. കുട്ടികളിലും യുവജനങ്ങളിലും അത് തീവ്രമായിരിക്കും.
അതിനാൽ, നമ്മുടെ കുട്ടികളും യുവജനങ്ങളും ശ്രദ്ധയോടും സഹാനുഭൂതിയോടും കൂടിയുള്ള സഹയാത്ര (accompaniment) അർഹിക്കുന്നുണ്ട്. സാങ്കേതിക വിദ്യ അവശേഷിപ്പിക്കുന്ന മരുഭൂമിയുടെ ശൂന്യതയിൽ ഏകാകികളായി അവർ ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിർമ്മിത ബുദ്ധിക്കപ്പുറം, ദൈവം തങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള ബുദ്ധിയുടെയും സിദ്ധികളുടെയും അതുല്യമായ വൈഭവവും അദ്ഭുതകരമായ വൈപുല്യവും തിരിച്ചറിയാനും അതിൽ വിശ്വസിക്കാനും അവരെ പരിശീലിപ്പിക്കേണ്ടതുണ്ട്. മറ്റെല്ലാ ലഹരികളെയും അതിശയിക്കുന്ന യേശുക്രിസ്തു എന്ന ലഹരി, ബാല്യ-കൗമാര - യൗവന കാലഘട്ടങ്ങളിൽത്തന്നെ നുകരാൻ അവരെ സഹായിക്കേണ്ടതുണ്ട്. അറിഞ്ഞതിനുശേഷം ആ ലഹരി മതിവരുവോളം നുകർന്നിട്ടും, അറിയാൻ വൈകിയതിന്റെ നിലവിളി അന്ത്യവിനാഴികയോളം ഉള്ളിലുണ്ടായിരുന്നവരെപ്പറ്റി അവരോട് പറയേണ്ടതുണ്ട്. “യുവാവേ, എഴുന്നേൽക്കുക” എന്ന വാക്കുകളോടെ മൃതനെ പുനർജീവിപ്പിച്ച യേശുവിന്റെ കരവും സ്വരവുമായി മാറാൻ വൈദികർക്കും സമർപ്പിതർക്കും വിശ്വാസപരിശീലകർക്കും മാതാപിതാക്കൾക്കും കഴിയേണ്ടതുണ്ട്. ജീവനോടെയുള്ള എല്ലാത്തരം മരണങ്ങളിൽ നിന്നും അപ്രകാരം അവരെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. സഭാമാതാവ് എന്നാണ് പറയാറുള്ളതെങ്കിലും, ഇന്നത്തെ ദശാസന്ധിയിൽ കുട്ടികൾക്കും യുവജനങ്ങൾക്കും ആശ്വാസവും അഭയവും തുണയും കരുത്തും കവചവുമേകുന്ന പിതാവും സഹോദരങ്ങളും സ്‌നേഹിതരും സഹയാത്രികരുമെല്ലാമായി സഭ മാറേണ്ടതുണ്ട്. ഓരോ യുവജനദിനാചരണങ്ങളും അത്തരമൊരു അവബോധത്തിന്റെ ഉണർച്ചയും ഉത്സവവുമാകട്ടെ.