സ്നേഹവിളി

Love call
Published on
  • നിബിൻ കള്ളിക്കാട്

അരികെയുണ്ടകതാരിൽ

സ്നേഹമനുവാദമിരക്കുവാൻ

അല്പകാലം കരുണപൂർവ്വം

അരികത്തായിരിക്കുവാൻ,

അകലങ്ങൾ ഞൊറിഞ്ഞിട്ട

അനുഭവക്കടൽ താണ്ടാൻ

അഗാധമാം ആഴത്തിലുള്ളം

അലിയുന്ന കനിവേകാൻ,

വാക്കിന്റെ നിഴൽപൊന്തി

തളരുന്ന നിശകളിൽ

തലോടുമാ കുളിർകാറ്റായ്

ആശ്വാസത്തിൻ വിരലാകാൻ...

മനനദികളിൽ ചുഴിയിലെ

മോഹകാലം കണ്ണുനീരിൽ

ചുഴലിപോൽ പകയ്ക്കവേ

ഇടറാതെ പുണർന്നിടാൻ

അതില്ലല്ലോ മാനവ ജീവൻ

കുടികൊള്ളുമുയിരിന്റെ

നിറജീവൻ പ്രണയത്തിൻ

വിറകൊള്ളും ശരീരത്തിൽ,

പ്രതീക്ഷതൻ പലകനലിട്ടു

പഴുപ്പിച്ചതിൻ ഹൃദയത്തിൽ

നിരാശകൾ ചേർന്നകലും

സ്നേഹവിളിയൊന്നിൽ..!

അതിനാണീ കവിതതൻ

പതം വെന്തും കണ്ണീരിനാലും

കുറിക്കുന്നൊരനുഭാവം

സ്നേഹമേ നീ വിജയിക്ക...!

logo
Sathyadeepam Online
www.sathyadeepam.org